ഗാന്ധിവധത്തിന്റെ അറിയാക്കഥകൾ, മഹാത്മാവിനു നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമയാര്?

By Babu Ramachandran  |  First Published Sep 30, 2019, 12:16 PM IST

1948 ജനുവരി 30 -ന് നടന്ന ആറാമത്തെ ശ്രമത്തിലാണ് ഗാന്ധിജി വധിക്കപെടുന്നത്. അന്ന് ബിർളാ ഹൗസിലെ തന്റെ മുറിയിൽ നിന്ന്, മനുബെൻ ഗാന്ധിയോടും, ആഭ ചാറ്റർജിയോടും ഒപ്പം തോട്ടത്തിലൂടെ പുൽത്തകിടിയിലേക്ക് നടന്നു വരികയായിരുന്നു ഗാന്ധിജി.


ഗാന്ധിവധത്തിനു പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി നടന്ന അന്വേഷണത്തിന്റെ ഫലസിദ്ധിയെക്കുറിച്ച് കുറ്റം ആരോപിക്കപ്പെട്ടവരുടെ ബന്ധുക്കൾക്കുപോലും ആശങ്കകൾ ഇന്നുമുണ്ട്. ഗാന്ധിജിയുടെ കൊലപാതകം നടന്ന് 71 വർഷങ്ങൾ കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് മൂന്നു വെടിയുണ്ടകൾ പായിക്കാനുപയോഗിച്ച ആ ഇറ്റാലിയൻ പിസ്റ്റളിനെപ്പറ്റിയോ, അന്ന് അതിൽ ആരോപിക്കപ്പെട്ടിരുന്ന ഗ്വാളിയോർ ബന്ധത്തെപ്പറ്റിയോ ഒന്നും ഇന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

അത് ഒരു 9mm ബെറെറ്റാ 1934 സെമി ഓട്ടോമാറ്റിക് ഹാൻഡ് പിസ്റ്റൾ ആയിരുന്നു. തോക്കുവ്യാപാരികൾക്കിടയിൽ അതറിയപ്പെട്ടിരുന്നത് 'M1934' എന്ന പേരിലായിരുന്നു. '606824' ആയിരുന്നു ആ പീസിന്റെ സീരിയൽ നമ്പർ. അക്കാലത്തെ ഏറ്റവും ആധുനികമായ കൈത്തോക്കുകളിൽ ഒന്നായിരുന്നു അത്. 1934 എന്നത് അതിന്റെ നിർമാണവർഷമാണ്. എത്യോപ്യയിൽ നിന്ന് ബ്രിട്ടീഷ് റെജിമെന്റിലെ ഒരു മിലിട്ടറി കേണലിന്റെ കയ്യിലൂടെയാണ് അത് ഇന്ത്യയിൽ എത്തുന്നത്. ആ തോക്ക് ഒരു ഇറ്റാലിയൻ കമാൻഡറിൽ നിന്ന് കേവലം കൗതുകത്തിന്റെ പുറത്താണ് ആ കേണൽ സ്വന്തമാക്കി കൂടെ ഗ്വാളിയോറിലേക്ക് കൊണ്ടുപോന്നത്. അതേ കേണൽ പിന്നീട് ഗ്വാളിയോർ രാജാവിന്റെ എഡിസി(അടുത്ത അനുചരൻ) ആയി.

Latest Videos

undefined

പ്രസ്തുത കേണലിൽ നിന്ന് ഗ്വാളിയോറിലെ ആയുധങ്ങളുടെ കരിഞ്ചന്തയിലേക്കുള്ള ആ തോക്കിന്റെ പ്രയാണം ഏതുവഴിക്കായിരുന്നു എന്നതിനെ സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല. എന്തായാലും, ഗാന്ധിജിയെ വധിക്കണം എന്ന് മനസ്സിലുറപ്പിച്ച്, പ്രസ്തുത കർമത്തിനുള്ള ആയുധം സംഘടിപ്പിക്കാൻ വേണ്ടി 1948 ജനുവരി 28 -ന്  നഥൂറാം വിനായക് ഗോഡ്സെയും ഡോ. ദത്താത്രേയ പർച്ചുരെയും കൂടി ഗ്വാളിയോറിലേക്ക് വെച്ചുപിടിക്കുമ്പോൾ അവിടെ ജഗദീഷ്പ്രസാദ് ഗോയൽ എന്ന ആയുധവ്യാപാരിയുടെ കടയിൽ ഈ റിവോൾവറും വിശ്രമിക്കുന്നുണ്ടായിരുന്നു. പോയന്റ് ബ്ലാങ്കിൽ നിന്നുകൊണ്ട് ഒരാളെ ആക്രമിക്കണമെങ്കിൽ അതിന് ഏറ്റവും ഫലപ്രദമായ ഒരു ആയുധം അങ്ങനെ നഥൂറാം ഗോഡ്സേക്ക് സ്വന്തമായി. 

1947-ൽ തന്നെ വിഭജനാനന്തരം പഞ്ചാബ് പ്രവിശ്യയിൽ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഗാന്ധി ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുക്കൾ വിവേചനം നേരിടുന്നു എന്ന പക്ഷക്കാരനായിരുന്നു ഗോഡ്സേ. ഹൈദരാബാദിൽ വച്ചുനടന്ന ഒരു ഹിന്ദുറാലിയിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുന്നുണ്ട് ഗോഡ്സേ 1938 -ൽ. പിന്നീടങ്ങോട്ട് ജയിലിൽ സ്ഥിരം വിരുന്നുകാരനായിരുന്നു, പല കാരണങ്ങളാലും. 

ഗാന്ധിജിയാണ് വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഗോഡ്സേ. 1948 -ൽ പാകിസ്ഥാന് അന്നത്തെ 55  കോടി രൂപ ഇന്ത്യ വിട്ടുകൊടുക്കണം എന്ന് ഗാന്ധി വാദിച്ചതായിരുന്നു അവസാനത്തെ പ്രകോപനം. ഗാന്ധിജി അവസാനമായി ഉപവാസം തുടങ്ങിയ അന്നുതന്നെ ഗോഡ്സെയും കൂട്ടരും ഗാന്ധിയെ വധിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടു. മേല്പറഞ്ഞ പിസ്റ്റൾ വാങ്ങിയ ശേഷം ആ സംഘം ഗാന്ധിജിയെ പിന്തുടരാൻ തുടങ്ങി.

ഗാന്ധി ദില്ലിയിൽ ആദ്യം താമസിച്ചിരുന്നത് ഗോയൽ മാർക്കറ്റിനടുത്തുള്ള, വാല്മീകി സമുദായക്കാരുടെ അമ്പലത്തിലായിരുന്നു. അവിടെത്തന്നെയായിരുന്നു അദ്ദേഹം പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിച്ചിരുന്നത്. അമ്പലത്തെ ഒരു അഭയാർഥിക്യാമ്പാക്കി മാറ്റാനുള്ള തീരുമാനം വന്നതോടെ ഗാന്ധിജി താമസം അൽബക്കെർക്ക് റോഡിലുള്ള ബിർളാ ഹൗസിലേക്ക് മാറ്റി. ബിർളാ ഹൗസ്സിലെ ഒരു മുറിയിൽ താമസിച്ചുകൊണ്ട്, ആ ബംഗ്ലാവിന്റെ പുൽത്തകിടിയിൽ അദ്ദേഹം പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ചു.

 

ജീവനെടുത്തത് അഞ്ചു വിഫലശ്രമങ്ങൾക്കൊടുവിൽ

ഗാന്ധിയുടെ ജീവൻ അപഹരിക്കാൻ ആദ്യമായി ഒരു പരിശ്രമം നടക്കുന്നത് 1934 ജൂൺ 25 -ന്  പുണെയിൽ വെച്ചാണ്. കസ്തൂർബയോടൊപ്പം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ ഒരു പ്രഭാഷണത്തിനായി പോവുകയായിരുന്നു ഗാന്ധിജി. രണ്ടു കാറുകളാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. ഗാന്ധിയും കസ്തൂർബയും സഞ്ചരിച്ചിരുന്ന കാർ അവിചാരിതമായി ഒരല്പം വൈകിയാണ് ഓഡിറ്റോറിയത്തിലെത്തുന്നത്. അപ്പോഴേക്കും ആദ്യകാർ അവിടെ എത്തുകയും, അതിനു നേർക്ക് ഒരു ബോംബ് എറിയപ്പെടുകയുമുണ്ടായി. ആ സ്‌ഫോടനത്തിൽ പുണെ മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് ഓഫിസർ, രണ്ടു പൊലീസുകാർ എന്നിവരടക്കം പത്തുപേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി.

 

രണ്ടാമത്തെ ശ്രമം പത്തുവർഷം കഴിഞ്ഞ് 1944 ജൂലൈ മാസത്തിലാണ് നടക്കുന്നത്. ആഗാ ഖാൻ പാലസിലെ വീട്ടുതടങ്കലിനു ശേഷം മോചിതനായ ഗാന്ധിജി മലേറിയാ ബാധയാൽ അവശനായിരുന്നു. ഡോക്ടർമാർ വിശ്രമം അത്യാവശ്യം എന്നറിയിച്ചപ്പോൾ ഗാന്ധിജി പുണെയ്ക്കടുത്തുള്ള പഞ്ച്ഗനിയിലേക്ക് വിശ്രമിക്കാൻ പോയി. പത്തിരുപതുപേരടങ്ങുന്ന ഒരു സംഘം ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങളുമുയർത്തിക്കൊണ്ട് ഒരു ബസ്സിൽ അവിടേക്ക്  കടന്നുവന്നു. ആ പകൽ മുഴുവൻ അവർ അവിടെയിരുന്ന് ഗാന്ധിജിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ  ഗാന്ധിജി അവരുടെ നേതാവിനെ ചർച്ചയ്ക്ക് ക്ഷണിച്ചു. അയാളുടെ പേര് നഥൂറാം വിനായക് ഗോഡ്‌സേ എന്നായിരുന്നു. എന്നാൽ, അയാൾ ആ ക്ഷണം നിരസിച്ചു. വൈകുന്നേരത്തെ പ്രാർത്ഥനായോഗത്തിനായി ഗാന്ധിജി പുറത്തിറങ്ങിയപ്പോൾ കയ്യിൽ ഒരു കഠാരയുമായി ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങളുമായി പാഞ്ഞുചെന്നു ഗോഡ്സേ. എന്നാൽ, അവിടെ സന്നിഹിതരായിരുന്ന മണിശങ്കർ പുരോഹിത്, ഭില്ലാരെ ഗുരുജി എന്നിവർ ചേർന്ന് ഗോഡ്സേയെ കീഴടക്കി. കൂടെവന്നവരൊക്കെ ഗോഡ്‌സെയെ ഒറ്റയ്ക്കാക്കി സ്ഥലം വിട്ടെങ്കിലും, ബാപ്പു തന്നെ കൊല്ലാൻ ഒരുമ്പെട്ടുവന്ന ആ ചെറുപ്പക്കാരനോട് തന്നോടൊപ്പം ഒരാഴ്ച തങ്ങാനും, തന്റെ ആശയങ്ങൾ അടുത്തറിയാൻ ശ്രമിക്കാനും  ക്ഷണിച്ചു. അതും നിരസിച്ച ഗോഡ്സേയെ ഗാന്ധിജി പോകാൻ അനുവദിച്ചു.

മൂന്നാമത്തെ വധശ്രമം നടന്നതും 1944 -ൽ തന്നെ. ഗാന്ധിയും ജിന്നയുമായുള്ള ചർച്ചകൾ അലസിപ്പിക്കാൻ വേണ്ടി അന്നത് നടത്തിയത് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു. ആ ശ്രമവും പരാജയപ്പെട്ടു. നാലാമത്തെ പരിശ്രമം 1946 -ൽ പുണെയിലേക്ക് ഗാന്ധിജി സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി തന്നെ പാളം തെറ്റിച്ചുകൊണ്ടായിരുന്നു. പാളത്തിലേക്ക് വലിച്ചിട്ടിരുന്ന വലിയ പാറക്കഷ്ണങ്ങളിൽ തട്ടി തീവണ്ടിയുടെ എഞ്ചിന് കാര്യമായ തകരാറുകൾ ഉണ്ടായെങ്കിലും,  മിടുക്കനായ ലോക്കോപൈലറ്റിന്റെ അവസാന നിമിഷത്തെ ഇടപെടലുകൾ തീവണ്ടി നിർത്താനും, അതുവഴി വലിയ ഒരു അപകടമുണ്ടാവുന്നത് തടയാനും സഹായിച്ചു.

അഞ്ചാമത്തെ  ശ്രമം നടക്കുന്നത് 1948  ജനുവരി 20 -നാണ്. ഗാന്ധിജി പ്രസംഗിച്ചുകൊണ്ടിരുന്ന മൈതാനിയിൽ അദ്ദേഹത്തെ പിന്തുടർന്നെത്തിയ ഗോഡ്സെയും സംഘവും ജനക്കൂട്ടത്തിനുനേർക്ക് ഗ്രനേഡെറിഞ്ഞു. ആദ്യഗ്രനേഡിൽ ജനക്കൂട്ടം പിരിഞ്ഞു പോകുമ്പോൾ പ്ലാറ്റ്‌ഫോമിൽ ഒറ്റയ്ക്കാവുന്ന ഗാന്ധിജിക്ക് നേരെ രണ്ടാമത്തെ ഗ്രനേഡ് എറിയാം എന്നതായിരുന്നു പ്ലാൻ. എന്നാൽ, ആദ്യത്തെ സ്‌ഫോടനത്തിൽ, രണ്ടാമത്തെ ഗ്രനേഡ് എറിയാൻ ചുമതലയുണ്ടായിരുന്ന ദിഗംബർ ബാഡ്ജെയ്ക്ക് മനസ്സാന്നിദ്ധ്യം നഷ്ടമായി. ആകെ പേടിച്ചുപോയി അയാൾ. ആദ്യസ്‌ഫോടനത്തിൽ നാലുവഴി പാഞ്ഞ ജനങ്ങൾക്കൊപ്പം അയാളും ഓടിരക്ഷപ്പെട്ടു കളഞ്ഞു. അതോടെ ആ ശ്രമം പാളി. ഗൂഢാലോചനാ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടു. ഒരാൾ ഒഴികെ. ആയിടെ പഞ്ചാബിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥിയായെത്തിയ മദൻലാൽ പഹ്‌വ മാത്രം പിടിയിലായി. 

1948 ജനുവരി 30 -ന് നടന്ന ആറാമത്തെ ശ്രമത്തിലാണ് ഗാന്ധിജി വധിക്കപെടുന്നത്. അന്ന് ബിർളാ ഹൗസിലെ തന്റെ മുറിയിൽ നിന്ന്, മനുബെൻ ഗാന്ധിയോടും, ആഭ ചാറ്റർജിയോടും ഒപ്പം തോട്ടത്തിലൂടെ പുൽത്തകിടിയിലേക്ക് നടന്നു വരികയായിരുന്നു ഗാന്ധിജി. ഇടത്ത് ആഭ, വലത്ത് മനു.

വൈകുന്നേരത്തെ പ്രാർത്ഥനായോഗത്തിന് ഗാന്ധി പത്തുമിനിറ്റ് വൈകിയിരുന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ അത്രക്ക് നിർബന്ധബുദ്ധിയായിരുന്ന ഗാന്ധിജി തന്റെ അലസതയിൽ തന്നോടുതന്നെ പരിഭവിച്ചിരിക്കുകയായിരുന്നു. ആ നടത്തത്തിനിടെ ഒരു യുവാവ്, നഥൂറാം വിനായക് ഗോഡ്സേ, കൂപ്പിയ കൈകളോടെ ഗാന്ധിജിയുടെ നേർക്കടുത്തു. മനുബെൻ കരുതിയത് അയാൾ ഗാന്ധിജിയുടെ കാൽക്കൽ നമസ്കരിക്കാൻ പോവുകയാണെന്നാണ്. അവർ വിലക്കി,"ബാപ്പു ഇപ്പോൾ തന്നെ പത്തു മിനിറ്റ് വൈകിയിട്ടുണ്ട്. അദ്ദേഹത്തെ കൂടുതൽ പരിഹാസ്യനാക്കരുത്. മാറൂ..."

ആ വിലക്ക് ചെവിക്കൊള്ളാതെ ഗോഡ്സേ മനുവിനെ തള്ളിമാറ്റി. മനുവിന്റെ കയ്യിൽ നിന്ന് നോട്ടുബുക്കും രുദ്രാക്ഷമാലയും മറ്റും താഴെവീണു. അത് എടുക്കാൻ കുനിഞ്ഞ മനു ബെൻ കണ്ടത് കൈകൾ കൂപ്പിക്കൊണ്ട്, 'ഹേ റാം... ഹേ റാം...' എന്ന് മന്ത്രിച്ചുകൊണ്ട് താഴെവീഴുന്ന ബാപ്പുവിനെയാണ്. പിസ്റ്റളിന്റെ വെടിയൊച്ചയിൽ എല്ലാവരുടെയും ചെവിടുപൊട്ടി. കടുത്ത പുക അവിടെങ്ങും പരന്നു. മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ വയറ്റിൽ തുളച്ചുകയറിയത്. ചോര വാർന്നൊഴുകി. അവിടെ ആഭാബെന്നിന്റെ മടിയിൽ കിടന്ന് ഗാന്ധിജി തന്റെ അന്ത്യശ്വാസം വലിച്ചു. ഗോഡ്സേ രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഓടിക്കൂടിയവർക്കുമുന്നിൽ കീഴടങ്ങിയ അയാൾ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.

 

ഗാന്ധിജിയുടെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ദില്ലിയിൽ ഗാന്ധിജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തി.

 

അന്വേഷണം, അറസ്റ്റുകൾ, വിചാരണ, ഒടുവിൽ ശിക്ഷയും... 

ഗാന്ധിജിയുടെ വധം കഴിഞ്ഞ് ഗോഡ്‌സെ പിടിക്കപ്പെട്ട്, പിന്നെയും ഒരു മാസത്തിനു ശേഷം ഫെബ്രുവരി 3 -നാണ് ഗ്വാളിയോറിലെ ഷിൻഡെ ദി ചൗക്ക് നിവാസിയായിരുന്ന ഡോ. പർച്ചുരെയെ ഗാന്ധിവധത്തിലെ ഗൂഢാലോചന ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാരായൺ ആപ്‌തെ,ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ്മ തുടങ്ങി പിന്നീട് എട്ടുപേര്‍ കൂടി ഗൂഢാലോചനയിൽ പ്രതികളായി. രണ്ടാഴ്ച കഴിഞ്ഞ് അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തുമ്പോഴേക്കും ഗൂഢാലോചനയിലെ പങ്കിനെപ്പറ്റി ഗ്വാളിയോർ ഫസ്റ്റ് കേസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഡോ.പർച്ചുരെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ആ കുറ്റസമ്മതമൊഴി അയാൾ തന്നെ നിഷേധിച്ചു എങ്കിലും. ഗോയലിൽ നിന്ന് ദന്തവതെ വഴി ഡോ. പർച്ചുരെയിലേക്ക്, അവിടെ നിന്ന് ഗോഡ്സേയിലേക്ക്. എന്നാൽ, തനിക്ക് ആ തോക്ക് എവിടുന്ന് കിട്ടി എന്നതിനെപ്പറ്റി ഗോയൽ ഒരക്ഷരം വെളിപ്പെടുത്തിയിട്ടില്ല. 149 പേരെ വിസ്തരിച്ച് നടത്തിയ വിചാരണ ഒരുവർഷത്തിനുളളിൽ തന്നെ പൂർത്തിയാക്കപ്പെട്ടു. 1949 നവംബർ 8 -ന് നഥൂറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് എട്ടുപേരെ തടവുശിക്ഷയ്ക്ക് വിധിച്ചു.

അച്ഛനെക്കൊന്നവർക്ക് മാപ്പുനൽകണം എന്നാവശ്യപ്പെട്ട് ഗാന്ധിപുത്രന്മാരായ മണിലാലും രാംദാസും തന്നെ ദയാഹരജി നൽകിയെങ്കിലും നെഹ്‌റുവും പട്ടേലും രാജഗോപാലാചാരിയും ചേർന്ന് അത് നിരാകരിച്ചു.  1949 നവംബർ 15 -ന് അംബാല ജയിലിൽ ഇരുവരും തൂക്കിലേറ്റപ്പെട്ടു. ആപ്‌തെയുടെ മരണം ഏതാണ്ട് തൽക്ഷണം തന്നെ ആയിരുന്നെങ്കിലും, ഗോഡ്‌സെ മരിച്ചത് പതിനഞ്ചു മിനിറ്റോളം കഴുമരത്തിൽ കിടന്നുപിടഞ്ഞുകൊണ്ടാണ്.

 

നഥൂറാം  വിനായക് ഗോഡ്സേ തന്റെ മൂന്നു വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചത് ഒരു പുരുഷായുസ്സ് മുഴുവൻ അഹിംസയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു മനുഷ്യന്റെ ജീവിതമാണ്. ഒരുപക്ഷേ,  തിരിച്ചു വിട്ടത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി തന്നെയും. ആ തോക്കിന്റെ യഥാർത്ഥ ഉടമ ആര് എന്ന സത്യം മാത്രം, ഇന്നും ഒരു സമസ്യയായിത്തന്നെ തുടരുന്നു. 

click me!