ആഗോളതലത്തിലെ ഭൂകമ്പ മാപിനികളിൽ അനുഭവപ്പെട്ട അസാധാരണ പ്രഭാവത്തിന്റെ കാരണവുമായി ഗവേഷകർ
ന്യൂക്: കാലവസ്ഥാ വ്യതിയാനം മൂലം 2023 സെപ്തംബറിൽ ഗ്രീൻലാൻഡിലുണ്ടായ മെഗാ സുനാമിക്കും മണ്ണിടിച്ചിലിനും പിന്നാലെ ഭൂമിയിൽ മുഴുവൻ 9 ദിവസം പ്രകമ്പനം അനുഭവപ്പെട്ടതായി ശാസ്ത്ര ഗവേഷകർ. ആഗോളതലത്തിലെ ഭൂകമ്പ മാപിനികളിൽ അനുഭവപ്പെട്ട അസാധാരണ പ്രഭാവത്തിന്റെ കാരണം കണ്ടെത്താനുള്ള നീണ്ട കാലത്തെ പ്രയത്നത്തിനാണ് ഒടുവിൽ ഫലമുണ്ടായിരിക്കുന്നത്. ഡെൻമാർക്കിലേയും കിഴക്കൻ ഗ്രീൻലാൻഡിലേയും ജിയോളജിക്കൽ സർവേ വിഭാഗത്തിലെ ഡോ ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തൽ.
2023 സെപ്തംബർ 16നാണ് കിഴക്കൻ ഗ്രീൻലാൻഡിലെ ഡിക്സൺ ഫ്ജോർഡിലെ 1200 മീറ്റർ ഉയരമുള്ള മലയിടിഞ്ഞത്. മലയടിവാരത്തെ മഞ്ഞുപാളികൾ ഉരുകിയതിന് പിന്നാലെയായിരുന്നു മലയിടിച്ചിൽ ഉണ്ടായത്. മലയിടിച്ചിലിന് പിന്നാലെയുണ്ടാ പ്രാഥമിക സീസ്മിക് തരംഗങ്ങളുടെ ശക്തി 200 മീറ്റർ ഉയരത്തിലായിരുന്നു. പിന്നാലെ സമുദ്രത്തിൽ മുന്നോട്ടും പിന്നോട്ടുമായി ഫ്ജോർഡിൽ നിന്ന് ഭൂമിയിൽ മുഴുവനുമായി ഒരു ആഴ്ചയിലേറെ നീണ്ട തരംഗങ്ങളുണ്ടായിരുന്നു.
undefined
ഭൂകമ്പമാപിനി സെൻസറുകളിൽ ഈ തരംഗങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും ഭൂമിയിൽ മൊത്തമായുണ്ടായ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡോ ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം ആരംഭിച്ചത്. മലയിടിച്ചിലും മെഗാ സുനാമിയുമാണ് കിഴക്കൻ ഗ്രീൻലാൻഡിൽ ആദ്യം റെക്കോർഡ് ചെയ്യപ്പെട്ടത്. ആർട്ടിക് മേഖലയിലുണ്ടാവുന്ന ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമ ഗ്രീൻലാൻഡ്, അലാസ്ക, കാനഡ, നോർവേ. ചിലി അടക്കമുള്ള മേഖലയിലേക്ക് വളരെ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് പഠനം വിശദമാക്കുന്നത്.
തിരിച്ചറിയാത്ത സീസ്മിക് പ്രതിഭാസത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രതീക്ഷയില്ലായിരുന്നുവെന്നാണ് ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ടിൽ വിശദമാക്കുന്നത്. ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളേക്കാൾ ശക്തി കുറഞ്ഞതും എന്നാൽ മണിക്കൂറുകളോളം അനുഭവപ്പെട്ടതുമായിരുന്നു ഇവയെന്നതിനാൽ അൺഐഡന്റിഫൈഡ് സീസ്മിക് ഒബ്ജക്ട് എന്നാണ് ഇവയ്ക്ക് ഗവേഷക സംഘം പേര് നൽകിയത്.
മലയിടിച്ചിലിന് പിന്നാലെയുണ്ടായ സുനാമി തിരകൾ ഗ്രീൻലാൻഡിലെ ആൾവാസമില്ലാത്ത കിഴക്കൻ മേഖലയിൽ വലിയ ശക്തിയോടെയാണ് ആഞ്ഞടിച്ചത് രണ്ട് നൂറ്റാണ്ടുകൾക്കിടയിലെ അപൂർവ്വ സംഭവമായാണ് ഇതിനെ ഗവേഷകർ വിലയിരുത്തുന്നത്. എല്ല ദ്വീപിലെ ഗവേഷക കേന്ദ്രത്തിലെ നിരവധി കൂടാരങ്ങളാണ് മലയിടിച്ചിലിൽ തകർന്നത്. രണ്ട് നൂറ്റാണ്ട് മുൻപ് തുകലിനും രോമത്തിനായി മൃഗങ്ങളെ വേട്ടയാടിയിരുന്ന ആളുകൾ സ്ഥാപിച്ച ഇവിടം ഡെൻമാർക്ക് സൈന്യവും ഗവേഷകരുമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ സുനാമി വീശിയടിച്ച സമയത്ത് ഇവിടെ ആളില്ലാതിരുന്നത് വലിയ രീതിയിൾ ആൾനാശമുണ്ടാകാതിരിക്കാൻ കാരണമായിരുന്നു. മലയിടിഞ്ഞ മേഖലയിൽ നിന്ന് 70 കിലോമീറ്റർ ദൂരെയാണ് എല്ല ദ്വീപ്.
15 രാജ്യങ്ങളിൽ നിന്നായുള്ള 40സ്ഥാപനങ്ങളിൽ നിന്നുള്ള 68 ഗവേഷകരാണ് ഈ നിഗൂഡത നീക്കാനുള്ള സംഘത്തിലുണ്ടായിരുന്നത്. ജേണൽ സയൻസിലാണ് ഈ പഠനം പുറത്ത് വിട്ടിരിക്കുന്നത്. 25 ക്യുബിക് മീറ്റർ പാറകളും ഐസുമാണ് ഫ്ജോർഡിൽ കുത്തനെ ഇടിഞ്ഞ് വീണത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം