ഇതിപ്പോ ലാഭായല്ലോ; ഇടയ്‍ക്കിടക്ക് ജോലി പോകും, ഇന്ന് മാസവരുമാനം 10 ലക്ഷം രൂപ

By Web TeamFirst Published Jan 19, 2024, 11:00 AM IST
Highlights

പണമോ, എന്തിന് സ്വന്തമായി ഒരു ഡ്രൈവിം​ഗ് ലൈസൻസോ പോലും ഇല്ലാതെയാണ് താൻ തുടങ്ങിയത് എന്നാണ് റയാൻ പറയുന്നത്.

ഇടയ്ക്കിടെ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെടുന്ന മനുഷ്യരുണ്ട്. അതുപോലെ, പെട്ടെന്ന് മടുത്ത് ഇറങ്ങിപ്പോകുന്നവരുമുണ്ട്. അതിന് കാരണങ്ങൾ പലതാവാം. എന്തായാലും അതിലൊരാളായിരുന്നു ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള റയാൻ മക്കാറ്റിർ. 25 -കാരനായ റയാന് ഇടയ്ക്കിടെ ജോലി പോവും, അല്ലെങ്കിൽ ജോലി ഉപേക്ഷിക്കും. അപ്പോൾ പിന്നെ ജീവിക്കാൻ എന്തെങ്കിലും വേണ്ടേ? അങ്ങനെയാണ് റയാൻ ഒരു കാർ കമ്പനി തുടങ്ങുന്നത്. 

ആ തീരുമാനം ഏതായാലും പിഴച്ചില്ല. 19 -ാമത്തെ വയസ്സിലാണ് റയാൻ ആദ്യത്തെ കാർ വിൽക്കുന്നത്. എന്നാൽ‌, നന്നായി ജോലി ചെയ്യാൻ റയാന് സാധിച്ചിരുന്നില്ല. പിന്നീട് പല കാർ കമ്പനികളിലും റയാൻ ജോലി നോക്കി. പല കാർ ഡീലർഷിപ്പുകളും പല യൂസ്ഡ് കാറുകളും ലോണിൽ വാങ്ങി. എന്നാൽ, അവയിൽ പലതും വിറ്റുപോയില്ല. അവയെല്ലാം അവിടെത്തന്നെ കിടന്നു. ഇത് കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കി. ആ സമയത്ത് താൻ ഒട്ടും ആത്മസമർപ്പണത്തോടെയല്ല ജോലി ചെയ്തിരുന്നത് എന്ന് റയാൻ പറയുന്നു. 

Latest Videos

അവിടെവച്ചാണ് അയാൾക്ക് പുതിയൊരാശയം തോന്നിയത്. ആദ്യം കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കണം. പിന്നീടാവാം കാർ എടുക്കുന്നത്. സ്വന്തമായി ഒരു കാർ കമ്പനി എന്നതിലേക്ക് എത്തുന്നതിന് മുമ്പ് ഒരു 15 കാർ ​ഗാരേജുകളിലെങ്കിലും അയാൾ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയവും റയാനെ പിന്തുണച്ചു. അങ്ങനെ, 22 -ാമത്തെ വയസ്സിൽ സ്വന്തം കമ്പനിയായ റോക്ക്സ്റ്റാർ കാർ ഫിനാൻസ് തുടങ്ങി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് കൂടുതലും കസ്റ്റമേഴ്സിനെ കിട്ടിയിരുന്നത്.

പണമോ, എന്തിന് സ്വന്തമായി ഒരു ഡ്രൈവിം​ഗ് ലൈസൻസോ പോലും ഇല്ലാതെയാണ് താൻ തുടങ്ങിയത് എന്നാണ് റയാൻ പറയുന്നത്. ഒരു ദിവസം താൻ തന്റെ സാധനങ്ങളെല്ലാം എടുത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഇറങ്ങി. ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, സ്വന്തമായി എന്തെങ്കിലും തുടങ്ങണം. ഒരു ഫോണും അതിൽ നിറയെ കസ്റ്റമേഴ്സിന്റെ നമ്പറും മാത്രമായിരുന്നു കൈമുതൽ എന്നും റയാൻ പറയുന്നു.

ഏതായാലും, ഇന്ന് റയാൻ മാസം 10 ലക്ഷം രൂപ വരെയാണ് വരുമാനമുണ്ടാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!