വ്യത്യസ്തനായൊരു കള്ളക്കടത്തുകാരന്‍; ഹാജി മസ്താന്‍റെ അധോലോക ജീവിതം ഇങ്ങനെ

By Web Team  |  First Published Mar 1, 2019, 12:20 PM IST

പെട്ടിതുറന്ന് ബിസ്കറ്റ് എണ്ണി നോക്കിയ ഷേക്ക് ഞെട്ടിപ്പോയി.. ഒരൊറ്റ എണ്ണം പോലും കുറവില്ല.. "ലോകത്ത് ഇങ്ങനെയും സത്യസന്ധന്മാരായ കള്ളക്കടത്തുകാരുണ്ടോ..? " എന്ന് ഷേക്ക് മൂക്കത്ത് വിരൽ വെച്ചുപോയി.. അയാൾ മസ്താനോട് ചോദിച്ചു, "നീ ഇതും കൊണ്ട് കടന്നുകളഞ്ഞിട്ടുണ്ടാവും എന്ന് വരെ ഞാൻ കരുതിയിരുന്നു.. എന്തേ നീയത് ചെയ്യാതിരുന്നത്..?" 


ഹാജി മസ്താൻ വ്യത്യസ്തനായ ഒരു കള്ളക്കടത്തുകാരനായിരുന്നു. സംഗതി ഹോൾസെയിലും റീറ്റെയിലും ഒക്കെയായി പുള്ളി ഒരുപാട് ബിസ്ക്കറ്റ് കടത്തിയിട്ടുണ്ടെങ്കിലും ആ ചില്ലറ കള്ളത്തരമല്ലാതെ സ്വന്തം  ജീവിതത്തിൽ കാര്യമായ ഒരു കാപട്യവും കാണിച്ചിരുന്നില്ല.  ഡോംഗ്രിയിലെ മലയാളീസിനിടയിൽ ഹാജി മസ്താന് വലിയ സ്വാധീനമായിരുന്നു. പാവപ്പെട്ടവർക്കും ജോലി തേടി നാടുവിട്ട് ബോംബെയിലെത്തുന്നവർക്കുമൊക്കെ ഒരുപാട് സഹായങ്ങൾ  ചെയ്തിരുന്നതിനാൽ മാട്ടുംഗയിലും സയണിലും കോളിവാഡയിലും ധാരാവിയിലും മറ്റുമുള്ള തമിഴരും അദ്ദേഹത്തെ മതിച്ചിരുന്നു. ഭിണ്ടി ബസാറിലും നാഗ്‌ പാഡായിലുമുള്ള സകല മുസ്‌ലിം യുവാക്കൾക്കും മസ്താൻ ബാബ ദൈവമായിരുന്നു ഒരുകാലത്ത്. ചുമ്മാ തള്ളുന്നതല്ല, സത്യമാണ്.  

1926  മാർച്ച് ഒന്നിന് തമിഴ്‌നാട്ടിലെ കടലൂരിലായിരുന്നു മസ്താന്റെ ജനനം. എട്ടാമത്തെ വയസ്സിൽ പുള്ളി ബോംബെയിൽ അച്ഛന്റെ കൂടെ ജോലി ചെയ്യാനായി വന്നതാണ്. അന്ന്  മസ്താന്റെ അച്ഛന് ബോംബൈയിലെ ക്രാഫോർഡ് മാർക്കറ്റിൽ  ഒരു സൈക്കിൾ റിപ്പയർ ഷോപ്പുണ്ട്.  ആദ്യത്തെ ഒരു പത്തുകൊല്ലം അച്ഛനെ സഹായിച്ചുകൊണ്ട് ആ കടയിൽ നിന്നു. അവിടെ നിന്നുകൊണ്ട് മസ്താൻ ഹിന്ദിയും, മറാത്തിയും ഒക്കെ പഠിച്ചെടുത്തു. മസ്താൻ പകലന്തിയോളം കടയിൽ അച്ഛനെ സഹായിച്ചു കൊണ്ട് കഴിച്ചുകൂട്ടി. മുംബൈയിലെ സമ്പന്നർ തങ്ങളുടെ ബെൻസുകളിൽ പളപളാ തിളങ്ങുന്ന സൂട്ടുകളും കോട്ടുകളുമൊക്കെ ഇട്ട് സുന്ദരികളുടെ കയ്യും പിടിച്ചുകൊണ്ട് തൊട്ടടുത്തുള്ള സിനിമാ കൊട്ടകയിൽ വന്നിറങ്ങിയിരുന്നത് കണ്ടുകൊണ്ടിരുന്ന മസ്താന്റെ മനസിനുള്ളിൽ അന്നുതന്നെ സിനിമയും ആഡംബരവും സ്വപ്നങ്ങളായി അധിനിവേശം സ്ഥാപിച്ചു തുടങ്ങിയിരുന്നു. 

Latest Videos

undefined

പതിനെട്ടാമത്തെ വയസ്സിൽ ഹാജി ബോംബെ ഡോക്കിൽ ചുമട്ടുതൊഴിലാളിയായി

അത്യാവശ്യം ആളുകളുമായി മുട്ടി നില്ക്കാം എന്നായപ്പോൾ, 1944 -ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഹാജി ബോംബെ ഡോക്കിൽ ചുമട്ടുതൊഴിലാളിയായി. അന്നത്തെ മസ്ഗാവ് ഡോക്ക് വളരെ തിരക്കുള്ള ഒരു തുറമുഖമായിരുന്നു. ഏഡനിലും, ദുബായിലും, ഹോംഗ് കോങ്ങിലും നിന്നുള്ള കപ്പലുകൾ നിറയെ ചരക്കുകളുമായി അവിടെ വന്നടുത്തിരുന്നു. അതിൽ നിന്നുമുള്ള കയറ്റിറക്കിൽ മസ്താനും ചേർന്നു. ഡോക്കിലെ കസ്റ്റംസ് ഓഫീസർമാരുമായും സ്ഥിരം വന്നുപോവുന്ന യാത്രക്കാരുമായും ഒക്കെ പെട്ടെന്ന് ബന്ധങ്ങൾ സ്ഥാപിച്ചു മസ്താൻ.  'ഡോംഗ്രി റ്റു ദുബായ്- മുംബൈ മാഫിയയുടെ ആറു പതിറ്റാണ്ടുകൾ' എന്നൊരു പുസ്തകമുണ്ട് ബോംബെ അധോലോകത്തെപ്പറ്റി. അതെഴുതിയ ഹുസ്സൈൻ സൈദി ബിബിസി ഹിന്ദിയോട് ഹാജി മസ്താന്റെ ബോംബെയിലെ അരങ്ങേറ്റത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അക്കാലത്താണ് ഡോക്കിൽ വെച്ച് 'മുഹമ്മദ് അൽ ഗാലിബ് ' എന്നൊരു അറബ് ഷേക്കിനെ ഹാജി മസ്താൻ പരിചയപ്പെടുന്നത്. വളരെ മാന്യമായ ഒരു തൊഴിലെടുത്താണ് ഷേക്ക് കഴിഞ്ഞു കൂടിയിരുന്നത്. അന്ന് സ്വർണ്ണത്തിൻറെ ഇറക്കുമതിച്ചുങ്കം വളരെ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ഡ്യൂട്ടി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നാൽ നല്ല ലാഭവും കിട്ടുമായിരുന്നു.  ഗാലിബ് ഷേക്ക് വിദേശത്തുനിന്നും കപ്പൽ വഴി പെട്ടിക്കണക്കിന് ബിസ്ക്കറ്റ് കൊണ്ടുവന്നിരുന്നു. 

സൈദി പറയുന്നു, "അക്കാലത്ത് ബോംബെയിൽ വന്നിറങ്ങിയിരുന്ന അറബികൾക്ക് ഉറുദു അറിയുമായിരുന്നു. ഡോക്കിൽ ഒളിപ്പിച്ചു വച്ചിരുന്ന ബിസ്‌ക്കറ്റിനെ ഒന്നും രണ്ടുമായി തന്റെ കൂലി തലക്കെട്ടിൽ ഒളിപ്പിച്ച് പുറത്തു കടത്തിക്കൊടുക്കുമോ എന്ന് ഗാലിബ് മസ്താനോട് ചോദിച്ചു. അങ്ങനെ സ്വർണ്ണബിസ്ക്കറ്റും ഇടക്കൊക്കെ ഒന്നുരണ്ടു റോളക്സ് വാച്ചും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ചു കൊടുത്ത് കൊടുത്താണ് മസ്താനും ഗാലിബ് ഷേക്കും തമ്മിലുള്ള ബന്ധം പുഷ്ടിപ്പെടുന്നത്. ഓരോ കടത്തിനും ഷേക്ക് മസ്താന് പത്തു ശതമാനം കമ്മീഷൻ കൊടുത്തിരുന്നു കൃത്യമായി.  

മൂന്നു വർഷം ഗാലിബ് ഷേക്ക് മഹാരാഷ്ട്രാ സർക്കാരിന്റെ അതിഥിയായി ജയിലിൽ കഴിഞ്ഞു

അതിനിടയിലാണ് ഷേക്കിനെ മുംബൈ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഷേക്ക് അകത്തായതിന്റെ പിറ്റേന്ന് ഡോക്കിൽ ഷേക്കിന്റെ പേരിൽ ഒരു പെട്ടി  വരുന്നു. മസ്താൻ ആ പെട്ടി പുറത്തുകടത്തി. തുറന്നു പോലും നോക്കാൻ മിനക്കെടാതെ തന്റെ ചേരിയിലെ വീട്ടിനുളിൽ ഒരിടത്ത് പൂഴ്ത്തിവെച്ചു. മൂന്നു വർഷം ഗാലിബ് ഷേക്ക് മഹാരാഷ്ട്രാ സർക്കാരിന്റെ അതിഥിയായി ജയിലിൽ കഴിഞ്ഞു. ഇത്രയും കാലം ആ പെട്ടി ഒരാളുമറിയാതെ വളരെ സുരക്ഷിതമായി മസ്താന്റെ ഛാലിലെ കട്ടിലിന്റെ അടിയിൽ വിശ്രമിച്ചു. ശിക്ഷ കഴിഞ്ഞ് ഷേക്ക് നേരെ വന്നത് മസ്താന്റെ അടുത്തേക്കായിരുന്നു. ഷേക്കിനെ കണ്ടപാടെ മസ്താൻ പറഞ്ഞു.. " ഷേക്ക്.. ഇങ്ങള്ക്ക് ഒരു പാർസൽ വന്നിട്ടുണ്ടായിരുന്നു, അകത്തു പോയേന്റെ പിറ്റേന്ന്.." എന്നും പറഞ്ഞ് അകത്തു കേറിപ്പോയ  മസ്താൻ ആ പെട്ടി തിരിച്ച് ഭദ്രമായി ഷേക്കിനെ ഏൽപ്പിച്ചു. 

പെട്ടിതുറന്ന് ബിസ്കറ്റ് എണ്ണി നോക്കിയ ഷേക്ക് ഞെട്ടിപ്പോയി.. ഒരൊറ്റ എണ്ണം പോലും കുറവില്ല.. "ലോകത്ത് ഇങ്ങനെയും സത്യസന്ധന്മാരായ കള്ളക്കടത്തുകാരുണ്ടോ..? " എന്ന് ഷേക്ക് മൂക്കത്ത് വിരൽ വെച്ചുപോയി.. അയാൾ മസ്താനോട് ചോദിച്ചു, "നീ ഇതും കൊണ്ട് കടന്നുകളഞ്ഞിട്ടുണ്ടാവും എന്ന് വരെ ഞാൻ കരുതിയിരുന്നു.. എന്തേ നീയത് ചെയ്യാതിരുന്നത്..?" അപ്പോൾ മസ്താൻ പറഞ്ഞു.. "എന്റെ അച്ഛൻ എന്നോടൊരു കാര്യം പറഞ്ഞിട്ടുണ്ട്.. എല്ലാവരുടെ കണ്ണിലും പൊടിയിടാം... ദൈവത്തിന്റെ കണ്ണിൽ നിന്നും ഒന്നും മറച്ചു പിടിക്കാൻ പറ്റില്ല.. രക്ഷപ്പെടാനും.." 

മറുപടി കേട്ട് ഷേക്കിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.. അയാൾ പറഞ്ഞു.." ഞാൻ ഈ പെട്ടി കൊണ്ട് പോവാം.. ഒറ്റ കണ്ടീഷൻ.. ഇതു വിറ്റു കിട്ടുന്ന ലാഭത്തിൽ പാതി നീ എടുക്കണം.. ഇന്ന് മുതൽ  എന്റെ ബിസിനസ്സിൽ പാർട്ണറും ആവണം.." 

മസ്താൻ മറുപടിയെന്നോണം തന്റെ വലതുകൈ ഷേക്കിനുനേരെ നീട്ടി..!

ബോംബെ അധോലോകത്തെ മസ്താൻ ശ്രദ്ധിക്കപ്പെടാനിടയായ അടുത്ത സംഭവവും ഏറെ താമസിയാതെ തന്നെ നടന്നു. മസ്താൻ കൂലിയായി ജോലി ചെയ്തിരുന്ന മസ്ഗാവ് ഡോക്കിൽ അക്കാലത്ത് ഷേർ ഖാൻ എന്നൊരു ദാദയുടെ വക ഹഫ്ത പിരിവുണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്ത് ചുമടെടുത്തു സമ്പാദിക്കുന്ന തുകയിൽ നിന്നും ഒരു രൂപ വെച്ച് എല്ലാവരും പോവാൻ നേരത്ത് ഷേർഖാന്റെ ഗുണ്ടകൾക്ക്  കൊടുത്തിരിക്കണം. കൊടുക്കാൻ വിസമ്മതിക്കുന്നവരെ  ഗുണ്ടകൾ ഇടിച്ചു പഴുപ്പിക്കും. മസ്താൻ ഇതിനെ എതിർത്തു. തുടർന്ന് നടന്ന സംഭവങ്ങൾ അമിതാഭ് ബച്ചന്റെ മെഗാഹിറ്റ് ചിത്രമായ 'ദീവാർ' ലും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മസ്താൻ തന്റെ കൂടെ ജോലി ചെയ്തിരുന്നവരോട് ഹഫ്ത കൊടുക്കാതിരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്തു. ആരും ഷേർഖാനെ പേടിച്ച് മസ്താന്റെ കൂടെ നിന്നില്ല. എന്നാൽ അക്കൂട്ടത്തിൽ ഒരാൾ മാത്രം അല്പം ധൈര്യം കാണിച്ചു. മസ്താന്റെ കയ്യിൽ നല്ലൊരു ദണ്ഡയുണ്ടായിരുന്നു. കൂട്ടുകാരൻ ഒരു ഇരുമ്പുവടിയും സംഘടിപ്പിച്ചു. ഡോക്കിലെ ഷേർ ഖാന്റെ അഞ്ചോ ആറോ വരുന്ന ഗുണ്ടാ സംഘത്തിനെ ഇരുവരും ചേർന്ന് അടിച്ചു കയ്യും കാലും ഒടിച്ചു.  രണ്ടു പേർ ചേർന്ന് ഗുണ്ടകളെ ഇങ്ങനെ തുരത്താമെങ്കിൽ ഡോക്കിലെ ചുമട്ടുകാർ ഒന്നിച്ചു നിന്നാൽ എന്തൊക്കെ നടക്കില്ല എന്ന് മസ്താൻ തൊഴിലാളികളെ ഓർമ്മിപ്പിച്ചു. അതോടെ ഒരൊറ്റ ദിവസം കൊണ്ട് ഡോക്കിലെ ചുമട്ടുതൊഴിലാളികളുടെ അനിഷേധ്യ നേതാവായി മാറി മസ്താൻ.

ബോംബെയിലെ അറിയപ്പെടുന്ന ഡോൺ ആയിരുന്നിട്ടും മസ്താൻ ഒരിക്കലും തോക്ക് കൈ കൊണ്ട് തൊട്ടിട്ടില്ല. ഒരിക്കൽ പോലും ആരെയും വെടിവെച്ചു കൊന്നിട്ടില്ല. കള്ളക്കടത്തിനിടെ അങ്ങനെയുള്ള ആവശ്യങ്ങൾ വന്നപ്പോഴൊക്കെ അദ്ദേഹം ആശ്രയിച്ചിരുന്നത് ബോംബെയിലെ മറ്റൊരു ദാദയായ  വരദരാജ മുതലിയാരെ ആയിരുന്നു. വരദരാജനും മസ്താനെപ്പോലെ തമിഴനായിരുന്നു വർസോവ, വസായ്, വിരാർ പ്രദേശങ്ങളിലായിരുന്നു മുതലിയാരുടെ ഓപ്പറേഷൻസ്. 

വരദരാജ മുതലിയാരെ മസ്താൻ പരിചയപ്പെടുന്നതിനു പിന്നിലും രസകരമായൊരു കഥയുണ്ട്. മാട്ടുംഗയിലെ ഒരു ഛാലിൽ താമസിച്ചുകൊണ്ട് അല്ലറചില്ലറ ദാദാഗിരിയും മറ്റും ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു മുതലിയാർ അന്ന്. അല്പസ്വല്പം വാറ്റും ഡോക്കിൽ ഇടയ്ക്കിടെ ഇത്തിരി കളവും ഒക്കെയായിരുന്നു പരിപാടികൾ. അതിനിടയിൽ ഒരിക്കൽ വരദരാജനെ കസ്റ്റംസ് ഡോക്ക് ഏരിയയിൽ നിന്നും ടിവി ആന്റിന മോഷ്ടിച്ചു എന്നും പറഞ്ഞ് പോലീസ് പൊക്കി അകത്തിട്ടു.  കയ്യിൽ കിട്ടിയനേരം തൊട്ട് പോലീസ് മുടിഞ്ഞ ഇടിയാണ്. ആന്റിന എവിടെ ഒളിപ്പിച്ചെന്നു പറയാതെ ഇടി നിർത്തില്ലെന്ന് പോലീസ്. അങ്ങനെ ഇടതടവില്ലാതെ ഇടി മേടിച്ചുകൂട്ടുന്നതിനിടെയാണ് മസ്താന്റെ വിസിറ്റ്. മുതലിയാർ നോക്കുമ്പോൾ ഒരു കോട്ടും സൂട്ടുമൊക്കെ ഇട്ട ഒരു സേട്ട് ലോക്കപ്പിൽ തന്നെ കാണാൻ വന്നിരിക്കുന്നു. വിരലിനിടയിൽ ഒരു ട്രിപ്പിൾ ഫൈവ് സിഗരറ്റ് ഇരുന്നു പുകയുന്നുണ്ട്. കണ്ടാൽ തന്നെ അറിയാം വലിയ ഏതോ ആളാണെന്ന്. വരദരാജനെ കണ്ടതും മസ്താൻ നേരെ തമിഴിൽ ഒരു കാച്ച് കാച്ചി.. " വണക്കം തലൈവരെ.. സൗഖ്യമാ.." നല്ല നാടൻ തമിഴിൽ നാലഞ്ച് വിശേഷങ്ങൾ അങ്ങ് തിരക്കി. മുതലിയാർ ഫ്‌ലാറ്റ്. അദ്ദേഹം സൗഹൃദത്തിനുള്ള മസ്താന്റെ ഓഫർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. മസ്താൻ മുതലിയാരെ ലോക്കപ്പിൽ നിന്നും ഇറക്കിയ അന്ന് തൊട്ട് മസ്താന്റെ എല്ലാ അണ്ടർഗ്രൗണ്ട് കൊട്ടേഷനുകളും ഏറ്റെടുത്ത് നടത്തിയത് പിന്നീട് മുതലിയാർ നേരിട്ടായിരുന്നു. 

എൺപതുകളിൽ മസ്താന്റെ സ്വാധീനത്തിന് കാര്യമായ ഇടിവ് സംഭവിച്ചു. എന്നിട്ടും, അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു കഥ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉറുദു പത്രപ്രവർത്തകനായ ഖാലിദ് ജാഹിദ് ഓർക്കുന്നു. ഒരിക്കൽ മസ്താനും ഖാലിദും ഒന്നിച്ച് ബനാറസിൽ പോയി. പ്രദേശത്തെ ഒരു സാധാരണ ഹോട്ടലിൽ ആയിരുന്നു താമസം. എങ്ങനെയോ മസ്താൻ വന്ന വിവരം ലീക്കായി. നോക്കിയിരിക്കുന്ന നേരം കൊണ്ട് പത്തുരണ്ടായിരം പേർ വരുന്ന ഒരു ജനാവലി അവിടെ തടിച്ചുകൂടി. പത്രപ്രവർത്തകനായിരുന്ന ഖാലിദിന് തന്റെ കുതൂഹലമടക്കാനായില്ല. ജനങ്ങൾക്കിടയിലേക്ക് കടന്നുചെന്ന്  മസ്താനെപ്പറ്റി അവർ എന്തുകരുതുന്നു എന്ന് അറിഞ്ഞിട്ടുവരാം എന്നദ്ദേഹം കരുതി. താഴെ ചെന്നപ്പോഴാണ് അതിശയകരമായ പല കഥകളും ആളുകൾ തമ്മിൽ തമ്മിൽ പറയുന്നത് അദ്ദേഹം കേട്ടത്. 

മസ്താന് ബോംബെയിൽ വലിയൊരു ബംഗ്ളാവുണ്ടത്രേ.. 365 -വാതിലുള്ള ഒരു ബംഗ്ളാവ്. ഓരോ വാതിലിന് മുന്നിലും ഒരു വൈറ്റ് മെഴ്സിഡസ് ബെൻസ് കാത്തു കിടക്കും.  മസ്താൻ ഏത് ദിവസം ഏതുവാതിലിലൂടെ പുറത്തുവരും എന്ന് പ്രവചിക്കാനാവില്ല. വന്നാലുടൻ മസ്താനെയും കൊണ്ട് ബെൻസ് നൂറ് നൂറ്റിപ്പത്തിൽ പറന്നു നടന്ന് കള്ളക്കടത്തു നടത്തും ദിവസം മുഴുവൻ. ആവശ്യത്തിനുള്ള കാശ് സമ്പാദിച്ചുകഴിഞ്ഞാൽ മസ്താൻ അന്നത്തേക്കുള്ള കടത്ത് നിർത്തും. എന്നിട്ട് തിരിച്ച് വീട്ടിലെത്തും. ആ കാർ പിന്നെ ഉപയോഗിക്കില്ല. അത് വിറ്റുകിട്ടുന്ന പണം പാവങ്ങൾക്ക് വീതിച്ചുകൊടുക്കും. അങ്ങനെ പോവുന്നു ഹാജി മസ്താനെക്കുറിച്ചുള്ള വീരഗാഥകൾ.  ഈ കഥയെല്ലാം കേട്ട് ഖാലിദ് തിരിച്ചു ബോംബെയിൽ വന്ന് അതെല്ലാം വർണിച്ച് പത്രത്തിൽ എഴുതിയതും, വായിച്ച് മസ്താൻ കുപിതനായതും ഒക്കെ വേറെ കഥ.. എന്തായാലും.. ഇരുപതു കൊല്ലം പഴക്കമുള്ള ഒരു കാറിൽ സഞ്ചരിച്ചിരുന്ന മസ്താന് ആകെയുണ്ടായിരുന്നത്‌  'ബൈത്തുൽ സുറൂർ' എന്നൊരു ബംഗ്ളാവ് മാത്രമായിരുന്നു. അതിനാണെങ്കിൽ ആകെ ഒന്നോ രണ്ടോ വാതിൽ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ. 

എൺപതുകളിലാണ് ബോംബെ അധോലോകത്തെ പഠാന്‍-ദാവൂദ് സംഘങ്ങൾക്കിടയിൽ ഗാങ് വാറുകൾ പൊട്ടിപ്പുറപ്പെടുന്നത്. മസ്താൻ സമാധാന ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കാം എന്നേറ്റു. അദ്ദേഹത്തിനെ ബംഗ്ളാവിൽ അദ്ദേഹം അന്നത്തെ ബോംബെയിലെ എല്ലാ അധോലോക നായകരുടെയും ഒരു മീറ്റിങ് വിളിച്ചുകൂട്ടി. കരീം ലാലയും, ദാവൂദ് ഇബ്രാഹിമും,  പഠാനും മറ്റും അടക്കം എല്ലാവരും എത്തി.

ദാവൂദ് ഇബ്രാഹിം കൊങ്കിണി ആയിരുന്നു. പഠാണികൾക്കാണെങ്കിൽ തങ്ങളുടെ വംശപാരമ്പര്യത്തിൽ വലിയ അഭിമാനവും ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള ഉരസലുകൾ പരസ്പരം ആളെക്കൊല്ലുന്നതിൽ വരെ എത്തിയിരുന്നു. ഒരുപരിധിവരെ ഈ തർക്കങ്ങൾ പറഞ്ഞു പരിഹരിച്ചത് മസ്താൻ ആയിരുന്നു. ഇതിനു പിന്നിൽ മസ്താന്റെ ഒരു സ്വകാര്യ കാരണവും ഉണ്ടായിരുന്നു. മസ്താന് ബോംബെ സെൻട്രലിൽ ഒരു പ്രോപ്പർട്ടിയുണ്ടായിരുന്നു. അതിൽ ഗുജറാത്തിലെ ചിലിയാ ജാതിയിൽ പെട്ട ഒരു കൂട്ടം ആളുകൾ കയ്യേറ്റം നടത്തി കേറിക്കൂടിയിരുന്നു. തന്റെ സ്വാധീനം ഉപയോഗിച്ച് മസ്താൻ ആദ്യം ഒരു റൗണ്ട് ഗുണ്ടകളെ വിട്ട് കയ്യേറ്റം ഒഴിപ്പിക്കാനൊക്കെ നോക്കിയെങ്കിലും ആ ഗുണ്ടകളെയെല്ലാം അവർ അടിച്ച് കയ്യും കാലും ഒടിച്ചുവിട്ടു. 

എല്ലാ വഴികളും അടഞ്ഞപ്പോൾ മസ്താൻ തന്റെ അവസാനത്തെ ആശ്രയമായിരുന്ന ബോംബെയിലെ അന്നത്തെ ഒരു സ്ത്രീ ഡോണും പോലീസ് ഇൻഫോർമറും ആയ ജേനാബായി ദാരുവാലിയെ കാറയച്ചു വരുത്തി ഉപദേശം തേടി. അവർ ദാവൂദിനെപ്പോലെ അതിശക്തരായ ആരെയെങ്കിലുമായി സൗഹൃദം സ്ഥാപിക്കാൻ മസ്താനെ ഉപദേശിച്ചതിന്റെ പുറത്തായിരുന്നു മസ്താന്റെ ഗ്യാങ്ങുകൾക്കിടയിലുള്ള ഈ സാമാധാന-സൗഹൃദശ്രമങ്ങളും മറ്റും. അത് വിജയിച്ചു. ഗ്യാങുകൾ തമ്മിലുള്ള പിണക്കങ്ങളെല്ലാം താത്കാലികമായിട്ടാണെങ്കിലും അന്ന് അവസാനിച്ചു. അവരെല്ലാം ചേർന്ന് മസ്താന്റെ പ്രോപ്പർട്ടിയിൽ നിന്ന് ചിലിയാ ഗാങിനെ ഒഴിപ്പിച്ചു കൊടുക്കുകയും ചെയ്തു. 

അന്ന് ജയിലിൽ വെച്ച് ജയപ്രകാശ് നാരായണിനെ പരിചയപ്പെടുന്നത്

മസ്താന്റെ മറ്റൊരു താത്പര്യം ബോളിവുഡ് സിനിമയായിരുന്നു. മധുബാലയോട് അടക്കാനാവാത്ത ആരാധനയായിരുന്നു മസ്താന്. ആ വിവരം മധുബാലയെ അറിയിക്കാനാവും മുമ്പ് അവർ അകാലചരമമടഞ്ഞു. ഒരു വിവാഹം കഴിച്ച് അതിൽ കുട്ടികളൊക്കെ ഉണ്ടായെങ്കിലും മസ്താന്റെ മനസ്സിൽ നിന്നും മധുബാല മാഞ്ഞുപോയിരുന്നില്ല. ആയിടെയാണ് ബോളിവുഡിൽ മറ്റൊരു നടിയുടെ അരങ്ങേറ്റമുണ്ടാവുന്നത്. പേര് സോനാ. മധുബാലയുമായി സോനയ്ക്കുള്ള അസാമാന്യമായ രൂപസാദൃശ്യത്തെപ്പറ്റിയുള്ള കഥകൾ ബോളിവുഡിലും, അതിനോട് വളരെ ചേർന്ന് നിന്നിരുന്ന അധോലോകത്തും പ്രചരിക്കാൻ തുടങ്ങി. മസ്താനും കേട്ടപ്പോൾ ഇരിപ്പുറപ്പിച്ചില്ല. തന്റെ തന്നെ ഒരു പ്രൊഡക്ഷന്റെ ഷൂട്ടിങ്ങിൽ വെച്ചാണ് മസ്താൻ ആദ്യമായി സോനയെ കണ്ടത്. ഒരു വിധം പരിചയമായപ്പോൾ മസ്താൻ സോനയോട് തന്റെ വിവാഹ താത്പര്യം അറിയിച്ചു. ഭാഗ്യവശാൽ സോനയ്ക്ക് വിവാഹത്തിന് സമ്മതമായിരുന്നു. ദീവാർ സിനിമ എടുക്കുന്ന കാലത്ത് ആ കഥാപാത്രത്തെ മനസ്സിലാക്കാൻ വേണ്ടി തിരക്കഥാകൃത്ത് സലിം-ജാവേദ്   അമിതാഭുമൊത്ത് മസ്താനെ കാണാൻ വന്നിരുന്നു.

പുതിയ ഗ്യാങ്ങുകളുടെ വരവോടെ മസ്താന്റെ പ്രശസ്തിയിൽ ഇടിവുവന്നു. 1974 -ൽ ഇന്ദിരാ ഗാന്ധി അക്കാലത്ത് ആദ്യമായി മസ്താൻ മിസാ നിയമം ചുമത്തി അറസ്റ്റു ചെയ്തു. 1975 -ൽ അടിയന്തരാവസ്ഥക്കാലത്തും ഇന്ദിര മസ്താനെ അകത്താക്കി. അന്ന് ജയിലിൽ വെച്ച് ജയപ്രകാശ് നാരായണിനെ പരിചയപ്പെടുന്നത്. അന്നാദ്യമായി മസ്താന് താനൊരു രാഷ്ട്രീയക്കാരനല്ലാത്തതിൽ സങ്കടം തോന്നി. പതിനെട്ടുമാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ മസ്താൻ നേരെ പോയത് ഹജ്ജ് ചെയ്യാനാണ്. തിരിച്ചു വന്ന് ഹാജി മസ്താൻ ആയി മാറിയ ശേഷം  ദളിതർക്കും മുസ്ലീങ്ങൾക്കുമായി 'ദളിത് മുസ്‌ലിം സുരക്ഷാ മഹാ സംഘ്' എന്ന പേരിൽ ഒരു പാർട്ടി തട്ടിക്കൂട്ടി രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയെങ്കിലും അത് വേണ്ടത്ര വിജയിക്കുകയുണ്ടായില്ല. 

'പൊളിറ്റിക്സ് ഈസ് ദി ലാസ്റ്റ് റിസോർട്ട് ഓഫ് എ സ്‌കൗണ്ട്രൽ' - 'രാഷ്ട്രീയമാണ് എല്ലാ തെമ്മാടികളുടെയും അന്തിമാശ്രയം' - എന്നൊരു പഴഞ്ചൊല്ലുണ്ട് ഇംഗ്ലീഷിൽ. ഒരു കള്ളക്കടത്തുകാരൻ എന്ന തന്റെ ഇമേജിനെ കുടഞ്ഞു കളയാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു മസ്താൻ തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ നടത്തിക്കൊണ്ടിരുന്നത്. സിനിമാ നിർമ്മാതാവായും, സാമൂഹ്യ പ്രവർത്തകനായും, രാഷ്ട്രീയക്കാരനായും ഒക്കെ അറിയപ്പെടാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു നോക്കിയെങ്കിലും ബോംബേക്കാർ അദ്ദേഹത്തെ പണ്ടേക്കുപണ്ടേ പ്രതിഷ്ഠിച്ച ആ സ്ഥാനത്തുനിന്നും താഴേക്കിറക്കാൻ തയ്യാറായില്ല.. അവർക്ക് അദ്ദേഹം എന്നും ബഡാ ഡോൺ ആയിരുന്നു. ബോംബെ അധോലോകം അടക്കിഭരിച്ചിരുന്നപ്പോഴും സ്വർണ്ണക്കള്ളക്കടത്തും സമ്പന്നരായ ബിൽഡർമാരിൽ നിന്നുള്ള വസൂലിയും പോലുള്ള നിരുപദ്രവകരമായ ബിസിനസുകളിലേ മസ്താൻ ഏർപ്പെട്ടിരുന്നുള്ളൂ. മയക്കുമരുന്നിനും കൊട്ടേഷൻ കൂലിത്തല്ലിനും മറ്റും മസ്താൻ എതിരായിരുന്നു. ഡോൺ എന്ന പേര് ചാർത്തപ്പെട്ടിട്ടും ജനമനസ്സുകളിൽ ആദരവു നേടാനായ അപൂർവം പേരിൽ ഒരാൾ. അതായിരുന്നു ഹാജി മസ്താൻ. 

click me!