കോടീശ്വരനാണ്, സ്വന്തമായി വീടോ ആഡംബരക്കാറോ ഇല്ല, 29 -കാരൻ സ്വയം വിളിക്കുന്നത് പിശുക്കനെന്ന്

By Web TeamFirst Published Sep 14, 2024, 12:46 PM IST
Highlights

തിമോത്തി സ്വയം വിശേഷിപ്പിക്കുന്നത് തന്നെ താനല്പം പിശുക്കനാണ് എന്നാണ്. മാത്രമല്ല, ഈ പ്രായത്തിലുള്ളവരെപ്പോലെ ആഡംബരക്കാറിലോ ബം​ഗ്ലാവുകളിലോ ഒന്നിലും അയാൾക്ക് താല്പര്യവുമില്ല.

കോടീശ്വരന്മാരെന്ന് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ വരുന്നത് എന്തൊരു ആഡംബര ജീവിതമായിരിക്കും അവരുടേത് എന്നാണ് അല്ലേ? ആഡംബരവീടുകൾ, കാറുകൾ, ജീവിതരീതി ഒക്കെയുണ്ടാകും അതിൽ. എന്നാൽ, 29 -കാരനായ ഈ കോടീശ്വരന് അതൊന്നും തന്നെ ഇല്ല. മാത്രമല്ല, കാറിനോ വീടിനോ വേണ്ടി തന്റെ പണം ചെലവാക്കിക്കളയാനും അയാൾക്ക് ഒട്ടും താല്പര്യമില്ല. 

ഫാന്‍ബൈറ്റ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായിരുന്ന തിമോത്തി അര്‍മോയാണ് ആ കോടീശ്വരൻ. എന്നാൽ, 2022 മെയ് മാസം ഫാന്‍ബൈറ്റ്‌സിനെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ബ്രെയിന്‍ലാബ്‌സിന് വിൽക്കുകയായിരുന്നു തിമോത്തി. അതിൽ നിന്നും കിട്ടിയ ലാഭം തിമോത്തിയെ കോടീശ്വരനാക്കി. എന്നാൽ, ആ പണം ചെലവഴിച്ചു കളയാൻ അയാൾ തയ്യാറല്ല. ചെലവാക്കാൻ തുടങ്ങിയാൽ ചെലവാക്കിക്കൊണ്ടേയിരിക്കുമെന്നും പിന്നീട് കയ്യിൽ ഒന്നും ബാക്കി കാണില്ല എന്നുമാണ് തിമോത്തി പറയുന്നത്. താൻ ചെലവഴിക്കുന്ന ഓരോ പൗണ്ടും ഒരു സ്പ്രെഡ്ഷീറ്റിൽ താൻ കുറിച്ച് വയ്ക്കുന്നുണ്ട് എന്നും തിമോത്തി പറയുന്നു.

Latest Videos

തിമോത്തി സ്വയം വിശേഷിപ്പിക്കുന്നത് തന്നെ താനല്പം പിശുക്കനാണ് എന്നാണ്. മാത്രമല്ല, ഈ പ്രായത്തിലുള്ളവരെപ്പോലെ ആഡംബരക്കാറിലോ ബം​ഗ്ലാവുകളിലോ ഒന്നിലും അയാൾക്ക് താല്പര്യവുമില്ല. താൻ എപ്പോഴെങ്കിലും ഒരുആഡംബര പർച്ചേസ് നടത്തിയിട്ടുണ്ടെങ്കിൽ അത് തനിക്കും തൻ്റെ മുൻ കാമുകിക്കുമായി ബാലിയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വാങ്ങിയത് മാത്രമാണ് എന്നാണ് തിമോത്തി പറയുന്നത്.

തനിക്ക് സ്വന്തമായി ഒരു വീടോ മറ്റെന്തെങ്കിലും കെട്ടിടങ്ങളോ ഇല്ല എന്നും തിമോത്തി പറയുന്നു. കെട്ടിടങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് പണം സ്വരൂപിക്കാനുള്ള മാർ​ഗം എന്ന് പലരും കരുതുന്നു. എന്നാൽ, താൻ അങ്ങനെ കരുതുന്നില്ല എന്നും ബിസിനസ് ചെയ്താണ് പണം കണ്ടെത്തേണ്ടത് എന്നാണ് കരുതുന്നത് എന്നും തിമോത്തി പറയുന്നു. 

തിമോത്തിക്ക് പങ്കാളിയോ കുടുംബമോ ഇല്ല. ഇന്‍ഡെക്‌സ് ഫണ്ടുകള്‍ വഴി നിക്ഷേപം നടത്തിയും ഷോപ്പിഫൈ, ക്ലൗഡ്ഫെയറടക്കമുള്ള ഓഹരികള്‍ സ്വന്തമാക്കിയുമാണ് തിമോത്തി തന്റെ പണം സുരക്ഷിതമാക്കുന്നത്. കൂടാതെ, കെനിയ, അംഗോള, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളിൽ അവൊകാഡോ, മാമ്പഴം തുടങ്ങിയ ബിസിനസുകള്‍ക്കായി തിമോത്തി പണം നിക്ഷേപിക്കുന്നുണ്ട്. 

വായിക്കാം: കറുത്ത വസ്ത്രങ്ങൾ, 13 -ന് വെള്ളിയാഴ്ച സെമിത്തേരിയിൽ ചടങ്ങ്, വ്യത്യസ്തമായി വിവാഹം കഴിച്ച് ദമ്പതികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!