ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ, ഒറ്റയ്ക്കിരിക്കുന്ന ഉമ്മൻ ചാണ്ടി !

By S Ajith Kumar  |  First Published Jul 18, 2023, 12:06 PM IST

അപൂർവ്വമായി മാത്രമേ അദ്ദേഹത്തെ നമ്മുക്ക് ഒറ്റയ്ക്ക് കാണാനാകൂ. അങ്ങനെ ചില അപൂര്‍വ്വാവസരങ്ങൾ കിട്ടിയിട്ടുണ്ട്. ദീർഘമായി തന്നെ അപ്പോഴൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ചില അവസരങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് അജിത് കുമാര്‍ ഓര്‍ത്തെടുക്കുന്നു. 



മ്മൻ ചാണ്ടിയെ ജനക്കൂട്ടത്തിന് നടുവിലല്ലാതെ കാണാനാകില്ലെന്ന് എല്ലാവർക്കുമറിയാം. ഞങ്ങൾ മാധ്യമ പ്രവർത്തകർക്കും എന്തെങ്കിലും വിശദീകരണം വേണമെങ്കിലും ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് തന്നെ അദ്ദേഹം സംസാരിക്കും. ജനക്കൂട്ടം കാതോർക്കും... കയ്യടിക്കും... ചിരിക്കും... അത്ഭുതപ്പെടും... ക്യാമറ ഫ്രെയിമിൽ, അദ്ദേഹത്തിന്‍റെ പുറകിൽ ഇതെല്ലാം കാണാം. തിരുവനന്തപുരത്തെ വീട്ടിലും പുതുപ്പള്ളിയിലും ദില്ലിയിലും അങ്ങനെ എവിടെയാണെങ്കിലും ഇതാണവസ്ഥ. പ്രസംഗത്തിലൂടെയല്ല, 'പ്രവർത്തിയിലൂടെയാണ് ഉമ്മൻചാണ്ടി ക്രൗഡ് പുള്ളറാ'യത്. 

അപൂർവ്വമായി മാത്രമേ അദ്ദേഹത്തെ നമ്മുക്ക് ഒറ്റയ്ക്ക് കാണാനാകൂ. അങ്ങനെ ചില അപൂര്‍വ്വാവസരങ്ങൾ കിട്ടിയിട്ടുണ്ട്. ദീർഘമായി തന്നെ അപ്പോഴൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ചില അവസരങ്ങളെ ഓര്‍ത്തെടുക്കുന്നു. 

Latest Videos

undefined

യു ഡി എഫ് കൺവീനറായിരിക്കുമ്പോഴാണ്, 2001 -ൽ, ആന്‍റണി മുഖ്യമന്ത്രി, കോവളത്ത് ഒരു ദിവസം നീളുന്ന യു ഡി എഫ് യോഗം. കോൺഗ്രസിൽ അസ്വാരസ്യം പുകയുന്ന സമയം. ആർ എസ് പിയിലും വലിയ തർക്കം നടക്കുന്ന അവസരത്തിലാണ് യോഗം. എ വി താമരാക്ഷനും ബാബു ദിവാകരനും തമ്മിലുള്ള തർക്കം പരസ്യ ഏറ്റുമുട്ടലിലാണ്. യോഗസ്ഥലത്ത് കുറച്ച് മാധ്യമ പ്രവർത്തകരെയൊള്ളൂ.  ഉച്ചയ്ക്കുള്ള ഇടവേളയിൽ കൺവീനർ ഉമ്മന്‍ ചാണ്ടി യോഗ ഹാളിൽ നിന്ന് മറ്റൊരു റൂമിലേക്ക് പോയി.  ഫോൺ ചെയ്യാനാണെന്ന് ഗൺമാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് വാതിൽ തുറന്നു, ഞാൻ ഗൺമാനോട് ചോദിച്ചു 'ഒന്ന് കാണാൻ പറ്റ്വോ?' 'അതിനെന്താന്ന്' മറുചോദ്യം. മുറിയില്‍ ഒറ്റയ്ക്ക് ഉമ്മൻ ചാണ്ടി. എന്നെ കണ്ടതും "തീരുമാനങ്ങളൊന്നും ആയില്ല. വൈകിട്ട് പറയാം" എന്ന് പറഞ്ഞു. 


 (കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിയിലെ പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന ഉമ്മന്‍ ചാണ്ടി. (ചിത്രം: ജി കെ പി വിജേഷ്))


'ഒക്കെ' എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു, 'ഈ തർക്കമൊക്കെ എങ്ങനെ പരിഹരിക്കും?' ഒന്നും മിണ്ടാതെ സ്വതസിദ്ധമായ ചിരി. എന്നിട്ട് ഇരിക്കാൻ പറഞ്ഞു. 'പ്രശ്നങ്ങൾ സങ്കീർണമാണ്. പരിഹരിക്കാൻ പറ്റുന്നത് പരിഹരിക്കും. അല്ലാത്തവ നേരിടും.' എന്നിട്ട് അദ്ദേഹം ഒരു കഥ പറഞ്ഞു. 'ഉഴവൂർ വിജയനും ഉമ്മൻ ചാണ്ടിയും കോട്ടയത്ത് ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. അക്കാലത്ത് പലപ്പോഴും പട്ടിണിയാണ്. ഒരു ദിവസം രാവിലെ എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുമ്പോഴാണ് മറ്റൊരു സഹപാഠി എത്തുന്നത്. ഇരുവരും വിശപ്പിന്‍റെ കാര്യം പറഞ്ഞു. ഫീസ് അടക്കാനുള്ള പണം കയ്യിലുണ്ട് അടച്ചില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. അപ്പോ, ഉഴവൂർ വിജയൻ സുഹ്യത്തിനോട് പറഞ്ഞു. നമുക്ക് രാവിലെ ഫിസിക്സ് കഴിക്കാം. പരീക്ഷയൊക്കെ വരുന്നിടത്ത് വച്ച് കാണാം. ഫിസിക്സ് പരീക്ഷയ്ക്ക് അടയ്ക്കാനുള്ള പണമെടുക്കാമെന്നാണ് വിജയൻ ഉദ്ദേശിച്ചത്.' അദ്ദേഹം സ്വതസിദ്ധമായി ചിരിച്ചു കൊണ്ട് പറഞ്ഞു.  

ണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ ദില്ലിയിലെത്തുമ്പോഴെല്ലാം കേരള ഹൗസിൽ പാതിരാത്രി വരെ നീളുന്ന ചർച്ചകളാണ്.  മുസ്ലീ ലീഗിന്‍റെ അഞ്ചാം മന്ത്രി ആവശ്യവും കെ പി സി സി പുനഃസംഘടനയുമാണ് ചർച്ച. എന്‍റെ ഭാര്യ അന്ന് കേരള ഹൗസിൽ അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഉള്ളതിനാൽ ഇൻഫർമേഷൻ ഓഫീസിലും ഏറെ തിരക്കുണ്ട്. ഞാൻ ജോലി കഴിഞ്ഞ് ഭാര്യയെ വിളിക്കാൻ കേരള ഹൗസിലെത്തുമ്പോൾ 204 -ാം നമ്പർ മുറിയിൽ വലിയ തിരക്കില്ല. എന്നാൽ സി എമ്മിനെ ഒന്ന് കാണാമെന്ന് കരുതി. ഉമ്മൻ ചാണ്ടിയുടെ ദില്ലിയിലെ കാര്യങ്ങൾ നോക്കിയിരുന്ന കുരുവിളയുണ്ട്, ചാണ്ടി ഉമ്മനുമുണ്ട് മുറിയില്‍. 'എന്താ രാത്രിയിലെന്ന്?' ചിരിച്ച് കൊണ്ട് ചോദ്യം. 'ചുമ്മാ' എന്ന് മറുപടി. മാധ്യമങ്ങൾക്കെതിരെ ഉമ്മൻ ചാണ്ടി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്ന സമയമാണ്. എങ്കിലും ചിരിച്ച് കൊണ്ട് 'ഇന്ന് വലിയ വാർത്തയൊന്നുമില്ലെന്ന്' പറഞ്ഞു. വാർത്ത അറിയാൻ വന്നതല്ലെന്ന് മറുപടി നല്‍കി. ഇടയ്ക്ക് ഭക്ഷണം വന്നു. നേരം വൈകി ഭക്ഷണം കഴിക്കുന്നതിനേ കുറിച്ചായി പിന്നെ ചർച്ച. ജോലിയെക്കുറിച്ച്, മാധ്യമ രംഗത്തെ മത്സരത്തെക്കുറിച്ചൊക്കെ അദ്ദേഹം അന്ന് സംസാരിച്ചു. വാക്യങ്ങൾ പകുതിയെ പറയൂ. ഒന്ന് നിർത്തും. പിന്നെ മറ്റൊന്നിലേക്ക് പോകും. ഇടയ്ക്ക് ഹൈക്കമാന്‍ഡുമായുള്ള ചർച്ചയെക്കുറിച്ച് ഒന്ന് ചോദിക്കാൻ ശ്രമിച്ചു. 'ചില കാര്യങ്ങൾ ഞങ്ങൾ അങ്ങോട്ട് പറഞ്ഞു. അവർ ചിലത് ഇങ്ങോട്ടും പറഞ്ഞു. എന്താണ് നടക്കുന്നതെന്ന് കാത്തിരിക്കാം' ഇതായിരുന്നു മറുപടി. എന്താണെന്ന് കൂടുതൽ ചോദിച്ചില്ല. 

 (കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിയിലെ പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന ഉമ്മന്‍ ചാണ്ടി. (ചിത്രം: ജി കെ പി വിജേഷ്))

കോട്ടയത്തേക്ക് ഒരു കല്യാണത്തിന് പോയപ്പോഴാണ് ഏറ്റവും ഒടുവിൽ ഒറ്റക്ക് വിശദമായി സംസാരിച്ചത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം. അസുഖം കലശലായി അലട്ടുന്ന സമയമായിരുന്നു. എങ്കിലും ഒരു പാട് സംസാരിച്ചു. സ്ലീപ്പർ ക്ലാസിലായിരുന്നു ആ യാത്ര. യാദൃശ്ചികമായിട്ടായിരുന്നു ഉമ്മൻ ചാണ്ടി ഇരുന്ന കോച്ചിൽ കയറിയത്. കണ്ടയുടന്‍ വിളിച്ച് ഒപ്പമിരുത്തി. അന്ന് യാത്രകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. കെ എസ് യു കാലം മുതലുള്ള യാത്രകൾ. ലോറിയിലും ട്രെയിനിലും ആദ്യത്തെ കാർ യാത്രയുമൊക്കെ അന്ന് അദ്ദേഹം വിവരിച്ചു. പ്രായഭേദമെന്യേ ഉമ്മൻ ചാണ്ടിയോട് ജനങ്ങൾക്കുള്ള സ്നേഹം നേരിട്ട് കണ്ട യാത്രാനുഭവമായിരുന്നു അത്. 

നല്ല ഓർമ്മശക്തിയുള്ള ആളാണ് അദ്ദേഹം. ഒരാളെ എവിടെ വച്ച് കണ്ടാലും പിന്നെ മറക്കില്ല. അന്നത്തെ ആ യാത്രയില്‍ കൊല്ലത്ത് നിന്ന് ഹൈദ്രാബാദിലേക്ക് പോകാൻ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും കയറി. ഉമ്മൻ ചാണ്ടി ഇരുന്ന കമ്പാർട്ട്മെന്‍റിലായിരുന്നു അവരുടെയും സീറ്റ്. ഉമ്മൻ ചാണ്ടിയെ കണ്ട് അവർക്ക് അത്ഭുതമായി, കുറച്ച് കഴിഞ്ഞ് അവർ അവരുടെ ജീവിതം പറഞ്ഞു. ഏറെ ബുദ്ധിമുട്ടിലാണ് ഭർത്താവും അച്ഛനും അമ്മയും മക്കളുമായി ജീവിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ആ യാത്രയ്ക്കിടെ ഹൈദ്രാബാദിലെ ചിലരെ അദ്ദേഹം വിളിച്ചു. വീട്ടമ്മയ്ക്ക് അവരുടെ നമ്പർ കൊടുത്തു. പിന്നെ ഒപ്പമുണ്ടായിരുന്ന ആളോട് കാര്യങ്ങൾ ഫോളോ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒറ്റയ്ക്കിരിക്കുമ്പോഴും 'നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്' ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കും നടുവിലാണെന്ന് തോന്നിയിട്ടുണ്ട്. 

(ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം. എസ് അജിത് കുമാര്‍)


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!