ഒറ്റദിവസം പറിച്ചത് 23 പല്ലുകൾ, 12 വെപ്പുപല്ലുകളും വച്ചു, 13 ദിവസങ്ങൾക്ക് ശേഷം ദാരുണാന്ത്യം

By Web TeamFirst Published Sep 12, 2024, 1:53 PM IST
Highlights

തന്റെ പിതാവിൻറെ പെട്ടെന്നുള്ള മരണത്തിന് കാരണം ദന്ത ചികിത്സയിലെ പിഴവാണെന്നാണ് ഷൂ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മുൻസിപ്പൽ ഹെൽത്ത് ബ്യൂറോ അന്വേഷിച്ചുവരികയാണ്.

പലതരത്തിലുള്ള മരണങ്ങൾ ഓരോ ദിവസവും നമ്മുടെ ചുറ്റുപാടുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരു ദിവസം തന്നെ 23 പല്ലുകൾ പറിച്ചെടുക്കുകയും 12 പുതിയ വെപ്പുപല്ലുകൾ വെക്കുകയും ചെയ്ത ദന്ത ചികിത്സയ്ക്ക് വിധേയനായ വ്യക്തി 13 ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. മരണപ്പെട്ട വ്യക്തിയുടെ മകൾ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പങ്കുവെച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിൻഹുവയിൽ നിന്നുള്ള ഹുവാങ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്. സെപ്റ്റംബർ രണ്ടിന് ഇദ്ദേഹത്തിൻറെ മകൾ തന്റെ ഓൺലൈൻ പോസ്റ്റിലൂടെയാണ് പിതാവിൻറെ മരണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇദ്ദേഹത്തിൻറെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. ആഗസ്ത് 14 -ന് യോങ്കാങ് ഡീവേ ഡെൻ്റൽ ഹോസ്പിറ്റലിൽ വെച്ചാണ് തന്റെ പിതാവ് ഇത്രയും വലിയൊരു ദന്ത ചികിത്സയ്ക്ക് വിധേയനായത് എന്നാണ് മകളായ ഷൂവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് വെളിപ്പെടുത്തുന്നത്. 

Latest Videos

ഹുവാങ് ഒപ്പിട്ട സമ്മതപത്രം അനുസരിച്ച്, ഒരൊറ്റ ദിവസം തന്നെയാണ് ഇദ്ദേഹത്തിൻറെ 23 പല്ലുകൾ പറിക്കുകയും പുതിയതായി 12 പല്ലുകൾ വെച്ച് നൽകുകയും ചെയ്തത്. യുവാൻ എന്ന ശസ്ത്രക്രിയാ വിദഗ്ധൻ ആണ് തൻറെ പിതാവിൻറെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് ഷൂ പറയുന്നത്. ചികിത്സയ്ക്ക് ശേഷം, ഹുവാങിന്  അതികഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഒടുവിൽ ആഗസ്റ്റ് 28 ന് ഹൃദയസ്തംഭനം ഉണ്ടായതോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.

തന്റെ പിതാവിൻറെ പെട്ടെന്നുള്ള മരണത്തിന് കാരണം ദന്ത ചികിത്സയിലെ പിഴവാണെന്നാണ് ഷൂ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മുൻസിപ്പൽ ഹെൽത്ത് ബ്യൂറോ അന്വേഷിച്ചുവരികയാണ്. ഒരേസമയം പറിച്ചെടുക്കാൻ കഴിയുന്ന പല്ലുകളുടെ എണ്ണത്തിന് ഔദ്യോഗിക മാർഗനിർദേശങ്ങളൊന്നുമില്ലെന്നും എന്നാൽ പരമാവധി 10 ആണെന്നും വുഹാനിലെ യൂണിവേഴ്സൽ ലവ് ഹോസ്പിറ്റലിലെ ഡെൻ്റൽ മെഡിസിൻ സെൻ്റർ ഡയറക്ടർ സിയാങ് ഗൊലിൻ  പറഞ്ഞു. 23 പല്ലുകൾ പറിച്ചെടുക്കുന്നത് അല്പം കഠിനമാണെന്നും  ഇതിന് മതിയായ യോഗ്യതകളും പരിചയവുമുള്ള ഒരു ക്ലിനിക്കും ദന്തഡോക്ടറും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൂടാതെ  അത്തരമൊരു വിപുലമായ നടപടിക്രമം കൈകാര്യം ചെയ്യുന്നതിനുള്ള രോഗിയുടെ ശാരീരിക ശേഷി പരിഗണിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും സിയാങ് ഗൊലിൻ പറഞ്ഞു.

tags
click me!