അങ്ങാടികള്‍ വളര്‍ന്നു, പക്ഷെ അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമായിരിക്കുന്നു. വിരലിലെണ്ണാവുന്ന കുരുവികളെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ഡാറ്റ ബുക്കില്‍ കയറിപ്പറ്റിയിരിക്കുകയാണ് ഈ കുഞ്ഞു കുരുവികള്‍.
പേരില്‍ തന്നെ വിലാസവുമുള്ള ഒരു ചെറുപക്ഷിയാണ് അങ്ങാടിക്കുരുവി. നാട്ടിന്‍ പുറങ്ങളില്‍ നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, ചിട്ടുക്കുരുവി തുടങ്ങിയ പേരുകളിലും ഈ കുഞ്ഞു കിളികള്‍ അറിയപ്പെടുന്നുണ്ട്. നാട്ടിന്‍ പുറത്തെ കവലകളിലും ആളുകള്‍ കൂടുന്ന അങ്ങാടികളിലും കലപില കൂട്ടി, കൂട്ടത്തോടെ ചെറുദൂരം പറന്ന് ചെറുധാന്യമണികള്‍ കൊത്തിയെടുത്ത് ചാടി നടക്കുന്ന അങ്ങാടിക്കുരുവിയുടെ ശാസ്ത്രനാമം ലാറ്റിന്‍ ഭാഷയില്‍ 'വീട്ടില്‍ അധിവസിക്കുന്നത്' എന്ന അര്‍ഥം വരുന്ന ഡൊമസ്റ്റിക്കസ് എന്നതാണ്. ഏകദേശം പതിനഞ്ച് സെന്റീമീറ്റര്‍ നീളവും മുപ്പതുഗ്രാം വരെ ഭാരവുമുണ്ട് കറുപ്പും ബ്രൌണ്‍ നിറവും ചേര്‍ന്ന പുള്ളികളുള്ള മേല്‍ചിറക്, കറുത്ത ചെറിയ ചുണ്ട്, നരച്ച ചാരനിറമുള്ള അടിവയര്‍, കഴുത്തില്‍ ചെറിയൊരു വെള്ള ചുട്ടി, കണ്ണിന്റെ ഭാഗത്ത് നേരിയ കറുത്ത നിറത്തിലുള്ള ഒരു പട്ട എന്നിവയാണ് അങ്ങാടിക്കുരുവികളുടെ അഴക്. മൂന്നുവര്‍ഷം വരെ ജീവിച്ചിരിക്കും. ലോകത്ത് ഏകദേശം നൂറ്റിനാല്‍പതോളം ഇനം അങ്ങാടിക്കുരുവികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ കുരുവികള്‍ എല്ലായിടത്തും മനുഷ്യരെ പിന്തുടരുന്നതാണെന്നും മനുഷ്യവാസമില്ലാത്തിടത്ത് ഇവര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മനുഷ്യര്‍ കൃഷി ആരംഭിച്ച ഘട്ടത്തില്‍ തന്നെ കാട്ടുപക്ഷികളില്‍ നിന്ന് അങ്ങാടിക്കുരുവികള്‍ വേര്‍പിരിഞ്ഞു വന്നിരുന്നു. സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജോടി ജീനുകളാണ് അന്നജം അടങ്ങിയ ഗോതമ്പിനോടും അരിയോടും ഉള്ള ഇവരുടെ ഇഷ്ടം കൂട്ടുകയും ഇവരെ അങ്ങാടി വാസികളാക്കുകയും ചെയ്തതെന്നാണ് നിഗമനം. അത്രയേറെ ആളുകളുമായി അടുത്ത് നില്‍ക്കുന്ന ഈ പക്ഷികള്‍ പക്ഷെ ഇന്നത്തെ അങ്ങാടികളില്‍ അപൂര്‍വമായിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ധാന്യ വിപണികളിലെല്ലാം ആയിരക്കണക്കിന് പക്ഷികളെ ഒരേ സമയം കാണാന്‍ കഴിഞ്ഞിരുന്നു. അങ്ങാടികള്‍ വളര്‍ന്നു, പക്ഷെ അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമായിരിക്കുന്നു. വിരലിലെണ്ണാവുന്ന കുരുവികളെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ഡാറ്റ ബുക്കില്‍ കയറിപ്പറ്റിയിരിക്കുകയാണ് ഈ കുഞ്ഞു കുരുവികള്‍.
എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു? ഇക്കാര്യത്തില്‍ പഠനങ്ങളും അന്വേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും അവയുടെയൊന്നും കണ്ടെത്തലുകള്‍ക്ക് ഒരു ശാസ്ത്രീയ പിന്‍ബലം ഇല്ലെന്നുള്ളതാണ് വസ്തുത. ഭക്ഷ്യധാന്യത്തിലെ വിഷബാധ മുതല്‍ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ വരെ കാരണമായി ചൂണ്ടിക്കാട്ടിക്കപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ വന്ന 1990 -കളുടെ അവസാനത്തില്‍ അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയത് യാദൃശ്ചികമല്ലെന്നാണ് സാധാരണക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. രാസകീടനാശിനികള്‍ ഉപയോഗിച്ചുള്ള കൃഷിരീതികളുടെ വ്യാപനം അനേകം ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണമായതുപോലെ അങ്ങാടിക്കുരുവികളുടെ വംശനാശത്തിന് പിന്നിലും ഇതൊരു കാരണമായി പ്രവര്‍ത്തിക്കുന്നുണ്ട്. വലിയതോതിലുള്ള നഗരവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം മാലിന്യങ്ങളുടെ വര്‍ദ്ധന തുടങ്ങിയവയെല്ലാം ഈ കുഞ്ഞു കുരുവിയുടെ ആവാസ വ്യവസ്ഥയില്‍ ആഘാതമുണ്ടാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തില്‍ വന്ന മാറ്റവും ഇവരെ മനുഷ്യവാസമുള്ളിടത്തു നിന്ന് അകറ്റി. അതുപോലെ, പ്ലാസ്റ്റിക് ഉപയോഗം, പക്ഷിക്കൂടുകളുടെ നാശം എന്നിവയെല്ലാം ഇവയുടെ വംശവര്‍ദ്ധനവിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. അതിനാലായിരിക്കണം അങ്ങാടികള്‍ അതിവേഗം വളരുമ്പോഴും അതിനൊത്ത് നിലനില്‍ക്കാന്‍ അങ്ങാടിക്കുരുവികള്‍ക്ക് കഴിയാതെ പോയത്. കോവിഡ് കാലഘട്ടം മറ്റു ജീവികളില്‍ നിന്ന് ഭിന്നമായി ഇവയുടെ എണ്ണം കുറക്കുകയാണ് ഉണ്ടായത്. ഈ കാലത്ത് അങ്ങാടികള്‍ സജീവമല്ലാതായതോടെ ഇവയുടെ നിലനില്പ്പും അപകടത്തിലായി.
മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികള്‍ എന്ന നിലയില്‍ ഇവയെ സംരക്ഷിക്കാന്‍ മനുഷ്യര്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍സ് ഓഫ് ബേര്‍ഡ്‌സ്, നേച്ചര്‍ ഫോര്‍ എവര്‍ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നവരില്‍ പ്രമുഖര്‍. തിരുവനന്തപുരത്ത് റൈറ്റേഴ്‌സ് ആന്റ് നേച്ചര്‍ ലവേഴ്‌സ് ഫോറം എന്ന സംഘടന വര്‍ഷങ്ങളായി അങ്ങാടിക്കുരുവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവയുടെ സംരക്ഷണം കുറച്ചുകൂടി കാര്യക്ഷമമാണെന്ന് വേണം പറയാന്‍. ഇവിടങ്ങളില്‍ കുരുവികള്‍ക്ക് തീറ്റ നല്‍കുവാനും, കൂടൊരുക്കുവാനും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. അങ്ങാടിക്കുരുവികളെ തിരികെ കൊണ്ടുവരാന്‍ ലോകമാകെ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശാസ്ത്രജ്ഞനും പക്ഷി നിരീക്ഷകനുമായ മുഹമ്മദ് ദിലാവര്‍ നേതൃത്വം നല്‍കുന്ന 'നേച്ചര്‍ ഫോര്‍ എവര്‍' എന്ന സംഘടനയുടെ ശക്തമായ പ്രചാരണമാണ് മാര്‍ച്ച് 20 'ലോക അങ്ങാടിക്കുരുവി ദിനമായി' ആചരിക്കുന്നതിനും അങ്ങാടിക്കുരുവിയെ ഡല്‍ഹിയുടെ സംസ്ഥാന പക്ഷിയായി പ്രഖ്യാപിക്കുന്നതിനും കാരണമായത്
നഗരപ്രദേശത്തെ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് കൂടുകള്‍ സ്ഥാപിച്ചും ധാന്യങ്ങളും വെള്ളവും കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും ഇവയുടെ വംശനാശം ഒരു പരിധിവരെ തടയാന്‍ കഴിയും. നഗരങ്ങളിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ കുരുവികള്‍ക്ക് കുറച്ചുകൂടി കൂടുതല്‍ സംരക്ഷണം ഒരുക്കാന്‍ കഴിയും. ഇവിടെ താമസമുള്ളവര്‍ അവരുടെ ബാല്‍ക്കണികളില്‍ ചെറിയ ദ്വാരമിട്ട പെട്ടികള്‍ വച്ചാല്‍ അവ അതില്‍ വന്ന് താമസിക്കും. ബാല്‍ക്കണിയില്‍ നെസ്റ്റിംഗ് ബോക്‌സുകളും വെള്ളം ധാന്യം എന്നിവ നിറച്ച പാത്രങ്ങളും ഇടുന്നത് വലിയ ഗുണം ഉണ്ടാക്കും. നമ്മുടെ ചെറിയ ചെറിയ കൈകൊടുക്കലുകള്‍ കൊണ്ട് ഇവയുടെ കലപില വീണ്ടും കേള്‍പ്പിക്കാന്‍ കഴിയും. പ്രകൃതിയില്‍ ഒരു ജീവന്റെ കണ്ണി മുറിയാതെ കാക്കേണ്ടത് നമ്മുടെ തന്നെ നിലനില്‍പിന് അനിവാര്യമാണ്.