കണ്ടറിയണം കോശീ... വാ തുറന്നാൽ പച്ചത്തെറി മാത്രം വിളിക്കുന്ന തത്തകൾ തിരിച്ച് വരുന്നു, ഇനിയെന്തും സംഭവിക്കാം

By Web TeamFirst Published Jan 28, 2024, 2:35 PM IST
Highlights

കണ്ണിൽ കാണുന്നവരെയെല്ലാം തത്തകൾ ചറപറാ ചീത്ത വിളിക്കാൻ തുടങ്ങി. പലതും കേട്ടാലറയ്ക്കുന്ന ഇംഗ്ലിഷ് പച്ചത്തെറി. തത്തകളുടെ തനിസ്വഭാവം കണ്ട് പാർക്ക് അധികൃതർ ഞെട്ടി.

വാ തുറന്നാൽ തെറി മാത്രം പറയുന്ന ആ അഞ്ചു തത്തകളെ ഓർക്കുന്നുണ്ടോ? കൃത്യമായി പറഞ്ഞാൽ 2020 -ലാണ് ഏറെ ചിരിപ്പടർത്തിയ ഈ തത്തകളുടെ കഥ പുറത്തുവന്നത്. ബ്രിട്ടനിലെ ഫ്രിസ്ക്നിയിലുള്ള ലിങ്കൺഷയർ വന്യജീവി പാർക്കിലായിരുന്നു സംഭവം. തെറിവിളി സഹിക്കാൻ കഴിയാതെ വന്നതോടെ 5 ആഫ്രിക്കൻ തത്തകളെ അന്ന് മൃഗശാല അധികൃതർ മറ്റുള്ളവയുടെ കൂട്ടത്തിൽ നിന്നും മാറ്റിയിരുന്നു. മറ്റുള്ള തത്തകൾ കൂടി ഇവയുടെ ശീലം പഠിക്കുമോ എന്ന ഭയത്താൽ ആയിരുന്നു ഇത്. 

പക്ഷേ, തെറിവിളി പ്രശ്നം അവിടം കൊണ്ടും തീർന്നില്ല, തൊട്ടടുത്ത വർഷം 2021 -ൽ മൃഗശാല അധികൃതർ മറ്റു മൂന്നു തത്തകളെ കൂടി തെറിവിളിയിൽ പിടികൂടി, നല്ല നടപ്പിനായി മാറ്റി പാർപ്പിച്ചു. എന്നാൽ, ഇപ്പോൾ നല്ല നടപ്പിന് വിധിച്ച ഈ എട്ടു തത്തകളെയും നൂറിലധികം വരുന്ന മറ്റു തത്തകളുടെ കൂട്ടത്തിലേക്ക് തുറന്നു വിടാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. തത്തകൾ ഒറ്റപ്പെട്ട് ജീവിക്കേണ്ട ജീവികൾ അല്ലെന്നും അവ മറ്റുള്ളവയോടൊപ്പം ആണ് കഴിയേണ്ടതെന്നും ആണ് ഈ തുറന്നു വിടലിന് കാരണമായി അധികൃതർ പറയുന്നത്. പക്ഷേ മടങ്ങിവരവിൽ, ഈ തത്തകൾ ഇനി എത്ര പേരെ കൂടി തെറിവിളിക്കാൻ പഠിപ്പിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Latest Videos

2020 ഓഗസ്റ്റിലാണ് ആഫ്രിക്കൻ ഗ്രേ വിഭാഗത്തിൽ പെട്ട അ‍ഞ്ച് വെള്ളത്തത്തകൾ പാർക്കിൽ എത്തിയത്. 5 വ്യത്യസ്ത ഉടമസ്ഥരിൽ നിന്ന് എത്തിയ ഈ തത്തകളുടെ പേരുകൾ എറിക്, ജേഡ്, എൽസി, ടൈസൻ, ബില്ലി എന്നിങ്ങനെയായിരുന്നു. കൊവിഡ് കാലമായതിനാൽ പാർക്കിലെത്തിച്ച് കുറച്ചുദിവസം ക്വാറന്റീനിലായിരുന്നു ഇവരുടെ താമസം. അന്ന് ഒരുമിച്ച് കഴിഞ്ഞ അഞ്ചു പേരും കൂട്ടിൽ നല്ല സംസാരവും പെരുമാറ്റവുമായിരുന്നു. തത്തകളെ  പാർക്ക് അധികൃതർക്ക് നന്നേ ബോധിച്ചു. ക്വാറന്റീൻ കഴിഞ്ഞ് ഇവയെ പ്രധാന പക്ഷി കേന്ദ്രത്തിലേക്കു മാറ്റി. 

പക്ഷെ, അതോടെ പാർക്ക് അധികൃതർക്ക് കിട്ടിയത് എട്ടിന്റെ പണി. കണ്ണിൽ കാണുന്നവരെയെല്ലാം തത്തകൾ ചറപറാ ചീത്ത വിളിക്കാൻ തുടങ്ങി. പലതും കേട്ടാലറയ്ക്കുന്ന ഇംഗ്ലിഷ് പച്ചത്തെറി. തത്തകളുടെ തനിസ്വഭാവം കണ്ട് പാർക്ക് അധികൃതർ ഞെട്ടി. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അന്വേഷണം നടത്തി. തത്തകളിൽ ഏതെങ്കിലും ഒന്നിന്റെ ഉടമസ്ഥൻ പക്ഷിയെ ചീത്ത വാക്കുകൾ പഠിപ്പിച്ചിരിക്കാമെന്നും കൂട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് തത്തകൾ ഇതെല്ലാം കേട്ടുപഠിച്ചിരിക്കാം എന്നുമായിരുന്നു പാർക്ക് അധികൃതരുടെ നിഗമനം.

തത്തകളുടെ ഈ തെറിവിളി ആദ്യം പലരും കുസൃതിയായിട്ടെടുത്തെങ്കിലും പിന്നെ കഥമാറി സന്ദർശകർ ശക്തമായി എതിർത്തു. കുട്ടികളും മറ്റും വരുന്ന പാർക്കിൽ തത്തകളുടെ തോന്ന്യവാസം അനുവദിക്കരുതെന്ന്  അവർ ആവശ്യപ്പെട്ടു. പാർക്ക് അധികൃതർ സമ്മർദത്തിലായി. പാർക്കിന്റെ ചീഫ് എക്സ്ക്യുട്ടീവ് സ്റ്റീവ് നിക്കോൾസ് അഞ്ചെണ്ണത്തിനെയും ഉടനടി ആളുകൾ വരുന്നിടത്തു നിന്നു മാറ്റാൻ ഉത്തരവിറക്കി. 

2020 സെപ്റ്റംബറിൽ ഇതു നടപ്പാക്കി. പിറ്റേവർഷം സമാന കേസിൽപ്പെട്ട 3 തത്തകളെ കൂടി മാറ്റി പാർപ്പിച്ചു. ഇപ്പോഴത്തെ തിരിച്ചുവരവിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!