"എനിക്ക് ഡോക്ടറും, എൻജിനീയറും, കമ്പ്യൂട്ടർ പ്രോഗ്രാമ്മറും ആകണ്ട..." ഏതു കോളേജിൽ / എന്ത് മേജർ എടുത്ത് ചേരണം എന്ന് 17 വയസുള്ള എന്‍റെ മൂത്ത മകൻ നിതിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്.
പ്രിയ സൂരജ്, നീ എവിടെയാണ്?
'18 വയസുള്ള ഒരു കുട്ടി കൊല്ലത്ത് ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു' എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സൂരജിനെ ആണ് ഓർമ വന്നത്. അന്നത്തെ മുഖ്യമന്ത്രി എ കെ ആൻറണിയുടെ ഓഫീസിൽ ബോംബ് വച്ചിട്ടുണ്ട്' എന്ന് സൂരജ് അവിടെ വിളിച്ചു പറഞ്ഞു എന്ന് കേട്ടപ്പോഴാണ് അവന് കാര്യമായ എന്തോ കുഴപ്പം ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായത്. അതുവരെ രാത്രി ഒട്ടും ഉറക്കം വരാതെ വരാന്തയിലൂടെ എപ്പോഴും ഉലാത്തി കൊണ്ടിരിക്കുന്നത് മാത്രം ആയിരുന്നു അവനു ഒരു പ്രത്യേകതയായി ഞങ്ങൾക്ക് അറിയാമായിരുന്നത്.
undefined
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഞങ്ങളുടെ സഹപാഠിയായിരുന്നു സൂരജ്. എപ്പോഴും 'ചളി' തമാശ പറയുന്ന, ഞങ്ങളെക്കാൾ പ്രായത്തിൽ വളരെ മുതിർന്ന ഒരു കൂട്ടുകാരൻ. ഞാൻ തന്നെ രണ്ടു വർഷം നഷ്ടപ്പെടുത്തി, ഇരുപത്തിരണ്ടാം വയസിലാണ് എം സി എക്ക് ചേർന്നത്. സൂരജിന് അപ്പോൾ തന്നെ മുപ്പത്തിനടുത്ത് പ്രായം ഉണ്ടായിരുന്നു. അവനെ റാഗ് ചെയ്യാൻ ഒരു മേശപ്പുറത്ത് കയറ്റി നിർത്തി സല്യൂട്ട് ചെയ്യിക്കുന്നതും, ഒരു ചമ്മലും ഇല്ലാതെ ചിരിച്ചു കൊണ്ട് അതവൻ ചെയ്യുന്നതും എനിക്ക് നല്ല ഓർമയുണ്ട്.
അന്ന് ഹോസ്റ്റലിൽ പൊലീസ് വന്നോ എന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷെ, പിറ്റേന്ന് അവന്‍റെ വീട്ടിലേക്ക് തീവണ്ടിയിൽ കൂട്ടുപോയത് ഞാനായിരുന്നു.
വടക്കുള്ള അവന്‍റെ വീട്ടിലേക്കുള്ള യാത്രയിൽ രാത്രി എറണാകുളത്തിറങ്ങി ഞാൻ അവനെ വീട്ടിൽ കൊണ്ടുപോയി. ഉമ്മ വിളമ്പിയ ഭക്ഷണം എല്ലാം കഴിച്ച്, രാത്രി പള്ളുരുത്തി നട അമ്പലത്തിലെ ഉത്സവം എല്ലാം കണ്ടു കഴിഞ്ഞു വീട്ടിൽ പോയി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വീണ്ടും അവന്‍റെ നാട്ടിലേക്ക് തിരിച്ചു. ബോംബ് വച്ചു എന്ന് വിളിച്ചു പറഞ്ഞ കഥയൊന്നും ഞാൻ എന്‍റെ വീട്ടിൽ പറഞ്ഞിരുന്നില്ല. ഇത് പറയാതെ അവനു എന്തെങ്കിലും കുഴപ്പം ഉള്ളതായി മൂന്നാമതൊരാൾക്ക് മനസ്സിലാവുകയും ഇല്ല.
"നസീറിനറിയാമോ, ഞാൻ എന്ത് കൊണ്ടാണ് ഇത്രയും പ്രായം കഴിഞ്ഞും എം സി എയ്ക്ക് ചേർന്നതെന്ന്?" വീട്ടിലേക്കുള്ള യാത്രയിലാണ് അവൻ മനസ് തുറന്നത്. എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവനോട് അത് ചോദിക്കാനുള്ള ഒരു മനസ്ഥിതിയിൽ ആയിരുന്നില്ല ഞാൻ. പക്ഷെ, അവൻ തന്നെ എല്ലാം എന്നോട് പറഞ്ഞു.
"എന്‍റെ ചേട്ടൻ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്. കുടുംബത്തിൽ വേറെ കുറെ ഡോക്ടർമാരുണ്ട്. എന്നെയും ഡോക്ടർ ആക്കണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പ്രീ ഡിഗ്രി കഴിഞ്ഞ മുതൽ ഞാൻ എൻട്രൻസ് എഴുതുന്നതാണ്, പാസ്സായില്ല. ഈ എൻട്രൻസ് എഴുത്തുകൾക്കിടയിൽ, ഞാൻ വേറെ പല കോഴ്സുകളും ചെയ്തു. പക്ഷെ, എം ബി ബി എസ് എൻട്രൻസ് മാത്രം പാസ്സായില്ല..." ബി എസ് സി തുടങ്ങി കുറെ കോഴ്സുകളുടെ പേരുകൾ അവൻ പറഞ്ഞു.
"നിനക്ക് പി എസ് സി എഴുതി വല്ല സർക്കാർ ജോലി നോക്കാൻ പാടില്ലായിരുന്നോ?" ഞാൻ ചോദിച്ചു.
"അത് മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പക്ഷെ, എം ബി ബി എസ് എൻട്രൻസ് പാസ്സായില്ലെങ്കിൽ ഞാൻ ജീവിതത്തിൽ തോറ്റുപോയപോലെ ഒരു തോന്നൽ എപ്പോഴും മനസ്സിൽ കിടക്കും. അത് എങ്ങനെ എങ്കിലും എഴുതി എടുക്കണം, എം സി എ കഴിഞ്ഞിട്ട് ആണെങ്കിലും..."
ആ നാട്ടിലെ ആതിഥ്യ മര്യാദ നല്ലവണം അനുഭവിച്ചറിഞ്ഞാണ്, അവന്‍റെ വീട്ടിൽ നിന്ന് ഞാൻ തിരിച്ചു പോന്നത്. അവന്‍റെ ചേട്ടനെയും ചേട്ടത്തിയെയും കണ്ടു. എൻട്രൻസ് കിട്ടാത്തതിന്‍റെ കാരണം കൊണ്ട്, പണ്ടും ചെറിയ മാനസിക അസ്വാസ്ഥ്യം അവനുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു. ഗുളിക കഴിക്കുന്നുണ്ടായിരുന്നു, ഒരു പക്ഷെ നിർത്തിയപ്പോൾ പിന്നെയും മനസ് കൈവിട്ടു പോയതായിരിക്കും.
അത് കഴിഞ്ഞ് ഞാൻ അവനെ കണ്ടിട്ടില്ല. കോളേജിൽ തിരിച്ചു വന്നു പരീക്ഷ എഴുതിയോ എന്ന് ഞാൻ ഓർക്കുന്നില്ല. ഈയടുത്ത് അവനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവന്റെ ചേട്ടൻ ഞങ്ങളുടെ കൂട്ടുകാരനോട് പറഞ്ഞത് "അവനെ ദയവായി ബന്ധപ്പെടാൻ ശ്രമിക്കരുത്... " എന്നാണ്.
അവൻ എവിടെയാണ്, എന്താണ് സ്ഥിതി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഒന്ന് ശ്രമിച്ചാൽ ബന്ധപ്പെടാൻ കഴിയും. പക്ഷേ, അവനെ അന്നത്തെ പോലെ കാണാൻ കഴിയുമോ എന്നുള്ള സന്ദേഹം കൊണ്ട് കാണാൻ ശ്രമിക്കാതെ ഇരുന്നതാണ്.
18 വയസുള്ള ഒരു കുട്ടി കൊല്ലത്ത് ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സൂരജിനെ ആണോർമ വന്നത്. എന്‍റെ മൂത്ത മോൻ നിതിനെക്കാൾ ഒരു വയസു മാത്രം മൂത്ത കുട്ടിയാണ് മരിച്ചത്. ബഹറിനിലെ നല്ല സ്കൂളിൽ നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു എന്ന് പത്രവാർത്ത പറയുന്നു. മെഡിസിൻ എൻട്രൻസിന് താല്പര്യം ഇല്ലാതിരുന്നിട്ടും ആരുടെയോ നിർബന്ധത്തിന് വഴങ്ങി ചേർന്നതിന്‍റെ മാനസികാഘാതത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട്, കൗണ്‍സിലിംഗിന് വേണ്ടി ആശുപത്രിയിൽ പോയതാണ് ആ കുട്ടി. എന്തൊക്കെ ആയിരുന്നിരിക്കും മരിക്കുന്നതിന് മുമ്പ് അവന്‍റെ മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക.
"എനിക്ക് ഡോക്ടറും, എൻജിനീയറും, കമ്പ്യൂട്ടർ പ്രോഗ്രാമ്മറും ആകണ്ട..." ഏതു കോളേജിൽ / എന്ത് മേജർ എടുത്ത് ചേരണം എന്ന് 17 വയസുള്ള എന്‍റെ മൂത്ത മകൻ നിതിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. എന്നെ പോലെ ഒരു ഇന്ത്യൻ തന്തപ്പടിക്ക് ഇതൊന്നും അല്ലാതെ വേറെ എന്ത് പഠിക്കാൻ ആണെന്ന് മനസ്സിൽ സ്വാഭാവികമായി തോന്നുകയും ചെയ്തു.
"പിന്നെ നീ എന്ത് തേങ്ങയാണ് പഠിക്കാൻ പോകുന്നത്?"
"എനിക്ക് സംരംഭകത്വം (entrepreneurship) പഠിച്ചാൽ മതി."
സത്യം പറഞ്ഞാൽ entrepreneurship എന്ന് ശരിക്ക് ഉച്ചരിക്കാൻ എനിക്ക് ഇപ്പോഴും അറിയില്ല, പിന്നെയല്ലേ അവനു ഇതിൽ വേണ്ട ഉപദേശം കൊടുക്കാൻ. അവനായി അവന്‍റെ പാടായി. അവൻ കുത്തിയിരുന്നു നോക്കി ഫിലാഡൽഫിയയിലെ വാർട്ടൻ സ്കൂളിൽ അതിനുള്ള കോഴ്സ് ഉണ്ടെന്നൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്, അഡ്മിഷൻ കിട്ടാൻ പാടാണ്. പക്ഷെ ഒന്ന് അപേക്ഷിച്ചു നോക്കാൻ ഉള്ള പ്ലാനിൽ ആണവൻ.
എനിക്ക് എം സി എ കിട്ടി എന്ന് എന്‍റെ ബാപ്പയോട് പറഞ്ഞപ്പോഴും ഇതുപോലെ ആയിരുന്നു. ബാപ്പ അത് പോയി പുള്ളിയുടെ സൂപ്പർവൈസറിനോട് പറഞ്ഞു. എം സി എ എന്ന് ആദ്യമായി കേട്ട് അദ്ദേഹം, ഒരു പക്ഷെ സി എ (ചാർട്ടേർഡ് അക്കൗണ്ടൻസി) ആയിരിക്കും മകന് പറഞ്ഞത് തെറ്റിപോയതായിരിക്കും എന്ന് പറഞ്ഞതാണ് എനിക്കോർമ്മ വന്നത്.
തലമുറകൾ കടന്നുപോവുമ്പോൾ നമ്മുടെ കുട്ടികൾ സ്വാതന്ത്ര വ്യക്തികൾ ആവാൻ അവരെ വിട്ടുകൊടുക്കുകയാണ് വേണ്ടത്. അവർക്ക് അവരുടെ ജീവിതമുണ്ട്, നമ്മൾ ജീവിച്ച ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവിതങ്ങൾ. ഖലീൽ ജിബ്രാനെ ഉദ്ധരിക്കാതെ ഈ പോസ്റ്റ് മുഴുവൻ ആക്കാൻ പറ്റില്ല.
കുട്ടികളെ കുറിച്ച്
(ഖലീൽ ജിബ്രാൻ)
നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല. ജീവിതത്തിന് അതിനോട് തന്നെയുള്ള ആസക്തിയുടെ കുട്ടികളാണവർ. നിങ്ങളിലൂടെയാണ് അവർ വരുന്നത്, നിങ്ങളിൽ നിന്നല്ല. നിങ്ങളുടെ കൂടെയാണ് അവർ എങ്കിലും, അവർ നിങ്ങൾക്ക് സ്വന്തമല്ല. നിങ്ങൾ അവർക്ക് നിങ്ങളുടെ സ്നേഹം കൊടുക്കുക, ചിന്തകൾ കൊടുക്കരുത്. കാരണം, അവർക്ക് അവരുടേതായ ചിന്തകളുണ്ട്. അവരുടെ ശരീരത്തിന് നിങ്ങൾ പാർപ്പിടമൊരുക്കാം, അവരുടെ ആത്മാവിനല്ല. കാരണം നാളെയുടെ വീടുകളിലാണ് അവരുടെ ആത്മാക്കൾ താമസിക്കുന്നത്. നിങ്ങളുടെ സ്വപ്നത്തിൽ പോലും നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയാത്ത വീടുകളാണവ. നിങ്ങള്‍ക്ക് അവരെ പോലെ ആകാൻ പരിശ്രമിക്കാം. അവരെ നിങ്ങളെ പോലെ ആക്കരുത്. കാരണം ജീവിതം പിന്നോട്ട് പോകുന്നില്ല. ഇന്നലകളിൽ അമാന്തിച്ച് നിൽക്കുന്നുമില്ല. നിങ്ങൾ ആകുന്ന വില്ലുകളിൽ നിന്നാണ് നിങ്ങളുടെ കുട്ടികളാകുന്ന അമ്പുകൾ അയക്കപ്പെട്ടിരിക്കുന്നത് വില്ലാളി അനന്തമായ പാതയിലെ അടയാളം കാണുന്നു, ഈ അസ്ത്രങ്ങൾ കൂടുതൽ വേഗത്തിലും ദൂരെയും പോകാൻ, ഈ അമ്പ് അയക്കുന്ന ആൾ അവന്‍റെ വീര്യം കൊണ്ട് നിങ്ങളെ വളച്ചേക്കാം... അത് നിങ്ങളുടെ സന്തോഷമാകട്ടെ പറന്നു പോകുന്ന അമ്പുകളെ അവന് ഇഷ്ടമാണെന്നത് പോലെ, സ്ഥിരതയുള്ള വില്ലുകളും അവനു ഇഷ്ടമാണ്.