നൂറിലധികം ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അസ്ഥികൂടങ്ങളടക്കം വിവിധ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തി.
തുർക്കിയിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ 11,000 വർഷം പഴക്കമുള്ള മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്യത്തിൻ്റെ തെക്കൻ ഭാഗത്ത് നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെത്തിയത്. മനുഷ്യരുടെ ഇടയിൽ അന്നത്തെ കാലത്തുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വിരൽ ചൂണ്ടുന്നവയാണ് ഈ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.
തെക്കുകിഴക്കൻ തുർക്കിയിലെ ബോൺകുക്ലു തർല സൈറ്റിലാണ് പ്രസ്തുത ഖനനം നടന്നത്. നൂറിലധികം ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അസ്ഥികൂടങ്ങളടക്കം വിവിധ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തി. ചുണ്ണാമ്പുകല്ല്, ഒബ്സിഡിയൻ, ക്ലോറൈറ്റ്, ചെമ്പ്, നദിയിൽ നിന്നും കിട്ടുന്ന കല്ലുകൾ എന്നിവ കൊണ്ടാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഭൗതികാവശിഷ്ടങ്ങളുടെ താടിക്കും ചെവിക്കുമടുത്തായിട്ടാണ് ഇവ കണ്ടെത്തിയത്. 85 ഓളം ആഭരണങ്ങൾ നല്ല നിലയിലാണെന്നും കണ്ടെത്തി.
undefined
ഈ കണ്ടുപിടിത്തത്തിൻ്റെ പ്രത്യേകത ഈ ആഭരണങ്ങൾ ശരീരം തുളച്ച് ധരിച്ചതാണ് എന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, പ്രായപൂർത്തിയായവർ മാത്രമേ ഈ ആഭരണങ്ങൾ ധരിച്ചിട്ടുള്ളൂ. അതിനാൽ തന്നെ പ്രായപൂർത്തിയാകുമ്പോൾ നടത്തുന്ന എന്തെങ്കിലും ആചാരങ്ങളുടെ ഭാഗമായിരിക്കാം ഈ ആഭരണങ്ങൾ എന്നാണ് കരുതുന്നത്. വ്യത്യസ്ത വലിപ്പത്തിലാണ് ആഭരണങ്ങൾ ഉള്ളത്. ചെവിയിലും താഴത്തെ ചുണ്ടിലുമായിട്ടാവാം അവ ധരിച്ചിരുന്നത് എന്നും കരുതുന്നു. കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങളിലും ഇവിടെ ഒരു കീറുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അങ്കാറ യൂണിവേഴ്സിറ്റിയിലെ പ്രീഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസർ ഡോ. എമ്മ ലൂയിസ് ബെയ്സൽ പറയുന്നത്, "ഇവ ഉപയോഗിച്ച ആളുകളുടെ അസ്ഥികൂടങ്ങളിൽ നിന്നും ആദ്യമായി അവ ധരിച്ചിരുന്ന ആളുകളായിരിക്കാം ഇവർ എന്നാണ് കരുതപ്പെടുന്നത്. ഇത് അവരുടെ പ്രായവുമായോ പ്രായപൂർത്തിയായി എന്നതുമായോ ബന്ധപ്പെട്ടിരിക്കാം. അതുപോലെ അവരുടെ പദവികളുമായി ബന്ധപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. കാരണം, ഈ ആഭരണങ്ങൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവശിഷ്ടങ്ങളിൽ നിന്നും മാത്രമേ കിട്ടിയിട്ടുള്ളൂ. കുട്ടികളുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും കിട്ടിയിട്ടില്ല" എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം