ഈ കത്തിന് 0.2 മില്ലിമീറ്റർ കനം മാത്രമേ ഉള്ളൂ, ഭാരം കുറഞ്ഞതു മാത്രമല്ല ഏറെക്കാലം ഈടുനിൽക്കുന്നതുമാണ് ഇത്. വിദ്യാർത്ഥികൾ ഇത് ഏറെ താൽപര്യത്തോടെ സൂക്ഷിക്കുമെന്നാണ് സർവകലാശാല അധികൃതർ കരുതിയത്.
വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വളരെയധികം സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒന്നാണ് പ്രവേശന കത്തുകൾ. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും നേട്ടത്തെയും സ്വപ്നങ്ങളിലേക്കുള്ള യാത്രകളെയും അടയാളപ്പെടുത്തുന്ന ഒന്നായി വേണം ഇത്തരം കത്തുകളെ കണക്കാക്കാൻ. ചിലരെങ്കിലും തങ്ങൾക്ക് ലഭിക്കുന്ന പ്രവേശന കത്തുകൾ ഏറെ സന്തോഷത്തോടെ സൂക്ഷിച്ചു വെക്കാറുണ്ട്.
എന്നാൽ, ഇതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒരു അനുഭവമാണ് ചൈനയിലെ ഒരു സർവ്വകലാശാലയ്ക്ക് ഉണ്ടായത്. സർവകലാശാല തങ്ങളുടെ വിദ്യാർഥികൾക്കായി അയച്ച പ്രവേശന കത്തുകൾ അല്പം വെറൈറ്റി ആയിരുന്നു. പേപ്പറിന് പകരം കാർബൺ ഫൈബർ കത്തുകൾ ആയിരുന്നു സർവകലാശാല യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി അയച്ചത്.
ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കൽ ടെക്‌നോളജി (BUCT) യാണ് വളരെ നേർത്ത കാർബൺ ഫൈബർ മെറ്റീരിയലിൽ തയ്യാറാക്കിയ പ്രവേശന കത്തുകൾ വിദ്യാർഥികൾക്ക് നൽകിയത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ കത്തിന് 0.2 മില്ലിമീറ്റർ കനം മാത്രമേ ഉള്ളൂ, ഭാരം കുറഞ്ഞതു മാത്രമല്ല ഏറെക്കാലം ഈടുനിൽക്കുന്നതുമാണ് ഇത്. വിദ്യാർത്ഥികൾ ഇത് ഏറെ താൽപര്യത്തോടെ സൂക്ഷിക്കുമെന്നാണ് സർവകലാശാല അധികൃതർ കരുതിയത്. എന്നാൽ വിദ്യാർത്ഥികൾ അതിനെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കാർബൺ ഫൈബർ കത്ത് തണ്ണിമത്തൻ, ഇറച്ചി എന്ന് തുടങ്ങി സകലമാന സാധനങ്ങളും മുറിക്കാനായി ഉപയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഉള്ളത്.