യഹിയ ഇപ്പോള്‍ എവിടെയാണ്? നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആ 'ചായക്കടക്കാരനെ' തിരയുമ്പോള്‍

By Web Team  |  First Published Nov 8, 2019, 9:53 PM IST

പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും യഹിയയിലെ ആ തന്റേടി ഇപ്പോഴും അതേപോലെയുണ്ടെന്ന് സനുവിന്റെ സാക്ഷ്യം. 'നിലപാടുകളിലൊന്നും അദ്ദേഹത്തിന് ഇപ്പോഴും മാറ്റമില്ല. മരിച്ചാല്‍ അടക്കുന്നതിനുള്ള പൈസ പുള്ളി തന്നെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.'
 


2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരും അനുകൂലിച്ചവരുമുണ്ടായിരുന്നു. എതിര്‍സ്വരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്ന് കേരളത്തില്‍ നിന്നായിരുന്നു. താന്‍ പണമായി സൂക്ഷിച്ച 23,000 രൂപ നേരമിരുട്ടി വെളുത്തപ്പോള്‍ മൂല്യമില്ലാതായിപ്പോയതില്‍ പ്രതിഷേധിച്ച യഹിയ എന്ന എഴുപതുകാരനായ ചായക്കടക്കാരന്റെ ചിത്രം. മൂല്യം നഷ്ടപ്പെട്ട 23,000 രൂപയുടെ നോട്ടുകള്‍ കത്തിച്ച്, പാതി മീശയും പിന്നീട് പാതി മുടിയും വടിച്ചുകളഞ്ഞ, പ്രധാനമന്ത്രി രാജിവെക്കുംവരെ ഇനി മീശ വെക്കില്ലെന്ന് പ്രഖ്യാപിച്ച യഹിയ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ സനു കുമ്മിള്‍ യഹിയയുടെ ജീവിതസമരം 'ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്' എന്നപേരില്‍ ഡോക്യുമെന്ററി ആക്കിയപ്പോള്‍ ആ ജീവിതം കൂടുതല്‍ പേര്‍ കണ്ടറിഞ്ഞു. നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനം കടന്നുപോകുമ്പോള്‍ എവിടെയാണ് യഹിയ? ഇപ്പോഴും പറഞ്ഞ നിലപാടുകളില്‍ ഉറച്ചുതന്നെയാണോ അയാള്‍?

ആരോഗ്യപരമായ കാരണങ്ങളാല്‍ ആ ചായക്കട ഇപ്പോള്‍ യഹിയയല്ല നടത്തുന്നതെന്നും എന്നാല്‍ നിലപാടുകളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുതന്നെയാണെന്നും ഡോക്യുമെന്ററി ഒരുക്കിയ സനു കുമ്മിള്‍ പറയുന്നു. വ്യക്തിപരമായി നേരിട്ട അനീതികളോട് മുന്‍പും വ്യത്യസ്തമായി പ്രതികരിച്ചിട്ടുള്ള ആളാണ് യഹിയ. സമരം അയാളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. നോട്ട് നിരോധനകാലത്ത് വലിയ വാര്‍ത്തയായ പ്രതിഷേധത്തിലേക്ക് അയാളെ എത്തിച്ച ഒരു ജീവിതമുണ്ട്. ആ ജീവിതത്തെക്കുറിച്ചും യഹിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും സനു കുമ്മിള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു.

Latest Videos

undefined

 

നാട്ടുകാരുടെ 'മാക്‌സി മാമ'

വസ്ത്രധാരണത്തിലെ പ്രത്യേകത കൊണ്ടുതന്നെ ആദ്യമായി കാണുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റും യഹിയ. സ്ത്രീകള്‍ ധരിക്കുന്നതരം മാക്‌സിയാണ് സ്ഥിരം വേഷം. ആ വേഷത്തിലേക്കെത്തിയതിന് പിന്നിലും ഒരു 'സമര'കഥയുണ്ട്. ഗള്‍ഫില്‍ ഏറെക്കാലം 'ആടുജീവിതം' നയിച്ച ആളാണ് യഹിയ. ആ ജീവിതത്തില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ടാണ് അയാള്‍ ജീവിതം കെട്ടിപ്പടുത്തത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അറിയാവുന്ന ഒരു പണി പാചകമായിരുന്നു. മുന്‍പ് ഒരു വീട്ടില്‍ പാചകക്കാരനായി നിന്നിരുന്നു. ആ അനുഭവത്തിന്റെ തെളിച്ചത്തില്‍ ഒരു ചെറിയ കട തുടങ്ങി. അവിടെയും യഹിയയ്ക്ക് തന്റേതായ രീതികള്‍ ഉണ്ടായിരുന്നു. 

രണ്ട് ചിക്കന്‍ വാങ്ങിയാല്‍ അര ചിക്കന്‍ ഫ്രീ ആയിരുന്നു ആ ഹോട്ടലില്‍. മൂന്ന് ദോശ വാങ്ങിയാല്‍ ഒരു ദോശ ഫ്രീ. പക്ഷേ സൗജന്യമായി കിട്ടിയ ഭക്ഷണം കഴിച്ചുതീര്‍ത്തില്ലെങ്കില്‍ 25 രൂപ ഫൈന്‍ നല്‍കണമായിരുന്നു. അങ്ങനെ ആ കട നടത്തിക്കൊണ്ടിരുന്ന സമയത്താണ് യഹിയ തന്റെ വേഷം മാക്‌സി ആക്കുന്നത്. അതിന് കാരണമായത് പൊലീസുകാരുമായി ഉണ്ടായ ഒരു പ്രശ്‌നമായിരുന്നു. സ്ഥലം എസ്‌ഐയുടെ മുന്നില്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചില്ലെന്ന കാരണത്താല്‍ പൊലീസുകാരുമായി വാക്കുതര്‍ക്കമായി. അവര്‍ കരണത്ത് അടിച്ചു. അതിലുള്ള പ്രതിഷേധത്താല്‍ മടക്കിക്കുത്ത് അഴിക്കേണ്ടാത്ത ഒരു വസ്ത്രം എന്ന നിലയില്‍ മാക്‌സി സ്ഥിരം വേഷം ആക്കുകയായിരുന്നു. ആ വേഷം കൊണ്ട് 'മാക്‌സി മാമ' എന്ന് നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങി. 

നോട്ട് നിരോധനം

സഹകരണബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും കടയിലും പൈസ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ രാത്രി രണ്ടുമൂന്നുപേര്‍ കടയിലെത്തി യഹിയയെ ആക്രമിച്ച് പണം തട്ടിയെടുത്തിരുന്നു. അതിന് ശേഷം കടയില്‍ വരുന്ന പണം താല്‍ക്കാലികമായി അടുത്തുള്ള ഓടയില്‍ ഒരു കുഴിയെടുത്താണ് രാത്രി സൂക്ഷിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് നോട്ട് നിരോധനം വരുന്നത്. 23,000 രൂപയാണ് പണമായി അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ ആയിരത്തിന്റെ നോട്ടുകള്‍. മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ രണ്ട് ദിവസം ക്യൂ നിന്നിട്ടും നടന്നില്ല. ഒരു ദിവസം ക്യൂവില്‍ നില്‍ക്കവെ ഷുഗര്‍ മൂലമുള്ള അവശതകൊണ്ട് ബോധംകെട്ട് വീണു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി നടത്തിയ സമരമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വിലയില്ലാതായ നോട്ടുകള്‍ കത്തിച്ച് ചാരമാക്കി. പകുതി മീശ എടുത്തു. നരേന്ദ്ര മോദി രാജിവെക്കുന്നതുവരെ മീശ വളര്‍ത്തില്ലെന്ന് പറഞ്ഞു. പിറ്റേ വര്‍ഷം മുടിയുടെ പകുതിയും എടുത്തു. 

 

യഹിയ ഇപ്പോള്‍ എവിടെ?

വാര്‍ത്തകളിലൂടെയും പിന്നീട് ഡോക്യുമെന്ററിയിലൂടെയും കണ്ട ആ ചായക്കട ഇപ്പോള്‍ യഹിയ അല്ല നടത്തുന്നത്. ഇടയ്ക്ക് ഹൃദയാരോഗ്യം മോശമായതിനെത്തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ കട താല്‍ക്കാലികമായി അടയ്‌ക്കേണ്ടിവന്നു. പക്ഷേ നാട്ടുകാര്‍ ഇടപെട്ട് മറ്റൊരാള്‍ ഇപ്പോള്‍ ആ കട നടത്തുന്നുണ്ട്. ദിവസം 350 രൂപയും ഭക്ഷണവും യഹിയയ്ക്ക് അവിടെനിന്ന് ലഭിക്കും. മൂന്ന് മാസം മുന്‍പ് ഭാര്യ മരിച്ചുപോയി. കടയ്ക്ക് അടുത്തുള്ള ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം. ഒരു പൊലീസുകാരന്റെ വീടാണ് അത്. അവിടെ മുന്‍പ് സഹായിയായി നിന്നിട്ടുണ്ട് യഹിയ. പൊലീസുകാരനും കുടുംബവും മാറിയപ്പോള്‍ ഉപയോഗിക്കാന്‍ യഹിയയ്ക്ക് കൊടുത്തിരിക്കുകയാണ്. പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും യഹിയയിലെ ആ തന്റേടി ഇപ്പോഴും അതേപോലെയുണ്ടെന്ന് സനുവിന്റെ സാക്ഷ്യം. 'നിലപാടുകളിലൊന്നും അദ്ദേഹത്തിന് ഇപ്പോഴും മാറ്റമില്ല. മരിച്ചാല്‍ അടക്കുന്നതിനുള്ള പൈസ പുള്ളി തന്നെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.' ഡോക്യുമെന്ററിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ നോട്ട് നിരോധനത്താല്‍ നഷ്ടപ്പെട്ട പണം താന്‍ യഹിയയ്ക്ക് മടക്കിനല്‍കിയിരുന്നെന്നും സനു പറയുന്നു. 

 

'ചായക്കടക്കാരന്റെ മന്‍ കീ ബാത്'

ഐഡിഎസ്എഫ്എഫ്‌കെയില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയിരുന്നു ചിത്രം. ദില്ലി കേരള ക്ലബ്ബില്‍ സെപ്റ്റംബര്‍ അവസാനം നടത്താന്‍ നിശ്ചയിച്ച പ്രദര്‍ശനം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ദില്ലി ജേണലിസ്റ്റ് യൂണിയന്‍ അവരുടെ ഓഫീസില്‍വച്ച് ചിത്രം പ്രദര്‍ശിപ്പിച്ചു. ജെഎന്‍യുവില്‍ ഒരു പ്രദര്‍ശനം വൈകാതെ നടന്നേക്കുമെന്നും സനു കുമ്മിള്‍ പറയുന്നു.

click me!