'പൗരന്മാർ മഹാനായ ഒരു മനുഷ്യന്റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറ വെക്കരുത്...' അംബേദ്‍കര്‍ അന്ന് പറഞ്ഞത്

By Vishnuraj Thuvayoor  |  First Published Jan 27, 2020, 12:53 PM IST

റിപ്പബ്ലിക്കായതിനെ എഴുപതാം വർഷം തിരിഞ്ഞുനോക്കുമ്പോൾ അനേകായിരം വൈവിധ്യങ്ങൾക്കിടയിൽ, വിഭജിച്ചു പോകാമായിരുന്ന നൂറുകണക്കിന് കാരണങ്ങൾക്കിടയിൽ നമ്മൾ വിയോജിച്ചുകൊണ്ടുതന്നെ യോജിക്കുന്നു. യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഇടങ്ങളാണ് നമ്മെ സാധ്യമാക്കുന്നത്. അത്തരമിടങ്ങൾ രൂപപ്പെടുത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം മഹത്തായ ഒരു ഗ്രന്ഥത്തിനാണെന്ന് ഉറപ്പിച്ചു പറയാം. ഇന്ത്യൻ ഭരണഘടനയെന്നാണതിന്റെ പേര്.


ഇന്ത്യയൊരു അസ്വാഭാവിക രാഷ്ട്രമാണെന്നും അതിന് ബ്രിട്ടീഷ് ഭരണാനന്തരം അതിജീവനം സാധ്യമല്ലെന്നും കരുതിയവർ ഏറെപ്പേരുണ്ടായിരുന്നു. 'ഭൂതകാലത്തിൽ ഒരു ഇന്ത്യൻ രാഷ്ട്രമോ രാജ്യമോ ഉണ്ടായിരുന്നില്ല, ഭാവിയിലും അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നും യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങൾ ചേർന്ന ഒരൊറ്റ രാഷ്ട്രമാകും എന്ന് സങ്കല്പിക്കുന്നതുപോലെ അസാധ്യമാണത്' എന്ന് സർ ജോൺ സ്ട്രാച്ചിയും 'ഇന്ത്യക്കാർക്ക് 4000 വർഷം പ്രായമുണ്ട്, സ്വയംഭരണ സാധ്യതയെന്ന വ്യവഹാരം സ്വായത്തമാക്കാൻ വേണ്ടതിലധികം വയസ്സായിപ്പോയി. ക്രമസമാധാനമാണ് അവരുടെ ആവശ്യം. അതു പാലിക്കാൻ അവിടെ ഞങ്ങളുണ്ട്. ഞങ്ങളത് നേരേ ചൊവ്വേ അങ്ങോട്ടു കൊടുക്കുന്നുമുണ്ട്' എന്ന് റുഡ് യാഡ് ക്ലിപ്പിങ്ങും 'ബ്രിട്ടീഷുകാർ വിട്ടുപോന്നാൽ അവർ സൃഷ്ടിച്ച പൊതുസേവനശൃംഖലയാകെ - നീതിനിർവഹണം, ആരോഗ്യം, റെയിൽവേ എന്നീ വിഭാഗങ്ങൾ മുഴുവൻ നശിക്കും. ഇന്ത്യ നൂറ്റാണ്ടുകൾ പിന്നിലേക്ക് മധ്യയുഗത്തിലെ ശോച്യാവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന്' വിൻസ്റ്റൻ ചർച്ചിലും കരുതുന്നുണ്ട്. സ്വാതന്ത്ര്യനന്തരവും പലരും ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്.

Latest Videos

undefined

 

'പ്രധാന ചോദ്യം അവശേഷിക്കുന്നു. ഇന്ത്യയ്ക്ക് ഒരൊറ്റക്കെട്ടായി നിലനിൽക്കാനാകുമോ? അതോ അതു വിഘടിക്കുമോ? ഈ വിശാലമായ രാജ്യവും ഇവിടുത്തെ 524 ജനങ്ങളെയും 15 മുഖ്യഭാഷകളെയും പരസ്പരം പോരടിക്കുന്ന മതങ്ങളെയും പലതരം വശങ്ങളെയും കാണുമ്പോൾ ഒരൊറ്റ രാജ്യം എപ്പോഴെങ്കിലും ആവിർഭവിക്കും എന്നത് അവിശ്വസനീയമായി തോന്നുന്നു. ഈ രാജ്യത്തെ മനക്കണ്ണുകൊണ്ട് കാണാൻ തന്നെ പ്രയാസം. മഹത്തായ ഹിമാലയസാനുക്കൾ, സൂര്യതാപമേറ്റ് കത്തുകയും രൂക്ഷമായ കാലവർഷത്തിൽ പ്രളയമാകുകയും ചെയ്യുന്ന വിശാലമായ സിന്ധുഗംഗാതടം, കിഴക്കുള്ള ഹരിതാഭമായ ജനവിരുദ്ധമായ അഴിമുഖങ്ങൾ, കൽക്കത്ത, ബോംബെ, മദ്രാസ് മഹാനഗരങ്ങൾ. ഇതുപലപ്പോഴും ഒരു രാജ്യമാണെന്നുപോലും തോന്നുന്നില്ല. പക്ഷേ, ഇന്ത്യയ്ക്കു ദൃഢമായ ഒരു അകക്കാമ്പുണ്ടെന്നും അതു നിന്നനില്പ് ഉറപ്പാക്കുമെന്നും തോന്നുന്നുമുണ്ട്. ഇന്ത്യൻ വീര്യം അഥവാ ആത്മാവ് എന്നു മാത്രം വിശേഷിപ്പിക്കാവുന്ന എന്തോ ഒന്നുണ്ട്. ഏഷ്യയുടെയാകെ ഭാവി തൂങ്ങിനിൽക്കുന്നത് അതിന്റെ അതിജീവനത്തിലാണ് എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.'
എന്ന് രാജ്യം സ്വതന്ത്രമായി 22 വർഷങ്ങൾക്കിപ്പുറം, പരമാധികാര, സ്വതന്ത്ര റിപ്പബ്ലിക്കായിട്ട് 19-ാം വർഷങ്ങൾക്കിപ്പുറം 1969-ൽ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോൺ ടെയ്ലർ എഴുതുന്നുണ്ട്.

എന്നാൽ, ഇത്തരം ആശങ്കകൾക്കൊപ്പം നിൽക്കാനോ, ഭയന്ന് പിന്മാറാനോ ജനതയെ അവിശ്വസിക്കാനോ, സംസ്ഥാനങ്ങളെ തള്ളിക്കളയാനോ, ന്യൂനപക്ഷങ്ങളെ അടിച്ചിറക്കാനോ, വസ്ത്രം നോക്കി ജനങ്ങളെ തിരിച്ചറിയാനോ അല്ല രാഷ്ട്രമെന്നനിലയിൽ ഇന്ത്യയും ഇന്ത്യയെന്ന മഹത്തായ ആശയത്തെ രൂപപ്പെടുത്തിയവരും ശ്രമിച്ചത്. റിപ്പബ്ലിക്കായതിനെ എഴുപതാം വർഷം തിരിഞ്ഞുനോക്കുമ്പോൾ അനേകായിരം വൈവിധ്യങ്ങൾക്കിടയിൽ, വിഭജിച്ചു പോകാമായിരുന്ന നൂറുകണക്കിന് കാരണങ്ങൾക്കിടയിൽ നമ്മൾ വിയോജിച്ചുകൊണ്ടുതന്നെ യോജിക്കുന്നു. യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഇടങ്ങളാണ് നമ്മെ സാധ്യമാക്കുന്നത്. അത്തരമിടങ്ങൾ രൂപപ്പെടുത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം മഹത്തായ ഒരു ഗ്രന്ഥത്തിനാണെന്ന് ഉറപ്പിച്ചു പറയാം. ഇന്ത്യൻ ഭരണഘടനയെന്നാണതിന്റെ പേര്.
ഭരണഘടനയെ അട്ടിമറിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ നാമിതൊക്കെ ആവർത്തിച്ചു പറയേണ്ടതുണ്ട്.

ഡോ. ബി.ആർ. അബേദ്‍കര്‍

കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1949 നവംബർ  25- ന് നടത്തിയ പ്രസംഗത്തിൽനിന്ന് ആരംഭിക്കാം. അദ്ദേഹം പറയുന്നു;
''1950 ജനുവരി 26-ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോൾ അത് വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തികജീവിതത്തിൽ അസമത്വവും. രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്ത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്കാരം തുടർന്നാൽ നമ്മുടെ രാഷ്ടീയ ജനാധിപത്യം അപകടത്തിലാകും.

പൗരന്മാർ മഹാനായ ഒരു മനുഷ്യന്റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറ വെക്കരുത്.
തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറിക്കാൻ അയാളെ സഹായിച്ചേക്കാവുന്ന തരത്തിൽ വിശ്വസിച്ച് അംഗീകാരങ്ങൾ നൽകിക്കളയരുത്.
ഇന്ത്യയിൽ ഭക്തി അഥവാ വീരാരാധന രാഷ്ടീയത്തിൽ ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര വലിയ പങ്കുവഹിക്കുന്നുണ്ട്. മതത്തിൽ ഭക്തി മോക്ഷമാർഗമാകാം. പക്ഷേ, രാഷ്ടീയത്തിൽ ഭക്തി, വീരാരാധന എന്നിവ അധ:പതനത്തിനും ക്രമേണ ഏകാധിപത്യത്തിനും വഴിവെക്കും.''

 

നമ്മുടെ രാജ്യത്തിന്റെ വർത്തമാനകാല ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മേൽ ഉദ്ധരിച്ച വാചകങ്ങൾ പലയാവർത്തി വായിക്കേണ്ടിവരും. ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ, ഇന്ത്യയെന്ന മഹത്തായ രാഷ്ട്രീയ ആശയത്തെ നിലനിർത്തുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, വിയോജിപ്പുകളും യോജിപ്പുകളും ഇടർച്ചകളും ഇണക്കങ്ങളും കലഹങ്ങളും കലാപങ്ങളുമൊക്കെ ഇന്ത്യയിലുണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും ഭരണഘടനയെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ ഇത്രത്തോളം സജീവമല്ലായിരുന്നു. ഭരണഘടനയെ തള്ളിപ്പറയുകയോ, കത്തിച്ചുകളയണമെന്ന് ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാൽ, സമീപകാല സാഹചര്യങ്ങൾ അങ്ങനെയല്ല. ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ തുടർജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള അതിക്രമങ്ങളാണ് ഭരണഘടനയ്ക്കു നേരെയുണ്ടാകുന്നത്. നിശ്ശബ്ദരായിരിക്കാൻ നമുക്ക് അർഹതയില്ല.

'നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ' എന്നാരംഭിക്കുന്ന ഇന്ത്യൻ ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ വ്യത്യാസങ്ങളുടെയോ ഒന്നും പേരിലല്ല പരിഗണിച്ചത്. അവരുടെ മതവിശ്വാസങ്ങളോ, തൊഴിലോ സാമ്പത്തികനിലയോ ഒന്നും പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശാധികാരങ്ങളെ റദ്ദുചെയ്യാനുള്ള ഉപാധിയായി കരുതിയിരുന്നുമില്ല. ദേശീയ സ്വാതന്ത്ര്യസമരകാലത്തോ വിഭജനകാലത്തോ നാട്ടുരാജ്യങ്ങളെ കൂട്ടിപ്പിടിച്ച് ഇന്ത്യയെന്ന ഭൂവിഭാഗത്തിന്റെ അഖണ്ഡതയുറപ്പിച്ച കാലത്തോ ഒന്നും തന്നെ നമ്മുടെ ദേശീയ നേതാക്കളോ ഭരണാധികളോ മതാധിഷ്ഠിതമാകണം ഈ രാജ്യമെന്ന് ആഗ്രഹിച്ചിരുന്നിട്ടില്ല. സ്വാതന്ത്ര്യാനന്തരം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രയാസം എന്തായിരുന്നുവെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്രെ മൽറോ ജവാഹർലാൽ നെഹ്റുവിനോട് ഒരിക്കൽ ചോദിക്കുന്നുണ്ട്. നെഹ്റു നൽകിയ മറുപടി ഇങ്ങനെയാണ്. 'നീതിപൂർവകമായ വഴികളിലൂടെ നീതി അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക, ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക'. എത്രമേൽ ആഴത്തിലുള്ള കാഴ്ചപ്പാടാണ് രാജ്യവുമായി ബന്ധപ്പെട്ട് ഏഴുപതിറ്റാണ്ട് മുമ്പ് തന്നെ നമ്മുടെ ഭരണാധികാരിക്കുണ്ടായിരുന്നതെന്ന് നെഹ്റുവിന്റെ മറുപടി വ്യക്തമാക്കും.

ഈ സന്ദർഭത്തെ വിശദീകരിച്ച് രാമചന്ദ്രഗുഹ ഇങ്ങനെ എഴുതുന്നു. 'സ്വാതന്ത്രേന്ത്യയുടെ അടിത്തറയായിരുന്നു മതേതരത്വം എന്ന ആശയം. ഇന്ത്യൻ ദേശീയപ്രസ്ഥാനം ഒരുകാലത്തും മതത്തിന്റെ പേരിൽ സ്വയം നിർവചിക്കാൻ കൂട്ടാക്കിയില്ല. ഇന്ത്യയിലെ ബഹുവിധമായ വിശ്വാസങ്ങൾക്ക് ഒരു സ്വതന്ത്രരാഷ്ട്രത്തിൽ ശാന്തിയോടെ സഹവർത്തിക്കാനാകും, അവ സഹവർത്തിക്കണം എന്ന് ഗാന്ധി ശഠിച്ചു. ഗാന്ധിയുടെ ഏറ്റവും പ്രമുഖനായ അനുയായി നെഹ്റുവും ഈ വിശ്വാസം പങ്കുവെച്ചു.'
2020 -ൽ രാജ്യം പരമാധികാര സ്വതന്ത്ര റിപ്പബ്ലിക്കായതിന്റെ എഴുപതാം വർഷത്തിലിരുന്ന് രാജ്യത്തെ നോക്കിക്കാണുമ്പോൾ സമൂഹത്തെപ്പറ്റി, ഇതരജനങ്ങളെപ്പറ്റി, അയൽ രാജ്യങ്ങളെപ്പറ്റിയൊക്കെയുള്ള രാജ്യത്തിന്റെ ജനാധിപത്യവീക്ഷണം തകർന്നുപോകുന്നത് മനസ്സിലാക്കാം.

ഭരണഘടനയെ അട്ടിമറിക്കുമ്പോൾ

ഭരണഘടനയെ അട്ടിമറിക്കുകയെന്നാൽ രാജ്യത്തെ അട്ടിമറിക്കുക എന്നുതന്നെയാണ് അർഥം. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ ആശയങ്ങൾ, ഭാവി ഇന്ത്യ എത്തരത്തിലുള്ളതായിരിക്കണമെന്ന സ്വപ്നങ്ങൾ, ജനങ്ങളുടെ മൗലികാവകാശങ്ങൾ തുടങ്ങിയവയെല്ലാം ഭരണഘടനയുമായി ബന്ധപ്പെട്ട് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നടന്ന ചർച്ചകളിൽ മുഴങ്ങിക്കേട്ടിരുന്നു. മൊത്തം 395 ഖണ്ഡങ്ങളും എട്ടു പട്ടികകളുമുള്ള ഇന്ത്യൻ ഭരണഘടനയായിരിക്കും ലോകത്തെ ഏറ്റവും ദൈർഘ്യമുള്ളത് എന്ന് രാമചന്ദ്രഗുഹ പറയുന്നുണ്ട്. 1946 മുതൽ 1949 ഡിസംബർ വരെയുള്ള മൂന്നുവർഷക്കാലമെടുത്തു നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകാൻ. ഈ കാലയളവിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അതിന്റെ ഓരോ വകുപ്പും ഇഴകീറി ചർച്ച ചെയ്തു. 11 തവന്ന അസംബ്ലി യോഗം ചേർന്നു. 165 ദിവസങ്ങൾ ചർച്ച നീണ്ടു. കരടുകൾ പരിഷ്കരിക്കപ്പെട്ടു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ നടപടിക്രമങ്ങൾ 11 കൂറ്റൻ വാല്യങ്ങളായി പ്രസിദ്ധീകരിച്ചുണ്ട്. ചില വാല്യങ്ങൾ ആയിരം പേജിലധികമുണ്ട്. അവ ഭരണഘടനാ നിർമാണവുമായി ബന്ധപ്പെട്ടവരുടെ തർക്കസ്വഭാവം, ഉൾക്കാഴ്ച, ധിഷണ, വികാരാവേശം, നർമബോധം തുടങ്ങിയവ തെളിയിക്കുന്നവയാണ്. ഒരു രാഷ്ട്രം എങ്ങനെയാകണം, ഏതു ഭാഷ സംസാരിക്കണം, ഏതുതരം രാഷ്ട്രീയ- സമ്പദ് വ്യവസ്ഥകളാണ് ഉണ്ടാകേണ്ടത്, ഏതുതരം ധാർമിക മൂല്യങ്ങളെയാണ് ഉയർപ്പിടിക്കുകയും തള്ളിക്കളയുകയും ചെയ്യേണ്ടത് എന്നീ കാര്യങ്ങളിൽ മത്സരിക്കുന്ന പലതരം ആശയങ്ങൾ ഇത്തരം വാല്യങ്ങളിൽ ഉള്ളടങ്ങിയിട്ടുണ്ടെന്ന് 'ഇന്ത്യ ഗാന്ധിക്ക് ശേഷം' എന്ന പുസ്തകത്തിൽ രാമചന്ദ്രഗുഹ സൂചിപ്പിക്കുന്നുണ്ട് (153-154).

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തെരുവക്രമങ്ങളും ആക്രോശങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെക്കുറിച്ചുള്ള വാഗ്ദാനങ്ങളെ അട്ടിമറിക്കുന്നതായിരുന്നു. വിശ്വാസത്തെ ഭരണഘടനയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമായിത്തന്നെ വേണം അതിനെ മനസ്സിലാക്കാൻ. സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടന നിർവചിച്ച കാഴ്ചപ്പാടുകളെ സമ്പൂർണമായി റദ്ദുചെയ്യുന്നതിന്റെ തുടക്കമായി വേണം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെയും മനസ്സിലാക്കാൻ.

 

യാതൊരു മുന്നറിയിപ്പുമില്ലാതെ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായോ ജനങ്ങളുമായോ കൂടിയാലോചിക്കാതെ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും ഇക്കാലയളവിൽ നമ്മൾ കണ്ടു. ജനങ്ങളുടെ സഞ്ചരിക്കാനും ഇടപെടാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കി, അതിരുകൾ പുനർനിർണയിച്ച്, സംസ്ഥാനം വിഭജിച്ച്, സ്വന്തം രാജ്യത്തെ ജനതയെ തടവിലിട്ടിരിക്കുന്ന അവസ്ഥയും രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട/ടുന്ന ഏറ്റവും അപകടകരമായ സാഹചര്യമായാണ് ലോകമാധ്യമങ്ങൾ വർത്തമാനകാല സാഹചര്യത്തെ രേഖപ്പെടുത്തുന്നത്. ദേശീയ ഐക്യം ഊട്ടിവളർത്തുക, പുരോഗമനാത്മകമായ സാമൂഹികപരിവർത്തനത്തിന് കളമൊരുക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെ രൂപപ്പെട്ട ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള സംഘടിതശ്രമങ്ങളുടെ ചെറിയ ഉദാഹരണങ്ങളാണ് മേൽപ്പറഞ്ഞവയൊക്കെ.

ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചയിലൊരിടത്ത് ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ, 'ഭരണഘടനാസാന്മാർഗികത ഒരു സ്വാഭാവിക വികാരമല്ല, അത് ഊട്ടിവളർത്തണം. നമ്മുടെ ജനത ഇനിയുമത് പഠിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കണം. ഇന്ത്യൻ മണ്ണ് സത്താപരമായി ജനാധിപത്യരഹിതമാണ്; അതിന്റെ മേൽമണ്ണ് മാത്രമാണ് ഇന്ത്യയിലെ ജനാധിപത്യം' എന്ന് പറയുന്നുണ്ട്. നിശ്ചയമായും ഈ വാക്കുകൾ പ്രധാനപ്പെട്ടതാണ്. ഭരണഘടനയാകണം ഒരു രാജ്യത്തിന്റെ വിശുദ്ധഗ്രന്ഥം. അതിനെ അട്ടിമറിച്ച് മതേതരരാജ്യത്തെ മതരാജ്യമാക്കാനുള്ള എല്ലാത്തരം ദുഷ്പ്രവണതകളെയും എതിർത്തില്ലാതാക്കാൻ ഭരണഘടനാ വിശ്വാസികളെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്തമുണ്ട്.

പ്രതിരോധങ്ങൾ, പ്രതിഷേധങ്ങൾ

ഭരണഘടനയെപ്പറ്റി നമ്മൾ ചർച്ചചെയ്യുന്ന, രാജ്യം റിപ്പബ്ലിക്കായതിന്റെ എഴുപതാം വർഷമാഘോഷിക്കുന്ന ഇക്കാലത്ത് പൗരത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെമ്പാടും നടന്നുവരുന്ന ചർച്ചകളെയും പ്രതിഷേധങ്ങളെയും കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ട്. അപരരോടുള്ള കരുതലും സഹോദരസ്നേഹവും ഇന്ത്യയെന്ന മഹത്തായ ആശയം നിലനിൽക്കണമെന്ന ഉയർന്ന ചിന്തയുമാണ് ഈ പോരാട്ടങ്ങളെ നയിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കും ഭരണഘടനയ്ക്കും തുടർജീവിതം സാധ്യമാക്കാനാണ് ഈ പ്രക്ഷോഭങ്ങളെല്ലാം ശ്രമിക്കുന്നത്.

 

മുസ്ലീം വിദ്വേഷവും ജനാധിപത്യവിരുദ്ധതയും ക്രൂരതയും കൂടിച്ചേർന്നാൽ മാത്രം സാധ്യമാകുന്ന ഒന്നായാണ് പൗരത്വനിയമ ഭേദഗതിയെ മനസ്സിലാക്കേണ്ടത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്ക് എളുപ്പത്തിൽ ഇന്ത്യൻ പൗരത്വം നൽകുന്നതിനായി 1955-ലെ പൗരത്വനിയമത്തിൽ ഭേദഗതി നടത്തിയാണ് പുതിയ നിയമം. മുസ്ലീം ജനവിഭാഗങ്ങളെ സമ്പൂർണമായി ഒഴിവാക്കാനുള്ള ഹിന്ദുത്വതീവ്രവാദികളുടെ കാലങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏഴു രാജ്യങ്ങളിൽ മൂന്നെണ്ണത്തെ മാത്രമാണ് പൗരത്വ പട്ടികയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. 106 കിലോമീറ്റർ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്താനെ പട്ടികയിൽ പെട്ടപ്പോൾ 3488 കിലോമീറ്റർ പങ്കിടുന്ന ചൈനയേയും നേപ്പാളിനെയും മ്യാൻമറിനെയും ഒഴിവാക്കി. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വംശഹത്യയെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിനെ, അവരുടെ ഇനിയുമവസാനിക്കാത്ത കഷ്ടപ്പാടുകളെ ഈ നിയമം ആട്ടിപ്പുറത്താക്കി.

 

മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ, മുസ്ലീം ഇതര മത വിഭാഗങ്ങളെ മാത്രം നിയമനടപടികളിൽനിന്ന് ഒഴിവാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പറയുന്നത് ഇന്ത്യയുടെ അതിർത്തിക്കകത്ത് ഭരണകൂടം ഏതൊരു വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള സമത്വമോ തുല്യപരിരക്ഷയോ നിഷേധിക്കില്ല എന്നാണ്. ഈ ആർട്ടിക്കിൾ പൗരന്മാർക്ക് മാത്രമല്ല മറിച്ച് രാജ്യാതിർത്തിക്കകത്തുള്ള എല്ലാ വ്യക്തികൾക്കും ബാധകമാണ്. ഇതിന്റെയും ലംഘനമാണ് പുതിയ നിയമ ഭേദഗതി. നേരത്തെ സൂചിപ്പിച്ചതുപോലെ ഭരണഘടനാ നിർമാതാക്കൾ രാജ്യത്തെപ്പറ്റി പുലർത്തിയിരുന്ന അടിസ്ഥാന കാഴ്ചപ്പാടിനെ തന്നെയാണ് ഈ ഭേദഗതി ഇല്ലാതാക്കുന്നത്. മതം പൗരത്വത്തിന് അടിസ്ഥാനമാകരുത് എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. ഇന്ത്യാ-പാക് വിഭജനകാലത്തും ഈ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. അതിർത്തികൾക്കപ്പുറത്ത് മാനവ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ തുറവികളായിരുന്നു നമ്മൾ സ്വപ്നം കണ്ടത്. സംശയമുള്ളവർക്ക് ചരിത്രമാണ് ഉത്തരം. വിഭജനത്തെ തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവസ്ഥ, സ്ഥാനം എന്നിവയെപ്പറ്റി ജവഹർലാൽ നെഹ്‌റുവിന് ഗാഢമായ ഉത്കണ്ഠയുണ്ടായിരുന്നു. മുസ്ലിങ്ങളുടെ മാതൃഭൂമിയായി പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതും അതേത്തുടര്‍ന്ന് ആ രാജ്യത്തുനിന്ന് ഹിന്ദുക്കളും സിക്കുകാരും പലായനം ചെയ്തതും ചില വിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത ഉളവാക്കിയിരുന്നു. എന്നാല്‍, ഒരു മതേതര രാജ്യത്ത് മുസ്ലിങ്ങളെയും തുല്യ പൗരന്മാരായി കണക്കാക്കണമെന്നും അവര്‍ താമസിച്ചുപോരുന്ന പ്രവിശ്യകളുടെ ഭരണത്തിന്‍ കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാകണമെന്നും നെഹ്‌റു ശഠിച്ചു. ഈ വിഷയത്തില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. 

1947 ഒക്ടോബര്‍ 15-ന് എഴുതിയ കത്തിലെ ഒരുഭാഗം:

'കേന്ദ്രസര്‍ക്കാര്‍ ഏതോ പ്രകാരത്തില്‍ ദൗര്‍ബല്യം കാണിക്കുന്നുവെന്നും മുസ്ലിങ്ങളോട് പ്രീണനനയം കൈക്കൊള്ളുന്നുവെന്നും ഉള്ള ഒരു തോന്നല്‍ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. തീര്‍ച്ചയായും ഇത് ശുദ്ധ അസംബന്ധമാണ്. ദൗര്‍ബല്യത്തിന്റെയോ പ്രീണനത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. ഇവിടെ മുസ്ലിം ന്യൂനപക്ഷം എണ്ണത്തില്‍ വലുതാണ്. വേണമെന്നുണ്ടെങ്കില്‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്കാവില്ല. അവര്‍ക്ക് ഇന്ത്യയില്‍ ജീവിച്ചേ മതിയാകൂ. പാകിസ്താനില്‍ നിന്ന് എന്തുതരം പ്രകോപനമുണ്ടായാലും, അവിടെ അമുസ്ലീങ്ങളോട് എത്ര തന്നെ അമാന്യമായി പെരുമാറിയാലും ഇവിടെ നാം ന്യൂനപക്ഷത്തോട് സംസ്‌കാരസമ്പന്നതയോടെ പെരുമാറിയേ പറ്റൂ. ഒരു ജനാധിപത്യ ഭരണകൂടത്തില്‍ പൗരന്മാര്‍ക്ക് ലഭ്യമാകേണ്ട സുരക്ഷയും അവകാശങ്ങളും നാം അവര്‍ക്ക് നല്‍കണം. അതില്‍ നാം പരാജയപ്പെട്ടാല്‍ ഉണങ്ങാത്ത ഒരു മുറിവായിരിക്കും നമുക്ക് ബാക്കിയുണ്ടാവുക. ക്രമേണ ആ മുറിവ് രാഷ്ട്രഗാത്രത്തെയാകെ വിഷലിപ്തമാക്കുകയും ഒരുപക്ഷേ, നശിപ്പിക്കുകയും ചെയ്യും.

പൊതുസേവനരംഗത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ രോഗാണുവില്‍നിന്ന് സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്. പാകിസ്ഥാനില്‍ സ്ഥിതി കൈവിട്ടുപോയിരിക്കുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല എന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. മിസ്റ്റര്‍ ജിന്ന (മുഹമ്മദലി ജിന്ന അപ്പോള്‍ പാകിസ്താനിലെ ഗവര്‍ണര്‍ ആയിരുന്നു) തന്നെ അടുത്തയിടെ കറാച്ചിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പൊതുസേവനരംഗത്ത് നിലനില്‍ക്കുന്ന അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടിയത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഇത് ഇപ്പോള്‍ തന്നെ പാകിസ്താന് ഗുരുതരമായ തലവേദനയാണ്. ഭാവിയില്‍ അത് കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. സമഗ്രമായ ചിത്രം നോക്കിയാല്‍ നമുക്ക് സേവനത്തുറയില്‍ വര്‍ഗീയതയുടെ രോഗാണു കലരാതെ കഴിക്കാനായിട്ടുണ്ട്. അതൊരു ഭാഗ്യമാണ്. പക്ഷേ, കിഴക്കന്‍ പഞ്ചാബില്‍ കോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രോഗം പടര്‍ന്നേക്കാം.' 
(രാമചന്ദ്രഗുഹ, ആധുനിക ഇന്ത്യയുടെ ശില്പികള്‍, പേജ് 354-356). 

വസ്ത്രം കൊണ്ട് കലാപകാരികളെ തിരിച്ചറിയാമെന്ന രീതിയിലുള്ള ക്രൂരമായ വംശീയവെറികൊണ്ടല്ല അന്നത്തെ ഭരണകൂടം വിഭജനകാലത്ത് ജനങ്ങളോടിടപെട്ടത്. വിഭജനകാലത്ത് ഹിന്ദുക്കളും സിഖുകാരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുസ്ലിം സ്ത്രീകളോട് സംസാരിച്ച ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു ഇന്ത്യയ്ക്ക്. ജവഹർലാൽ നെഹ്റുവെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

 

'അവരെ തിരിച്ചുകൊണ്ടുവരുന്നതിന് നമുക്ക് എന്തെങ്കിലും മടിയുണ്ടെന്നോ അവരുടെ നന്മകളെ നാം സന്ദേഹിക്കുന്നുവെന്നോ അവർക്ക് ഒരിക്കലും തോന്നേണ്ടതില്ല. അവരെ വാത്സല്യത്തോടെ തിരികെ കൊണ്ടുവരണം എന്നാണ് നമുക്കുള്ളത്. കാരണം, നടന്നതൊന്നും അവരുടെ കുറ്റമല്ല. അവരെ ബലാൽക്കാരമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആദരവോടെ തിരികെക്കൊണ്ടുവന്ന് സ്നേഹത്തോടെ പരിപാലിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. അവർ സ്വന്തം കുടുംബങ്ങളിലേക്കാണ് തിരികെയെത്തുക, അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകും, ഉറപ്പ്. -നെഹ്റു പറഞ്ഞു. 1948 മേയ് ആയപ്പോഴേക്കും ഏകദേശം 12,500 സ്ത്രീകൾ ഇങ്ങനെ കണ്ടെത്തപ്പെടുകയും കുടുംബങ്ങളിലേക്ക് എത്തിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, ഇന്നെന്താണ് സ്ഥിതി. ഭരണഘടനയെ അട്ടിമറിച്ച്, സ്വന്തം ഇടങ്ങളിൽനിന്ന് പൗരന്മാരെ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളോട് ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത്. ഇന്ത്യയിലെ ക്യാമ്പസുകളിലെ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ തണുപ്പിനെപ്പോലും വകവെക്കാതെ ജാമിയ മിലിയയിലെയും ജെ.എൻ.യു.വിലെയും വിദ്യാർഥികൾ തെരുവിലാണ്. ഷഹീൻ ബാഗിൽ സ്ത്രീകൾ മാസങ്ങളായി തെരുവിലാണ്. ഉത്തർപ്രദേശിൽ സമരരംഗത്തുള്ള എത്രപേരെ വെടിവെച്ചു കൊന്നുവെന്നതിന് കണക്കില്ല. ഡൽഹിയിൽ, ബംഗാളിൽ, ത്രിപുരയിൽ, ഉത്തർപ്രദേശിൽ, പഞ്ചാബിൽ, മഹാരാഷ്‌ട്രയക്കം ഇന്ത്യയിലെമ്പാടും ജനങ്ങൾ തെരുവിലാണ്. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായും ഒറ്റയ്ക്കൊറ്റയ്ക്കായും സമരങ്ങൾ നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം നടത്തി പ്രമേയം പാസാക്കി, തെരുവുകളിൽ അഭൂതപൂർവമായ സമരവേലിയേറ്റമാണ്. ഇന്ത്യയിലെ, ലോകത്തിലെ ഉന്നതരായ ബുദ്ധിജീവികൾ തെരുവിലിറങ്ങി. രാമചന്ദ്രഗുഹയെ അറസ്റ്റുചെയ്തു. അരുന്ധതി റോയ്,  പ്രഭാത് പട്നായിക് തുടങ്ങിയെത്രയോപേർ തെരുവിലുണ്ട്. 

 

സ്ത്രീകളാണ് മിക്കയിടങ്ങളിലും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന വലിയൊരു സവിശേഷതയും ഈ സമരങ്ങൾക്കുണ്ട്. മിക്ക സമരങ്ങളെയും റാഞ്ചിയെടുക്കുന്ന പുരുഷാധികാരത്തെ ഈ സമരം ഉള്ളിൽ നിന്ന് പരാജയപ്പെടുത്തിയെന്ന് പറയാം. ദീപികാ പദുക്കോൺ, അനുരാഗ് കശ്യപ് തുടങ്ങിയ ഒട്ടനവധി ബോളിവുഡ് താരങ്ങളും മോഹൻലാലൊഴിച്ചുള്ള മിക്ക മലയാള ചലച്ചിത്രതാരങ്ങളും പലവിധത്തിൽ, വ്യത്യസ്ത പ്രതികരണങ്ങളിലൂടെ പ്രതിഷേധസമരങ്ങളോട് ഐക്യപ്പെടുകയും ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. പലരും പ്രതിരോധ സമരങ്ങളിൽ പങ്കെടുക്കുകയോ സംഘടിപ്പിക്കുകയോ ചെയ്തു. ഇന്ത്യയിൽനിന്നല്ല ഇന്ത്യയ്ക്കകത്താണ് സ്വാതന്ത്ര്യം വേണ്ടതെന്ന് നമുക്കുറപ്പുണ്ട്.

ഭരണഘടനയെന്ന വാക്ക് തെരുവുകളിൽ ഏറ്റവുമധികം ഉച്ചരിക്കപ്പെടുമ്പോൾ, രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയരുമ്പോൾ അത്തരം പോരാട്ടങ്ങൾക്കൊപ്പം നിൽക്കുകയെന്നത് പൗരർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്കുവേണ്ടി മാത്രമല്ലത്, ഇനിവരുന്ന തലമുറകൾക്കും ഈ രാജ്യത്ത് സമാധാനപൂർണമായ ജീവിതം സാധ്യമാക്കണം. അതിന് ഭരണഘടന നിലനിന്നേ തീരൂ. ഒരിക്കലും മതമാകരുത് നമ്മുടെ അളവുകോൽ.

ഒറ്റക്കാര്യം കൂടി,
ആരാണ് രാജ്യത്തിന്റെ ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിന അതിഥിയായി എത്തിയിരുന്നത് എന്നുകൂടി മനസ്സിലാക്കിയാൽ രാജ്യമെന്നനിലയിൽ നാമെത്തിനിൽക്കുന്ന പടുകുഴിയെപ്പറ്റി നല്ല ബോധ്യമുണ്ടാകും.

സമീപകാലത്ത് ലോകമെമ്പാടും രൂപപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പായ ബ്രസീൽ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോയാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപബ്ലിക് ദിന അതിഥി. ‘ട്രംപ് ഓഫ് ദി ട്രോപിക്’ എന്ന ചെല്ലപ്പേരുള്ള ക്രിസ്ത്യൻ സോഷ്യൽ പാർട്ടി വക്താവായ ബോള്‍സനാരോയുടെ രാഷ്ട്രീയചരിത്രം വംശവെറിയും സ്ത്രീവിരുദ്ധതയും നിറഞ്ഞതാണ്. 

 

'ഞാന്‍ നിങ്ങളെ ബലാത്സംഗം ചെയ്യാതെ വിടുന്നത് നിങ്ങള്‍ അത് അര്‍ഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ്' എന്ന് ഒരു വനിതാ എം.പിയോട് പറഞ്ഞ, 'സ്വന്തം മകന്‍ ഒരു സ്വവര്‍ഗാനുരാഗിയാകുന്നതിനേക്കാള്‍ അയാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നതാണ് നല്ലതെ'ന്ന് പ്ലേ ബോയ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ, 'ആളുകളെ വെടിവെച്ചു കൊല്ലത്തൊരാള്‍ പൊലീസ് സര്‍വീസില്‍ നന്നല്ല’ എന്ന കാഴ്ചപ്പാടുള്ള, സംവരണ, ന്യൂനപക്ഷ വിരുദ്ധനാണ് രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായെത്തിയത് എന്നത് ഓരോ ജനങ്ങൾക്കും എന്നതു പോലെതന്നെ ഭരണഘടനയ്ക്കും അപമാനകരമാണ്

സഹായകഗ്രന്ഥങ്ങൾ:

1.രാമചന്ദ്ര ഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്സ് കോട്ടയം.
2. രാമചന്ദ്ര ഗുഹ, 2017, ആധുനിക ഇന്ത്യയുടെ ശില്പികൾ, ഡി.സി. ബുക്സ്, കോട്ടയം.
3. മോദിയുടെ റിപബ്ലിക് ദിന അതിഥി ജനാധിപത്യത്തിന്റെ കശാപ്പുകാരൻ https://www.doolnews.com/bolsonaro-is-a-threat-to-global-democracy.html

(ചിത്രങ്ങള്‍: ഗെറ്റി ഇമേജ്)

click me!