വേറെ ലെവൽ പ്രതികാരം; നായയെ വിഷം കൊടുത്തു കൊന്നയാളെ ജയിലിലാക്കാൻ നിയമം പഠിച്ച് ഉടമ

By Web TeamFirst Published Sep 29, 2024, 3:19 PM IST
Highlights

വിഷബാധയേറ്റ് തളർന്നുവീണ തൻറെ നായക്കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ലീ പറയുന്നത്.

തന്റെ വളർത്തുനായയെ വിഷം നൽകി കൊന്നയാളെ ജയിലിലാക്കാൻ നിയമം പഠിച്ച് ചൈനീസ് യുവതി. ബെയ്ജിംഗിൽ നിന്നുള്ള ലീ യിഹാ എന്ന സ്ത്രീയാണ് തന്റെ വളർത്തുനായ പാപ്പിയെ വിഷം കൊടുത്തു കൊന്നയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ 700 ദിവസംകൊണ്ട് നിയമപഠനം പൂർത്തിയാക്കിയത്. 

വൈറ്റ് വെസ്റ്റ് ഹൈലാൻഡ് ടെറിയർ ഇനത്തിൽപ്പെട്ട ഈ നായ ലീക്ക് സ്വന്തം കുടുംബാംഗത്തെ പോലെയായിരുന്നു. 2022 സെപ്തംബർ 14 -നാണ്  ബെയ്ജിംഗിൽ പാപ്പി ഉൾപ്പെടെയുള്ള നിരവധി നായ്ക്കളിലും പൂച്ചകളിലും വിഷബാധയേറ്റത്. 

Latest Videos

വിഷബാധയേറ്റ് തളർന്നുവീണ തൻറെ നായക്കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ലീ പറയുന്നത്. ഏഴുമണിക്കൂറിലധികം മരണ വേദനയാൽ പുളഞ്ഞതിനുശേഷമാണ് തൻറെ നായക്കുട്ടി മരിച്ചതെന്നും അവർ പറയുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ പ്രദേശവാസിയായ ഴാങ് എന്ന 65 കാരനാണ് മൃഗങ്ങൾക്ക് വിഷബാധ ഏറ്റതിന് പിന്നിൽ എന്ന് കണ്ടെത്തി. 

അന്നേദിവസം വൈകുന്നേരം കുട്ടികളുടെ കളിസ്ഥലത്ത് നടത്താൻ ഇറക്കിയ വളർത്തു മൃഗങ്ങൾക്കായിരുന്നു വിഷബാധയേറ്റത്. കളിസ്ഥലത്ത് ഴാങ് വിതറിയ എലിവിഷം കലർന്ന കോഴിയിറച്ചി കഴിച്ചാണ് മൃഗങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെട്ടത്. 

തൻ്റെ വാഹനത്തിൽ മൂത്രമൊഴിച്ച നായ്ക്കളോടുള്ള പ്രതികാരമായാണ് താൻ വിഷം നിറച്ച കോഴിയിറച്ചി മൃഗങ്ങൾക്ക് കൊടുത്തത് എന്നാണ് ഴാങ് പൊലീസ് ചോദ്യം ചെയ്യലിൽ തൻറെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. ഒരു വളർത്തുമൃഗത്തിൻ്റെ മൂല്യം പണത്തിൻ്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയില്ലെന്നും ഴാങ്ങിനെ ജയിലിലടക്കണമെന്നും ആണ് ലീ ആവശ്യപ്പെടുന്നത്. 2022 സെപ്റ്റംബറിൽ, ജോലി ഉപേക്ഷിച്ച് ലീ നിയമപഠനം ആരംഭിക്കുകയായിരുന്നു.

ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ലീ ഴാങ്ങിനെതിരെ  കേസ് ഫയൽ ചെയ്യുകയും ഉണ്ടായ ചികിത്സാ ചെലവുകൾക്കും വൈകാരിക നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ചൈനയിൽ, ഒരു വിഷബാധമൂലം 200,000 യുവാനിൽ (US$28,000) കൂടുതൽ നാശനഷ്ടമുണ്ടായാൽ, കുറ്റവാളിക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. എന്നാൽ, ഇരയായ വളർത്തുമൃഗങ്ങളുടെ മൂല്യം വിലയിരുത്തുന്നതിലെ ബുദ്ധിമുട്ട് കാരണം ഴാങ്ങിൻ്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. 

ലീയും മറ്റ് 10 നായ്ക്കളുടെ ഉടമകളും ഇപ്പോഴും വിധിക്കായി കാത്തിരിക്കുകയാണ്.  കേസിൽ വിധി പറയാനുള്ള സമയപരിധി ഡിസംബർ 17 -ലേക്ക് മാറ്റിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അന്തിമവിധി തങ്ങൾക്ക് തൃപ്തികരമല്ലെങ്കിൽ താൻ  അപ്പീൽ നൽകുമെന്നും ലീ പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

tags
click me!