വെടിയൊച്ചകൾ അമേരിക്കയിൽ നിലക്കുന്നില്ല. ഒരു ഉത്തരവുമില്ലാത്ത, നിരന്തരം സംഭവിക്കുന്ന സവിശേഷമായ ഒരു അമേരിക്കൻ പ്രതിഭാസമായി മാറിയിരിക്കുന്നു ഈ കൂട്ടക്കൊലകൾ.
ഈ വർഷം അമേരിക്കയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നടന്നത് 45 വെടിവെപ്പുകൾ. സ്കൂളുകളിൽ മാത്രം മുപ്പത്തിരണ്ടും, യൂണിവേഴ്സിറ്റികളിൽ പതിമൂന്നും. ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ തടയാനാകാത്ത ഒരു വൻ സാമൂഹ്യ വിപത്തിന്‍റെ വ്യാപ്തിയാണ് വെളിപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ ദിവസം ജോർജിയ സംസ്ഥാനത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിൽ ഒരു പതിനാലുകാരന്‍റെ തോക്ക് അപഹരിച്ചത് നാല് ജീവനുകൾ. പ്രായപൂർത്തിയാകാത്ത കോൾട്ട് ഗ്രേ വെടിവെച്ച് വീഴ്ത്തിയത് രണ്ട് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും. ഒമ്പത് പേർക്ക് ഈ അക്രമണത്തില്‍ പരിക്കേറ്റു. വീട്ടിൽ അച്ഛൻ വേട്ടയാടലിന് ഉപയോഗിച്ചിരുന്ന പ്രഹര ശേഷിയുള്ള റൈഫിളാണ് കോൾട്ട് സ്‌കൂളിലേക്ക് കൊണ്ട് വന്നത്. തകർന്നത് ഒരു സമൂഹത്തിന്‍റെ ശാന്തതയും സമാധാനവും. ഉയരുന്നത് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ രോദനം.
undefined
വെടിയൊച്ചകൾ അമേരിക്കയിൽ നിലക്കുന്നില്ല. ഒരു ഉത്തരവുമില്ലാത്ത, നിരന്തരം സംഭവിക്കുന്ന സവിശേഷമായ ഒരു അമേരിക്കൻ പ്രതിഭാസമായി മാറിയിരിക്കുന്നു ഈ കൂട്ടക്കൊലകൾ.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന വെടിവെയ്പുകൾക്ക് ഉത്തരവാദി കൗമാരപ്രായക്കാരായിരുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകവും ഏറ്റവും അലട്ടുന്നതും. ലോകത്തെവിടെയുമില്ല ഇത്തരം ഒരു സ്ഥിതി വിശേഷം. ബഫലോ, യുവാൽഡി, ഹൈലാൻഡ് പാർക്ക് ഇപ്പോൾ ജോർജിയയിലെ വൈൻഡർ… കൗമാരപ്രായക്കാരാണ് ഇവിടെയെല്ലാം കൊലപാതകരായി എത്തിയത്.
കഴിഞ്ഞ ആറ് വർഷത്തിൽ അമേരിക്കയിൽ നടന്ന ഏറ്റവും ദാരുണമായ കൂട്ടക്കൊലകളിൽ ഭൂരിഭാഗം അക്രമികളും ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവരായിരുന്നു. ഇത് ഏറെ ഭയാനകമായ ഒരു പുതിയ പ്രവണതയാണ്. അമേരിക്കയിലെ ചെറുപ്പക്കാരിൽ നാമമാത്രമായ ( a very extreme minority) ശതമാനം മാത്രമേ ഇത്തരം അക്രമത്തിന്‍റെ വഴിയിലേക്ക് തിരിയുന്നുള്ളുവെങ്കിലും, സമീപകാലത്തെ മാറ്റങ്ങൾ വലിയ ആശങ്കയുളവാക്കുന്നു. 1949 മുതൽ 2017 വരെ രേഖപ്പെടുത്തിയ 30 കൂട്ടക്കൊലകളിലെ അക്രമികളിൽ, 21 വയസ്സിന് താഴെയുള്ളവർ രണ്ട് പേർ മാത്രമായിരുന്നു.
എന്താണ് ഇവരെ അക്രമങ്ങളിലേക്ക് നയിക്കുന്നത്?
ഈ ചെറുപ്പക്കാരെല്ലാവരും തന്നെ പതിനെട്ട് വയസ്സ് തികഞ്ഞയുടനെ നിയമാനുസൃതമായി മാരക പ്രഹരശേഷിയുള്ള തോക്കുകൾ വാങ്ങി, പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ച്, അക്രമത്തിനും കൂട്ടക്കൊലക്കും ആഹ്വാനം ചെയ്യുന്ന ഒരു സ്ഥിരം രീതി കാണാനാകും. ഒപ്പം നിലവിലെ സാമൂഹ്യ വ്യവസ്ഥയ്ക്ക് എതിരെ രൂക്ഷമായ പ്രതികരണങ്ങളുമുണ്ടാകും.
ഇവരുടെയെല്ലാം ഒരു പൊതു പശ്ചാത്തലവും സ്വഭാവവും ഏറെ സമാനതകൾ ഉള്ളവയാണ്. നീറുന്ന അപകർഷതാബോധം, സ്കൂളുകളിൽ ‘ബുള്ളീയിംഗിന്’ വിധേയരായവർ, തകർന്ന കുടുംബ സാഹചര്യങ്ങൾ, വിദ്യാഭ്യാസത്തിൽ പിന്നോക്കം പോയവർ, പ്രതീക്ഷകളറ്റവർ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നവർ... അങ്ങിനെ മാനസികമായി ഒട്ടേറെ പ്രശ്നങ്ങളിൽ പുകയുന്നവരാണ് ഒരു സുപ്രഭാതത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകളുമായി സമൂഹത്തിന് നേരെ തിരിയുന്നത്. ജീവിതത്തിൽ ദൃഢമായ ഒരു താങ്ങില്ലാത്തവരാണ് മിക്കവരും. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അക്രമവും, കൂട്ടക്കൊലയുമാണെന്ന് തെറ്റായി തിരിച്ചറിയുന്നതിൽ തുടങ്ങുന്നു പ്രശ്നങ്ങൾ.
ന്യൂയോർക്ക് ടൈംസ് ഈയിടെ വിശേഷിപ്പിച്ച പോലെ ഒരു കൗമാര മാനസിക പ്രതിസന്ധി ( adolescent mental health crisis) കോവിഡിന് ശേഷം കൂടുതൽ പ്രകടമായിരിക്കുന്നു എന്നതും ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അമേരിക്ക ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഈ വെടിവെയ്പുകൾ തന്നെയാണ്. അക്രമികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം. അത് അക്രമത്തിന്‍റെ പാതയിലേക്ക് തിരിയുന്നവർക്ക് ഒരു പാഠമാകണം.
ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവർക്കിടയിൽ തോക്ക് നിരോധനം ഏർപ്പെടുത്തണം. തോക്ക് നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം, കൗമാരക്കാരുടെ ജീവിത സാഹചര്യം, അവരുടെ സാമൂഹ്യ അന്തരീക്ഷം അടക്കമുള്ള കാര്യങ്ങളിൽ കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം വിപത്തുകള്‍ തടയാന്‍ ഒരു സമഗ്രമായ പുനർവിചിന്തനം ആവശ്യമാണ്. അതിന് സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ വെടിഞ്ഞ്, ഇച്ഛാശക്തിയോടെ രാഷ്ട്രീയ നേതൃത്വം മുന്നിൽ നിന്ന് നയിക്കണം. ജനങ്ങൾ ഒപ്പമുണ്ടാകും.