കടൽ ജലം അരിച്ച് കടലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്ന തിംമിംഗല സ്രാവുകള്‍

By Web Team  |  First Published Aug 30, 2024, 4:00 PM IST

തിമിംഗല സ്രാവുകള്‍ കടലിന്‍റെ ആരോഗ്യം കാര്യക്ഷമമായി നിലനിര്‍ത്തുന്നതിലും അത് വഴി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിലും വലിയ സംഭാവനയാണ് നല്‍കുന്നത്. അവയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് മാനേജർ സേതു ജി എഴുതിയ കുറിപ്പ് വായിക്കാം. 



ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മത്സ്യമാണ് 'വെയില്‍ ഷാര്‍ക്ക്' അഥവാ 'തിമിംഗല സ്രാവുകള്‍'. വെള്ളുടുമ്പന്‍ സ്രാവ്, പുള്ളി സ്രാവ്, കറുമ്പച്ചന്‍ മുതലായ പേരുകളിലാണ് കേരളത്തിന്‍റെ തീര പ്രദേശങ്ങളില്‍ ഇവ അറിയപ്പെടുന്നത്. ഒരു വര്‍ഗ്ഗത്തില്‍ ഒന്ന് മാത്രമുള്ള (Monotypic) വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളില്‍ ഉള്‍പ്പെട്ടവയാണ് തിമിംഗല സ്രാവുകള്‍. തരുണാസ്ഥിയുള്ള (Cartilage skeleton) തിമിംഗല സ്രാവുകള്‍ മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. മറ്റ് മത്സ്യങ്ങള്‍ക്ക് കഴിയുന്നത് പോലെ ജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള വായു ശ്വസിക്കുവാന്‍ കഴിയുന്ന ചെകിളകളാണ് ഇവയ്ക്കും ഉള്ളത്. പൂര്‍ണ്ണവളര്‍ച്ച എത്തിയ തിമിംഗലസ്രാവിന്‍റെ തൂക്കം ഏകദേശം 20 ടണ്‍ വരെയായിരിക്കും. മാത്രമല്ല 40 മുതല്‍ 45 അടിവരെ നീളവും ഇവയ്ക്ക് കൈവരിക്കുവാന്‍ സാധിക്കും. 

തിമിംഗല സ്രാവുകളുടെ പാരിസ്ഥിതിക മൂല്യം

Latest Videos

undefined

തിമിംഗല സ്രാവുകളുടെ സാനിധ്യം കടലിലുള്ള മറ്റനേകം മത്സ്യങ്ങള്‍ക്ക് ഒരാശ്വാസമാണ് എന്ന് വേണം പറയുവാന്‍. വെള്ളം അരിച്ച് ഭക്ഷിക്കുന്ന ഇവ മറ്റ് കടല്‍ ജീവികള്‍ക്ക് ആപത്കാരികളായിട്ടുള്ള കടല്‍ പായലുകള്‍, നോട്ടിലുകള്‍, സയനോ ബാക്ടീരിയകള്‍, ഡയറ്റം എന്നിവയെ അകത്താക്കുന്നു. ഇത്തരത്തില്‍ ബാക്ടീരിയകളുടേയും മറ്റും തോത് നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിലൂടെ കടലിലെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ തിമിംഗല സ്രാവികള്‍ക്ക് വലിയ പങ്കാണുള്ളത്. ഇതുവഴി കടലിലെ മത്സ്യസമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു.  'കടലില്‍ കറുമ്പച്ചനെ കണ്ടാല്‍ വല നിറയെ മീന്‍ കിട്ടും' എന്ന് പഴമക്കാരായ മത്സ്യബന്ധന തൊഴിലാളികളുടെ പറച്ചിലിലെ വാസ്തവം ഇതാണ്. ഈയൊരു കാരണം കൊണ്ട് തിമിംഗലസ്രാവുകളുടെ സംരക്ഷണത്തിന് മുന്‍കൈ എടുക്കേണ്ടത് മത്സ്യബന്ധന തൊഴിലാളികള്‍ തന്നെയാണ്. 

മൂന്നാറിന്‍റെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കാടിറങ്ങുന്ന കാട്ടാനകള്‍, കാരണമെന്ത്?

കാലാവസ്ഥ വ്യതിയാനവും, സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികളും, വര്‍ദ്ധിച്ചുവരുന്ന ചരക്ക് ഗതാഗതവും തീരപ്രദേശങ്ങളില്‍ നടത്തിവരുന്ന അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, വളര്‍ന്നു വന്ന ടൂറിസം രീതികളുമെല്ലാം തിമിംഗലസ്രാവുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുവെ കടലിന്‍റെ മുകള്‍തട്ടില്‍ പ്രത്യക്ഷനാകുന്ന തിമിംഗല സ്രാവുകള്‍ വളരെ സാവധാനം ചലിക്കുന്നവയാണ്. അവയുടെ ശരീര വലുപ്പവും ഇതിനൊരു കാരണമാണ്, ചെറുമീനുകളെപ്പോലെ പൊടുന്നനെ വെള്ളത്തിലേക്ക് ഊളിയട്ട് പോകുവാനുള്ള കഴിവും ഈ പാവത്തിനില്ല.  ഈ വേഗതകുറവ് കാരണം വലിയ കപ്പലുകളും, മത്സ്യബന്ധനയാനങ്ങളും തട്ടി ഇവ കൊല്ലപ്പെടാനുള്ള സാഹചര്യം ഏറെയാണ്. ഫില്‍റ്റര്‍ ഫീഡിങ്ങ് സ്രാവായതിനാല്‍ തിമിംഗല സ്രാവുകള്‍ വെള്ളം അരിച്ചു ഭക്ഷിക്കുമ്പോള്‍ കടലില്‍ അടിയുന്ന പ്ലാസ്റ്റിക്ക്, എണ്ണ, മറ്റ് രാസ മാലിന്യങ്ങള്‍  എന്നിവ ഇവയുടെ ആമാശയത്തിലേക്ക് ചെല്ലുകയും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മരണത്തിന് തന്നെ കാരണമാകുന്നു. 

അന്താരാഷ്ട്രതിമിംഗല സ്രാവ് ദിനം

സമുദ്ര ആവാസവ്യവസ്ഥക്ക് തിമംഗല സ്രാവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 30 -ന് അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനം ആഘോഷിക്കുന്നു. 2008 -ല്‍ മെക്‌സികോയിലെ ഇസ്ല ഹോള്‍ബോക്‌സില്‍ നടന്ന അന്താരാഷ്ട്ര തിമിംഗല സ്രാവ് സമ്മേളനത്തിലാണ് ആഗസ്റ്റ് 30 അന്താരാഷ്ട്ര 'തിമിംഗലസ്രാവ് ദിന'മായി പ്രഖ്യാപിച്ചത്. പിന്നീട് എല്ലാ വര്‍ഷവും വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ലോകത്തിന്‍റെ പല കോണുകളിലും ഈ ദിനം ആചരിച്ചു പോരുന്നു. 

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും

8,000 കി.മി വരുന്ന ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ എല്ലാം തന്നെ തിമിംഗലസ്രാവുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ സമുദ്രാതിര്‍ഥിയില്‍ ഇവയെ ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത് ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. ആഗസ്റ്റ് - മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് കൂടുതലായും ഇവിടെ തിമിംഗല സ്രാവിന്‍റെ സാനിധ്യം ഉണ്ടാകാറുള്ളത്. ഇന്ത്യന്‍ തീരങ്ങളില്‍ ഗുജറാത്ത് കഴിഞ്ഞാല്‍ കേരള - ലക്ഷദ്വീപ് തീരപ്രദേശങ്ങളിലാണ് തിമിംഗല സ്രാവിനെ കൂടുതലായി കണ്ടുവരുന്നത്. നവംമ്പര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളിലാണ് കേരളതീരത്ത് ഇവയെ കൂടുതലായും കാണാറുള്ളത്. 

സംരക്ഷണ പദ്ധതി

രാജ്യത്ത് തിംമിഗല സ്രാവുകളെ സംരക്ഷിക്കുന്നതില്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 2001 -ല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ടുവെങ്കിലും കടലില്‍ വസിക്കുന്ന ഒരു ജന്തുവിനെ സംരക്ഷിക്കുക എന്നത് വനം വകുപ്പിനോ, മറ്റു സംഘടനകള്‍ക്കോ സാധ്യമല്ലാത്ത ഒന്നാണ്. ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ കടലില്‍ ജോലി ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. 

ഡബ്യു.ടി.ഐയും, ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റും സംയുക്തമായി ചേര്‍ന്നാണ് 2004 -ല്‍ ആദ്യമായി ഗുജറാത്തില്‍ വെരാവല്‍ തീരപ്രദേശത്ത് തിമിംഗല സ്രാവ് സംരക്ഷണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് തീരത്ത് വലയില്‍ അകപ്പെട്ട 985 തിമിംഗല സ്രാവുകളേയാണ് സംരക്ഷിക്കാന്‍ സാധിച്ചത്. കേരള വനംവകുപ്പുമായി ചേര്‍ന്ന് സമാന പ്രവര്‍ത്തനങ്ങള്‍ക്ക് 2017 -ൽ തുടക്കം കുറിച്ചു. കേരളത്തില്‍ സംസ്ഥാന വനം വന്യജീവി വകുപ്പും, വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എസ്.ടി ഇന്റസ്ട്രീസും സംയുക്തമായിട്ടാണ് തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്. ചുരുങ്ങിയ സമയത്തില്‍ നമ്മുടെ കേരളത്തില്‍ മത്സ്യതൊഴിലാളികള്‍ വലയറുത്ത് കടലിലേക്ക് തിരികെ അയച്ചത് 23 തിമിംഗലസ്രാവുകളെയാണ്. 

ആനകളെയും മറ്റ് 723 വന്യമൃഗങ്ങളെയും കൊന്ന് മാംസം വിതരണം ചെയ്യാന്‍ നമീബിയ

ഗുജറാത്തില്‍ തിമിംഗല സ്രാവിന്‍റെ രക്ഷാപ്രവര്‍ത്തന വേളയില്‍ മത്സ്യബന്ധന വലകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഗുജറാത്തിലെ വനം വകുപ്പ് മുഖേനയാണ് ഈ നഷ്ടപരിഹാര തുക വ്യക്തികള്‍ക്ക് കൈമാറുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള നഷ്ടപരിഹാര സംവിധാനം ഇതുവരെയും പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നാല്‍, മത്സ്യതൊഴിലാളികള്‍ നടത്തുന്ന ഈ സേവനത്തിൽ അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന്‍റെ ആക്കം കുറക്കുന്നതിന് ഡബ്ല്യു.ടി.ഐ തങ്ങളുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും ഒരു വിഹിതം മാറ്റി വച്ചിട്ടുണ്ട്. കേരള തീരത്ത് തിമിംഗല സ്രാവുകളുടെ സുരക്ഷയില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് ശ്വാശ്വതമായ ഒരു പരിഹാരം നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. 

തിമിംഗല സ്രാവ് എന്ന വന്യജീവി

തിമിംഗല സ്രാവ് മത്സ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍, ഇവ ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ വരുന്നതാണ് എന്ന തെറ്റിധാരണ പലരിലുമുണ്ട്. എന്നാല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വനം വകുപ്പില്‍ നിക്ഷിപ്തമാണ്. ഇവയെ വേട്ടയാടുകയോ ഇവരുടെ സ്വൈര്യജീവിത്തിന് തടസ്സം വരുത്തുന്നതോ ശിക്ഷാര്‍ഹമായ കാര്യമാണ്. തിമിംഗല സ്രാവുകളെ ഉപദ്രവിക്കുന്നത് ചുരുങ്ങിയത് 25,000 രൂപ പിഴയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കൂടി ഒര്‍ക്കുക. 
 

click me!