കൃത്രിമ തടാകത്തിലേക്ക് നോക്കാൻ പോലും ഭയന്ന് ജനം, കാരണം എവിടെനിന്ന് എത്തിയെന്ന് അറിയാത്ത ഈ 'ഭീകരൻ'

By Web Team  |  First Published Aug 18, 2024, 2:32 PM IST

പരിസരത്തെങ്ങും നദികളോ മറ്റ് ജലസ്ത്രോതസുകളും ഇല്ലാതിരിക്കെ ആദ്യം കണ്ടത് മുതലയെന്ന തോന്നലിലായിരുന്നു നാട്ടുകാർ ഉണ്ടായിരുന്നത്. എന്നാൽ ജലോപരിതലത്തിൽ വളരെ കൂളായി നീന്തുന്ന മുതലയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ തോന്നലുകൾ ഭയത്തിന് വഴി മാറുകയായിരുന്നു


സിഡ്നി: ആയിരത്തോളം പേരുള്ള ചെറിയ നഗരത്തിന്റെ ഹൃദയഭാഗത്തെ കൃത്രിമ തടാകത്തിലേക്ക് എത്തി നോക്കാൻ പോലും ഭയന്ന് ജനം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ ഹഗ്ഹെൻഡനിലാണ് സംഭവം. പ്രദേശവാസികൾ അവധിദിവസങ്ങൾ ആഘോഷമാക്കിയിരുന്ന ചെറുതടാകത്തിൽ അടുത്തിടെയാണ് മുതലയെ കണ്ടെത്തിയത്. പരിസരത്തെങ്ങും നദികളോ മറ്റ് ജലസ്ത്രോതസുകളും ഇല്ലാതിരിക്കെ ആദ്യം കണ്ടത് മുതലയെന്ന തോന്നലിലായിരുന്നു നാട്ടുകാർ ഉണ്ടായിരുന്നത്. എന്നാൽ ജലോപരിതലത്തിൽ വളരെ കൂളായി നീന്തുന്ന മുതലയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ തോന്നലുകൾ ഭയത്തിന് വഴി മാറുകയായിരുന്നു. 

മേഖലയിലെ പ്രധാന നദിയിലേക്ക് ഇവിടെ നിന്ന് 300ലെറെ കിലോമീറ്റർ ദൂരമാണുള്ളത്. പ്രദേശവാസികളുടെ ഉല്ലാസം ലക്ഷ്യമിട്ട് നിർമ്മിച്ച തടാകത്തിലാണ് നിലവിൽ മുതലയെ കണ്ടെത്തിയിരിക്കുന്നത്. മറ്റ് ജലസ്ത്രോതസുകളുമായി ബന്ധമില്ലാത്തിനാൽ മുതല എങ്ങനെ കൃത്രിമ തടാകത്തിയ എത്തിയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ജൂൺ മാസത്തിലാണ് മുതലയെ തടാകത്തിൽ ആദ്യമായി കണ്ടെത്തിയത്. രാത്രികാലത്ത് പൂജ്യം ഡിഗ്രിയിലും താഴെ അന്തരീക്ഷ താപനില എത്തുന്നതിനാൽ മുതല തടാകത്തിൽ അതിജീവിക്കില്ലെന്ന പ്രദേശവാസികളുടെ നിരീക്ഷണം തെറ്റാണെന്ന് വ്യക്തമാക്കി തണുപ്പ് കാലത്തിന് ശേഷവും മുതല കൂളായി തടാകത്തിന് മുകളിലെത്തി. ഇതിന് പിന്നാലെ പരിസ്ഥിതി വിദഗ്ധരുടെ ഉപദേശങ്ങൾ തേടിയിരിക്കുകയാണ് ഹഗ്ഹെൻഡൻ നഗരസഭ. 

Latest Videos

undefined

പലരീതിയിലും നിരവിൽ മുതലയെ നിരീക്ഷിക്കുകയാണ് നഗരസഭയിപ്പോൾ ചെയ്യുന്നത്. ഇതിനോടകം ഹഗ്ഹെൻഡനിലെ ഹൗഡിനി എന്ന വിളിപ്പേരും ഈ മുതല സ്വന്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് ശുദ്ധജലത്തിൽ കാണുന്ന ഇനം മുതലകളെ ഈ മേഖലയിൽ കാണുന്നതെന്നാണ് നഗരസഭാ കൌൺസിൽ ഡയറക്ടർ ബാർബറ സ്മിത്ത് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മൂന്ന് മീറ്ററോളം നീളം വരുന്ന ഈ മുതല നിലവിൽ ആക്രമണകാരിയല്ലെന്നാണ് നഗരസഭയുടെ നിരീക്ഷണം. എന്നാൽ സ്വയം രക്ഷയ്ക്ക് ഇവ ആക്രമിക്കാൻ മടിക്കില്ലെന്നതാണ് ആളുകളെ ഭീതിപ്പെടുത്തുന്നത്. നിലവിൽ കയാക്ക് അടക്കമുള്ളവ ഉപയോഗിച്ച് തടാകത്തിൽ ഇറങ്ങുന്നതിനും അഞ്ച് മീറ്ററിൽ അധികം ആഴമുള്ള ഭാഗത്തേക്ക് പോവുന്നതിനും പ്രദേശവാസികൾക്ക് നഗരസഭ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയെ വെട്ടിലാക്കിയ ഭീകരനെ കണ്ടെത്തി മറ്റൊരിടത്തേക്ക് മാറ്റുന്നത് വരെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നാണ് നഗരസഭാ മുന്നറിയിപ്പ്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!