'കന്യകാത്വത്തിന്റെ ലക്ഷണങ്ങൾ' പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍

By Babu Ramachandran  |  First Published May 9, 2019, 12:28 PM IST

"പലപ്പോഴും വളരെ  സ്ത്രീവിരുദ്ധമായ ചോദ്യങ്ങളാണ് യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ചോദിച്ചു കാണുന്നത്. ഉദാഹരണത്തിന്  ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ  ഉറപ്പുവരുത്തും ..?


അടുത്ത അധ്യയന വർഷം മുതൽ തങ്ങളുടെ എംബിബിഎസ്‌ സിലബസിൽ 'കന്യകാത്വത്തിന്റെ ലക്ഷണങ്ങൾ' എന്ന പാഠഭാഗം ഉണ്ടാവില്ല എന്ന് മഹാരാഷ്ട്രാ ആരോഗ്യ സർവകലാശാല ഐകകണ്ഠ്യേന തീരുമാനിച്ചു. രണ്ടാം വർഷത്തെ സിലബസിൽ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി എന്ന വിഷയത്തിലായിരുന്നു ഈ പാഠഭാഗം ഉൾപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ  സേവാഗ്രാമിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസറായ ഡോ. ഇന്ദ്രജിത് ഖാണ്ഡേക്കർ ആണ് യാതൊരുവിധ ശാസ്ത്ര അടിത്തറയുമില്ലാതിരുന്നിട്ടും  ദശാബ്ദങ്ങളായി പഠിപ്പിച്ചു പോന്നിരുന്ന ഈ പാഠഭാഗം നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്രാ ആരോഗ്യസർവ്വകലാശാലയോട് രേഖാമൂലം അപേക്ഷിച്ചത്. 

Latest Videos

undefined

ഡോ. ഇന്ദ്രജിത് ഖാണ്ഡേക്കർ

"എത്രയോ കാലമായി നമ്മൾ അശാസ്ത്രീയമാണ് എന്ന് തിരിച്ചറിയാതെ രണ്ടു വിരലുകൾ ഉപയോഗിച്ചുള്ള കന്യകാത്വ പരിശോധനകളെ ആധികാരികതയോടെ പഠിപ്പിച്ചു പോരുന്നു. അത് അശാസ്ത്രീയമാണ് എന്നതുമാത്രമല്ല വിഷയം, ഒരു വ്യക്തിയുടെ, വിശേഷിച്ചും ലൈംഗിക പീഡനത്തിന് ഇരയായ ഒരാളുടെ മനുഷ്യാവകാശങ്ങളുടെ ക്രൂരമായ ലംഘനം കൂടിയാണ് ഇത്തരത്തിലുള്ള പരിശോധനകൾ. അത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തും. "ഡോ. ഖാണ്ഡേക്കർ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. "ഒരു സ്ത്രീയുടെ കന്യകാത്വം എന്നത് അവരുടെ സ്വകാര്യമായ ഒരു കാര്യമാണ്. അതേപ്പറ്റി മറ്റൊരാളും വേവലാതിപ്പെടേണ്ട കാര്യമില്ല.." അദ്ദേഹം പറഞ്ഞു. 

"പലപ്പോഴും വളരെ  സ്ത്രീവിരുദ്ധമായ ചോദ്യങ്ങളാണ് യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ചോദിച്ചു കാണുന്നത്. ഉദാഹരണത്തിന്  ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ  ഉറപ്പുവരുത്തും ..? കന്യകാത്വത്തിന്റെ വിവിധ ലക്ഷണങ്ങൾ എന്തൊക്കെയാണ് ..? ട്രൂ വിർജിനിറ്റിയും ഫാൾസ് വിർജിനിറ്റിയും തമ്മിലുള്ള വ്യത്യാസമെന്താണ്..? " എന്നൊക്കെ ചോദിക്കുന്നത് എത്ര പരിഹാസ്യമാണ്..? 


കോടതികൾ പോലും പല ക്രിമിനൽ കേസുകളിൽ ആധികാരിക രേഖകളായി പരിഗണിക്കുന്നത് ഈ പാഠപുസ്തകങ്ങളെയാണ് എന്നതാണ് ആശങ്കാജനകമായ വസ്തുത. അബദ്ധപഞ്ചാംഗങ്ങളായ  ഈ  പാഠഭാഗങ്ങളെ ആശ്രയിച്ചുകൊണ്ട് കോടതികൾ  പുറപ്പെടുവിക്കുന്ന വിധികൾ പലരുടെയും ജീവിതങ്ങളെത്തന്നെ മാറ്റി മറിച്ചേക്കും. 

 

പല പരീക്ഷകളിലും ഈ ഭാഗത്തു നിന്നും ചോദ്യങ്ങൾ വരാറുണ്ട്. 4,6 അല്ലെങ്കിൽ 8 മാർക്കിനുള്ള ചോദ്യങ്ങളാണ് സാധാരണ ചോദിക്കാറ്.." അദ്ദേഹം തുടർന്നു. "പുരുഷന്മാരുടെ വിർജിനിറ്റി എങ്ങനെ കണ്ടുപിടിക്കാം എന്നൊരു സംശയം പോലും ആർക്കും ഇന്നുവരെ വന്നിട്ടില്ല. എന്നാൽ സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കാൻ 'രണ്ടുവിരൽ' പരിശോധന വളരെ വ്യക്തമായി കൊടുത്തിട്ടുമുണ്ട്. ഇതു തന്നെ ഈ വിഷയത്തിൽ ഒളിച്ചിരിക്കുന്ന പാട്രിയാർക്കിയുടെ തെളിവാണ്. പാഠപുസ്തകങ്ങളിൽ ഉണ്ട് എന്നതു മാത്രമല്ല, പല വിവാഹമോചന കേസുകളിലും കോടതികൾ ഈ പാഠഭാഗങ്ങളെ ആശ്രയിച്ചുകൊണ്ട് പരിശോധനയ്ക്കും ഉത്തരവിടുന്നു.." ഡോ. ഖാണ്ഡേക്കർ തുടർന്നു. 

കേരളത്തിൽ തന്നെയാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭർത്താവിന്റെ നിർദേശപ്രകാരം തന്നോട് കന്യകാത്വപരിശോധനയ്ക്ക് വിധേയയാവാൻ ആവശ്യപ്പെട്ട കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത യുവതിയോട് ഡിവിഷൻ ബഞ്ചും ഉത്തരവിട്ടത് പരിശോധനയ്ക്ക് വിധേയയാവാൻ തന്നെയാണ്. തികച്ചും അപരിഷ്കൃതങ്ങളായ 'വിർജിനിറ്റി' ടെസ്റ്റുകൾ നടത്താൻ ഉത്തരവിടാൻ വേണ്ടി ആശ്രയിക്കുന്നത് ഇത്തരം വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളെയാണ്.  അതുകൊണ്ടുതന്നെയാണ് ആദ്യം സിലബസിൽ നിന്നുതന്നെ ഇവയെ നീക്കം ചെയ്യാനുള്ള പരിശ്രമങ്ങൾ താൻ തുടങ്ങിയതെന്ന് ഡോ. ഖാണ്ഡേക്കർ പറഞ്ഞു. 

മനുഷ്യത്വരഹിതമായ പരിശോധന 
'രണ്ടു വിരൽ കന്യകാത്വ പരിശോധന സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ' എന്ന   2013 -ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ ഈ പരിശോധനകൾക്ക് ഇന്നും വിധേയരാവുകയാണ്, ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടെയും ഇരകൾ." സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണോ ഇര എന്ന് പരിശോധിക്കണം എന്നാണ്  പോലീസിന്റെ ഭാഗത്തുനിന്നും പീഡനക്കേസുകളിൽ മെഡിക്കൽ പരിശോധകന് കിട്ടുന്ന ആദ്യ നിർദേശം. ഈ പരിശോധനയുടെ സാംഗത്യം തന്നെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. ഇരയുടെ സെക്സ് ലൈഫും അവർക്കു നേരെ നടന്ന അതിക്രമവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് എന്ത് വിശകലനമാണ് പൊലീസ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം ഏറെക്കാലമായി ഉയർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.  മുപ്പതുവർഷം പഴക്കമുള്ള ഒരു സർക്കുലറിന്റെ ബലത്തിൽ ലൈംഗിക പീഡനക്കേസുകളിലെ പ്രതികളിൽ നിന്നും ശുക്ലം ശേഖരിക്കാനായി ഈയടുത്ത കാലം വരെയും അവരെ പോൺ വീഡിയോകൾ കാണിച്ചുകൊണ്ടിരുന്നവരാണ് നമ്മുടെ പോലീസുകാർ. പല ഭാഗത്തുനിന്നും ഉയർന്ന പ്രതിഷേധങ്ങൾക്കു ശേഷമാണ് ഈ പരിപാടി അവസാനിപ്പിച്ച് രക്തസാമ്പിളുകൾ ശേഖരിച്ച് അതിൽ നിന്നും ഡിഎൻഎ തെളിവുകൾ മാച്ച് ചെയ്യാൻ തുടങ്ങിയത്.

ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പരിശോധനകൾക്ക് നിർബന്ധിക്കുന്നതിലൂടെ പീഡനങ്ങളുടെ ഇരകളെ വീണ്ടുമൊരു മാനസികക്ലേശത്തിന് വിധേയരാക്കുകയാണ് നീതിന്യായവ്യവസ്ഥ യഥാർത്ഥത്തിൽ ചെയ്യുന്നത് എന്നോർക്കണം." ഇന്ന് ശാസ്ത്രീയമായ എത്രയോ മാർഗ്ഗങ്ങൾ സംശയദൂരീകരണത്തിന് നിലവിലുണ്ട്. ബയോടെക്‌നോളജി രംഗത്തുണ്ടായ പുരോഗതി ഡിഎൻഎ മാച്ചിങ്ങ് പോലുള്ള പല സാങ്കേതിക വിദ്യകളും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രാകൃതമായ പരിശോധനാ മാർഗങ്ങളെ അവലംബിക്കുന്ന രീതി തീർച്ചയായും മാറ്റേണ്ടതുതന്നെയാണ്.പാഠപുസ്തകങ്ങളിൽ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാറ്റങ്ങൾ, ഈ വിഷയത്തിൽ ഡോക്ടർമാരുടെ അവബോധം വർധിപ്പിക്കുമെന്നും, ഇനിയും ഇത്തരം  മനുഷ്യത്വ രഹിതമായ പരിശോധനകൾ ഇരകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ പുതിയ പാഠഭാഗങ്ങളെ ഉദ്ധരിച്ചു തന്നെ അതിനെയൊക്കെ ചെറുത്തു നില്ക്കാൻ അവർക്കു കഴിയുമെന്നും പ്രതീക്ഷിക്കാം.. " ഡോ. ഖാണ്ഡേക്കർ പറഞ്ഞു. 

ഡോ. ഖാണ്ഡേക്കറുടെ ഇടപെടൽ നിമിത്തം മഹാരാഷ്ട്രയിലെ സർവ്വകലാശാലകൾ തങ്ങളുടെ വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും 'കന്യകാത്വ' പരിശോധനയുടെ അശാസ്ത്രീയ മാർഗങ്ങൾ എടുത്തുകളഞ്ഞിരിക്കുന്നു. എന്നാൽ, അദ്ദേഹം അതുകൊണ്ടുമാത്രം തൃപ്തനല്ല. സുപ്രീം കോടതിയെയും, കേന്ദ്ര ആരോഗ്യവകുപ്പിനെയും ഇതേ ആവശ്യവുമായി അദ്ദേഹം സമീപിച്ചിട്ടുണ്ട്, ഈ അബദ്ധങ്ങൾ ഇന്ത്യയിലെ എല്ലാ സർവകലാശാലകളുടെയും പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടും വരെ തനിക്ക് വിശ്രമമില്ല എന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍.. 
2011-ലെ കേരളാ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളും,  2013-ലെ സുപ്രീം കോടതി വിധിയിലെ 'മനുഷ്യാവകാശ ലംഘനമാണിത്' എന്ന പരാമർശവും കൃത്യമായി മനസ്സിലാക്കിയ കേരളത്തിലെ ഒരു ഡോക്ടറും തന്നെ 'രണ്ടു വിരൽ' പരിശോധനയ്ക്ക് തയ്യാറാവുന്നില്ല. എന്നാൽ, കൃത്യമായ ഒരു നിയമം മൂലമുള്ള നിരോധനം ഈ പരിശോധനയ്‌ക്കെതിരെ ഇല്ലാത്തതുകൊണ്ടും, കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ടെക്സ്റ്റ് ബുക്കുകളിൽ ഇന്നും കന്യകാത്വപരിശോധനയെപ്പറ്റിയുള്ള പരാമർശങ്ങൾ ജാമ്യത്തിനായി കിടക്കുന്നതുകൊണ്ടും പല ഡോക്ടർമാരും ഇത് ഇന്നും ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.

ഈ അവസരത്തിൽ നമുക്കുമുന്നിലുള്ള ചോദ്യമിതാണ്. പുരുഷന്മാരുടെ 'വിർജിനിറ്റി' കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് സാധിക്കില്ല എന്നത് എല്ലാവരും സമ്മതിച്ചു കഴിഞ്ഞ ഒരു വസ്തുതയാണ്.  ഒരു ക്രിമിനൽ കേസിലും, ഇരയായോ കുറ്റാരോപിതനായോ ഉൾപ്പെട്ടിരിക്കുന്ന പുരുഷന്റെ വിർജിനിറ്റി ആ കേസിന്റെ മെറിറ്റിനെ ബാധിക്കുന്നില്ല. സ്ത്രീകളുടെ കാര്യം വരുമ്പോൾ മാത്രം എന്തിനാണ് നമ്മുടെ പൊലീസ് സംവിധാനം അവരുടെ 'കന്യകാത്വം'' പരിശോധിക്കാൻ മിനക്കെടുന്നത്, ആ പരിശോധനാ ഫലങ്ങളെ  മറ്റുപലതിലേക്കുമുള്ള ചൂണ്ടുപലകകളായി ഉപയോഗിക്കുന്നത് എന്തിനാണ്...?   


 

click me!