സമ്മാനത്തുക 1.6 ലക്ഷം കോടി രൂപ, അജ്ഞാതനായ ആ ലോട്ടറി വിജയി ആരാണ്?

By Web Team  |  First Published Nov 10, 2022, 6:01 PM IST

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ആ ലോട്ടറിയുടെ ജേതാവ് ആരായിരിക്കും? ആകാംക്ഷയുടെ ആ നിമിഷങ്ങളിലാണ് ഇപ്പോള്‍ അമേരിക്ക.


1,66,74,20,52,000. ഈ അക്കങ്ങള്‍ കണ്ട് ഞെട്ടേണ്ട. ഇത് ഒരു ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയാണ്. ഏതാണ്ട് 1.6 ലക്ഷം കോടി രൂപ. അമേരിക്കന്‍ ലോട്ടറി ഗെയിം കമ്പനിയായ പവര്‍ബോളാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക ഒടുവില്‍ പ്രഖ്യാപിച്ചത്. 2.04 ബില്യന്‍ ഡോളര്‍ അഥവാ 1.6 ലക്ഷം കോടി രൂപ. കാലിഫോര്‍ണിയയിലെ ഒരു ലോട്ടറി ഔട്ട്‌ലറ്റില്‍നിന്നും ടിക്കറ്റ് വാങ്ങിയ ഒരു ഭാഗ്യവാനാണ്, ഒറ്റയടിക്ക് ഇത്രയും വലിയ തുക ലഭിക്കുക. 

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ആ ലോട്ടറിയുടെ ജേതാവ് ആരായിരിക്കും? ആകാംക്ഷയുടെ ആ നിമിഷങ്ങളിലാണ് ഇപ്പോള്‍ അമേരിക്ക. ഇന്നലെയാണ് ആ മഹാഭാഗ്യവാന്റെ ടിക്കറ്റ് നമ്പറുകള്‍ ലോട്ടറി ഗെയിം കമ്പനി പ്രഖ്യാപിച്ചത്. ഇനി സമ്മാന ജേതാവ് കടന്നുവരണം. സമ്മാനത്തുക ഒന്നിച്ചോ 29 തവണകള്‍ ആയോ വാങ്ങാനുള്ള സൗകര്യമുണ്ടാവും എന്നാണ് ലോട്ടറി അധികൃതര്‍ വ്യക്തമാക്കിയത്. 

Latest Videos

undefined

ഇന്നലെയാണ്, പവര്‍ബോള്‍ ലോകത്തിലെ ഏറ്റവും സമ്മാനത്തുകയുള്ള ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 2.04 ബില്യന്‍ ഡോളര്‍ (1.6 ലക്ഷം കോടി രൂപ) ലഭിക്കാനിരിക്കുന്നത് 10, 33, 41, 47, 56 എന്നീ നമ്പറുകള്‍ക്കാണെന്നാണ് പവര്‍ബോള്‍ പ്രഖ്യാപിച്ചത്. ആല്‍റ്റാഡെനയിലെ ഒരു സര്‍വീസ് സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഈ വന്‍തുക സമ്മാനത്തുകയായി ലഭിക്കുക. ആരാണ് ഈ ഭാഗ്യവാനെന്ന് ഇതുവരെ അറിവായിട്ടില്ല. അധികം വൈകാതെ, ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനോ ഭാഗ്യവതിയോ മുന്നോട്ടുവരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ലോകം. 

സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സര്‍വീസ് സെന്ററിന് ഒരു മില്യന്‍ ഡോളര്‍ (8.1 കോടി രൂപ) ബോണസ് തുകയായി ലഭിക്കുമെന്ന് കാലിഫോര്‍ണിയ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഈ മഹാഭാഗ്യത്തില്‍ തിമിര്‍ക്കുകയാണ് ഈ സെന്ററിന്റെ ഉടമയായ ജോസഫ് ചഹായെദ്. 10 പേരക്കുട്ടികളുള്ള തന്റെ കുടുംബത്തിന് വലിയ ഭാഗ്യമാണ് വന്നതെന്നാണ് അദ്ദേഹം സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

click me!