ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടനെതിരെ ഗാന്ധിജി നേടിയ ഈ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രങ്ങൾ മുഖപ്രസംഗമെഴുതി. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. ഇനി തന്റെ നിയോഗം ഇന്ത്യയുടെ മണ്ണിലാണ് എന്ന തിരിച്ചറിവ് അപ്പോഴാണ് ഗാന്ധിജിക്ക് ഉണ്ടാകുന്നത്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ നമ്മൾ വിളിക്കുന്നത് 'മഹാത്മാ' എന്നാണ്. ദീര്‍ഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പോരാടാൻ അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് പ്രചോദനമേകി. മുന്നിൽ നിന്ന് നയിച്ചു. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടി. അദ്ദേഹം മുന്നോട്ടുവെച്ച അഹിംസ എന്ന സമരായുധം ലോകമെങ്ങും പ്രസിദ്ധിനേടി. സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച് സുഖലോലുപതയിൽ വളർന്ന അദ്ദേഹം എങ്ങനെയാണ് പിൽക്കാലത്ത് ഏറ്റവും ദരിദ്രമായ ചുറ്റുപാടുകളിൽ കഴിയാനും പാവങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും ഒക്കെ തീരുമാനിക്കുന്നത്? എന്തിനാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി ദുരിതങ്ങൾ ഏറ്റുവാങ്ങുന്നത്? ചെറുപ്പത്തിൽ തികഞ്ഞ വിപ്ലവകാരിയായിരുന്ന മോഹൻദാസ് കരംചന്ദ് പിന്നീടെങ്ങനെയാണ് അഹിംസ പോലെ പ്രയോഗികകമാക്കാൻ ഏറെ പ്രയാസമുള്ള ഒരു കർമ്മപദ്ധതിയിലേക്ക് എത്തിപ്പെടുന്നത്?
1869 ഒക്ടോബർ രണ്ടിന് ഉത്തരഭാരതത്തിലെ പോർബന്ദറിൽ ആയിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അതിസമ്പന്നമായിരുന്നു ഗാന്ധിയുടെ കുടുംബം. പോര്‍ബന്തർ രാജാവിന്റെ ദിവാനായിരുന്നു അച്ഛൻ കരംചന്ദ് ഗാന്ധി. അദ്ദേഹത്തിന്റെ ആദ്യ രണ്ടു ഭാര്യമാരും അകാലത്തിൽ അന്തരിച്ചു. രണ്ടിലും ഓരോ പെൺകുഞ്ഞു വച്ച് ഉണ്ടായിരുന്നു. മൂന്നാമത്തെ വിവാഹത്തിൽ സന്താനയോഗമുണ്ടായില്ല ഏറെക്കാലം. ഒടുവിൽ മൂന്നാമത്തെ ഭാര്യയുടെ സമ്മതത്തോടെ 1844 -ൽ അദ്ദേഹം നാലാമത് ഒരു വിവാഹം കഴിക്കുന്നു. അവരാണ് ഗാന്ധിജിയുടെ അമ്മ പുത്‌ലി ബായ്. ആദ്യത്തെ ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ പുത്‌ലി ബായ്-കരംചന്ദ് ദമ്പതിമാര്‍ക്ക് ലക്ഷ്മിദാസ്, റാലിയെത്ബെഹൻ, കർസൺദാസ് എന്നിങ്ങനെ മൂന്ന് കുഞ്ഞുങ്ങളുണ്ടാകുന്നു. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വർഷം പുത്‌ലി ബായ്ക്ക് അവസാനമായി ഒരു ആൺകുട്ടി കൂടി ജനിക്കുന്നു. അവനെ അവർ മോഹൻ ദാസ് എന്ന് പേരിട്ടുവിളിക്കുന്നു.
undefined
ചെറുപ്പത്തിൽ വെരുകിന്റെ സ്വഭാവമായിരുന്നു മോഹൻദാസിന് എന്നാണ് സഹോദരങ്ങളുടെ ഓർമ. വളർത്തുനായ്ക്കളുടെ ചെവി പിടിച്ച് വലിക്കലായിരുന്നു അന്നത്തെ ഒരു പ്രധാന വിനോദം. അമ്മയിൽ നിന്നുകേട്ട രാജാ ഹരിശ്ചന്ദ്രയുടെയും ശ്രാവണന്റെയുമൊക്കെ കഥകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. ഹരിശ്ചന്ദ്രനായി വേഷം കെട്ടി പലവുരു അദ്ദേഹം തന്റെ ബാല്യത്തിൽ കണ്ണാടിക്കുമുന്നിൽ പകർന്നാടി. സത്യത്തോടും മനുഷ്യസ്നേഹത്തോടുമൊക്കെയുള്ള ആദ്യപരിചയങ്ങൾ ഈ കഥകളാവും. അദ്ദേഹത്തിന്റെ ബാല്യത്തിലെ മറ്റൊരു സ്വാധീനം അച്ഛനമ്മമാരുടെ ജാതിയായിരുന്നു. അമ്മ ഒരു വൈഷ്ണവ ഹിന്ദുവായിരുന്നു. തികഞ്ഞ വിശ്വാസിയും ആചാരങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു അവർ. അച്ഛൻ ജാത്യാൽ ഒരു ബനിയ ആയിരുന്നു. കച്ചവടമാണ് ഗുജറാത്തിലെ ബനിയകളുടെ പരമ്പരാഗത തൊഴിലായി കണക്കാക്കപ്പെടുന്നത്.
ആയിടയ്ക്കാണ് അച്ഛന് പോർബന്തറിൽ നിന്ന് രാജ്കോട്ടിലെക്ക് മാറ്റമുണ്ടാകുന്നത്. അവിടെ ഒരു പ്രാദേശിക സ്‌കൂളിൽ അദ്ദേഹത്തെ ചേർക്കുന്നു. പതിനൊന്നാം വയസ്സിൽ രാജ്‌കോട്ടിലെ ഒരു ഹൈസ്‌കൂളിൽ ചേരുന്നു. പുസ്തകപ്പുഴുവായ ഒരു അന്തർമുഖനായിരുന്നു മോഹൻദാസ് സ്‌കൂളിൽ. ജ്യേഷ്ഠസഹോദരനാണ് സ്‌കൂളിൽ വെച്ച് ആദ്യമായി ഷെയ്ഖ് മെഹ്താബ് എന്നൊരു മുസ്ലിമിനെ മോഹൻദാസിന് പരിചയപ്പെടുത്തുന്നത്. ശുദ്ധ വെജിറ്റേറിയനായിരുന്ന മോഹൻദാസ് പുതിയ സുഹൃത്തിന്റെ പ്രേരണയിൽ, ഉയരം കൂടുമെന്ന പ്രതീക്ഷയിന്മേൽ, മാംസഭോജനം വരെ നടത്തുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. മോഹൻദാസിനെ ഒരു ദിവസം ഷെയ്ഖ് നഗരത്തിലെ ഒരു വേശ്യാലയത്തിലേക്കുവരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അവിചാരിതമായി ലൈംഗികതയ്ക്ക് മുന്നിൽ കൊണ്ടു നിർത്തപ്പെട്ടപ്പോൾ പകച്ചുനിന്നുപോയി മോഹൻദാസ്. വളരെ വിചിത്രമായി പ്രതികരിച്ച മോഹൻദാസിന്റെ വേശ്യാലയത്തിന്റെ നടത്തിപ്പുകാർ അടിച്ചു വെളിയിലാക്കുന്നു. അതോടെ ഷെയ്‌ഖുമായുള്ള കൂട്ടും മോഹൻദാസ് വെട്ടുന്നു.
1883 മെയ് മാസത്തിൽ 13 -കാരനായ മോഹൻദാസിന്റെ വിവാഹം 14 -കാരിയായ കസ്തൂർബയുമായി നടക്കുന്നു. കസ്തൂർബയുമായുള്ള ബന്ധത്തിന്റെ ആദ്യനാളുകളെപ്പറ്റി അദ്ദേഹം തന്റെ ആത്മകഥയിൽ വിശദമായി വർണിക്കുന്നുണ്ട്. കൗമാരത്തിന്റെ രതികൗതുകങ്ങൾ അദ്ദേഹത്തിന് സ്‌കൂളിലെ ശ്രദ്ധയ്ക്ക് പോലും ഭംഗമുണ്ടാക്കിയിരുന്നു. അങ്ങനെയും വീട്ടിലേക്ക് തിരിച്ചെത്തി കസ്തൂർബയെ കാണുന്നതിനെപ്പറ്റിയും, രാത്രിസംഗമങ്ങളെപ്പറ്റിയും ഒക്കെയായിരുന്നു മോഹൻദാസിന്റെ ചിന്തകൾ. അച്ഛൻ കരംചന്ദ് ഗാന്ധിക്ക് തീരെ സുഖമില്ലാതെ കിടന്നിരുന്ന അവസാന നാളുകളിൽ കസ്തൂർബയും ഗർഭിണിയായിരുന്നു. അച്ഛന് കൂട്ടിരിക്കാനുള്ള ഉത്തരവാദിത്തം മോഹൻദാസിന് കിട്ടിയ നാളുകളിലൊന്നിൽ രാത്രി തീവ്രമായ രതിചിന്തയാൽ ഒടുവിൽ അച്ഛൻ ഉറങ്ങി എന്നുറപ്പിച്ച് കിടപ്പുമുറിയിലേക്ക് ചെന്ന് കസ്തൂർബയുമായി ബന്ധപ്പെടുന്നുണ്ട് മോഹൻദാസ്. രാത്രിയിൽ അച്ഛന് അസുഖം കൂടിയതും മരിച്ചതും ഒന്നും മോഹൻദാസ് അറിയുന്നില്ല. മരണവിവരമറിയിച്ച് കിടപ്പുമുറിയുടെ കുറ്റിയിട്ടു വാതിലിൽ ബന്ധുക്കളാരോ തട്ടുമ്പോൾ മാത്രമാണ് അദ്ദേഹം വിവരമറിയുന്നത്. ഇക്കാര്യത്തിൽ, അച്ഛന്റെ അവസാന നിമിഷങ്ങളിൽ അടുത്തില്ലാതെ പോയതിന്റെ പേരിൽ, ആജീവനാന്തം അവനവന് മാപ്പുകൊടുക്കാൻ മോഹൻദാസിന് കഴിഞ്ഞിട്ടില്ല. തന്റെ കാമവാസനയ്ക്കു പിന്നാലെ താൻ പോയിരുന്നില്ലെങ്കിൽ അച്ഛന്റെ അവസാന നിമിഷങ്ങൾ തന്റെ മടിയിൽ കിടന്നായിരുന്നേനെ എന്നദ്ദേഹം പിന്നീട് പശ്ചാത്താപവിവശതയോടെ പറഞ്ഞിട്ടുണ്ട്.
ഉന്നത പഠനത്തിന്റെ ആദ്യഘട്ടം മുംബയിലെ ഭാവ് നഗർ കോളേജിലായിരുന്നു. എന്നാൽ, അവിടത്തെ പഠനസാഹചര്യങ്ങളിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. അത് പാതിവഴിയിലെത്തിനിൽക്കേയാണ് അദ്ദേഹത്തിന് ലണ്ടനിലെ വിഖ്യാതമായ ഇന്നർ ടെംപിളിൽ പഠനത്തിനുള്ള അവസരം കിട്ടുന്നത്. എന്നാൽ, കടുത്ത യാഥാസ്ഥിതികരായ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ കടൽ കടന്നു യാത്രചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ജാതിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ലണ്ടനിലെത്തി. അവിടെ ചെലവിട്ട ആദ്യകാലങ്ങളിൽ അദ്ദേഹം തിയോസഫിക്കൽ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ലണ്ടനിലെ ബാരിസ്റ്റർ പഠനം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഗാന്ധി ആദ്യമായി ഏറ്റെടുത്ത വക്കാലത്ത് തന്നെ തോൽക്കുകയാണ്. ഒരു ഇംഗ്ലീഷുകാരന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കപ്പെടുന്ന ദുരവസ്ഥയും ഇക്കാലത്തുണ്ടാകുന്നു. അതോടെ ഇന്ത്യയിൽ തുടരാനുള്ള മാനസികാവസ്ഥ അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. അതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ ഒരു തൊഴിലവസരം കൈവരുന്നത്. അത് അദ്ദേഹം സ്വീകരിക്കുകയും അങ്ങോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. 'പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്നുപറഞ്ഞപോലായി കാര്യങ്ങൾ. അവിടെ ഫസ്റ്റ് ക്‌ളാസ് റെയിൽവേ കമ്പാർട്ടുമെന്റിൽ യാത്രചെയ്യുകയായിരുന്ന ഗാന്ധിയെ ഒരു ബ്രിട്ടീഷുകാരന്‍ പ്ലാറ്റ്ഫോമിലേക്ക് കഴുത്തിന് പിടിച്ച് തള്ളുന്നു.
ഇത്തരം ദുരനുഭവങ്ങൾ തുടർക്കഥയായതോടെയാണ് പ്രവാസി ഇന്ത്യക്കാർക്കെതിരെ വെള്ളക്കാർ നടത്തുന്ന വിവേചനങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജി നേറ്റാൾ പ്രവിശ്യയിൽ ഇന്ത്യൻ കോൺഗ്രസ് എന്ന പേരിൽ ആദ്യമായി ഒരു സംഘടന തുടങ്ങുന്നത്. ഈ സമരകാലയളവിലാണ് ആത്മശുദ്ധീകരണം, സത്യഗ്രഹം തുടങ്ങിയ ആശയങ്ങൾ വിഭാവനം ചെയ്യുന്നതും പരീക്ഷിച്ചു പാകപ്പെടുത്തുന്നതും. അതിൽ നിന്നാണ് അഹിംസ എന്ന ആശയത്തിലേക്ക് അദ്ദേഹം വരുന്നത്. ബ്രഹ്മചര്യം ഒരു നിഷ്ഠയായി അദ്ദേഹം സ്വീകരിക്കുന്നതും ഇവിടെ നിന്നുതന്നെയാണ്.
1913 -ൽ ഭാരതീയർക്കുമേൽ ചുമത്തപ്പെട്ട മൂന്നു പൗണ്ട് നികുതിക്കെതിരെ ആദ്യസമരം. ഈ സമരത്തിൽ ദക്ഷിണാഫ്രിക്കയിൽ വിവേചനങ്ങൾ നേരിട്ടുകൊണ്ടിരുന്ന ജോലിക്കാരും, ഖനിത്തൊഴിലാളികളും, കർഷകരും ഒക്കെ അദ്ദേഹത്തോടൊപ്പം ചേരുന്നു. രണ്ടായിരത്തോളം പേരെയാണ് അന്ന് ഗാന്ധിജി പ്രതിഷേധത്തിനായി സംഘടിപ്പിക്കുന്നത്. സമരത്തെത്തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗാന്ധിക്ക് ഒമ്പതുമാസത്തെ തടവുശിക്ഷ വിധിക്കപ്പെടുന്നു. പക്ഷേ, ആ സമരം വ്യാപിച്ചതോടെ സർക്കാരിന് മുട്ടുകുത്തേണ്ടി വരികയും ഒടുവിൽ മൂന്നുപൗണ്ടിന്റെ വിവേചനനികുതി പിൻവലിക്കേണ്ടിയും വന്നു.
ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടനെതിരെ ഗാന്ധിജി നേടിയ ഈ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രങ്ങൾ മുഖപ്രസംഗമെഴുതി. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. ഇനി തന്റെ നിയോഗം ഇന്ത്യയുടെ മണ്ണിലാണ് എന്ന തിരിച്ചറിവ് അപ്പോഴാണ് ഗാന്ധിജിക്ക് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്കയിലെ സമരവിജയത്തിനു ശേഷം ഒരു വിജേതാവിന്റെ പരിവേഷത്തോടെയാണ് 1915 -ൽ ഗാന്ധിജി ഇന്ത്യയിലേക്ക് വന്നിറങ്ങുന്നത്. ഇന്ത്യയിൽ വന്ന ഗാന്ധിജി ആദ്യം എടുത്ത തീരുമാനം, റെയിൽവേയുടെ മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിൽ ഇന്ത്യമുഴുവൻ ചുറ്റിസഞ്ചരിച്ച് ജനങ്ങളെ അടുത്തറിയണം എന്നതാണ്. ഈ ഭാരതപര്യടനമാണ് ഗാന്ധിജിയുടെ ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റിമറിച്ചത്. ഈ യാത്രയ്ക്കിടെയാണ് അദ്ദേഹം റൗലറ്റ് നിയമം എന്ന ബ്രിട്ടീഷ് കരിനിയമത്തിനെതിരെ തുറന്ന പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിക്കുന്നത്
എന്തായിരുന്നു റൗലറ്റ് നിയമം
ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ കരിനിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടൻ യുദ്ധത്തിന്റെ സൗകര്യത്തിനായി ചില മുൻകരുതലുകൾ നടപ്പിലാക്കിയിരുന്നു. ഒരർത്ഥത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമങ്ങളായിരുന്നു യുദ്ധകാലത്ത് രാജ്യത്ത്. ആ യുദ്ധകാല മുൻകരുതൽ നിയമങ്ങൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. പ്രസ്തുത നിയമപ്രകാരം, ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങുന്നവരെ അടിച്ചമർത്താനുള്ള ഉരുക്കുമുഷ്ടിയായി ബ്രിട്ടീഷ് ഭരണകൂടം ഈ നിയമത്തെ എടുത്തുപയോഗിച്ചു.
ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് പതിനായിരക്കണക്കിന് ആളുകൾ റൗലറ്റ് നിയമത്തിനെതിരെ തെരുവുകളിലിറങ്ങി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഏതാണ്ട് എല്ലായിടത്തും പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു എങ്കിലും അതിനെ ബ്രിട്ടീഷ് പട്ടാളം നേരിട്ടത് ക്രൂരമായ അക്രമങ്ങളിലൂടെയായിരുന്നു. ജാലിയൻ വാലാബാഗിൽ ജനറൽ ഡയർ ആയിരക്കണക്കിന് നിരപരാധികളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്നു. ഈ സംഭവമാണ് ഇനി സ്വാതന്ത്ര്യം നേടിയിട്ടേ സമരങ്ങൾ അവസാനിപ്പിക്കൂ എന്ന നിലപാടിലേക്ക് ഗാന്ധിജിയെ എത്തിക്കുന്നത്.
ജനപ്രിയനായ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഒരു പ്രധാന വക്താവായി അന്ന് കണക്കാക്കപ്പെട്ടു. ഗാന്ധി എന്ന പ്രഭാവശാലിയായ വ്യക്തിത്വത്തിന്റെ സാന്നിധ്യമാണ്, മുമ്പ് ധനികരുടെ കൂട്ടം മാത്രമായിരുന്ന കോൺഗ്രസിന്, ഒരു പാർട്ടി എന്ന നിലയിൽ ജനഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തത്. ഗാന്ധിജിയുടെ പോരാട്ടങ്ങൾ മതനിരപേക്ഷതയ്ക്കും എല്ലാമതങ്ങളും ഒരുപോലെ ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിക്കൂടിയായിരുന്നു. അഹിംസയിൽ അധിഷ്ഠിതമായ ഗാന്ധിജിയുടെ സമരമാര്‍ഗം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവരെ ഒരുപോലെ ആകർഷിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ സമൂഹം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണപ്രസ്ഥാനത്തിന് തുടക്കമിട്ടു. വിദേശി ഉത്പന്നങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കാനും ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് രണ്ടും തന്നെ ബ്രിട്ടീഷുകാർക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന സമരമുറകളായിരുന്നു.
താമസിയാതെ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയെ ദേശദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. രണ്ടുവർഷത്തോളം ജയിൽവാസമാണ് പിന്നെ. ഗാന്ധിജിയുടെ അല്പവസ്ത്ര ധാരണരീതിയെ ചില പത്രങ്ങൾ ഇരട്ടത്താപ്പെന്നു വിശേഷിപ്പിച്ചപ്പോൾ ഗാന്ധിജി തന്റെ വസ്ത്രധാരണത്തെപ്പറ്റി പറഞ്ഞത് ഭാരതീയനാകാനുള്ള ഏറ്റവും എളുപ്പമുള്ള, നൈസർഗികമായ വഴി നാടൻ വസ്ത്രം ധരിക്കുക എന്നതാണ് എന്നായിരുന്നു.
ഗാന്ധിജി എന്ന വ്യക്തിയെ, അല്ല പ്രസ്ഥാനത്തെ അവഗണിക്കുക എന്നത് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അസാധ്യമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാവും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാവി ചർച്ചചെയ്യാൻ വേണ്ടി അവർ ലണ്ടനിൽ ഒരു വട്ടമേശ സമ്മേളനം നടത്തി. അന്നത്തെ സ്വാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ചിരുന്ന ഒരുവിധം നേതാക്കളെ ഒക്കെ മാറ്റിനിർത്തിയുള്ള ഒരു പ്രഹസനമായി ഒടുവിൽ ആ ചർച്ച മാറി. അതോടെ സമരം കടുപ്പിക്കാൻ ഗാന്ധിജി തീരുമാനിച്ചു.1930 -ൽ ദണ്ഡിയാത്ര നടക്കുന്നു. അക്കാലത്ത് ഇന്ത്യൻ പൗരന്മാർക്ക് വലിയ വിലകൊടുത്ത് ബ്രിട്ടീഷുകാരിൽ നിന്ന് ഉപ്പ് വാങ്ങേണ്ടി വന്നിരുന്നു. അതിൽ ഒരു കുത്തക തന്നെ ബ്രിട്ടീഷുകാർ നിലനിർത്തിപ്പോന്നു. ഈ കുത്തക എളുപ്പം തകർക്കാവുന്ന ഒന്നാണ് എന്ന് തെളിയിക്കാനാണ് ഗാന്ധിജി ദണ്ഡിയിൽ ഉപ്പു കുറുക്കി ജനങ്ങളെ പുതിയൊരു സമരമാർഗ്ഗത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ദണ്ഡിയിൽ കുറുക്കിയെടുത്ത ഒരുപിടി ഉപ്പ് കയ്യിലെടുത്തുകൊണ്ട് ഗാന്ധിജി പറഞ്ഞത്, ഈ ഒരു പിടി ഉപ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരറുക്കും എന്നാണ്.
ഗാന്ധിമാർഗ്ഗത്തിലെ സമരങ്ങൾ ദിനം പ്രതി കടുത്തുവന്നു. ജനങ്ങൾ നികുതി ഒടുക്കാതെയായി. ഒടുവിൽ ഗാന്ധിജിയെ കോൺഗ്രസിന്റെ പ്രതിനിധിയായി ക്ഷണിച്ചുകൊണ്ട് വട്ടമേശസമ്മേളനം നടത്തപ്പെട്ടു. തങ്ങളുടെ ഏറ്റവും വിഭവസമൃദ്ധമായ കോളനി അങ്ങനെ എളുപ്പത്തിൽ കൈവിടാൻ ബ്രിട്ടീഷുകാർക്ക് മനസ്സില്ലായിരുന്നു. മതത്തിന്റെ പേരും പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയെ തമ്മിൽ തല്ലിക്കാനായി അടുത്ത ശ്രമം. വട്ടമേശ സമ്മേളനത്തിന് കോൺഗ്രസിനെ പ്രതിനിധീകരിച്ചുവന്ന ഗാന്ധിജി ഹിന്ദുക്കളുടെ മാത്രം പ്രതിനിധിയാണ്. ഇസ്‌ലാം, സിഖ് മതസ്ഥരുടെ പ്രതിനിധികളും ചർച്ചകളിൽ വന്നാൽ മാത്രമേ യഥാർത്ഥത്തിലുള്ള അഭിപ്രായ സമന്വയമുണ്ടാകൂ എന്നായി അവരുടെ നയം. അതോടെ തീരുമാനമൊന്നും എടുക്കാതെ വട്ടമേശ സമ്മേളനം പിരിഞ്ഞു.
തുടർന്ന് രണ്ടാം ലോകമഹായുദ്ധം വരുന്നു. നാസികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനൊപ്പം നിൽക്കണം എന്ന് ചർച്ചിൽ ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന അടിമത്തത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങൾ വിജയം കണ്ടിട്ടുപോരെ അങ്ങനെ എന്നായി ഗാന്ധിജി. 1942 -ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങുന്നതോടെ സ്വാതന്ത്ര്യസമരത്തിന് വീണ്ടും വീറുകൂടുന്നു. ഗാന്ധിജിയെയും കസ്തൂർബയെയും വീണ്ടും തുറുങ്കിലടക്കുന്നു. ജയിലിൽ വെച്ച് കസ്തൂർബായുടെ ആരോഗ്യം മോശമാകുന്നു, അവർ മരിക്കുന്നു. കസ്തൂർബ മരണപ്പെട്ട് പിന്നെയും മാസങ്ങൾ കഴിഞ്ഞ് 1944 -ലാണ് ഗാന്ധിജി ജയിൽ മോചിതനാകുന്നത്. ഇറങ്ങിയപാടെ ഗാന്ധിജി വീണ്ടും സമരമുഖത്തെത്തുന്നു. ഇക്കാലത്താണ് ഗാന്ധിയിൽ നിന്ന്, "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" പോലുള്ള ആഹ്വാനങ്ങൾ ഉണ്ടാകുന്നത്.
സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കൊടുവിൽ ബ്രിട്ടീഷുകാർക്ക് അതേപ്പറ്റിയുള്ള ചർച്ചകൾ തുടങ്ങേണ്ടി വന്നു. പോകുന്ന പോക്കിന് ഇന്ത്യക്ക് കനത്ത ഒരു പ്രഹരമേല്പിച്ചിട്ടാണ് ബ്രിട്ടീഷുകാർ മടങ്ങുന്നത്. സർ സയ്യിദ് അഹമ്മദ് ഖാന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം ജിന്നയെക്കൊണ്ട് മുന്നോട്ട് വെപ്പിച്ച് മൗണ്ട് ബാറ്റൻറെ കാർമികത്വത്തിൽ അവർ വിഭജനം നടപ്പിലാക്കി. ഇരു രാജ്യങ്ങളെയും വേർതിരിച്ചുകൊണ്ട് റാഡ്ക്ലിഫ് രേഖ നിലവിൽ വന്നു.
1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ മാത്രം തന്റെ തകർന്നുപോയ സ്വപ്നത്തിന്റെ കഷ്ണങ്ങൾ പെറുക്കിക്കൂട്ടുകയായിരുന്നു. മതേതര ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്നത്തിന്റെ കടക്കാണ് അവർ കത്തിവെച്ചുകളഞ്ഞത്. വിഭജനത്തുടർന്ന് മുപ്പത്തേഴുകോടി പേർ ഇന്ത്യയിലും പതിനേഴുകോടി പേര് പാകിസ്താനിലും മൂന്നുകോടി പേർ ബംഗ്ലാദേശിലും പെട്ടു. ഇന്ത്യക്കും പാകിസ്താനുമിടയിൽ പലായനങ്ങൾ ഉണ്ടായി. കലാപങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടു.
ദുഖിതനായ ഗാന്ധിജി ദില്ലി വിട്ട് കൊൽക്കത്തയ്ക്ക് പോയി. ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങളാണ് പിന്നെ ഗാന്ധിജി നടത്തിയത്. പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മുസ്ലിംകളുടെ സുരക്ഷിതത്വത്തിലായിരുന്നു ഗാന്ധിജിക്ക് പ്രധാനമായും ആശങ്കയുണ്ടായിരുന്നത്. അവരുടെ സമാധാനം ഉറപ്പിക്കാൻ വേണ്ടി ഗാന്ധി സത്യഗ്രഹം തുടങ്ങി.
ഇതിനിടയിൽ ഒരു ദിവസം, അതായത് 1948 ജനുവരി 30-ന് ദില്ലിയിലെ ബിർളാ ഹൌസിൽ ഒരു പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കാൻ പോവുന്നതിനിടെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെടുന്നു. അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ദില്ലിയിൽ ഗാന്ധിജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തി.
തന്റെ ആയുഷ്കാലത്ത് ഗാന്ധിജിക്ക് 'അഖണ്ഡഭാരതം' എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചുകാണാനുള്ള യോഗമുണ്ടായില്ല. മരണത്തെപ്പറ്റി ഗാന്ധിജി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "മരണം കഴിഞ്ഞാലും ജീവിതസംഘർഷം തുടരും. അസത്യങ്ങൾക്കിടയിലും സത്യം നെഞ്ചും വിരിച്ചു തന്നെ നിൽക്കും. നാലുപാടും ഇരുൾ പരക്കുമ്പോഴും, ഒരു ചെരാതിന്റെ നാളം പോലെ അത് തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും."