പിതൃത്വ അവധി കഴിഞ്ഞെത്തിയപ്പോൾ പിരിച്ചുവിട്ടു, 41 കോടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസുമായി ജീവനക്കാരൻ 

By Web TeamFirst Published Oct 12, 2024, 3:00 PM IST
Highlights

പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തൻ്റെ പിരിച്ചുവിടലിന് പിന്നിലെ യഥാർത്ഥ കാരണം എന്നും പരാതിയിൽ പറയുന്നു. 

ആറുമാസത്തെ പിതൃത്വ അവധിക്ക് ശേഷം മടങ്ങിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിക്കെതിരെ  കേസ്. യുകെയിലെ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സിനെതിരെയാണ് മുൻ ജീവനക്കാരൻ ലിംഗവിവേചനം നടത്തി എന്ന് കാണിച്ച് കേസ് കൊടുത്തത്. 

ആറ് മാസത്തെ പിതൃത്വ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു എന്നാണ് ജീവനക്കാരൻ പറയുന്നത്. കമ്പനിയുടെ അന്യായമായ നടപടിയിൽ തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളർ (ഏകദേശം 41 കോടി) നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്നാണ് ജീവനക്കാരൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്. 

Latest Videos

ലണ്ടനിൽ ഗോൾഡ്മാൻ്റെ കംപ്ലയിൻസ് ഡിപ്പാർട്ട്‌മെൻ്റിൽ വൈസ് പ്രസിഡൻ്റായി ജോലി ചെയ്തിരുന്ന ജോനാഥൻ റീവ്സ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അവധി കഴിഞ്ഞ് എത്തിയ ഉടൻ തന്നെ പുറത്താക്കിയെന്നാണ് റീവ്സ് പരാതിയിൽ പറയുന്നത്. പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തൻ്റെ പിരിച്ചുവിടലിന് പിന്നിലെ യഥാർത്ഥ കാരണം എന്നും പരാതിയിൽ പറയുന്നു. 

തനിക്ക് കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞിനെ പരിചരിക്കുന്നതിനായാണ് താൻ കമ്പനി അനുവദിച്ചിട്ടുള്ള അവധി എടുത്തതെന്നും എന്നാൽ ഇത്തരം അവധി കമ്പനിയുടെ പേപ്പറുകളിൽ മാത്രമാണുള്ളതെന്നും അത് എടുക്കുന്നവരോട് വിവേചനപരമായാണ്  കമ്പനി പെരുമാറുന്നത് എന്നുമാണ് റീവ്സിൻ്റെ ആരോപണം. 

എന്നാൽ, ഗോൾഡ്മാൻ സാച്ചസ്  റീവ്സിൻ്റെ ആരോപണങ്ങൾ നിഷേധിച്ചു. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ റീവ്സ് വേണ്ടത്ര മികവ് പുലർത്താത്തതാണ് പിരിച്ചുവിടലിനു പിന്നിലെ യഥാർത്ഥ കാരണമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, ബാങ്ക് സ്ഥാപനത്തിലെ പുതിയ രക്ഷിതാക്കൾക്ക് 26 ആഴ്‌ച ശമ്പളത്തോടെയുള്ള രക്ഷാകർതൃ അവധി നൽകിയതിന്റെ രേഖകളും പുറത്തുവിട്ടു. 

തങ്ങളുടെ എല്ലാ ജീവനക്കാർക്കും അവകാശപ്പെട്ട അവധിയാണ് ഇതെന്നും സ്ത്രീ പുരുഷ ഭേദമന്യേ ഈ അവധിയെടുക്കാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും ബാങ്ക് വ്യക്തമാക്കി. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ഒടുവിൽ ആ സത്യം തെളിയുമോ? 100 വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!