vuukle one pixel image

140 വർഷത്തിനിടെ ആറാമത്തെ ഓഫീസ്, ബിജെപി ആസ്ഥാനത്തോട് കിടപിടിക്കും പുതിയ എഐസിസി ആസ്ഥാനം

Web Desk  | Published: Jan 19, 2025, 12:19 PM IST

ദില്ലി: ബിജെപി ആസ്ഥാനത്തിനോട് കിടപിടിക്കുന്നതാണ് കൊട്ട്ലാ റോഡിലെ പുതിയ കോൺഗ്രസ് ഓഫീസിലെ സൗകര്യങ്ങൾ. ഫെബ്രുവരി 15ന് ആണ് ദില്ലിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. 1885ൽ കോൺഗ്രസ് സ്ഥാപിതമായത് മുതലുള്ള ചരിത്രം പുതിയ ആസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട് പുതിയ എഐസിസി ആസ്ഥാനത്ത്. കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യവും ചരിത്രവും മൂല്യങ്ങളും വിളിച്ചു പറയുന്നതാണ് പുതിയ ആസ്ഥാനം.

140 വർഷത്തെ കോൺഗ്രസിന്റെ ചരിത്രത്തിനിടെ ആറാമത്തെ ഓഫീസാണ് ഇത്. കോട്ട്ല റോഡിലെ രണ്ടേക്കർ സ്ഥലത്ത് 6 നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഉയർന്നത്. 2009 ഡിസംബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗും സോണിയ ഗാന്ധിയും ചേർന്നാണ് ഇന്ദിരാഭവന് തറക്കല്ലിട്ടത്. 15 വർഷത്തിനിപ്പുറം ഫെബ്രുവരി 15നാണ് പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്നത്. 140 വർഷത്തെ ചരിത്രം അഞ്ച് നിലകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 246ൽ ചില അപൂർവ്വ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

1948 മുതൽ 1984 വരെയുള്ള ചരിത്രമാണ് മൂന്നാം നിലയിൽ ഉള്ളത്. 1984 ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതും തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതും അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 404 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തിയതും വരെയുള്ള നാൾവഴി. രാജീവ് ഗാന്ധിയിൽ നിന്നാണ് നാലാം നിലയിലെ ചരിത്രം ആരംഭിക്കുന്നത്. സോണിയ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ് ആകുന്നതും രാഹുൽഗാന്ധി ജനറൽ സെക്രട്ടറി ആകുന്നതും തുടർന്ന് വൈസ് പ്രസിഡന്റ് ആകുന്നത് വരെയുള്ള നാളുകൾ ചിത്രങ്ങളിലൂടെ നാലാം നിലയിൽ കാണാം.

കോൺഗ്രസ് അധ്യക്ഷൻ, എഐസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ മറ്റു ഭാരവാഹികൾ എന്നിവർക്ക് പുതിയ ആസ്ഥാനത്ത് പ്രത്യേകം മുറികൾ ഉണ്ട്. 2014ൽ ബിജെപി അധികാരത്തിൽ എത്തിയതിനുശേഷം ഉള്ള കോൺഗ്രസിന്റെ ചരിത്രമാണ് അഞ്ചാം നിലയിൽ. നഷ്ടപ്രതാപം വീണ്ടെടുക്കാൻ രാഹുൽഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലാണ് കോൺഗ്രസ് ചരിത്രം വിവരിക്കുന്ന ചിത്രങ്ങളുടെ നിര എഐസിസി ആസ്ഥാനത്ത് അവസാനിക്കുന്നത്.