വല്ലാത്തൊരു മരുമകൻ തന്നെ; പണം തട്ടിയെടുക്കാൻ അമ്മാവന്റെ അസ്ഥികൾ മോഷ്ടിച്ചു, യുവാവ് പിടിയിൽ

By Web Team  |  First Published Sep 25, 2024, 3:53 PM IST

വീട്ടുകാർ തന്നെ തിരിച്ചറിയാതിരിക്കാൻ ഒരു അജ്ഞാത നമ്പറിൽ നിന്നാണ് ഇയാൾ മരിച്ചുപോയ വ്യക്തിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. പൊലീസിൽ പരാതി നൽകിയാൽ അസ്ഥിയുടെ ഭാഗങ്ങൾ ഒരിക്കലും തിരികെ നൽകുകയില്ല എന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.


വിയറ്റ്‌നാമിൽ കുഴിമാടത്തിൽ നിന്ന് അമ്മാവൻ്റെ തലയോട്ടിയും എല്ലുകളും മോഷ്ടിച്ച യുവാവ് പിടിയിൽ. ചൂതാട്ടത്തിലൂടെ തനിക്കുണ്ടായ കടങ്ങൾ തീർക്കാൻ മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് 5 ബില്യൺ വിയറ്റ്നാമീസ് ഡോങ് (203,000 യുഎസ് ഡോളർ) തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാവ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്നാണ് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സെപ്റ്റംബർ 9 -ന്, വടക്കൻ വിയറ്റ്നാമിലെ തൻ ഹോവ പ്രവിശ്യയിൽ നിന്നുള്ള ലുയു തൻ നാം എന്ന 37 -കാരനാണ്  തൻ്റെ അമ്മാവൻ്റെ ശവക്കുഴിയിൽ നിന്ന് അസ്ഥികൾ മോഷ്ടിച്ചത്. തുടർന്ന് ഇത് അടുത്തുള്ള മാലിന്യ കൂമ്പാരത്തിൽ ഒളിപ്പിച്ചു വയ്ക്കുകയും അവ തിരികെ നൽകണമെങ്കിൽ താൻ ആവശ്യപ്പെടുന്ന പണം തരണമെന്ന് വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. നാലു വർഷം മുൻപ് മരിച്ച തന്റെ അമ്മാവൻറെ അസ്ഥികളാണ് ഇയാൾ മോഷ്ടിച്ചത്.

Latest Videos

undefined

വീട്ടുകാർ തന്നെ തിരിച്ചറിയാതിരിക്കാൻ ഒരു അജ്ഞാത നമ്പറിൽ നിന്നാണ് ഇയാൾ മരിച്ചുപോയ വ്യക്തിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. പൊലീസിൽ പരാതി നൽകിയാൽ അസ്ഥിയുടെ ഭാഗങ്ങൾ ഒരിക്കലും തിരികെ നൽകുകയില്ല എന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഫോൺസന്ദേശം കേട്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ശവക്കല്ലറ പരിശോധിച്ചപ്പോഴാണ് അസ്ഥികൾ മോഷണം പോയതായി മനസ്സിലാക്കിയത്. ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. 

പൊലീസ് അന്വേഷണത്തിൽ ലുയു പിടിയിലാവുകയും പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ചെടുത്ത അസ്ഥികൾ പൊലീസ്  വീണ്ടെടുത്ത് കുടുംബാംഗങ്ങൾക്ക് തിരികെ നൽകി. സെപ്തംബർ 12 -ന്, ലുയു നാമിനെ അറസ്റ്റ് ചെയ്തു. ശിക്ഷ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിയറ്റ്നാമിൽ, ശവക്കല്ലറകൾ നശിപ്പിക്കുന്നതിന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!