'സുഗതകുമാരി ക്ഷുഭിതയായി, മന്ത്രി മുങ്ങി, 'കേരളഗാനം' മാറ്റാന്‍ 18 വര്‍ഷം മുമ്പ് ശ്രമിച്ചപ്പോള്‍ നടന്നത്!

By Web TeamFirst Published Feb 5, 2024, 11:41 AM IST
Highlights

ബോധേശ്വരന്റെ 'കേരളഗാനം' മറികടന്ന് മറ്റൊരു 'കേരളഗാനം' തയ്യാറാക്കാന്‍ ഇതിനുമുമ്പും ശ്രമം നടന്നിരുന്നതായി എഴുത്തുകാരിയും സാംസ്‌കാരിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുന്‍ ഡയരക്ടറുമായിരുന്ന സുധക്കുട്ടി കെ. എസ്.

തിരുവനന്തപുരം: ഐക്യകേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തിലെ ആകര്‍ഷണമായിരുന്ന, പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും ചിന്തകനുമായിരുന്ന ബോധേശ്വരന്റെ 'കേരളഗാനം' മറികടന്ന് മറ്റൊരു 'കേരളഗാനം' തയ്യാറാക്കാന്‍ ഇതിനുമുമ്പും ശ്രമം നടന്നിരുന്നതായി എഴുത്തുകാരിയും സാംസ്‌കാരിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുന്‍ ഡയരക്ടറുമായിരുന്ന സുധക്കുട്ടി കെ. എസ്. സാഹിത്യ അക്കാദമിയും പ്രമുഖ ചലച്ചിത്രഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിയും ഉള്‍പ്പെട്ട 'കേരളഗാന' വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സുധക്കുട്ടി ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കു്വെച്ചത്. 

.......................

Latest Videos

Also Read: കേരള ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്; സാംസ്കാരിക വകുപ്പ് അംഗീകരിച്ചത് 10 വർഷം മുൻപ്

.......................

2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ടാണ് പുതിയൊരു കേരളഗാനം തയ്യാറാക്കാനുള്ള ശ്രമം നടന്നത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ ആലപിക്കാനുള്ള 'കേരളഗാനം' എഴുതാന്‍ ഒരു പ്രമുഖ കവിയെ സാംസ്‌കാരിക വകുപ്പ് ചുമതലപ്പെടുത്തി. ഈ വിവരമറിഞ്ഞ്, വിടപറഞ്ഞ വിഖ്യാത കവിയും, 'കേരളഗാന'ത്തിന്റെ സ്രഷ്ടാവ് ബോധേശ്വരന്റെ മകളുമായ സുഗതകുമാരി ഇടപെടുകയായിരുന്നുവെന്ന് സുധക്കുട്ടി കുറിപ്പില്‍ എഴുതുന്നു. 

''ഇന്ത്യന്‍ പ്രധാനമന്ത്രി തലസ്ഥാനത്ത്  പങ്കെടുക്കുന്ന ചടങ്ങിന് സ്വാഗതമോതി കേരളത്തെക്കുറിച്ചൊരു ഗാനം പ്രശസ്ത കവിയെക്കൊണ്ട് എഴുതിച്ചതറിഞ്ഞ് സുഗതകുമാരി ടീച്ചര്‍ ക്ഷോഭിച്ച് ഓഫീസിലെത്തി. തന്റെ പിതാവും കവിയുമായ ബോധേശ്വരന്റെ പുകള്‍പെറ്റ വരികള്‍ ഉള്ളപ്പോള്‍ മറ്റൊന്നിന്റെ ആവശ്യമെന്ത് എന്ന് ടീച്ചര്‍ പൊട്ടിത്തെറിച്ചപ്പോള്‍ വെറും ഉദ്യോഗസ്ഥയായ എനിക്ക് മിണ്ടാട്ടം മുട്ടി.''-സുധക്കുട്ടി എഴുതുന്നു. 

സംഭവം വകുപ്പ് മന്ത്രിയുടെ ചുമതലയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം അനന്തര നടപടി തന്റെ തലയിലിട്ട് തലയൂരിയതായും സുധക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നു. ''ടീച്ചറെ  തണുപ്പിക്കുന്നതിന് ഉചിതമായ എന്ത് നടപടിയും സ്വീകരിച്ചോളൂ  എന്ന് നിര്‍ദ്ദേശിച്ച് അന്നത്തെ സ്ഥാപന ചെയര്‍മാന്‍ കൂടിയായ  സാംസ്‌കാരിക മന്ത്രി തലയൂരി.''-എന്നാണ് കുറിപ്പില്‍ പറയുന്നത്. 
 
തുടര്‍ന്ന്, ബോധേശ്വരന്റെ കേരളഗാനം പ്രധാനമന്ത്രിയുടെ ചടങ്ങില്‍ ആലപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. കവിത എന്ന നിലയില്‍ കേരളഗാനം മനോഹരമാണെങ്കിലും ഗാനം എന്ന നിലയില്‍ അതിനെ ചിട്ടപ്പെടുത്തേണ്ടിയിരുന്നു. അതിനായി സുഗത കുമാരി തന്നെ രംഗത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനെ സുഗത കുമാരി ഇതിനായി സമീപിച്ചു. തല്‍ക്ഷണം തന്നെ അദ്ദേഹം പാടിപ്പതിഞ്ഞ ആ വരികള്‍ക്ക് വ്യത്യസ്തമായ ട്യൂണിട്ടു പാടി. ''ടീച്ചറുടെ അത്യുത്സാഹത്തില്‍ സംഗീത സംവിധായകനായ എം.ജി രാധാകൃഷ്ണന്‍ തല്‍ക്ഷണം ട്യൂണിട്ട് പാടി പ്രധാനമന്ത്രിയെ കേള്‍പ്പിക്കുന്നത് വരെ ഒപ്പം നിന്നു പിതൃ സ്‌നേഹിയായ ആ  മകള്‍. ''-എന്നാണ് ഇതിനെ കുറിച്ച് കെ. എസ് സുധക്കുട്ടി എഴുതുന്നത്. 

അതിനുശേഷം, നൂറു കണക്കിന് പരിപാടികളില്‍ എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ കേരളഗാനം ആലപിക്കപ്പെട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ മാത്രമല്ല, സ്വകാര്യ പരിപാടികളിലും കേരളഗാനം എന്ന നിലയില്‍ ഈ ഗാനം സജീവസാന്നിധ്യമായി.  ഏറ്റവുമൊടുവില്‍ വന്ദേഭാരത് എക്‌സപ്രസ് കേരളത്തിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
എത്തിയപ്പോഴും ബോധേശ്വരന്റെ കേരളഗാനം ആലപിക്കപ്പെട്ടു. 

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ പരിപാടിക്കായി എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ഗാനം പിന്നീട് അതേ ഈണത്തില്‍ നാടെങ്ങുമുള്ള പരിപാടികളില്‍ നിറഞ്ഞിട്ടുണ്ട്.  അതിനിടെ, 2014-ല്‍ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി ഈ മനോഹരഗാനം സര്‍ക്കാര്‍ തെരഞ്ഞെടുത്തു. സ്‌കൂളുകളിലടക്കം ഇതു പാടണമെന്ന് സര്‍ക്കാര്‍ ഉത്തരവുമിറക്കി. സാംസ്‌കാരിക വകുപ്പിന്റെ പരിപാടികളിലെല്ലാം ഈ ഗാനം പതിവായി. 

 

 

അതിനിടയിലാണ്, എം ജി രാധാകൃഷ്ണന്റെ ഈണം പുറത്തുവന്ന് 12 വര്‍ഷം കഴിഞ്ഞ് മറ്റൊരു 'കേരളഗാന'ത്തിനായി ഇതേ സാംസ്‌കാരിക വകുപ്പ് ശ്രമം ആരംഭിച്ചത്. 2018-ല്‍ കേരളത്തിനു മാത്രമായി പുതിയ ഒരു ഗാനം കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുത്തുകാരുടെ ഒരു കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രാര്‍ത്ഥനാ ഗാനമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സാംസ്‌കാരിക വകുപ്പും സാഹിത്യ അക്കാദമിയും ഉടനെ തന്നെ 'കേരളഗാനം' പുതുതായി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

എത്രയും വേഗം പുതിയ കേരളഗാനം എഴുതാനുള്ള ശ്രമങ്ങള്‍ സാഹിത്യ അക്കാദമിയാണ് ആരംഭിച്ചത്. അതിനായി ആദ്യം ശ്രീകുമാരന്‍ തമ്പിയെ ചുമതലപ്പെടുത്തുകയും അദ്ദേഹം എഴുതിയ വരികള്‍ തള്ളപ്പെടുകയും ചെയ്തതായാണ് ഇപ്പോള്‍ തെളിയുന്നത്. തന്നെ തഴഞ്ഞതായി ശ്രീകുമാരന്‍ തമ്പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന്, വിശദീകരണവുമായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ തന്നെ രംഗത്തുവന്നു. എഴുതിയ വരികള്‍ ക്ലീഷെ ആയതിനാല്‍ ആ വരികള്‍ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാരന്‍ തമ്പി അതു മാറ്റാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ചലച്ചിത്ര
ഗാനരചയിതാവായ ബി കെ ഹരിനാരായണനെ ഇതിനായി ചുമതപ്പെടുത്തിയെന്നുമാണ് സച്ചിദാനന്ദന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. 

ഇത് വലിയ വിവാദമായതിനെ തുടര്‍ന്നാണ്, കേരളഗാനമായി അരനൂറ്റാണ്ടോളമായി ഇവിടെ നിലനില്‍ക്കുകയും സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത 'കേരളഗാനം' ഒഴിവാക്കുന്നത് എന്തിനാണെന്ന ചര്‍ച്ച ഉയര്‍ന്നു വന്നത്. 

click me!