ഇന്ത്യന്‍ ഉപഭൂഖണ്ഡം രണ്ടായി പിളരുന്നുവെന്ന് ചൈനീസ് സര്‍വകലാശാലാ പഠനം

By Web TeamFirst Published Jun 19, 2024, 2:52 PM IST
Highlights

ടിബറ്റൻ നീരുറവകളിലെ ഹീലിയം 3 -യുടെ അളവിനെ കുറിച്ചുള്ള അന്വേഷണമാണ് ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റിന്‍റെ വിഭജനത്തെ കുറിച്ചുള്ള സൂചനകളിലേക്ക് നയിച്ചത്. 


ആഫ്രിക്കന്‍ ഉപഭൂഖണ്ഡം രണ്ടായി പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങള്‍ ഇതിനകം നമ്മള്‍ വായിച്ചതാണ്. ഇത് സംഭവിക്കുക ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും. അതേസമയം ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ ഇതിനകം കണ്ടെത്തിയ വിള്ളല്‍ നാള്‍ക്കുനാള്‍ വലുതാവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശങ്കകരമായ ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മറ്റൊരു പഠനം കൂടി പുറത്ത് വരികയാണ്. ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം രണ്ടായി പിളരുമെന്ന് അവകാശപ്പെടുന്നത്.  ടിബറ്റന്‍ പീഠഭൂമിക്ക് താഴെയുള്ള ഇന്ത്യൻ ടെക്‌റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുകയാണെന്ന് പഠനം സമര്‍ത്ഥിക്കുന്നു. പുതിയ ഭൂകമ്പ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. അംബരചുംബികളായ ഹിമാലയന്‍ പര്‍വ്വതങ്ങളുടെ രൂപീകരണത്തെ കുറിച്ച് നടത്തിയ പഠനമാണ് ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റിന്‍റെ വിഭജന സാധ്യതയെ കുറിച്ച് ഗവേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യൻ, യുറേഷ്യൻ ഭൂഖണ്ഡഫലകങ്ങളുടെ കൂട്ടിയിടി മൂലമാണെന്ന് ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റിലേക്ക് ഇടിച്ച് കയറിയ യൂറോപ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ്, ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയരുകയായിരുന്നു എന്നാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. എന്നാല്‍, ടിബറ്റൻ നീരുറവകളിലെ ഹീലിയം 3 -യുടെ അളവിനെ കുറിച്ചുള്ള അന്വേഷണത്തില്‍ തുടങ്ങിയ ഏറ്റവും പുതിയ പഠനത്തില്‍ ഈ നിരീക്ഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. വടക്കൻ ടിബറ്റിനെ അപേക്ഷിച്ച് തെക്കൻ ടിബറ്റിൽ ഹീലിയത്തിന്‍റെ അളവ് കൂടുതലാണെന്ന് പഠനം കണ്ടെത്തി, ഇത് ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റിന്‍റെ സജീവ സൂചനകളാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

2,000 വർഷം പഴക്കമുള്ള, 43 മീറ്റര്‍ നീളമുള്ള പാമ്പിന്‍റെ ശിലാചിത്രം കണ്ടെത്തി

ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഒരു പ്ലേറ്റ് താഴേക്ക് പോകുന്നതിന് പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രദേശത്ത് നിന്നും ലഭിച്ച ഭൂകമ്പ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ ജിയോഫിസിസ്റ്റായ ലിൻ ലിയുവിന്‍റെ നേതൃത്വത്തിലുള്ള പഠന സംഘം പറയുന്നു. അതായത് ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് ഒരേസമയം യൂറോപ്യന്‍ ടെക്റ്റോണിക് പ്ലേറ്റുമായുള്ള കൂട്ടിയിടിയില്‍ താഴേയ്ക്ക് നീങ്ങുകയും അതേസമയം അതിന്‍റെ മുകള്‍ഭാഗം യൂറോപ്യന്‍ ടെക്റ്റോണിക് പ്ലേറ്റിന്‍റെ താഴ്ഭാഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. തെക്കൻ ടിബറ്റിലുടനീളമുള്ള 94 ബ്രോഡ്‌ബാൻഡ് സീസ്മിക് സ്റ്റേഷനുകളിൽ നിന്നുള്ള ഭൂകമ്പ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമായ ഭൂകമ്പങ്ങളും ഹീലിയം സാന്നിധ്യവും ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റിന്‍റെ വഴിപിരിയലിന് കാരണമായേക്കാമെന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത്. ടിബറ്റിന്‍റെ താഴ്ഭാഗത്തായി നടക്കുന്ന ഈ വിഭജനത്തിന് ഇനിയും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. 

30,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്ത് നായ്ക്കള്‍ക്കും നല്‍കിയിരുന്നതായി പഠനം
 

click me!