ആ വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകരുന്നത് ഇവരാണ്; അറിയാം എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ 'റോഷ്‍നി പദ്ധതി'യെ കുറിച്ച്...

By Web Team  |  First Published Sep 5, 2019, 3:57 PM IST

പല കുട്ടികളും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഒരു കുഞ്ഞ് സ്ഥലത്ത് രണ്ടും മൂന്നും കുടുംബം ഉണ്ടാകും. അവര്‍ക്ക് ആവശ്യത്തിന് പഠിക്കാനോ, ഭക്ഷണം കഴിക്കാനോ ഒന്നുമുള്ള സൗകര്യം ഉണ്ടാകണമെന്നില്ല. 


ഓര്‍മ്മയില്ലേ ബിനാനിപുരം ഗവ. ഹൈസ്കൂളിലെ മുഹമ്മദ് ദില്‍ഷാദ് എന്ന വിദ്യാര്‍ത്ഥി എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചുവെന്ന വാര്‍ത്ത. അതിലിപ്പോള്‍ എന്താണിത്ര കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും? എത്രയോ കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നുണ്ട്. എന്നാല്‍, ദില്‍ഷാദ് ഇതരസംസ്ഥാന വിദ്യാര്‍ത്ഥിയാണ്. ബിഹാറിലെ ദര്‍ബംഗ സ്വദേശി ഭൂട്ടോ സാജിദിന്‍റെ മകന്‍. ദില്‍ഷാദിനെക്കൂടാതെ ബബിത രാജ്, ദര്‍ഷ പര്‍വീണ്‍, അന്‍വര്‍ എന്നീ ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ കൂടി പരീക്ഷയില്‍ നല്ല വിജയം നേടി. 

ഈ വിജയത്തിനൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു എറണാകുളം ജില്ലയില്‍ നടപ്പിലാക്കി വരുന്ന റോഷ്‍നി പദ്ധതിയും. തൊഴില്‍ തേടിയും മറ്റും ആളുകള്‍ സ്വന്തം സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്ക് കുടുംബസമേതം പറിച്ചുനടപ്പെടുന്ന ഈ കാലത്ത് ഇന്ത്യക്കാകെ മാതൃകയാക്കാവുന്ന കാര്യമാണ് റോഷ്‍നി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. എന്താണ് റോഷ്‍നി പദ്ധതി? ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഇത് എന്ത് വ്യത്യാസമാണുണ്ടാക്കുന്നത്? റോഷ്‍നി പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റോഷ്‍നിയുടെ അക്കാദമിക് കോഡിനേറ്റര്‍ കൂടിയായ ജയശ്രീ ടീച്ചറെ നാം കേള്‍ക്കേണ്ടതുണ്ട്. ജയശ്രീ കുളകുന്നത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

Latest Videos

undefined

ബിനാനിപുരം സ്കൂളില്‍ നിന്ന് 

1997 -ലാണ് ജയശ്രീ കുളകുന്നത്ത് അധ്യാപികയായി സേവനം ആരംഭിക്കുന്നത്. DPEP പരീക്ഷിച്ചുവരുന്ന സമയത്തായിരുന്നു അത്. അന്ന് എറണാകുളം ജില്ലയില്‍ 100 സ്കൂളുകളിലാണ് DPEP പരീക്ഷിക്കുന്നത്. അതിന്‍റെ പ്രവര്‍ത്തനങ്ങളിലെല്ലാം ജയശ്രീ ടീച്ചറുമുണ്ടായിരുന്നു. 98 -ല്‍ അത് കേരളത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കിയപ്പോള്‍ ടീച്ചര്‍ എറണാകുളം ജില്ലയിലെ റിസോഴ്‍സ് പേഴ്‍സണായി ജോലി തുടങ്ങി. പിന്നീടിങ്ങോട്ട് പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെല്ലാം പങ്കാളിയുമായി. പത്തുവര്‍ഷത്തോളം അങ്ങനെ കിട്ടിയ അറിവുകളെല്ലാം ഗവേഷണ സ്വഭാവത്തോടെ സമീപിക്കുകയും ക്ലാസുകളില്‍ നടപ്പിലാക്കുകയും ചെയ്തു ടീച്ചര്‍.

 

ജയശ്രീ കുളകുന്നത്ത്

എന്നാല്‍, ഇതെല്ലാം ഒരേ മാതൃകയാണെന്ന് ടീച്ചര്‍ക്ക് തോന്നുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ടീച്ചര്‍ പറയുന്നത് ഇങ്ങനെ, ''2008 -ല്‍ ഒരു വര്‍ഷം SSA -യില്‍ വന്നു. അന്നാണ് കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിന്‍റെ പാഠ്യപദ്ധതി നടപ്പിലാക്കുന്നത്. അതില്‍ ഒന്നാം ക്ലാസില്‍ എസ് ആര്‍ ജി മുതല്‍ പങ്കെടുക്കുകയും എറണാകുളം ജില്ലയില്‍ ഒരു ഫോക്കസ് ഗ്രൂപ്പിനെ ഉണ്ടാക്കുകയും അതിന്‍റെ ഫലപ്രാപ്തി പഠിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍, ഈ പോകുന്ന അധ്യാപനത്തിന്‍റെയെല്ലാം വാര്‍പ്പ് മാതൃകകളോട് തികച്ചും വിരക്തി തോന്നി ഞാന്‍ വീണ്ടും സ്കൂളിലേക്ക് തന്നെ തിരിച്ചു പോയി. ആ സമയത്ത് ഗവേഷണ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പിന്നെ ചെയ്തത് രണ്ടോ മൂന്നോ വര്‍ഷം ഒരു സ്കൂളില്‍ നില്‍ക്കുകയും അവിടുത്തെ പ്രശ്നങ്ങള്‍ മനസിലാക്കി അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ടാക്കി പരീക്ഷിച്ച് ഫലപ്രാപ്തിയിലെത്തിക്കുകയുമാണ്.'' 

എന്നാല്‍, അത് നടന്നുകഴിഞ്ഞാല്‍ പൂര്‍ണമായും അതിന്‍റെ ഭാഗമായിക്കഴിഞ്ഞു എന്ന് തോന്നിയാല്‍ അതിലേക്ക് മാത്രമായി ഒതുങ്ങിപ്പോവാതിരിക്കാനായി ടീച്ചര്‍ അവിടെനിന്നും മാറുകയും മറ്റ് സ്കൂളിലെത്തുകയും ചെയ്തുപോന്നു. അങ്ങനെ മൂന്നോ നാലോ സ്കൂള്‍ കഴിഞ്ഞ് 2015 -ലാണ് ടീച്ചര്‍ ബിനാനിപുരം സ്കൂളിലെത്തുന്നത്. 

എറണാകുളം ജില്ലയിലെ പല സ്കൂളുകളിലും ഇതരസംസ്ഥാനത്തില്‍ നിന്നുള്ള ഒരുപാട് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അതില്‍ത്തന്നെ കന്നഡ, ഒറിയ, ബംഗാളി, തമിഴ് ഒക്കെ സംസാരിക്കുന്ന കുട്ടികളുണ്ട്. ബിനാനിപുരം സ്കൂളും മറിച്ചായിരുന്നില്ല.  50 ശതമാനത്തില്‍ കൂടുതലും അവിടെ ഇതരസംസ്ഥാനത്ത് നിന്നുള്ള കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പല ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍... എന്നാല്‍, അധ്യാപകര്‍ ക്ലാസെടുക്കുന്നതാകട്ടെ മലയാളത്തിലും. അധ്യാപകര്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മലയാളി കുട്ടികളിലായിരുന്നു. കാരണം, അവര്‍ക്കറിയാവുന്ന ഭാഷ അതാണല്ലോ... അവിടെ ഇതരസംസ്ഥാനത്തില്‍ നിന്നുള്ള കുട്ടികള്‍ അവഗണിക്കപ്പെട്ടു തുടങ്ങി. ജയശ്രീ ടീച്ചറില്‍ അത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതിനിടെയാണ്, 2015 -ല്‍ ഹെഡ്മിസ്‍ട്രസ്സായി മംഗളാഭായി ടീച്ചര്‍ സ്കൂളില്‍ ചുമതലയേല്‍ക്കുന്നത്. ടീച്ചറിനും ഇക്കാര്യത്തില്‍ അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. അധ്യാപകര്‍ക്ക് കുട്ടികളുടെ ഭാഷ അറിയില്ല എന്നത് കാരണം നിഷേധിക്കപ്പെടുന്നത് അവരുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം കൂടിയാണ് എന്നും ഇവര്‍ക്ക് തോന്നിത്തുടങ്ങി. 

''അങ്ങനെ മംഗളാഭായ് ടീച്ചര്‍ പലരോടും ഇതിനെക്കുറിച്ച് സംസാരിക്കുകയും എന്ത് ചെയ്യാനാകും എന്ന് അന്വേഷിക്കുകയും ചെയ്തു. എനിക്കും ടീച്ചറുടെ അന്വേഷണങ്ങളോട് താല്‍പര്യം തോന്നി. ഭാഷാ ശാസ്ത്രജ്ഞനായ കെ എന്‍ ആനന്ദനോട് സംസാരിക്കുന്നത് അങ്ങനെയാണ്. അവരുടെ മാതൃഭാഷ അറിഞ്ഞിട്ടാണ് അവരു വരുന്നതെങ്കില്‍ പോലും മലയാളത്തിലോ മറ്റ് ഭാഷകളിലോ പഠിക്കാനും മറ്റുമുള്ള അറിവ് അവര്‍ സ്വായത്തമാക്കിയിട്ടില്ല എന്ന് പറയുന്നത് അദ്ദേഹമാണ്. ഭാഷയറിയാത്തത് അവരുടെ എല്ലാ വിഷയങ്ങളിലുമുള്ള പഠനത്തേയും ബാധിക്കുന്നുണ്ടായിരുന്നു. അങ്ങനെ കെ.എന്‍ ആനന്ദന്‍ നിര്‍ദ്ദേശിച്ച ഡിസ്കോസ് ഓറിയന്‍റഡ് പെഡഗോജി, കോഡ് സ്വിച്ചിങ് എന്നിവ ചെയ്തു നോക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കുട്ടികളെ പാട്ടിലൂടെയും കഥയിലൂടെയും നാടകത്തിലൂടെയും ഒക്കെ പഠിപ്പിക്കുക, അവരുടെ ഭാഷകളില്‍ കൂടി കാര്യങ്ങള്‍ മനസിലാക്കി നല്‍കുക എന്നിവയായിരുന്നു ഇത്. അതിനായി ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എ നിയമിച്ച വളണ്ടിയര്‍മാരുടെ സഹായവും സ്വീകരിച്ചു.''

പല ക്ലാസുകളിലായിട്ടാണ് ഇങ്ങനെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉള്ളത്. അവര്‍ക്കായി ഒരു ഗവേഷക ഗ്രൂപ്പ് ഉണ്ടാക്കി. അതില്‍ എച്ച് എമ്മിന്‍റെ നേതൃത്വത്തില്‍ ഗവേഷാധ്യാപികയായ ജയശ്രീ ടീച്ചര്‍, ഒന്നാം ക്ലാസ് അധ്യാപികയായ ജയ ടീച്ചര്‍, സര്‍വ ശിക്ഷ അഭിയാന്‍ നിയമിച്ച ഒരു വളണ്ടിയര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിലാണ് ആദ്യം ഇത് നടപ്പാക്കുന്നത്. ഒന്നാം ക്ലാസിലെ ടീച്ചറും വളണ്ടിയറും ചേര്‍ന്നുള്ള സംഘമായിട്ടുള്ള അധ്യാപനമാണ് അവിടെ നടന്നത്. ഇടനേരങ്ങളിലെല്ലാം ജയശ്രീ ടീച്ചറും ഇത് ചര്‍ച്ച ചെയ്യുകയും മറ്റും ചെയ്തു. പയ്യെപ്പയ്യെ കുട്ടികള്‍ മലയാളം എഴുതാനും വായിക്കാനും തുടങ്ങി. അന്ന് ഒന്നാം ക്ലാസില്‍ 12 കുട്ടികളില്‍ ഒമ്പത് പേരും ഇതരസംസ്ഥാനത്ത് നിന്നുള്ളവരായിരുന്നു എന്നോര്‍ക്കണം. 

റോഷ്‍നി പദ്ധതിയിലേക്ക് 

അങ്ങനെ ഐ എസ് എം സെമിനാര്‍, എസ് എസ് എ സെമിനാറിലൊക്കെ ഇത് അവതരിപ്പിച്ചു. പിറ്റേവര്‍ഷം ഒന്നാം ക്ലാസില്‍ നിന്നുമാറി മറ്റ് ക്ലാസുകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു. ആയിടയ്ക്കാണ് യാദൃശ്ചികമായി അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള ഇതിനെ കുറിച്ചറിയുന്നതും പയ്യെ പരീക്ഷണാടിസ്ഥാനത്തില്‍ നാല് സ്കൂളുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുകയും ചെയ്യുന്നത്. പിന്നീടത് റോഷ്‍നി എന്ന പദ്ധതിയായി മാറി. റോഷ്‍നി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ പ്രകാശം എന്നാണ്. ഇന്ന് ജില്ലയിലെ 38 സ്കൂളുകളില്‍ റോഷ്‍നി പദ്ധതി നടപ്പിലാക്കുന്നുണ്ട്. റോഷ്‍നിയുടെ വളര്‍ച്ചയില്‍ എപ്പോഴും കൂടെ നിന്ന ആളുകൂടിയാണ് കളക്ടര്‍ സഫിറുള്ള. 

''പല കുട്ടികളും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഒരു കുഞ്ഞ് സ്ഥലത്ത് രണ്ടും മൂന്നും കുടുംബം ഉണ്ടാകും. അവര്‍ക്ക് ആവശ്യത്തിന് പഠിക്കാനോ, ഭക്ഷണം കഴിക്കാനോ ഒന്നുമുള്ള സൗകര്യം ഉണ്ടാകണമെന്നില്ല. അവര്‍ക്കായി രാവിലെ ഒരു മണിക്കൂര്‍ ക്ലാസും പ്രഭാതഭക്ഷണവും നല്‍കുന്നുണ്ട്. ഇതെല്ലാം നടപ്പിലാക്കുന്നത് ടീം റോഷ്നിയാണ്. റോഷ്‍നി പദ്ധതിയുടെ അക്കാദമിക കോര്‍ഡിനേറ്റര്‍ സി. കെ പ്രകാശ് (റിട്ട. എ ഡി എം) ആണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ അഭിയാന്‍ എന്നിവയുടെ സഹകരണത്തോടെ ബിപിസിഎല്ലിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് ഇത് മുന്നോട്ട് പോകുന്നത്. 

ഓരോ വിദ്യാര്‍ത്ഥിയേയും അവന്‍റെ ഭാഷയിലും സംസ്കാരത്തിലും കൂടി മനസിലാക്കുക, അതിലൂന്നി അവന് ആവശ്യമുള്ളത് നല്‍കുക എന്നതാണ് റോഷ്നി ചെയ്യുന്നത്.'' മാതൃഭാഷയില്‍ തന്നെ അധ്യായനം നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് നേരിടുന്ന വെല്ലുവിളി പല ഭാഷകളിലുള്ള കുട്ടികള്‍ ഓരോ ക്ലാസിലും ഉണ്ട് എന്നതാണ്. എങ്കിലും അവരുടെ ഭാഷയും അതിനോടൊപ്പം മറ്റ് ഭാഷകളിലും കൂടി അധ്യാപനം നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബഹുഭാഷാ ക്ലാസിലിരുന്നുകൊണ്ടുതന്നെ ഓരോ കുട്ടിക്കും സ്വന്തം മാതൃഭാഷയില്‍ അധ്യയനം നടത്താനുള്ള ഒരു രീതിശാസ്ത്രം വികസിപ്പിക്കുക എന്നതാണ് റോഷ്‍നി പദ്ധതിയുടെ അടുത്ത ഘട്ടം. കെ. എന്‍ ആനന്ദന്‍ കണ്‍സള്‍ട്ടന്‍റും എഴുത്തുകാരന്‍ സേതു, റോഷ്‍നിയുടെ മെന്‍ററുമാണ്. അന്നത്തെ കളക്ടറാണ് ഇത് തുടങ്ങി വച്ചതെങ്കിലും പുതിയ കളക്ടര്‍ എസ്. സുഹാസും വളരെ സജീവമായി റോഷ്‍നിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഓരോ സ്കൂളിനും ഓരോ സ്മാര്‍ട്ട് ക്ലാസ് റൂം എന്ന നിലയിലുള്ള മാറ്റമുണ്ടായത് എസ് സുഹാസിന്‍റെ കൂടി ഇടപെടലോടെയാണ്. കളക്ടറേറ്റിലുള്ള പരിഹാരം സെല്ലാണ് റോഷ്‍നിയുടെ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.  

 

സ്‌കോച്ച്‌ ഗ്രൂപ്പ് ഓഫ് ഫൗണ്ടേഷന്റെ ബ്രൗണ്‍സ് മെഡല്‍ റോഷ്‍നിക്ക് ലഭിച്ചു. അതിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഇന്നവേറ്റീവ് അവാര്‍ഡിനായി 750 ഓളം അപേക്ഷകളില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മുപ്പതില്‍ ഒന്നാകാന്‍ റോഷ്‍നിക്ക് കഴിഞ്ഞു.

 

എറണാകുളം ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതി കേരളത്തിലെ മറ്റ് വിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. കാരണം, ഇന്ന് നമ്മുടെ സ്കൂളുകളില്‍ നമ്മുടെ നാട്ടിലെത്തുന്ന തൊഴിലാളികളുടെ മക്കളും പഠിക്കാനെത്തുന്നുണ്ട്. വിദ്യാഭ്യാസം നല്ലൊരു നാളെയിലേക്കുള്ള യാത്രയുടെ തുടക്കമാണ്. ഇവിടെ ജോലി തേടിയെത്തുന്നവരുടെ ഓരോരുത്തരുടെയും മക്കള്‍ക്ക് കൂടി ആ നല്ല നാളെയിലേക്ക് എത്തേണ്ടതുണ്ട്. അവര്‍ക്ക് പറക്കാനാകാശം നല്‍കിയ ഒരിടമായി കേരളം മാറട്ടെ. അതിനുള്ള പ്രവര്‍ത്തനമാണ് റോഷ്‍നി തുടങ്ങിവെച്ചിരിക്കുന്നത്. 

click me!