'ജോൺ ലെനൻ ഒരു പാട്ടുകാരനായിരുന്നു' എന്ന് പറഞ്ഞാൽ, അത് 'ഗാന്ധിജി ഒരു രാഷ്ട്രീയക്കാരനാണ് 'എന്നൊക്കെ പറയുന്നപോലെ ആയിപ്പോകും. അമേരിക്കൻ മുതലാളിത്തത്തിനും, മതാധിപത്യത്തിനും, കോളനിവൽക്കരണത്തിനും ഒക്കെ എതിരെ നിരന്തരം പാട്ടുകളെഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തു പോന്നിരുന്നു അദ്ദേഹം
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഒരു പള്ളിയിൽ നിസ്‌ക്കാരത്തിന് ഭംഗം വരുത്തിക്കൊണ്ട് ബ്രെൻഡൻ ടാറന്‍റ് എന്ന ഇരുപത്തെട്ടുകാരന്‍റെ AR 15 അസാൾട്ട് ഗണ്ണുകൾ തീതുപ്പിയപ്പോൾ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞുപോയത് 50 വിലപ്പെട്ട ജീവനുകളായിരുന്നു. ആ ചെറുപ്പക്കാരൻ എന്തിന് ഇങ്ങനെ പ്രവർത്തിച്ചു എന്നുള്ള അന്വേഷണം ചെന്നുനിൽക്കുക വെറുപ്പിന്‍റെയും, വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലാണ്. അത് ആ ചെറുപ്പക്കാരന്‍റെ തലച്ചോറിൽ അന്ന് രാവിലെ ഉത്പാദിപ്പിക്കപ്പെട്ട ഒന്നല്ല. വർഷങ്ങളെടുത്ത് നിരവധി പ്രകോപനങ്ങളുടെ അടിവളമിട്ട്, വളർത്തിവലുതാക്കിയ ഒരു റേസിസ്റ്റ് അഹംബോധത്തിനാണ് അന്നയാൾ ആത്മാവിഷ്കാരം നൽകിയത്. സമാനമായ ഒരു കൊലപാതകം മുപ്പത്തൊമ്പതു വർഷങ്ങൾക്കു മുമ്പും ചരിത്രത്തിൽ നടന്നിട്ടുണ്ട്. അന്നും മതബോധം പ്രേരണയുടെ രൂപത്തിൽ ചിത്രത്തിലുണ്ട്. ഇന്നും ഏറെക്കുറെ അതൊക്കെത്തന്നെയാണ് പ്രേരകശക്തി.
ലെനനായിരുന്നു ബീറ്റിൽസിന്റെ അന്നത്തെ ഹിറ്റ് ഗാനങ്ങൾ പലതും എഴുതിയിരുന്നത്
undefined
അന്ന് കൊല്ലപ്പെട്ടത് 'ബീറ്റിൽസ്' എന്ന വിശ്വപ്രസിദ്ധ റോക്ക് ബാൻഡിന്റെ ജീവാത്മാവായിരുന്ന ജോൺ ലെനൻ ആയിരുന്നു. പോൾ മക്കാർട്ടിനി, ജോർജ് ഹാരിസൺ, റിങ്കോ സ്റ്റാർ,ജോൺ ലെനൻ എന്നിവർ ചേർന്ന് 1960 -ൽ ഇംഗ്ലണ്ടിൽ തുടങ്ങിയ റോക്ക് ബാൻഡാണ് ബീറ്റിൽസ്. അറുപതുകളുടെ മധ്യത്തോടെ യൂറോപ്പും കടന്ന് ആദ്യം അങ്ങ് അമേരിക്കയിലും പിന്നെ ലോകം മുഴുവനും അവരുടെ പ്രശസ്തി പരന്നു. ലെനനായിരുന്നു ബീറ്റിൽസിന്റെ അന്നത്തെ ഹിറ്റ് ഗാനങ്ങൾ പലതും എഴുതിയിരുന്നത്. യുഎസ് ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് നിന്ന ഇരുപത്തഞ്ചിലധികം സിംഗിളുകൾ അറുപതുകളിൽ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. സോങ്ങ് റൈറ്റേഴ്‌സ് ഹാൾ ഓഫ് ഫെയിമിലും റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിലും ലെനൻ ഇടം നേടി. 'ബീറ്റിൽമാനിയ'യിൽ പൂർണ്ണമായും മുങ്ങിക്കഴിഞ്ഞിരുന്നു ലോകം ആ ദശാബ്ദത്തിൽ.
'ജോൺ ലെനൻ ഒരു പാട്ടുകാരനായിരുന്നു' എന്ന് പറഞ്ഞാൽ, അത് 'ഗാന്ധിജി ഒരു രാഷ്ട്രീയക്കാരനാണ് 'എന്നൊക്കെ പറയുന്നപോലെ ആയിപ്പോകും. അമേരിക്കൻ മുതലാളിത്തത്തിനും, മതാധിപത്യത്തിനും, കോളനിവൽക്കരണത്തിനും ഒക്കെ എതിരെ നിരന്തരം പാട്ടുകളെഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തു പോന്നിരുന്നു അദ്ദേഹം. ഒടുവിൽ ആ 'ആക്ടിവിസ്റ്റ്' ധിഷണയുടെ സ്ഫുരണങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ പ്രാണനെടുത്തതും.
"Imagine there's no heaven
It's easy if you try
No hell below us
Above us only sky..."
അദ്ദേഹം തന്റെ അഭിമുഖങ്ങളിൽ ഒരിക്കലും 'പൊളിറ്റിക്കൽ കറക്റ്റ്നെസ്സി'നെപ്പറ്റി അധികം വ്യാകുലപ്പെട്ടിരുന്നില്ല
കെട്ടുപാടുകളൊന്നുമിലാത്ത സ്വച്ഛന്ദമായ ഒരു ലോകമായിരുന്നു ലെനന്റെ വാക്കുകളിലും പാട്ടുകളിലുമെല്ലാം എക്കാലത്തും നിറഞ്ഞു നിന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അഭിമുഖങ്ങളിൽ ഒരിക്കലും 'പൊളിറ്റിക്കൽ കറക്റ്റ്നെസ്സി'നെപ്പറ്റി അധികം വ്യാകുലപ്പെട്ടിരുന്നില്ല. ഒരു കൊല്ലത്തെ നിരന്തരമുള്ള ലോകപര്യടനങ്ങൾ കഴിഞ്ഞുവന്ന 1966 -ന്റെ തുടക്കത്തിലെ നാലഞ്ചു മാസങ്ങൾ ബീറ്റിൽസിന് ഏറെക്കുറെ തിരക്കൊഴിഞ്ഞ കാലമായിരുന്നു. അത് ലെനന് ആത്മാന്വേഷണത്തിന്റെ ഒരു കാലയളവു കൂടിയായിരുന്നു. ആധ്യാത്മികതയെ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ അദ്ദേഹം ഈ കാലയളവിൽ വായിക്കുകയുണ്ടായി.
"We're more popular than Jesus now; I don't know which will go first – rock 'n' roll or Christianity. "
അക്കാലത്തുതന്നെ മൗറീൻ ക്ളീവ് എന്ന തീക്ഷ്ണസ്വഭാവിയായ ഒരു ജേർണലിസ്റ്റ്, ബീറ്റിൽസ് ബാൻഡിലെ ഓരോ അംഗത്തോടും സുദീർഘമായ സംഭാഷണങ്ങൾ നടത്തുകയും അനതിസാധാരണമായ പ്രൊഫൈൽ ഇന്റർവ്യൂകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ജോൺ ലെനനുമായി മൗറീന് മറ്റുള്ളവരോടുള്ളതിനേക്കാൾ അടുപ്പം ഉണ്ടായിരുന്നു എന്നും പറയാം. ഒരുവേള വളരെ റൊമാന്റിക് ആയ ഒരു അടുപ്പം പോലും അവർക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനെ, ഒഴിവുവേളകളിലെ ആധ്യാത്മിക വായനകൾ നൽകിയ ഹാങ്ങ് ഓവറിൽ, ഏറെ അടുപ്പമുള്ള ഒരു പത്രപ്രവർത്തകസുഹൃത്തിനോട് നടത്തിയ സുദീർഘമായ ഒരു അഭിമുഖത്തിനിടയിൽ എപ്പോഴോ, മറ്റുപലതിനെപ്പറ്റിയും പറഞ്ഞുപോയ കൂട്ടത്തിൽ, മതങ്ങളുടെ കുറഞ്ഞുവരുന്ന സ്വാധീനത്തെപ്പറ്റിയും ലെനൻ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു, "Christianity will go. It will vanish and shrink. I needn't argue about that; I'm right and I'll be proved right. We're more popular than Jesus now; I don't know which will go first – rock 'n' roll or Christianity. Jesus was all right but his disciples were thick and ordinary. It's them twisting it that ruins it for me." അത് അദ്ദേഹം വളരെ സരസമായി നടത്തിയ ഒരു നിരീക്ഷണം ( passing remark) മാത്രമായിരുന്നു.
1966 മാർച്ച് 4 -ന് 'ലണ്ടൻ ഈവനിങ്ങ് സ്റ്റാൻഡേർഡ്' എന്ന പത്രം, ഈ സംഭാഷണം അതിന്റെ പൂർണരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോഴും, ഇംഗ്ലണ്ടിൽ ആരുടേയും മതവികാരത്തെ അത് വ്രണപ്പെടുത്തിയില്ല. തുടർന്നുള്ള ആറുമാസക്കാലം ആരും അതേപ്പറ്റി എവിടെയും ചർച്ച ചെയ്യുകപോലുമുണ്ടായില്ല. ഒരുവിധം പേരൊന്നും അത് ശ്രദ്ധിച്ചുപോലുമില്ല. ശ്രദ്ധിച്ച അടിയുറച്ച മതവിശ്വാസികളായ അപൂർവം ചിലർക്ക് ആ പരമാർശം അരോചകമെന്നു തോന്നിയെങ്കിലും, അവരും അതിനെ ഇരുപത്തഞ്ചുകാരനായ ഒരു റോക്ക് സ്റ്റാറിന്റെ അപക്വമായൊരു വാക്കുപിഴയായി അവഗണിച്ചു.
ആറുമാസങ്ങള്‍ക്കു ശേഷം, ആര്‍തര്‍ ഉങ്ങറിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'ഡേറ്റ് ബുക്ക്' എന്ന അമേരിക്കൻ മാസിക ഇതേ ഇന്റർവ്യൂ പുനഃപ്രസിദ്ധീകരിച്ചു. പോൾ മക്കാർട്ടിനി ആയിരുന്നു കവറിൽ. ഒപ്പം, ലെനന്റെ അഭിമുഖത്തിലെ "I don't know which will go first – rock 'n' roll or Christianity" എന്ന ഭാഗം സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് കവറിൽ ചേർക്കുകയും ചെയ്തിരുന്നു..
അമേരിക്കൻ സംഗീതരംഗത്തെ മതവിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെട്ടു
ഈ ലക്കം പുറത്തുവന്നതോടെ, അമേരിക്കൻ സംഗീതരംഗത്തെ മതവിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെട്ടു. ബീറ്റിൽസിനെതിരെ, വിശിഷ്യാ ലെനനെതിരെ ഒരു വെറുപ്പിന്റെ ഒരു അല തന്നെ ഇരച്ചുവന്നു. പല ഡിജെകളും വളരെ വൈകാരികമായി ലെനന്റെ വാക്കുകളോട് പ്രതികരിച്ചു. ഓൺ എയർ ആയി അവർ ബീറ്റിൽസിന്റെ റെക്കോർഡുകൾ തറയിലെറിഞ്ഞു പൊട്ടിക്കുക പോലും ചെയ്തു. ബിർമിങ്ങാമിലെ ഒരു റേഡിയോ സ്റ്റേഷൻ " ബാൻ ദി ബീറ്റിൽസ് " എന്നൊരു കാമ്പെയ്ൻ വരെ തുടങ്ങിവെച്ചു. അമേരിക്കയിലെ പല സഭകളും ബീറ്റിൽസിന്റെ കോൺസെർട്ടുകളിൽ പങ്കെടുക്കുന്നവരെ ഇടവകകളിൽ നിന്നും പുറത്താക്കും എന്ന് ഇടയലേഖനങ്ങളിറക്കി. ബീറ്റിൽസിനു നേരെ വധഭീഷണികളുയർന്നു. ഇതെല്ലാം ചേർന്ന് ചുരുങ്ങിയ ഒരു കാലം കൊണ്ട് ബീറ്റിൽസിന് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെങ്കിലും, ചായക്കോപ്പയിലെ ആ കൊടുങ്കാറ്റ് അധികം താമസിയാതെ താനേ കെട്ടടങ്ങി.
ലെനന്റെ വാക്കുകൾ മാത്രം അപ്പോഴും തീവ്രമതവിശ്വാസികളുടെ മനസ്സിൽ കല്ലിച്ചു കിടന്നു
1970 -ൽ ജോൺ ലെനനും ബീറ്റിൽസും തമ്മിൽ വേർപിരിഞ്ഞുവെങ്കിലും, "ബീറ്റിൽസിന് യേശുവിനേക്കാൾ പ്രശസ്തിയുണ്ട്.." എന്ന ലെനന്റെ വാക്കുകൾ മാത്രം അപ്പോഴും തീവ്രമതവിശ്വാസികളുടെ മനസ്സിൽ കല്ലിച്ചു കിടന്നു. അത് മറക്കാൻ അവരിൽ പലർക്കും കഴിഞ്ഞില്ല. പലപ്പോഴായി, പലപല പത്രസമ്മേളനങ്ങളിലായി ബീറ്റിൽസിനുവേണ്ടി സംഘങ്ങളിൽ പലരും, ബാൻഡ് മാനേജർ ബ്രയാൻ ഇപ്‌സ്റ്റീനും ഒക്കെ പലവട്ടം ആ പ്രസ്താവനയെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും അതുണ്ടാക്കിയ പ്രസിദ്ധി പാടേ മായ്ച്ചുകളഞ്ഞില്ല. ജോൺ ലെനൻ ഒരു ഇന്റർവ്യൂവിൽ, തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന പൂർണബോധ്യമുണ്ടായിരുന്നിട്ടും, "നിങ്ങളില്‍ ആരെയെങ്കിലും എന്റെ വാക്കുകള്‍ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍, എന്റെ ഒരു മാപ്പപേക്ഷ നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിൽ, എന്നോട് ക്ഷമിക്കുക.. അയാം സോറി.." എന്നുവരെ പറഞ്ഞെങ്കിലും ഒന്നും ഏശിയിരുന്നില്ല. അങ്ങനെ ആ പരാമർശത്തിന്റെ കയ്‌പ്പ് മനസ്സിൽ കൊണ്ടുനടന്ന, മതത്തോട് തീവ്രാഭിനിവേശമുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു, മാർക്ക് ഡേവിഡ് ചാപ്പ്മാൻ.
അയാൾ ബീറ്റിൽസ് ബാൻഡിന്റെ ആരാധകനായിരുന്നു എന്നതാണ് ഏറെ രസകരമായ ഒരു വസ്തുത. ഒരുപക്ഷേ, ഏറ്റവും കടുത്ത ആരാധകരിൽ ഒരാൾ തന്നെ. ബീറ്റിൽസിനെ പ്രണയിച്ചിരുന്ന അതേ തീവ്രതയോടെ ചാപ്മാൻ തന്റെ മതവിശ്വാസത്തെയും ഹൃദയത്തിൽ ആവേശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പ്രിയ ബാൻഡ് സിംഗർ, ജീവശ്വാസമായ താൻ കൊണ്ടുനടക്കുന്ന മതത്തിനെ തള്ളിപ്പറഞ്ഞെന്ന് തോന്നിയപ്പോൾ അത് അക്ഷന്തവ്യമായ ഒരു അപരാധമായി അയാൾ കണ്ടു. ഇടവകയിലെ വിശ്വാസികളിൽ പലരും 'ഒരു കാലത്ത് ലെനനെ ദൈവത്തെപ്പോലെ കണ്ടിരുന്നതിന്റെ' പേരിൽ ചാപ്മാനെ കളിയാക്കാൻ കൂടി തുടങ്ങിയപ്പോൾ അയാൾക്ക് കലി ഇരട്ടിച്ചു. സ്നേഹത്തെക്കുറിച്ചുള്ള പാട്ടുകൾ പാടി, അതിനെ വില്‍പ്പനച്ചരക്കാക്കി, ബീറ്റിൽസ് സംഘം വിശ്വപ്രസിദ്ധരും അതിസമ്പന്നരുമായതും ചാപ്മാന് ഈർഷ്യയുണ്ടാക്കിയിരുന്നു. ഇതെല്ലാം ചേർന്ന്, ബീറ്റിൽസിനോടുള്ള ചാപ്മാന്റെ ആഴത്തിലുള്ള ആരാധനയെ അത്ര തന്നെ കടുത്ത വെറുപ്പാക്കി മാറ്റി. തന്റെ ശേഖരത്തിലുണ്ടായിരുന്ന ബീറ്റിൽസിനെക്കുറിച്ചുള്ള പത്രക്കട്ടിങ്ങുകളും, ചിത്രങ്ങളും, റെക്കോർഡുകളും ഒക്കെ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞു അയാൾ. ഇതിനൊക്കെ ഉത്തരവാദിയായ ജോണ്‍ ലെനനെ വകവരുത്താനും ചാപ്പ്മാന്‍ തീരുമാനിച്ചു.
1980 ഡിസംബർ എട്ടാം തീയതിയിലെ തണുത്ത വെളുപ്പാൻ കാലത്ത്, ന്യൂയോർക്കിലെ ഡെക്കോട്ടയിലെ ജോൺ ലെനന്റെ ഫ്‌ളാറ്റിന് മുന്നിൽ കാത്തുനിന്നു ചാപ്പ്മാൻ. ആദ്യമായി ലെനനെ കണ്ടപ്പോൾ അയാൾ ബീറ്റിൽസിന്റെ 'ഡബിൾ ഫാന്റസി' എന്ന ആൽബത്തിന്റെ എൽപി റെക്കോർഡിന് പുറത്ത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് പതിപ്പിച്ചുവാങ്ങി. അപ്പോൾ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ പോൾ ഗരേഷ് ആ രംഗം തന്റെ കാമറയിൽ പകർത്തി. തന്റെ ഇഷ്ടഗായകന് ഹസ്തദാനം നൽകി ചാപ്മാൻ തൽക്കാലം മടങ്ങി. മൂന്നുമണിക്കൂർ നേരം കഴിഞ്ഞ് തിരിച്ചുവന്ന് പിന്നെയും ആ കെട്ടിടത്തിന്റെ പരിസരത്തുതന്നെ കറങ്ങിക്കറങ്ങി നിന്നു. ലെനൻ വീണ്ടും ഒരിക്കൽക്കൂടി പുറത്തിറങ്ങിയപ്പോൾ ചാപ്പ്മാൻ തന്റെ CA 0.36 കാലിബർ കൈത്തോക്കിൽ നിന്നും അദ്ദേഹത്തിനു നേരെ അഞ്ചുവെടിയുണ്ടകളുതിർത്തു. അതിൽ നാലെണ്ണം മുതുകിലൂടെ തുളച്ചുകയറി, തൽക്ഷണം അവിടെ മരിച്ചുവീണു ലെനൻ.
ലെനനെ വെടിവെച്ചിട്ടിട്ടും, സംഭവസ്ഥലം വിട്ട് ഓടി രക്ഷപ്പെടാനൊന്നും ചാപ്മാൻ ശ്രമിച്ചില്ല
'ജോൺ ലെനൻ തന്റെ കൊലയാളിക്ക് ഓട്ടോഗ്രാഫ് ചെയ്തുകൊടുത്ത 'ഡബിൾ ഫാന്റസി'യുടെ എൽപി റെക്കോർഡ് '
വിദ്വേഷപ്രകാശനങ്ങൾക്കും അഭിമാനസംരക്ഷണങ്ങൾക്കുമായി നടത്തപ്പെടുന്ന കൊലപാതകങ്ങളുടെ സ്ഥായീഭാവം അവ നടപ്പിലാക്കിയ ശേഷമുള്ള നിർവികാരതയാണ്. ജീവനെടുത്തതിന്റെ പേരിൽ തെല്ലുപോലും പശ്ചാത്താപം അവരെ ബാധിക്കില്ല. ലെനനെ വെടിവെച്ചിട്ടിട്ടും, സംഭവസ്ഥലം വിട്ട് ഓടി രക്ഷപ്പെടാനൊന്നും ചാപ്മാൻ ശ്രമിച്ചില്ല. അവിടെ നിന്നനില്പിന്, ജെ ഡി സാലിംഗറുടെ " ദി ക്യാച്ചർ ഇൻ ദി റൈ " എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്നു അയാൾ. ആ നോവലിലെ കേന്ദ്രകഥാപാത്രമായ ഹോൾഡൻ കോൾഫീൽഡാണ് താനെന്നായിരുന്നു ചാപ്മാന്റെ വിചാരം.
അന്ന് ജോൺ ലെനൻ എന്ന ഇരുപത്തഞ്ചുകാരനായ റോക്ക് സ്റ്റാർ തന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ, ഒരു കാല്പനിക സൗഹൃദത്തോട് അത്രയ്ക്ക് വീണ്ടുവിചാരമില്ലാത്ത പറഞ്ഞുപോയ ചില വാക്കുകൾ, അയാളുടെ ജീവനെടുക്കുന്നതിനു വരെ കാരണമായി. ആരാണ് അതിനുത്തരവാദി..? ആ പരാമർശങ്ങളെ പ്രസിദ്ധപ്പെടുത്തും മുമ്പ് നീക്കം ചെയ്യാതെ വിട്ട മൗറീൻ ക്ളീവ് എന്ന യുവ പത്രപ്രവർത്തകയോ..? പ്രകോപനപരമായ രീതിയിൽ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അതിനെ പുനഃപ്രസിദ്ധീകരിച്ച 'ഡേറ്റ് ബുക്ക് 'പത്രാധിപർ ആർതർ ഉങ്ങറോ..? ഡേറ്റ് ബുക്കിലെ പരാമർശങ്ങളിൽ ഉണർന്ന ജനരോഷത്തെ ഊതിയൂതി പരമാവധി ആളിക്കത്തിച്ച അന്നത്തെ മാധ്യമങ്ങളോ..? അതോ, തന്റെ ഇഷ്ടഗായകനും, പാട്ടെഴുത്തുകാരനുമായ, താൻ ഒരുകാലത്ത് ദൈവതുല്യനായിക്കണ്ടിരുന്ന ജോൺ ലെനനെന്ന പ്രതിഭാധനനെ ഒരു മനസ്താപവും തോന്നാതെ കൊന്നുതള്ളി മതാഭിമാനം സംരക്ഷിക്കാൻ ചാപ്മാനെ പ്രേരിപ്പിച്ച ഈ സമൂഹം തന്നെയോ..?