ഹോളി; നിറങ്ങളുടെ ഉത്സവം, പല ഐതിഹ്യങ്ങളില്‍ ഒരു കാര്‍ഷികോത്സവം !

By Web Team  |  First Published Mar 4, 2024, 11:34 AM IST

കാര്‍ഷിക വിളവെടുപ്പുമായി ബന്ധപ്പെട്ട് പല ദേശങ്ങളിലെ ആഘോഷങ്ങള്‍ക്ക് ഏകരൂപം സൃഷ്ടിക്കുന്നതില്‍ അതത് കാലത്തെ വിശ്വാസങ്ങള്‍ക്ക് കഴിഞ്ഞുവെന്നതിന് തെളിവു കൂടിയാണ് ഉത്സവവുമായി ബന്ധപ്പെട്ടുള്ള വിവിധ ഐതീഹ്യങ്ങള്‍ കാണിക്കുന്നതും.  



ക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ അത്ര പ്രബലമല്ലാത്ത ഒരു ഹിന്ദു ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ ദേശത്തും വ്യത്യസ്തമായ ഐതീഹ്യങ്ങളാണ് ഉത്സവവുമായി ബന്ധപ്പെട്ട് പിന്തുടരുന്നതെന്നും കാണാം. അതേ സമയം അവയിലെല്ലാം അന്തര്‍ലീനമായിരിക്കുന്ന ഒന്ന് നന്മ/തിന്മകള്‍ തമ്മിലുള്ള സംഘര്‍ഷവും ഒടുവില്‍ നന്മയുടെ വിജയവുമാണ്. പ്രധാനമായും അഞ്ച് ഐതീഹ്യങ്ങളാണ് ഹോളി ആഘോഷത്തിന്‍റെ പിന്നിലുള്ളത്. പ്രഹ്ളാദന്‍റെ കഥയ്ക്കാണ് പ്രാമുഖ്യമെങ്കിലും കൃഷ്ണ കഥകളും പല ദേശങ്ങളില്‍ ഹോളിയുടെ ഭാഗമാകുന്നത് കാണാം. പ്രധാനമായും ശൈത്യകാലം കഴിഞ്ഞ് വസന്തത്തിന്‍റെ ആഘോഷമാണ് ഹോളി. കാര്‍ഷിക വിളവെടുപ്പുമായി ബന്ധപ്പെട്ട് പല ദേശങ്ങളിലെ ആഘോഷങ്ങള്‍ക്ക് ഏകരൂപം സൃഷ്ടിക്കുന്നതില്‍ അതത് കാലത്തെ വിശ്വാസങ്ങള്‍ക്ക് കഴിഞ്ഞുവെന്നതിന് തെളിവു കൂടിയാണ് ഉത്സവവുമായി ബന്ധപ്പെട്ടുള്ള വിവിധ ഐതീഹ്യങ്ങള്‍ കാണിക്കുന്നതും.  

പ്രഹ്ളാദ കഥ

Latest Videos

undefined

പ്രഹ്ളാദന്‍, നാരായണ ഭക്തനാണ്. നാരായണനാകട്ടെ പിതാവ് ഹിരണ്യ കശുപുവിന്‍റെ ശത്രുവും. പിതാവിന്‍റെ കടുത്ത വിലക്കുകള്‍ക്കിടയിലും പ്രഹ്ളാദന്‍ നാരായണനെ ആരാധിക്കുന്നു. ഇതില്‍ കലിപൂണ്ട പിതാവ് മകന്‍റെ മനസ് മാറ്റാന്‍ നിരധി പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. എല്ലാം പരജയപ്പെടുമ്പോള്‍ ഒടുവില്‍ ഹിരണ്യ കശിപു, സ്വന്തം മകനെ വധിക്കാനായി സഹോദരി ഹോളികയെ അയക്കുന്നു. അഗ്നി ബാധിക്കില്ലെന്ന വരം ലഭിച്ച ഹോളിക, പ്രഹ്ളാദനുമായി അഗ്നിയില്‍ പ്രവേശിക്കുന്നു. എന്നാല്‍, നാരായണ സ്തൂതിയോടെ അഗ്നിയില്‍ പ്രവേശിക്കുന്ന പ്രഹ്ളാദനെ അഗ്നി സംരക്ഷിക്കുന്നു. 

ഇതേസമയം ഹോളിക അഗ്നിക്ക് ഇരയാകുകയും ചെയ്യുന്നു. ഒടുവില്‍ പ്രത്യേക വരസിദ്ധിയുള്ള ഹിരണ്യ കശുപുവിനെ വധിക്കാന്‍ വിഷ്ണു, മനുഷ്യനും മൃഗവും അല്ലാത്ത നരസിംഹ രൂപത്തില്‍ വരികയും പകലും രാത്രിയുമല്ലാത്ത സന്ധ്യാ നേരത്ത് വീടിന് അകത്തും പുറത്തുമല്ലാതെ വാതില്‍ പടിയില്‍ തന്‍റെ മടിയില്‍ കിടത്തി ഹിരണ്യ കശുപുവിനെ വധിക്കുകയും ചെയ്യുന്നു. ഹിരണ്യ കശുപുവിന്‍റെ വധവുമായി ബന്ധപ്പെട്ട ഓര്‍മ്മ പുതുക്കലാണ് പ്രധാനമായും ഹോളി ആഘോഷമായി മാറുന്നത്. മീനമാസത്തിലെ (ഫാല്‍ഗുനം - ഫെബ്രുവരി) പൌർണ്ണമി ദിവസമാണ് പ്രധാനമായും ആഘോഷം. തിന്മയുടെ മേലുള്ള നന്മയുടെ വിജയമായി ഹോളികയെ നിഗ്രഹിച്ച് ചാരമാക്കുന്ന ചടങ്ങ് ആഘോഷത്തിന്‍റെ ഭാഗമാണ്. 

കൃഷ്ണ സങ്കല്പം

അസുര നിഗ്രഹത്തോടൊപ്പം ഹോളി നിറങ്ങളുടെ ആഘോഷം കൂടിയാണ്. ഹോളിയിലെ നിറങ്ങള്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് കരുതുന്നു. രാധാ - കൃഷ്ണ പ്രണയം ഹിന്ദു പുരാണങ്ങളില്‍ ഏറെ ആഘോഷിക്കപ്പെടുന്ന പ്രണയങ്ങളിലൊന്നാണ്. തന്‍റെ നീല വര്‍ണ്ണവും രാധയുടെ വെളുത്ത നിറവും കൃഷ്ണനെ ദൂഖിതനാക്കുന്നു. കൃഷ്ണന്‍ തന്‍റെ വളര്‍ത്തമ്മയായ യശോദയോട് പരിഹാരം ചോദിക്കുന്നു. നിനക്ക് ഇഷ്ടമുള്ള നിറം രാധയെ അണിയിക്കാന്‍ അമ്മ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് കൃഷ്ണന്‍ രാധയുടെ ദേഹത്ത് നീല നിറം തേക്കുന്നു. ഇരുവരുടെയും ദിവ്യ പ്രണയത്തിന്‍റെ പ്രതീകമായി പിന്നീട് ഹോളിയില്‍  കുട്ടികളും കൌമാരക്കാരും പരസ്പരം നിറങ്ങള്‍ ദേഹത്ത് തേക്കുന്ന പതിവ് ആരംഭിച്ചതെന്നും വിശ്വസിക്കപ്പെട്ടുന്നു. 

പൂതനയും ഹോളിയും 

കൃഷ്ണ നിഗ്രഹത്തിനായി അമ്മാവനായ കംസന്‍ പൂതനയുടെ സഹായം തേടുന്നു. വിഷം തേച്ച മുലപ്പാല്‍ നല്‍കി കൃഷ്ണനെ വധിക്കാനുള്ള പൂതനയുടെ ശ്രമം പാളുന്നു. പൂതന കൊല്ലപ്പെടുന്നു. പൂതനയുടെ കൊലപാതകം ഹോളിയ്ക്ക് തലേന്നായിരുന്നു. ശൈത്യകാലത്തിന്‍റെ അവസാന ദിനത്തിലെ പൂതനയുടെ മരണം വസന്തത്തിന്‍റെ / സമൃദ്ധിയുടെ തുടക്കമായി പിന്നീട് ആഘോഷിക്കപ്പെട്ടു. ചില പ്രദേശങ്ങളില്‍ ഇന്നും ഹോളിക്ക് പൂതനയുടെ കോലം കത്തിക്കുന്നത് ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്. 

രഘു രാജാവ്

ദുണ്ഡി രാജാവായ രഘു എന്ന അസുര രാജാവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതീഹ്യം. ദുണ്ഡിയിലെ ആണ്‍കുട്ടികളുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍, കുട്ടികളുടെ ശല്യം ഒഴിവാക്കാനായി വസന്തകാലത്തിന്‍റെ തുടക്കില്‍ രാജാവ് പുതിയൊരു ആചാരം ആരംഭിച്ചു. ആണ്‍കുട്ടികള്‍ വസന്തകാലത്തിന്‍റെ തുടക്കത്തില്‍ വിറക് കൂട്ടി തീയിട്ട് അതിന് ചുറ്റും കൂടി നിന്ന് വാദ്യഘോഷങ്ങള്‍ ഉപയോഗിക്കണം. ഈ ആചാരം പിന്നീട് തെറിപ്പാട്ടായി മറുന്നത് കാണാം. ഇന്ന് ഹോളി ദിവസം രാത്രിയില്‍ മദ്യപിച്ച യുവാക്കള്‍ തീ കൂട്ടി ചുറ്റു കൂടിയിരുന്ന് തെറിപ്പാട്ടുകള്‍ പടുന്നു. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന് സമാനമായി. ഇവിടെയും തിന്മയും ഉച്ഛാടനവും നന്മയുടെ ആവാഹനവുമാണ് നടക്കുന്നതെന്ന് വിശ്വാസം. 

കാമദേവനും ഹോളിയും

ഹിന്ദു മിത്തോളജിയില്‍ കാമദേവന് ഏറെ പ്രധാന്യമുണ്ട്. അദ്ദേഹം ദിവ്യ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ദേവനാണ്. സതി ദേവിയുടെ മരണം ശിവനെ അഗാധമായി ബാധിക്കുന്നു. ഏറെ നിരാശനായ അദ്ദേഹം സകലകാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയും ഏകാന്ത തപസ് അനുഷ്ഠിക്കുകയും ചെയ്യുന്നു. ശിവന്‍റെ അസാന്നിധ്യം ലോകത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ലോകത്തിന്‍റെ താളം തെറ്റുന്നു. ഇതിന് പരിഹാരം കാണാന്‍ ദേവന്മാര്‍ തീരുമാനിക്കുന്നു. അങ്ങനെ സതി ദേവി, പർവതിയായി പുനര്‍ജനിക്കുന്നു. എന്നാല്‍, ശിവന്‍ ഇത്തരം കാര്യങ്ങളില്‍ അജ്ഞത നടിച്ചു. ഒടുവില്‍ ശിവന്‍റെ തപസ് മുടക്കാനും ശ്രദ്ധ തന്നിലേക്ക് തിരിക്കാനുമായി പാര്‍വതി, കാമദേവന്‍റെ സഹായം തേടുന്നു. കാമദേവന്‍റെ പ്രണയാസ്ത്രത്തില്‍ തപസ് മുടങ്ങിയ ശിവന്‍ തല്‍ക്ഷണം മുക്കണ്ണ് തുറന്ന് കാമദേവനെ ഇല്ലാതാക്കുന്നു. പിന്നീട് കോപം ശമിച്ച ശിവന്‍ പാര്‍വതിയെ ഭാര്യയായി സ്വീകരിക്കുന്നു. എന്നാല്‍ ഈ സമയം കാമദേവന്‍റെ അസാന്നിധ്യം മൂലം ലോകത്ത് പ്രണയം ഇല്ലാതാക്കുന്നു. തുടര്‍ന്ന് കാമദേവന്‍റെ ഭാര്യ, ശിവനെ കണ്ട് പരാതി പറയുന്നു. ശിവന്‍ കാമദേവനെ പുനരുജ്ജീവിപ്പിക്കുന്നു. കാമദേവന്‍റെ കൊലപാതകം നടന്ന ദിവസമാണ് ഹോളി എന്നാണ് മറ്റൊരു വിശ്വാസം. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹോളി കാമദേവന്‍റെ ത്യാഗദിവസമായി ആരാധിക്കുന്നു. കരിമ്പും പൂക്കളും അടങ്ങിയ വില്ലുകള്‍ ഈ ദിവസം കാമദേവന് പൂജയായി അര്‍പ്പിക്കുന്നു. 

ശൈത്യ കാലത്തിന്‍റെ അവസാന ദിവസങ്ങളിലും വസന്തത്തിന്‍റെ തുടക്കത്തിലുമാണ് ഈ ആഘോഷം എന്നത് ശ്രദ്ധേയമാണ്. കഠിനമായ ശൈത്യകാലം അവസാനിച്ച് വസന്തത്തിലെ വിളവെടുപ്പിന്‍റെ, പ്രണയത്തിന്‍റെ, പുതിയ കാലത്തിലേക്കുള്ള ചുവടുവെയ്പ്പായി ഈ ആഘോഷങ്ങളെ കാണാം. അവയില്‍ നന്മ/തിന്മ വേര്‍തിരിവുകള്‍ ആഘോഷത്തെ വിശ്വാസവുമായി ബന്ധിപ്പിക്കുന്നു. പലദേശങ്ങളിലും യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപ്രാത്രങ്ങളുമാണെങ്കിലും ആഘോഷ ദിവസം ഏകീകരിക്കപ്പെട്ടുന്നത് പരമ്പരാഗതമായി ഉപയോഗിച്ച് വന്ന പ്രദേശീക കലണ്ടര്‍ കാലഗണനയാണെന്നും വ്യക്തമാണ്. മീന /  ഫാല്‍ഗുനം / ഫെബ്രുവരി മാസം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിളവെടുപ്പ് കാലത്തിന്‍റെ ആരംഭമാണെന്നും കാണാം. ഹോളി, ഉത്തരേന്ത്യയില്‍ പ്രധാനമായും ഒരു കാര്‍ഷികോത്സവമാണ്. കാര്‍ഷികോത്സവത്തിലേക്ക് പിന്നീട് വിശ്വാസധാരകള്‍ വിളക്കി ചേര്‍ക്കപ്പെടുമ്പോള്‍ ഉത്സവവുമായി ബന്ധപ്പെട്ട് പല ദേശങ്ങളില്‍ പല കഥകള്‍ കൂട്ടിചേര്‍ക്കപ്പെടുന്നു. ഗുജറാത്ത് മുതല്‍ നേപ്പാള്‍, അസം, ബംഗ്ലദേശ്, കര്‍ണ്ണാടകവരെയുള്ള വലിയ ഭൂവിഭാഗത്തില്‍ ഇന്ന് ഹോളി ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. 


 

click me!