എവറസ്റ്റ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ ഭയങ്ങളും, പ്രതീക്ഷകളും ഒക്കെ അന്ന് മല്ലോറിയെഴുതിയ കത്തിൽ കാണാം. ജൂൺ 20 -ന് ആരംഭിക്കുന്ന 'ജോർജ് മല്ലോറി: മഗ്ദലീൻ ടു ദി മൗണ്ടൻ' എന്ന പ്രദർശനത്തിൽ മല്ലോറിയുടെ കത്തുകളും മറ്റ് ഡോക്യുമെന്‍റുകളും പ്രദർശിപ്പിക്കും.
ഇന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് ഒരുപാട് പേർ ചെയ്യുന്ന കാര്യമാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ആളുകളുടെ നീണ്ട നിരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്നാൽ, പണ്ട് അവസ്ഥ ഇതായിരുന്നില്ല. അങ്ങോട്ടുള്ള യാത്രയിൽ പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്.
ആദ്യമായി വിജയകരമായി എവറസ്റ്റ് കീഴടക്കിയത് 1953 -ൽ മേയ് 29 -ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്. എന്നാൽ, അതിന് മുമ്പ് തന്നെ എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ ശ്രമം നടത്തിയ ഒരാളായിരുന്നു ബ്രിട്ടീഷുകാരനായ ജോർജ്ജ് മല്ലോറി.
undefined
ആ യാത്രയിൽ മല്ലോറിക്ക് നഷ്ടപ്പെട്ടത് തന്റെ ജീവനായിരുന്നു. എവറസ്റ്റ് യാത്രയുടെ കഠിനത വെളിവാക്കിക്കൊണ്ട് അവസാനമായി മല്ലോറി എഴുതിയ കത്തുകൾ മല്ലോറി അപ്രത്യക്ഷനായി ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 18 മാസങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് മല്ലോറിയുമായി ബന്ധപ്പെട്ട കത്തുകളും മറ്റ് ഡോക്യുമെന്റുകളുമെല്ലാം ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. 1905 മുതൽ 1908 വരെ മല്ലോറി പഠിച്ച കേംബ്രിഡ്ജിലെ മഗ്ദലീൻ കോളേജാണ് ഇതിന് പിന്നിൽ.
1924 -ലാണ് മല്ലോറിയും ആന്‍ഡ്ര്യൂ ഇർവിനും എവറസ്റ്റ് കീഴടക്കാനായി പുറപ്പെട്ടത്. ഉയരം, പ്രവചനാതീതമായ കാലാവസ്ഥ, എളുപ്പം പറ്റിക്കപ്പെടുന്ന തരത്തിലുള്ള നിഗൂഢതകളൊളിപ്പിച്ചിരിക്കുന്ന ഭൂപ്രകൃതി എന്നിവയെല്ലാം അവരെ കുഴക്കി. ആ കൊടുമുടിയിലെവിടെയൊ മല്ലോറിയും ഇര്‍വിനും അപ്രത്യക്ഷരായി. എവറസ്റ്റ് കീഴടക്കാൻ പോയ രണ്ടുപേരും തിരികെ എത്തിയില്ല.
എവറസ്റ്റ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ ഭയങ്ങളും, പ്രതീക്ഷകളും ഒക്കെ അന്ന് മല്ലോറിയെഴുതിയ കത്തിൽ കാണാം. ജൂൺ 20 -ന് ആരംഭിക്കുന്ന 'ജോർജ് മല്ലോറി: മഗ്ദലീൻ ടു ദി മൗണ്ടൻ' എന്ന പ്രദർശനത്തിൽ മല്ലോറിയുടെ കത്തുകളും ഡോക്യുമെന്‍റുകളും പ്രദർശിപ്പിക്കും. എവറസ്റ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 1924 മെയ് 11-ന് എഴുതിയ കത്തിൽ ജോർജ്ജ് മല്ലോറി എഴുതുന്നത്, 'ഇത് വളരെ ശ്രമകരമായ സമയമാണ്' എന്നാണ്.
എവറസ്റ്റിലേക്കുള്ള യാത്രയിലെ കാലാവസ്ഥ, ഭൂപ്രകൃതി, യാത്രയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ എന്നിവയെല്ലാം വിവിധ കത്തുകളിലും എഴുത്തുകളിലുമായി പരാമർശിക്കുന്നുണ്ട്. ഭാര്യ റൂത്തിനും മല്ലോറി എഴുതിയിരുന്നു. മല്ലോറിക്ക് ഭാര്യയോടുള്ള തീവ്രമായ സ്നേഹം കാണിക്കുന്നതാണ് പലതും.
1924 മെയ് 27 -നുള്ള തൻ്റെ അവസാനത്തെ കത്തിൽ അദ്ദേഹം പറയുന്നത്, 'ഇത് മൊത്തത്തിൽ ഒരു മോശം സമയമാണ്. ടെൻ്റ് വാതിലിനു പുറത്ത് മഞ്ഞിൻ്റെ ലോകത്തേക്കും, അപ്രത്യക്ഷമായ പ്രതീക്ഷകളിലേക്കും നോക്കുമ്പോൾ ഞാനെന്റെ കഠിനമായ പരിശ്രമങ്ങളും ക്ഷീണവും നിരാശയും ഒക്കെ ഓർത്തു പോകുന്നു' എന്നാണ്.
എന്തായാലും, ആ യാത്രയിൽ മല്ലോറി അപ്രത്യക്ഷനായി. അദ്ദേഹം പിന്നീട് തിരികെ വന്നില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അന്ന് മഞ്ഞ് കൊത്താനുപയോഗിച്ചിരുന്ന മഴു കണ്ടെത്തി. 1999 മെയ് 1-ന്, പര്യവേഷണ അംഗവും പർവതാരോഹകനുമായ കോൺറാഡ് അങ്കർ, ഏകദേശം 26,700 അടി (8,138 മീറ്റർ) ഉയരത്തിൽ മഞ്ഞിലുറച്ചുപോയ ഒരു മൃതദേഹം കണ്ടെത്തി. അതിലുണ്ടായിരുന്ന വസ്ത്രങ്ങളിൽ തുന്നിച്ചേർത്ത ഒരു നെയിം ടാഗിൽ നിന്നും അത് മല്ലോറിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍, ഇര്‍വിന്‍റെ ശരീരം കണ്ടെത്തിയില്ല.
കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം എവിടെയാണോ മല്ലോറിയുടെ മൃതദേഹം കിടന്നത് അവിടെത്തന്നെ അദ്ദേഹത്തെ സംസ്കരിക്കുകയായിരുന്നു.