മേളയിൽ നിന്നും വാങ്ങിയത് 3 ലക്ഷത്തിന്റെ പുസ്തകം, വീട്ടിലുള്ളത് ഒരു കോടി രൂപയുടെ പുസ്തകങ്ങൾ..!

By Web TeamFirst Published Feb 5, 2024, 11:08 AM IST
Highlights

ഒരു കോടി രൂപ വിലമതിക്കുന്ന 14,000 പുസ്‌തകങ്ങളെങ്കിലും തന്റെ വീട്ടിലുണ്ട് എന്നാണ് ഈ അധ്യാപകൻ പറയുന്നത്.

പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും ഇഷ്ടപ്പെടുന്ന അനേകം മനുഷ്യരെ നമുക്കറിയാം. നിരന്തരം പണം ചെലവഴിച്ച് പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നവരും ഉണ്ട്. എന്നാലും ഈ അധ്യാപകൻ ചെലവഴിച്ച അത്രയും പണം ആരും ഒറ്റയടിക്ക് പുസ്തകം വാങ്ങാനായി ചെലവഴിക്കും എന്ന് തോന്നുന്നില്ല. 

പശ്ചിമ ബംഗാളിലെ ചക്ദായിൽ നിന്നുള്ള അധ്യാപകനാണ് കൊൽക്കത്ത പുസ്തക മേളയിൽ നിന്ന് മൂന്ന് ലക്ഷം രൂപയിലധികം വിലയുള്ള പുസ്തകങ്ങൾ വാങ്ങിയത്. "അതെ, സത്യമാണ്. ഈ വർഷം കൊൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ ഞാൻ 3.36 ലക്ഷം രൂപയാണ് ചെലവഴിച്ചത്" എന്നാണ് ദേബരത ചതോപാധ്യായ എന്ന അധ്യാപകൻ കൽക്കട്ട ടൈംസിനോട് പറഞ്ഞത്.

Latest Videos

പുസ്തകങ്ങൾ വാങ്ങാൻ എട്ട് തവണയാണ് എന്റെ വിദ്യാർത്ഥികളോടൊപ്പം ഞാൻ മേള സന്ദർശിച്ചത്. കൃത്യമായി എത്ര പുസ്തകം വാങ്ങി എന്ന് എനിക്ക് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇം​ഗ്ലീഷ് ലിറ്ററേച്ചർ പ്രൊഫസറാണ് ചതോപാധ്യായ. പുതിയതും പഴയതുമായ പുസ്തകങ്ങൾ വിൽക്കുന്ന കോളേജ് സ്ട്രീറ്റിലും അദ്ദേഹം സ്ഥിരം സന്ദർശകനാണ്. വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം കൊൽക്കത്ത പുസ്തകമേള എത്താൻ കാത്തിരിക്കുകയാണ് അദ്ദേഹം ചെയ്യാറ്. ശേഷം ആ തുക കൊണ്ട് നിറയെ പുസ്തകങ്ങൾ വാങ്ങും. അതുകൊണ്ടും തീർന്നില്ല. എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിൽ ആ യാത്രകൾക്കിടയിലും അദ്ദേഹം പുസ്തകങ്ങൾ വാങ്ങും. 

പുസ്തകങ്ങൾക്കായി മണിക്കൂറുകളോളം കോളേജ് സ്ട്രീറ്റിൽ ചെലവഴിക്കാൻ തനിക്ക് ഇഷ്ടമാണ്. അതുപോലെ കൊൽക്കത്ത, ഡൽഹി, മുംബൈ, മറ്റ് മെട്രോ ന​ഗരങ്ങളിലുള്ള പ്രസാധകരെല്ലാം തനിക്ക് സുഹൃത്തുക്കളായി ഉണ്ട്. പുതിയ പുസ്തകങ്ങൾ സ്വന്തമാക്കാൻ അവർ തന്നെ സഹായിക്കുന്നു എന്നും ഈ അധ്യാപകൻ പറയുന്നു. 

ഒരു കോടി രൂപ വിലമതിക്കുന്ന 14,000 പുസ്‌തകങ്ങളെങ്കിലും തന്റെ വീട്ടിലുണ്ട് എന്നാണ് ഈ അധ്യാപകൻ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആർക്കും പുസ്തകം വായിക്കുകയോ കുറിപ്പുകൾ എഴുതിയെടുക്കുകയോ ഒക്കെ ചെയ്യാം. 

click me!