സിനിമ കാണാത്ത രാഷ്ട്രപതി; പ്രണബ് മുഖര്‍ജിയുടെ അറിയാത്ത കഥകള്‍

By Prasanth Reghuvamsom  |  First Published Sep 1, 2020, 3:01 PM IST

ഇന്ത്യയ്ക്കകത്തുള്ള യാത്രകള്‍ക്കായിരുന്നു രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജി മുന്‍ഗണന നല്‍കിയിരുന്നത്. അത്തരം ചില യാത്രകളില്‍ പ്രണബ് മുഖര്‍ജിക്കൊപ്പം ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍. പ്രശാന്ത് രഘുവശം എഴുതുന്നു 


സാധാരണ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പ്രണബ് ഇന്ത്യയുടെ എയര്‍ഫോഴ് വണ്‍ വിമാനത്തിലെ കാബിനില്‍ മാധ്യമപ്രവര്‍ത്തകരെ കാണാറുണ്ട്. ഒരു ചെറിയ യോഗം നടത്താനുള്ള കസേരകള്‍ രാഷ്ട്രപതിയുടെ കാബിനില്‍ ഉണ്ട്. കേരളത്തില്‍ നിന്ന് രണ്ടു തവണ തിരികെ വന്നപ്പോഴും കാബിനില്‍ അദ്ദേഹം ഇരുപത് മിനിറ്റോളം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു മാസം ബാക്കിയുള്ളപ്പോഴായിരുന്നു 2016-ലെ യാത്ര. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും ഉണ്ടെങ്കിലും എന്താണ് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെന്ന് പ്രണബ് ചോദിച്ചില്ല. എല്ലാവരും പറയുന്നത് കേട്ടു കൊണ്ടിരുന്നു. തിരിച്ച് ഒരു രാഷ്ട്രീയവും സംസാരിച്ചില്ല.

 

Latest Videos

undefined

 

ഇന്ത്യയ്ക്കകത്തുള്ള യാത്രകള്‍ക്കായിരുന്നു രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജി മുന്‍ഗണന നല്‍കിയിരുന്നത്. അത്തരം ചില യാത്രകളില്‍ പ്രണബ് മുഖര്‍ജിക്കൊപ്പം ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍. പ്രശാന്ത് രഘുവശം എഴുതുന്നു 

വിദേശയാത്രകളിലാണ് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്പം. എന്നാല്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയപ്പോള്‍ പ്രണബ് മുഖര്‍ജി ഓഫീസിനോട് പറഞ്ഞത്, വിദേശ യാത്രകള്‍ കുറയ്ക്കണം എന്നായിരുന്നു. ഇന്ത്യയ്ക്കകത്ത് ഓരോ മാസവും ഒരു സംസ്ഥാനത്ത് എങ്കിലും എത്താന്‍ കഴിയണം എന്ന് പ്രണബ് നിശ്ചയിച്ചു. ഇതിന് അനുസൃതമായി ഷെഡ്യൂള്‍ നിശ്ചയിച്ചു. ഏറെ അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രം വിദേശത്തേക്ക് പറന്നു. 

കേരളത്തിലേക്കുള്ള രണ്ട് യാത്രകളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിനിധീകരിച്ച് മാധ്യമസംഘത്തില്‍ ഞാനുമുണ്ടായിരുന്നു. പ്രണബ് മുഖര്‍ജിയുടെ കുടുംബാംഗങ്ങള്‍ മിക്കവാറും യാത്രകളില്‍ കൂടെയുണ്ടാവില്ല. ചില യാത്രകളില്‍ മാത്രമാണ് മകനോ മകളോ കൂടെ പോകാറുള്ളത്. ഞാനുള്ള മൂന്ന് യാത്രകളിലും കുടുംബാംഗങ്ങള്‍ കൂടെയില്ലായിരുന്നു. 

 

 

ക്ഷേത്രങ്ങള്‍

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ആര്‍എസ്എസ് ആസ്ഥാനത്ത് പോലും നിലപാട് പറയാന്‍ മടിക്കാത്ത നേതാവായിരുന്നു പ്രണബ് മുഖര്‍ജി. എന്നാല്‍ ഉറച്ച ഭക്തിയും വിശ്വാസവും മറച്ചുവച്ചിട്ടുമില്ല. പല സംസ്ഥാനങ്ങളിലേക്കും പോകുമ്പോള്‍ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും പ്രണബ് താല്‍പര്യം കാട്ടി 

കേരളത്തിലെത്തിയപ്പോള്‍ ഗുരുവായൂരിലാണ് രാഷ്ട്രപതിക്കൊപ്പം പോകാനായത്. 2016 ഫെബ്രുവരി 17നായിരുന്നു ഈ യാത്ര. ശ്രീപത്മം ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ ക്ഷേത്രദര്‍ശനത്തിന് ഉള്ള വസ്ത്രമൊക്കെ ദേവസ്വം ബോര്‍ഡ് തയ്യാറാക്കി വച്ചിരുന്നു. അതൊക്കെ ധരിച്ച് പുറത്തിറങ്ങിയ പ്രണബ് ക്ഷേത്രം വരെ നടന്നാലോ എന്നാണ് ചോദിച്ചത്. എന്നാല്‍ സുരക്ഷാ കാരണത്താല്‍ വാഹനത്തില്‍ കയറുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം രാഷ്ട്രപതിയെ അനുഗമിച്ചു. ദേവസ്വം മന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. രാഷ്ട്രപതി എത്തിയതിനാല്‍ തല്ക്കാലം ക്ഷേത്രത്തിലേക്കുള്ള പൊതുജനപ്രവേശനം നിര്‍ത്തിവച്ചിരുന്നു. അതു കൊണ്ട് തന്നെ പെട്ടെന്ന് ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങണം എന്നും പ്രണബിന് നിര്‍ബന്ധമായിരുന്നു. ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം ഒരുക്കിയിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രം നിന്ന് ഒന്ന് കണ്ട് പ്രണബ് പുറത്തിറങ്ങി.

പുരി ജഗന്നാഥ ക്ഷേത്രത്തിലും പ്രണബ് മുഖര്‍ജിക്കൊപ്പം പോകാനുള്ള അവസരം കിട്ടി. ഭുബനേശ്വറില്‍ ചീഫ് ജസ്റ്റിസ് സംഘടിപ്പിച്ച ഒരു സെമിനാറായിരുന്നു ആദ്യ ചടങ്ങ്. അതിനു ശേഷം  ഹെലികോപ്റ്ററില്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്. സൗഹൃദങ്ങള്‍ക്ക് പഴയകാല നേതാക്കള്‍ക്കും വില കൊടുക്കുന്ന നേതാവാണ് പ്രണബ്.  ഒഡീഷയിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായിരുന്ന ജെബി പട്‌നായിക്ക് തന്റെ സ്‌കൂളില്‍ എത്തണമെന്ന് ഒരിക്കല്‍ പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. അത് സമ്മതിച്ചെങ്കിലും പ്രണബിന് കഴിഞ്ഞില്ല. ജെബി പട്‌നായിക്കിന്റെ മരണ ശേഷം വാക്കു പാലിക്കാനാവാത്തത് പ്രണബിനെ അലട്ടി. അങ്ങനെയാണ് ഖുര്‍ദ ജില്ലയിലെ ഗ്രാമത്തിലേക്കുള്ള രാഷ്ട്രപതിയുടെ യാത്ര. അവിടെ രാമേശ്വര്‍ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു. 

ആ ഗ്രാമത്തിലേക്ക് രാഷ്ട്രപതി എത്തിയതിന്റെ ആവേശത്തിലായിരുന്നു നാട്ടുകാര്‍. പിന്നീട് ഹെലികോപ്റ്ററില്‍ കടലോര നഗരമായ പുരിയിലേക്ക്. പുരി ഒരു തീര്‍ത്ഥാടന കേന്ദ്രമാണെങ്കിലും താമസത്തിന് സൗകര്യം കുറവാണ്, സര്‍ക്കാരിന്റെ സര്‍ക്യൂട്ട് ഹൗസില്‍ തന്നെയാണ് രാഷ്ട്രപതി താമസിച്ചത്. അതിനടുത്തുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസസ്ഥലം. ആറു മണിയോടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക്. അവിടെ പൂജയിലും പ്രാര്‍ത്ഥനയിലുമൊക്കെ പങ്കെടുത്ത് പൂജാരിമാര്‍ക്ക് ദക്ഷിണയുമൊക്കെ നല്‍കി പ്രണബ് പുറത്തിറങ്ങി ആ മഹാക്ഷേത്രത്തിന്റെ ശില്‍പഭംഗിയും ഒക്കെ വീക്ഷിച്ച് അല്‍പസമയം നിന്നു. 

അന്ന് പുരിയില്‍ തങ്ങിയ ശേഷം പിറ്റേന്ന് ഒഡീഷയില്‍ മറ്റൊരു പരിപാടിയും നിശ്ചയിച്ചിരുന്നു. പ്രശസ്ത ശില്‍പി സുദര്‍ശന്‍ പട്‌നായിക്ക് രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് സര്‍ക്യൂട്ട് ഹൗസിന് പുറത്ത് ഒരു മണല്‍ ശില്‍പം തീര്‍ത്തിരുന്നു. അവയൊക്കെ കണ്ട ശേഷം പ്രണബ് മുറിയിലേക്ക് പോയി. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ നടന്ന് അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ എത്തി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് ഫോണ്‍ വന്നു. പെട്ടെന്ന് രാഷ്ട്രപതി താമസിക്കുന്ന സര്‍ക്യൂട്ട് ഹൗസില്‍ എത്തണം. അവിടെ എത്തിയപ്പോള്‍ രാഷ്ട്രപതിയുടെ സ്റ്റാഫിലുള്ളവര്‍ അദ്ദേഹത്തെ മുറിയിലെത്തി കാണുകയാണ്. സംസ്ഥാന ഗവര്‍ണ്ണറും പുരി ജില്ലാ മജിസ്‌ട്രേറ്റും പോലീസ് എസ്പിയും ഒക്കെയുണ്ട്. 

ദില്ലിയില്‍ നിന്ന് രാഷ്ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ അടിയന്തര സന്ദേശം നല്കിയിരിക്കുന്നു. പ്രഥമ വനിത സുവ്‌റ മുഖര്‍ജി തലചുറ്റി വീണു. അടിയന്തരമായി സൈനിക ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. നേരത്തെ തന്നെ സുവ്‌റ മുഖര്‍ജിയെ അസുഖങ്ങള്‍ അലട്ടിയിരുന്നു. 

രാത്രി രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ പറക്കുന്നത് സുരക്ഷിതമല്ല. എന്തു ചെയ്യണം എന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. ഭുവനേശ്വറില്‍ എത്തിയാലേ ദില്ലിക്ക് മടങ്ങാനാകൂ. റോഡ് മാര്‍ഗ്ഗം അറുപത് കിലോമീറ്റര്‍ പോകണം. റോഡ് ക്ലിയര്‍ ചെയ്തിട്ടില്ല. രാത്രിയാത്ര പോലീസിന് തലവേദനയാകും. പ്രണബ് മുഖര്‍ജിക്ക് തീരുമാനം എടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. റോഡ് മാര്‍ഗം പോകാം. സുരക്ഷ പ്രശ്‌നമല്ല. 

അര മണിക്കൂര്‍ തയ്യാറാവാന്‍ വേണമെന്ന് എസ്പി. അതു നല്‍കി. ഞങ്ങള്‍ പെട്ടെന്ന് ഗസ്റ്റ്് ഹൗസില്‍ പോയി ബാഗെടുത്ത് തിരികെ വന്നു. പിറ്റേന്നത്തെ പരിപാടിയുടെ സംഘാടകരെ പ്രണബ് നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചു. രാത്രി വെളിച്ചമില്ലാത്ത റോഡിലൂടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര. പല സ്ഥലങ്ങളിലും ആളുകള്‍ റോഡിന് തൊട്ടടുത്ത് നില്‍ക്കുന്നതും മറ്റു വാഹനങ്ങള്‍ എതിരെ വരുന്നതും ഒക്കെ കണ്ടു. സാധാരണ വിവിഐപി സുരക്ഷയില്‍ അനുവദിക്കാനാവാത്തതാണ്. ഭുവനേശ്വറില്‍ നിന്ന് രാത്രി പത്തു മണിയോടെ ദില്ലിക്ക്. അര്‍ദ്ധരാത്രി ദില്ലിയിലെത്തിയ പ്രണബ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് പോയി. ഞങ്ങള്‍ അവിടെ നിന്ന് വീടുകളിലേക്ക് മടങ്ങി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം 2017 -ല്‍ കൊച്ചിയിലേക്ക് വീണ്ടും പ്രണബ് മുഖര്‍ജിക്കൊപ്പം പോയി. അന്ന് ബിനാലെയില്‍ എത്താനും അവിടുത്തെ ഇന്‍സ്റ്റലേഷന്‍സ് ചിലത് കാണാനും ഒക്കെ പ്രണബ് മുഖര്‍ജി സമയം കണ്ടെത്തി. 2016ലെ യാത്രയില്‍ കോട്ടയം സിഎംഎസ് കോളേജിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പോയതും ഓര്‍ക്കുന്നു. 

സാധാരണ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പ്രണബ് ഇന്ത്യയുടെ എയര്‍ഫോഴ് വണ്‍ വിമാനത്തിലെ കാബിനില്‍ മാധ്യമപ്രവര്‍ത്തകരെ കാണാറുണ്ട്. ഒരു ചെറിയ യോഗം നടത്താനുള്ള കസേരകള്‍ രാഷ്ട്രപതിയുടെ കാബിനില്‍ ഉണ്ട്. കേരളത്തില്‍ നിന്ന് രണ്ടു തവണ തിരികെ വന്നപ്പോഴും കാബിനില്‍ അദ്ദേഹം ഇരുപത് മിനിറ്റോളം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു മാസം ബാക്കിയുള്ളപ്പോഴായിരുന്നു 2016-ലെ യാത്ര. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും ഉണ്ടെങ്കിലും എന്താണ് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെന്ന് പ്രണബ് ചോദിച്ചില്ല. എല്ലാവരും പറയുന്നത് കേട്ടു കൊണ്ടിരുന്നു. തിരിച്ച് ഒരു രാഷ്ട്രീയവും സംസാരിച്ചില്ല. പഴയകാലത്തെ ചില അനുഭവങ്ങള്‍ ചോദിച്ചപ്പോള്‍ മാത്രം ചിരിച്ചുകൊണ്ട് മറുപടി നല്‍കി. അനൗദ്യോഗിക സംഭാഷണത്തില്‍ പോലും റൂള്‍ബുക്ക് പാലിച്ച് താനിരിക്കുന്ന പദത്തിന്റെ ഗരിമ ഇടിക്കാന്‍ പാടില്ലെന്ന് പ്രണബിന് നിര്‍ബന്ധമായിരുന്നു.

 

 

സിനിമ കാണാത്ത രാഷ്ട്രപതി

പ്രണബ് മുഖര്‍ജി രാഷ്ട്രപതി ആയിരുന്നപ്പോള്‍ തന്നെ രാഷ്ട്രപതിഭവനിലെ സാംസ്‌കാരിക കേന്ദ്രം സജീവമായിരുന്നു. അവിടെ കേരളത്തിന്റെ ഓണാഘോഷം ഉള്‍പ്പടെ പല പരിപാടികളും സംഘടിപ്പിച്ചു. എന്നാല്‍ സിനിമകള്‍ കാണാനുള്ള സമയമോ താല്‍പര്യമോ രാഷ്ട്രപതി കാട്ടിയില്ല. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി രാം നാഥ് കോവിന്ദ്  കങ്കണ റനാവത്തിന്റെ മണികര്‍ണ്ണിക ഉള്‍പ്പടെ ചില സിനിമകള്‍ ഈ സമുച്ചയത്തില്‍ കുടുംബത്തിനൊപ്പം എത്തി കണ്ടു. മാധ്യമപ്രവര്‍ത്തരെയും സിനിമ കാണാന്‍ ക്ഷണിക്കും എന്നതിനാല്‍ രണ്ടു മൂന്ന് പ്രത്യേക സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.  

പ്രണബ് മുഖര്‍ജി പലപ്പോഴും 'രംഗ് ദേ ബസന്തി' സിനിമ കണ്ട കാര്യം വിവരിക്കാറുണ്ട്. മിഗ് വിമാനങ്ങള്‍ തകരുന്നത് പരാമര്‍ശിക്കുന്നത് കൊണ്ട് ഈ സിനിമയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന വാദം ഉയര്‍ന്നു. അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി സിനിമ ദില്ലിയിലെ മഹാദേവ ഓഡിറ്റോറിയത്തില്‍ പോയി കണ്ടു. സേനാ മേധാവികളും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജി പറഞ്ഞത് കേട്ട് സദസ്സില്‍ ചിരി ഉയര്‍ന്നു. 'ഞാന്‍ ജല്‍സാഗറിന് (1958ലെ സത്യജിത് റായ് ചിത്രം) ശേഷം ആദ്യമായാണ് ഒരു സിനിമ കാണുന്നത്.'

 

 

പൈപ്പ് വലിക്കുന്ന ധനമന്ത്രി

ഇന്ത്യയില്‍ ഒരു കാലത്ത് മുഷിഞ്ഞ ഖദറും അണിഞ്ഞ് ജനങ്ങളിലേക്കിറങ്ങാത്തവരെ നേതാക്കളായി കണക്കാക്കിയിരുന്നില്ല. പുതിയ ഖദര്‍ പോലും കീറി രാഷ്ട്രീയ യൂണിഫോം ആക്കിയവര്‍. എന്നാല്‍ അത്തരം നാട്യങ്ങള്‍ പ്രണബ് മുഖര്‍ജിക്ക് ഇല്ല. 

ചുരുട്ടു വലിക്കുന്ന ധനമന്ത്രിയുടെ ചിത്രങ്ങളാണ് എണ്‍പതുകളിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പിന്നീട് പ്രണബ് ചുരുട്ടു വലിക്കുന്നത് നിറുത്തി. എന്നാല്‍ പൈപ്പ് ചുണ്ടില്‍ വച്ച് ഇരിക്കുന്നത് കുറെക്കാലത്തേക്ക് കൂടി ശീലമാക്കി. വിദേശരാജ്യങ്ങളില്‍ നിന്ന് പ്രമുഖര്‍ വരുമ്പോള്‍ പല തരത്തിലുള്ള പൈപ്പ് ആണ് സമ്മാനമായി നല്കിയത്. ഈ പൈപ്പുകള്‍ പ്രണബ് പിന്നീട് രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിലേക്ക് നല്‍കി.

 

 

രാഷ്ട്രപതിഭവനിലെ അവസാന വിരുന്ന്

രാഷ്ട്രപതി ഭവനില്‍ നിന്ന് മാറുന്നതിന് ഒരാഴ്ച മുമ്പ് രാഷ്ട്രപതി ഭവനില്‍ നടത്തിയ വിരുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിനും ക്ഷണമുണ്ടായിരുന്നു. അന്ന് ഏഴുപത്തഞ്ചോളം മാധ്യമപ്രവര്‍ത്തകരെ പ്രണബ് മുഖര്‍ജി വിളിച്ചിരുന്നു. രാഷ്ട്രപതിഭവനിലെ സ്‌റ്റേറ്റ് ഡൈനിംഗ് ഹാള്‍ എന്നറിയപ്പെടുന്ന സല്‍ക്കാര ഹാളിലായിരുന്നു അന്ന് ഭക്ഷണം ഒരുക്കിയിരുന്നത്.  മുന്‍ രാഷ്ട്രപതിമാരുടെ ചിത്രങ്ങളുള്ള മുഗള്‍ ഉദ്യാനത്തിന് ഓരത്തുള്ള ഈ ഹാളിലാണ് സാധാരണ വിദേശ അതിഥികളുടെ സല്‍ക്കാരം നടക്കുന്നത്. 

അന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ''ധനമന്ത്രാലയത്തില്‍ നിന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ പുസ്തകം വായനയ്ക്ക് സമയം കൂടുതല്‍ കിട്ടും എന്ന് കരുതി. എന്നാല്‍ ഇവിടെ എനിക്ക് അതിനെക്കാള്‍ കൂടുതല്‍ ജോലിയുണ്ടായിരുന്നു. ഇനി എനിക്ക് പുസ്തകം വായിക്കാം.''  ചരിത്രവും ചട്ടങ്ങളും ഒരു പോലെ അറിയാവുന്ന, മാധ്യമങ്ങളെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി കണ്ട രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാള്‍ കൂടി വിടവാങ്ങുന്നു.

click me!