ഇത്രയേറെ പണം മുടക്കി താൻ ഈ നായയെ സ്വന്തമാക്കിയതിന് രണ്ടു കാരണങ്ങൾ ഉണ്ടെന്നാണ് ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ സതീഷ് പറയുന്നത്.
ചെന്നായയ്ക്കും നായക്കും ഇടയിലുള്ള ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വോൾഫ്ഡോഗിനെ സ്വന്തമാക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രീഡർ ചെലവഴിച്ചത് അമ്പരപ്പിക്കുന്ന തുക. എസ് സതീഷ് എന്ന ബ്രീഡറാണ് 4.4 മില്യൺ പൗണ്ട് ( ഏകദേശം 50 കോടി രൂപ) ചിലവഴിച്ച് അപൂർവ ഇനമായ "വോൾഫ് ഡോഗിനെ സ്വന്തമാക്കിയത്.
ലോകത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു നായയെ സ്വന്തമാക്കാൻ ഇത്രയേറെ രൂപ ചെലവഴിക്കുന്നത്. കാഡബോംസ് ഒകാമി എന്നാണ് അൻപതു കോടി മൂല്യമുള്ള ഈ നായയുടെ പേര്. ഫെബ്രുവരിയിലാണ് ഇദ്ദേഹം കാഡബോംസ് ഒകാമിയെ സ്വന്തമാക്കിയത്.
അമേരിക്കയിലാണ് കാഡബോംസ് ഒകാമി ജനിച്ചത്. വെറും എട്ട് മാസം പ്രായമുള്ളപ്പോൾ തന്നെ ഇതിന് 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. ദിവസവും 3 കിലോ മാംസം ഇത് കഴിക്കും. ചെന്നായ്ക്കളുടെയും കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ. പ്രധാനമായും കന്നുകാലികളെ വേട്ടക്കാരിൽ നിന്നും സംരക്ഷിക്കുന്ന സംരക്ഷണ നായ്ക്കൾ ആണ് കൊക്കേഷ്യൻ ഷെപ്പേർഡ് നായ്ക്കൾ.
വളരെ അപൂർവയിനത്തിൽപ്പെട്ട നായക്കുട്ടിയാണ് കാഡബോംസ് ഒകാമിയെന്നും ചെന്നായ്ക്കളെപ്പോലെ കാണപ്പെടുന്ന ഈ ഇനം നായ്ക്കൾ ഇതിനു മുൻപ് ലോകത്ത് വിറ്റു പോയിട്ടില്ലെന്നും സതീഷ് പറഞ്ഞു.
ഇത്രയേറെ പണം മുടക്കി താൻ ഈ നായയെ സ്വന്തമാക്കിയതിന് രണ്ടു കാരണങ്ങൾ ഉണ്ടെന്നാണ് ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ സതീഷ് പറയുന്നത്. ഒന്നാമത്തെത് തനിക്ക് നായ്ക്കളോടുള്ള സ്നേഹം ആണെങ്കിൽ രണ്ടാമത്തെ കാരണം അപൂർവങ്ങളിൽ അപൂർവ്വമായ ഇത്തരം നായ്ക്കളെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.