ഇത്രമാത്രം അഹങ്കാരം നിറഞ്ഞതും ഉത്തരവാദിത്വബോധമില്ലാത്തതുമായ ഒരു വിദ്യാലയത്തിൽ എന്തിനാണ് മക്കളെ പഠിപ്പിക്കുന്നത് എന്നായിരുന്നു വീഡിയോ കണ്ട് ഭൂരിഭാഗമാളുകളും സംശയം പ്രകടിപ്പിച്ചത്.
അധ്യാപകരെ ബഹുമാനിക്കുമെന്നും കുറ്റപ്പെടുത്തില്ലെന്നും മാതാപിതാക്കളെ കൊണ്ട് നിർബന്ധപൂർവ്വം പ്രതിജ്ഞയെടുപ്പിച്ച അധ്യാപികയ്ക്കെതിരെ വ്യാപക വിമർശനം. വടക്കൻ ചൈനയിലെ ഒരു കിൻ്റർഗാർട്ടൻ മേധാവിയാണ് ഇത്തരത്തിൽ രക്ഷിതാക്കളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് അധ്യാപികയുടെ നടപടിക്കെതിരെ വിമർശനം ഉയർന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സെപ്റ്റംബർ 2 -ന് ഷാങ്‌സി പ്രവിശ്യയിലെ ഹാൻലിൻ കിൻ്റർഗാർട്ടൻ മേധാവിയായ വാങ്ങ് ആണ് ഇത്തരത്തിൽ മാതാപിതാക്കളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചത്. സ്കൂളിൽ വിളിച്ചു ചേർത്ത രക്ഷകർത്താക്കളുടെ യോഗത്തിൽ ആയിരുന്നു ഈ വിവാദ പ്രതിജ്ഞ ചൊല്ലൽ.
undefined
കുട്ടികൾ സ്കൂളിൽ എത്തിയാൽ അവരുടെ കാര്യങ്ങൾ അന്വേഷിച്ച് അധ്യാപകർക്ക് മെസ്സേജ് അയക്കില്ല, സ്കൂളിൽ നിന്നും കുട്ടികൾക്ക് പരിക്കേറ്റാൽ അധ്യാപകരെ ചോദ്യം ചെയ്യില്ല, കുട്ടികൾക്ക് അസുഖം വന്നാൽ സ്കൂളിനെ കുറ്റപ്പെടുത്തില്ല തുടങ്ങിയ വിചിത്രമായ കാര്യങ്ങളാണ് വിവാദ പ്രതിജ്ഞയിൽ ഉൾക്കൊള്ളിച്ചിരുന്നത്. കൂടാതെ എപ്പോഴും അച്ചടക്കമുള്ള രക്ഷിതാക്കൾ ആയിരിക്കുമെന്ന പ്രയോഗവും ഉൾപ്പെടുത്തിയിരുന്നു.
ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ പ്രതിജ്ഞ ചൊല്ലൽ വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ഇത്രമാത്രം അഹങ്കാരം നിറഞ്ഞതും ഉത്തരവാദിത്വബോധമില്ലാത്തതുമായ ഒരു വിദ്യാലയത്തിൽ എന്തിനാണ് മക്കളെ പഠിപ്പിക്കുന്നത് എന്നായിരുന്നു വീഡിയോ കണ്ട് ഭൂരിഭാഗമാളുകളും സംശയം പ്രകടിപ്പിച്ചത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അഭിപ്രായമുയർന്നു.
എന്നാൽ, പ്രതിജ്ഞയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ വാങ് തൻ്റെ ആശ്ചര്യം പ്രകടിപ്പിച്ചു. സമൂഹത്തിൽ നിന്ന് ഇത്രയും ശക്തമായ പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇടയിൽ ആശയവിനിമയത്തിനുള്ള നിയമങ്ങൾ രൂപപ്പെടുത്തുകയാണ് തങ്ങൾ ചെയ്തത് എന്നും അവർ കൂട്ടിച്ചേർത്തു. വിവാദത്തിന് മറുപടിയായി പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി സെപ്റ്റംബർ 4 -ന് കിൻ്റർഗാർട്ടനെ വിമർശിക്കുകയും പ്രിൻസിപ്പലിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.