കാഞ്ഞ ബുദ്ധി തന്നെ‌; പണം തട്ടാന്‍ ഭക്ഷണത്തിൽ പാറ്റയും പല്ലിയും നഖവും, പക്ഷേ ഒടുക്കം യുവതി കുടുങ്ങി

By Web TeamFirst Published Jan 18, 2024, 1:42 PM IST
Highlights

കഴിഞ്ഞ ആറുമാസക്കാലമായി എല്ലാദിവസവും ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്തുകൊണ്ട് വിവിധ റെസ്റ്റോറന്റുകളിൽ നിന്നും ഇവർ പണം തട്ടിയെടുത്തിരുന്നു.

ടേക്എവേ ഫുഡ് റെസ്റ്റോറന്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. ചൈനയിലാണ് സംഭവം. രാജ്യത്തുടനീളമുള്ള 200 -ലധികം ടേക്ക്എവേ റെസ്റ്റോറന്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് യുവതി ശ്രമിച്ചത്. 

പാഴ്സലായി ലഭിച്ച ഭക്ഷണത്തിൽ പാറ്റ, പല്ലി, സ്ക്രൂ, നഖക്കക്ഷണങ്ങൾ എന്നിവ കണ്ടുവെന്ന പ്രചരണം നടത്തി റസ്റ്റോറന്റുകളുടെ വിശ്വാസ്യത തകർക്കുമെന്നും പരാതി നൽകുമെന്നും ഭീഷണി മുഴക്കിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദുഷ്പ്രചരണം നടത്താതിരിക്കുന്നതിനുള്ള പ്രതിഫലമായി വൻ തുകയാണ് റെസ്റ്റോറൻറ് അധികൃതരോട് ഇവർ ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിൽ വിവിധ റെസ്റ്റോറന്റുകളിൽ നിന്നായി 24 ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തത്.

Latest Videos

ചൈനയിലെ ഷാൻസി പ്രവിശ്യയിലെ സിയാനിൽ നിന്നാണ് ബെയ്ജിംഗ് പൊലീസ് തട്ടിപ്പുകാരിയെ പിടികൂടിയത്. ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡെങ് എന്നാണ് ഇവരുടെ പേര്. ഭീഷണി, വഞ്ചന എന്നീ കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവിധ റെസ്റ്റോറന്റുകളിൽ നിന്നായി വ്യാപകമായി ഭക്ഷണം ഓർഡർ ചെയ്തു വാങ്ങിയതിനു ശേഷം അവയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വിവിധ വസ്തുക്കൾ കണ്ടെത്തിയെന്ന് ആരോപിച്ച് റെസ്റ്റോറന്റുകളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഇത്തരത്തിൽ ഭക്ഷണത്തിൽ കണ്ടു എന്ന് പറയപ്പെടുന്ന വസ്തുക്കളിൽ പാറ്റ, മുടി, ഈച്ച, സ്ക്രൂ, ചെറുപ്രാണികൾ എന്നിവയൊക്കെ ഉൾപ്പെട്ടിരുന്നു. പലപ്പോഴും ഇത്തരം ആരോപണങ്ങളുമായി റെസ്റ്റോറന്റുകളെ സമീപിക്കുമ്പോൾ തങ്ങളുടെ വിശ്വാസ്യത തകരും എന്ന ഭയത്താൽ അവർ യുവതി ആവശ്യപ്പെടുന്ന പണം നഷ്ടപരിഹാരമായി നൽകാറുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത് മുതലെടുത്താണ് ഡെങ് തൻറെ തട്ടിപ്പ് വ്യാപിപ്പിക്കുകയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള 200ഓളം റെസ്റ്റോറന്റുകളെ തൻറെ തട്ടിപ്പിനിരയാക്കുകയും ചെയ്തത്.

ബെയ്ജിംഗിലെ ഒരു റെസ്റ്റോറന്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഡെംഗിന്റെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ ആറുമാസക്കാലമായി എല്ലാദിവസവും ഇത്തരത്തിൽ ഭക്ഷണം ഓർഡർ ചെയ്തുകൊണ്ട് വിവിധ റെസ്റ്റോറന്റുകളിൽ നിന്നും ഇവർ പണം തട്ടിയെടുത്തിരുന്നു. തൻറെ തട്ടിപ്പ് പുറത്തു വരാതിരിക്കാൻ ഡെലിവറി ഏജന്റുമാരോട് ഭക്ഷണം വീടിനു പുറത്തുവയ്ക്കാനായിരുന്നു ഇവർ പതിവായി ആവശ്യപ്പെട്ടിരുന്നത്. ഡെലിവറി ഏജന്റുമാർ മടങ്ങിപ്പോയാൽ ഉടൻ ഭക്ഷണം എടുത്ത് അതിൽ എന്തെങ്കിലും മാലിന്യം കലർത്തിയതിനു ശേഷം ഭക്ഷണത്തിൻറെ ഫോട്ടോയെടുത്ത് റെസ്റ്റോറന്റുകൾക്ക് അയച്ചുകൊടുത്തായിരുന്നു ഇവർ പരാതിപ്പെട്ടിരുന്നത്. 

ചൈനയിൽ ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു തട്ടിപ്പിന് ഒരാൾ പിടിയിലാകുന്നത്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ സമാനമായ കുറ്റകൃത്യത്തിന് 13ഓളം പേരെ ബെയ്ജിംഗ് പൊലീസ് പിടികൂടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!