'പൂച്ചെടികളോടാണ് എനിക്ക് ഏറെയിഷ്ടം. ഏതാണ്ട് ഏഴോ എട്ടോ തരത്തിലുള്ള തെച്ചിപ്പൂക്കള്‍ വീട്ടുമുറ്റത്തുണ്ട്. ചെമ്പരത്തിയുടെ 18 ഇനങ്ങളുണ്ട്. അഞ്ച് തരത്തിലുള്ള മുല്ലകളും വളര്‍ന്ന് പൂവിട്ടിട്ടുണ്ട്. റോസ് തന്നെ 25 തരത്തില്‍ വളര്‍ത്തിയിട്ടുണ്ട്. ഓര്‍ക്കിഡിന്റെ പലയിനങ്ങളുമുണ്ട്.' സുശീല തന്റെ തോട്ടത്തിലെ പൂച്ചെടികളെക്കുറിച്ച് വിശദമാക്കുന്നു.
'ഒത്തിരി ഇഷ്ടമുള്ള പൂക്കളൊക്കെ ഇവിടങ്ങനെ ഉല്ലസിച്ചു നിക്കുവാ... പൂക്കള്‍... പലതരം പൂക്കള്‍... നിങ്ങള്‍ കാണുന്നുണ്ടോ?' ഇതാണ് സുശീലാ ബായിയുടെ ശൈലി. 25 വര്‍ഷത്തില്‍ക്കൂടുതലായി സുശീല തന്റെ വീട്ടുമുറ്റത്ത് പൂച്ചെടികള്‍ വളര്‍ത്തുന്നു. ജീവനേക്കാള്‍ സ്‌നേഹിക്കുന്ന പൂച്ചെടികളോട് തന്നെയാണ് ഈ വീട്ടമ്മയ്ക്ക് പ്രണയം. എറണാകുളം ജില്ലയിലെ പറവൂരിലെ 'കണ്ണമ്പറമ്പില്‍ ഹൗസ്' ചെറിയൊരു പൂങ്കാവനം തന്നെയെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അതിശയോക്തി ഒട്ടുമില്ല.
undefined
'ഞാനും ഭര്‍ത്താവും തന്നെയാണ് പൂച്ചെടികളും പച്ചക്കറികളും വളര്‍ത്തുന്നത്. ആരോഗ്യകരമായ കാരണങ്ങളാല്‍ കൃഷിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ കുറേയൊക്കെ നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പല നിറങ്ങളിലുള്ള ചെത്തിയും ചെമ്പരത്തിയും മല്ലിക, റോസ്, അരളി, പെന്റാസ്, ആമച്ചെടി, ലില്ലി, അഡീനിയം എന്നിവയൊക്കെയാണുള്ളത്. മുമ്പ് വാഴയും ചേനയും ചേമ്പും നിറഞ്ഞു നിന്നിരുന്ന കൃഷിസ്ഥലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് വഴുതിന, വെണ്ട, മുളക്, കറിവേപ്പില, പന്നിയൂര്‍ കുരുമുളക്, തെക്കന്‍ കുരുമുളക് എന്നിവയാണ് ആ സ്ഥലത്ത് ബാക്കിയുള്ളത്.' സുശീലാ ബായിയുടെ ഓര്‍മകളില്‍ വളരെ സമൃദ്ധമായ കൃഷിയോര്‍മകളുള്ള ഒരു കാലമുണ്ട്.
'ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് കണ്ടം (പാടം ) ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ അത് വിറ്റു. ആരും നോക്കാനുണ്ടായിരുന്നില്ല. അപ്പന്‍ കട പൂട്ടിയിട്ടാണ് ഇതൊക്കെ നോക്കിനടത്തിയത്. പാടം കൊയ്യുന്ന സമയത്ത് അപ്പന്റെ കൂടെ ഞാന്‍ പാടത്ത് പോകും. കറ്റ കൊണ്ടുവന്ന് വീട്ടില്‍ നിന്നാണ് മെതിക്കുന്നത്. കാലുംകൊണ്ട് ചവുട്ടി ഞാനും മെതിക്കും. നെല്ല് കാലില്‍ കുത്തിക്കയറും, ചൊറിയും. പിന്നീട് വേനല്‍ക്കാലത്ത് പാടത്ത് ഞങ്ങള്‍ നാല് കമ്പ് കൊണ്ടു കുടില്‍ കെട്ടും. അതിന് മുകളില്‍ വൈക്കോല്‍ പാകി മേല്‍ക്കൂര ഉണ്ടാക്കും. കിടക്കാന്‍ വൈക്കോലിന് മുകളില്‍ ചാക്ക് വിരിക്കും. ഒരു റാന്തല്‍ വിളക്കും തൂക്കും. അങ്ങനെ കുറെ കുടിലുകള്‍ കാണും. അടുത്തടുത്ത പാടത്തുള്ളവരൊക്കെ ഞങ്ങളോട് കൂട്ടാണ്. അപ്പന്റെ കൂടെ ഞാനും അനുജനും കിടക്കാന്‍ പോകും. ഊണും കഴിഞ്ഞ് നിലാവുള്ള രാത്രിയില്‍ പാടത്തുള്ള ആ കൂട്ടായ്മ ഇന്നും ഓര്‍ത്തിരിക്കുന്ന നൊസ്റ്റാള്‍ജിയയാണ്' ഇന്നത്തെ കുട്ടികള്‍ക്ക് കണികാണാന്‍ പോലും കിട്ടാത്ത പാടവും കൊയ്ത്തും മെതിയുമാണ് സുശീലയുടെ ഓര്‍മകളില്‍ തെളിയുന്നത്.
'പാടത്ത് വൈക്കോലും നെല്ലും ഉണക്കിയശേഷം നെല്ലിലെ പതിര് മാറ്റാന്‍ രണ്ടുപേര്‍ നിന്ന് മുറം കൊണ്ടൊരു വീശലുണ്ട്. ഇത്തിരി വലുതായപ്പോളാണ് ഇതിന്റെയൊക്കെ പ്രയാസം മനസ്സിലാകുന്നത്. എത്ര മെതിക്കുന്നുവോ അതനുസരിച്ചാണ് പണിക്കാര്‍ക്ക് കൂലി. നെല്ല് പറയില്‍ അളന്നുകൊടുക്കും. അവര്‍ നെല്ല് ഞങ്ങള്‍ക്ക് തന്നെ മടക്കി തരും. അതിന്റെ പൈസ കൊടുത്താല്‍ മതി.' പഴയകാല കാര്‍ഷിക സംസ്‌കാരത്തിന്റെ ചിത്രമാണ് സുശീല വരച്ചുകാട്ടുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സുശീലയും ഭര്‍ത്താവും കൃഷിയില്‍ സജീവമായി മുന്നിട്ടിറങ്ങിയവരാണ്. ഏതാണ്ട് 50 സെന്റ് സ്ഥലത്ത് വാഴയും തെങ്ങും കവുങ്ങും സമൃദ്ധമായി വളര്‍ന്നിരുന്നു. ഇപ്പോള്‍ ഏകദേശം 680 കിലോഗ്രാം ചേന ഒരൊറ്റ വിളവെടുപ്പില്‍ തന്നെ വില്‍പ്പന നടത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് കുള്ളന്‍തെങ്ങിന്‍തൈകള്‍ കൊണ്ടുവന്ന് വളര്‍ത്തി.
മുറ്റം നിറയെ പൂച്ചെടികളുടെ വര്‍ണവസന്തം
'പൂച്ചെടികളോടാണ് എനിക്ക് ഏറെയിഷ്ടം. ഏതാണ്ട് ഏഴോ എട്ടോ തരത്തിലുള്ള തെച്ചിപ്പൂക്കള്‍ വീട്ടുമുറ്റത്തുണ്ട്. ചെമ്പരത്തിയുടെ 18 ഇനങ്ങളുണ്ട്. അഞ്ച് തരത്തിലുള്ള മുല്ലകളും വളര്‍ന്ന് പൂവിട്ടിട്ടുണ്ട്. റോസ് തന്നെ 25 തരത്തില്‍ വളര്‍ത്തിയിട്ടുണ്ട്. ഓര്‍ക്കിഡിന്റെ പലയിനങ്ങളുമുണ്ട്.' സുശീല തന്റെ തോട്ടത്തിലെ പൂച്ചെടികളെക്കുറിച്ച് വിശദമാക്കുന്നു.
അഞ്ച് ഇനങ്ങളിലുള്ള അരളിപ്പൂക്കള്‍ ഇവിടെയുണ്ട്. പെന്റാസിന്റെ നാല് ഇനങ്ങളും ലില്ലിയുടെ നാലിനങ്ങളും കൂടി വളര്‍ന്ന് പുഷ്പിച്ചു നില്‍ക്കുന്നു. അഡീനിയത്തിന്റെ പല ഇനങ്ങളുമുണ്ട്. വെള്ളനിറത്തില്‍ ഒറ്റ ഇതളുകളുള്ളവയും അതുപോലെ റോസാപ്പൂ പോലെ പല ഇതളുകളായുള്ള വെള്ള അഡീനിയവും, ഇളം റോസ് നിറത്തില്‍ ഒറ്റ ഇതളുകളും റോസാപ്പൂപോലെയുള്ള നിരവധി ഇതളുകളുള്ള ഇനവും, ചുവന്ന അഡീനിയത്തിലും മറൂണ്‍ അഡീനിയത്തിലും ഇതേ രീതിയില്‍ രണ്ടു തരത്തിലുമുള്ള പൂക്കളുണ്ടാകുന്ന ചെടികളും സുശീല വളര്‍ത്തുന്നുണ്ട്.
10 സെന്റ് സ്ഥലത്ത് പൂച്ചെടികള്‍ക്കായി മനോഹരമായ മുറ്റം തന്നെ ഒരുക്കിയിരിക്കുകയാണ് ഇവിടെ. മുറ്റത്ത് ഭംഗിയായി പച്ചപ്പുല്ല് വെച്ചുപിടിപ്പിച്ച് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തപോലെ കൗതുകമുള്ള രൂപങ്ങളൊക്കെ തോട്ടത്തില്‍ അവിടവിടെയായി സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ' മുറ്റത്ത് വെച്ചുപിടിപ്പിച്ച പുല്ല് കൃത്യമായി നാല് മാസം കൂടുമ്പോള്‍ നിരയൊപ്പിച്ച് വെട്ടി വൃത്തിയാക്കണം. ചിലപ്പോള്‍ പുല്ല് കൂടുതല്‍ വളര്‍ന്നാല്‍ ഫംഗസ് ബാധിക്കും. ഇത് ഒഴിവാക്കാന്‍ മരുന്ന് തളിക്കും. പിന്നീട് നാല് ദിവസത്തേക്ക് ആ സ്ഥലത്ത് ആരും ചവിട്ടാതെ സൂക്ഷിക്കും.' സുശീല പറയുന്നു.
രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ചെടികള്‍ വാങ്ങാറില്ലെന്ന് സുശീല പറയുന്നു. 'മഴയും വെയിലും എല്ലാം ഒരുപോലെ അതിജീവിക്കാന്‍ കഴിയുന്ന ചെടികള്‍ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. ആട്ടിന്‍കാഷ്ഠവും കോഴിക്കാഷ്ഠവും ചാണകവും ചേര്‍ത്ത് എല്ലാ ചെടികള്‍ക്കും നല്‍കാറുണ്ട്. തെങ്ങിനും കവുങ്ങിനും എല്ലുപൊടി ചേര്‍ക്കുമ്പോള്‍ പൂച്ചെടികള്‍ക്കും അല്‍പം നല്‍കും.'
ചെമ്പരത്തിയുടെ ഹൈബ്രിഡ് ഇനവും ഇവിടെയുണ്ട്. ചെടികള്‍ക്ക് കാല്‍മുട്ടിന്റെ പൊക്കമേ ഉണ്ടാകുകയുള്ളു. നിറയെ പൂക്കുന്ന ഈ ഇനത്തിന് ഒരു തൈക്ക് 250 രൂപ വിലയുണ്ടെന്ന് സുശീല പറയുന്നു. കൊങ്ങിണിപ്പൂവിന്റെ വയലറ്റ്, വെള്ള, ചുവപ്പ്, മഞ്ഞ എന്നീ ഇനങ്ങളുണ്ട്. അതുപോലെ മന്ദാരത്തിന്റെ മൂന്നിനങ്ങളും ഹൈഡ്രേഞ്ചിയയും വളര്‍ത്തുന്നുണ്ട്. കല്യാണ സൗഗന്ധികത്തിന്റെ മഞ്ഞയും വെള്ളയും ഇനങ്ങളും ഇവിടെ അഴകില്‍ ചാലിച്ച് വിരിഞ്ഞു നില്‍ക്കുന്നു.
മൂന്ന് നിറത്തിലുള്ള ചാമ്പക്ക
അധികം പുളിയില്ലാത്ത വെള്ള ചാമ്പക്ക നിറയെ പൂത്ത് കായ്കളുണ്ടാകും. ചുവന്ന ചാമ്പയ്ക്കയ്ക്ക് പുളിയില്ല. പനിനീര്‍ ചാമ്പക്ക എന്നൊരു ഇനംകൂടിയുണ്ട്. ഈ ഇനത്തിന് പനിനീരിന്റെ മണമാണ്. കാണുമ്പോല്‍ ചെറുനാരങ്ങ പോലെയുണ്ടാകും.
പൂച്ചെടികള്‍ വളര്‍ത്തുന്നവര്‍ക്കായി ഇത്തിരി ടിപ്‌സ്
'അഡീനിയത്തിന് ദിവസവും നനയ്‌ക്കേണ്ട ആവശ്യമില്ല. വെള്ളം കെട്ടിനിന്നാല്‍ ചീഞ്ഞുപോകും. ഹൈഡ്രേഞ്ചിയ പൂവിടണമെങ്കില്‍ നല്ല വെയിലും നന്നായി നനയ്ക്കുകയും വേണം.'
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നന്നായി വരയ്ക്കുമായിരുന്ന സുശീല 12 വര്‍ഷത്തോളം തന്റെ മനോഹരമായ പെയിന്റിങ്ങുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. ഗ്ലാസ്-തഞ്ചാവൂര്‍ പെയിന്റിങ്ങ് ചെയ്യാറുണ്ട്. അതുപോലെ ടി.വിയില്‍ ഷോകളിലൊക്കെ കാണുന്ന പോലെയുള്ള ആഭരണങ്ങള്‍ നിര്‍മിക്കാനും ശ്രമം നടത്തിയ കലാകാരിയാണ് പൂക്കളെയും ചെടികളെയും സ്‌നേഹിക്കുന്ന ഈ വീട്ടമ്മ. ഭര്‍ത്താവ് ഗോവിന്ദ ഷേണായിയും മകളും സുശീലയുടെ ഇഷ്ടങ്ങളില്‍ കൂടെനില്‍ക്കുന്നവരാണ്.