ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയര്‍; ഒരു കൂട്ടം മനുഷ്യര്‍ ആഘോഷങ്ങള്‍ക്കായി എത്തുന്നിടം

By Biju S  |  First Published Jun 8, 2023, 6:01 PM IST

മാധ്യമ പ്രവർത്തകനായതിനാൽ പെട്ടെന്ന് കൈവശമുള്ള ഹാൻഡി ക്യാമിലേക്ക് ശ്രദ്ധ പോയി. ഞാനതെടുക്കാൻ മുതിരവേ ഷിജോ വിലക്കി. 'നമ്മൾ ഷൂട്ട് ചെയ്താൽ നമ്മളെ അവർ ഷൂട്ട് ചെയ്യും. വിട്ടേരേ.' ക്യാമറയേക്കാൾ എത്രയോ പ്രഹരശേഷിയുള്ളതാണ് തോക്ക്. അമേരിക്കയിലാണെങ്കിൽ അതൊക്കെ സുലഭം... എസ് ബിജു എഴുതുന്നു. 


ആരൊക്കയോ ആരെയെക്കയോ അടിക്കുന്നു. പ്രായലിംഗഭേദമന്യേ ഉഗ്രൻ അടി. പെണ്ണുങ്ങളൊക്കെ ആണുങ്ങള്‍ക്കിട്ട് നന്നായി പെരുമാറുന്നു. ആരൊക്കെ ആരുടെയൊക്കെ കൂടെയെന്ന് വ്യക്തമാകാത്ത വിധമാണ് അടി. ആരും ആരെയും പിടിച്ചു മാറ്റാനൊന്നും ശ്രമിക്കുന്നില്ല. ഒരു മൂലയിലാണ് ഞങ്ങൾ ഇരുന്നത്. ആദ്യം ഞങ്ങളുടെ വശത്ത് കുഴപ്പമില്ലായിരുന്നു. പക്ഷേ പെട്ടെന്ന് അടി ഞങ്ങള്‍ക്ക് ചുറ്റുമായി. 

 

Latest Videos

undefined

 

കുറെ വർഷങ്ങൾക്ക് മുമ്പാണ്. പത്തോളം അമേരിക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ ഒരു ഓട്ട പ്രദക്ഷിണത്തിന് ശേഷമാണ് ന്യൂയോർക്കിലെത്തിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടക്കം അമേരിക്കൻ സാങ്കേതിക സ്ഥാപനങ്ങൾ, തെരഞ്ഞടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനായി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ സ്പേസ് സല്യൂട്ട് പരിപാടിയുടെ ഭാഗമായിരുന്നു  അദ്ധ്യാപകരും, പ്രായോജകരും അടക്കം പത്തിരുപത് പേർ. സ്വതവേ തിരക്കിട്ട ഷെഡ്യൂൾ. അമേരിക്ക വലിയ രാജ്യമാണ്. അതിനാല്‍ ഒരിടത്തുനിന്ന് അടുത്തയിടത്തേക്കുള്ള പാച്ചിൽ. പുലർച്ചേ മുതൽ രാത്രി വരെ നീണ്ട ഷെഡ്യൂൾ. എനിക്കും ക്യാമറാമാനായ അഭിലാഷിനും ഇരട്ടിപ്പണി. രാത്രി വൈകി ഹോട്ടലിലെത്തി മറ്റുള്ളവർ നേരെ കിടക്കയെ പുൽകുമ്പോൾ ഞങ്ങൾ പണിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞിട്ടുണ്ടാകും. സ്റ്റോറിയൊക്കെ എഡിറ്റ് ചെയ്ത് അയച്ചു തീരൂമ്പോഴേക്കും നേരം പുലർന്നിരിക്കും. മിക്കവാറും അടുത്ത പട്ടണത്തിലേക്കുള്ള രാവിലത്തെ ഫ്ളൈറ്റ് പിടിക്കാനായി മറ്റുള്ളവർ തയ്യാറായി തുടങ്ങിയിരിക്കും. ഉത്സവ  പറമ്പിനെ അനുസ്മരിക്കും വിധമാണ് പല അമേരിക്കൻ വിമാനത്താവളങ്ങളും. ഒട്ടേറെ സാങ്കേതിക ഉപകരണങ്ങള്‍ അവിടെ ഒരുക്കിയിരിക്കും. കാപ്പി തൊലിയുമുള്ള നമ്മൾ വളരെ നേരത്തെ എത്തിയില്ലെങ്കിൽ സുരക്ഷാ കടമ്പ കടക്കാനാകില്ല. ഇനി ഏതെങ്കിലും വിധത്തില്‍ കടക്കുമ്പോഴേക്കും വിമാനം അതിന്‍റെ പാട്ടിന് പോയിട്ടുണ്ടാകും. മയാമി ബീച്ചിൽ തുടങ്ങി വാഷിങ്ങ്ടൺ ഡിസി വരെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേസ് സഞ്ചരിച്ചത് മുഴുവൻ ഏതാണ്ട് ഈ വിധമാണ്. 

അങ്ങനെ നിദ്രാവിഹീനമായ നെടുങ്കൻ ദൗത്യത്തിന് ശേഷം സംഘാംഗങ്ങൾ ന്യൂയോർക്കിൽ നിന്ന് നാട്ടിലേക്കുള്ള  വിമാനം പിടിച്ചു. ഞാൻ ഒരു ചെറിയ ബ്രേക്കെടുത്തു. അമേരിക്കയിലെ ക്യാമറാമാൻ ഷിജോ പൗലോസ് ചോദിച്ചു, വൈകിട്ട് എന്താ പരിപാടിയെന്ന്? ഞാൻ പറഞ്ഞു, റിലാക്സായി വായും നോക്കി എവിടെയെങ്കിലുമിരിക്കണം. അങ്ങനെ ഷിജോ എന്നെ ടൈംസ് സ്ക്വയറിലേക്ക് കൂട്ടി കൊണ്ടു പോയി. നമ്മുടെ മുഖ്യമന്ത്രിയും പരിവാരങ്ങളും  അമേരിക്കൻ പ്രവാസികളെ അഭിസംബോധന ചെയ്യാൻ പോകുന്ന അതേ ടൈംസ് സ്ക്വയര്‍.

സാധാരണ ഗൗരവമുള്ള കാര്യങ്ങൾക്കുള്ള സ്ഥലമൊന്നുമല്ല ടൈംസ് സ്ക്വയര്‍. നമ്മുടെ കോഴിക്കോട്ടെ മിഠായി തെരുവിന്‍റെ വലിയൊരു പകർപ്പെന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം പൊതു ചത്വരങ്ങൾ പതിവാണ്. എല്ലാവരും ഒത്തു കൂടി 'സ്വറ' പറയുന്ന സ്ഥലമാണത്. മിഠായി തെരുവിന് തൊട്ടപ്പുറത്തെ നമ്മുടെ മാനാഞ്ചിറ മൈതാനം പോലെ  ടൈംസ് സ്വകയറിനടുത്തും ചെറിയ തുറസ്സായ സമ്മേളത്തിനും, പരിപാടികൾക്കുമുള്ള ഒരിടമുണ്ട്. അതിനായി കുത്തനെയുള്ള ഗ്യാലറി സജ്ജീകരിക്കാനുള്ള ഇടവും അവിടെയുണ്ട്. പലരും അൽപ്പം ബിയറൊക്കെ നുണഞ്ഞ് അവിടെ സമയം ചെലവഴിക്കാറുണ്ട്. അതു പോലെ തന്നെ അടുത്തുള്ള ഹോട്ടലുകളിലൊക്കെ ചെറിയ സമ്മേളന വേദികളുമുണ്ട്. 

(ലേഖകൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ )

ടൈംസ് സ്ക്വയറിൽ നിരവധി ഭോജനശാലകളുണ്ട്. തീറ്റയും കുടിയുമൊക്കെയാണ് അവിടത്തെ പ്രധാന കാര്യം. അമേരിക്കൻ രീതീയിൽ കൂള്‍... അങ്ങനെ ഷിജോയും ഞാനും കൂടി അവിടത്തെ സ്റ്റാർ ബക്സിലേക്ക് കയറി. നിരവധി ദിവസത്തെ ഉറക്കം ബാക്കിയായതിനാൽ ഞാൻ ഒരരമയക്കത്തിലാണ് നടക്കുന്നത്. ചെന്ന പാടെ കാപ്പി കുടിക്കണമെന്നാന്നും ഇല്ല. എങ്കിലും അവിടത്തെ ആചാരം തെറ്റിച്ച് ഞങ്ങൾ ചെന്നയുടന്‍ കാപ്പിക്ക് ഓർഡർ കൊടുത്തു. കാപ്പി വന്നു. ഒരു തരം പുകഞ്ഞ സാധനം. എനിക്കാ ദ്രാവകം കുടിച്ചപ്പോൾ ഒരുന്മേഷവും ലഭിച്ചില്ല. അഗ്രഹാരങ്ങളിലെ നല്ല പാലും മധുരവുമുള്ള ഫിൽട്ടർ കോഫിയാണ് കരമനക്കാരനായ എന്‍റെ രുചി മുകളങ്ങളിലുള്ളത്. അമ്പിയുടെ അന്നപൂർണ്ണയിലെ ചൂട് ബജിയും ബോണ്ടയും രസവടയും കഴിച്ച് ഡവറയിൽ കാപ്പി മോന്തി കുടിച്ച് ശീലിച്ച എനിക്ക് സ്റ്റാർ ബക്സിലെ വാട്ടവെള്ളം ഒരുണർവും നൽകിയില്ല. അതിനിടയിലും അവിടെ പലരും വന്നു പോയിമുരുന്നു. 

വലിയ കളിചിരികളോടെ ഒരു ആഫ്രോ - അമേരിക്കൻ (പൊളിറ്റിക്കൽ കറക്ടനെസിനാണ് ഇങ്ങനെ  വിശേഷിപ്പിക്കുന്നത്) ഇതിനിടയിൽ വന്നു. ബലിഷ്ഠമായ കാലുകളുടെ ഉറക്കെയുള്ള ചുവടുവയ്പോടെ അവർ മെസനേൻ ഫ്ളോറിലേക്ക് ( മുകളിലേക്ക് ) കയറി പോയി. കാപ്പി കുടിച്ചപ്പോൾ വിശപ്പ് ഉത്തേജിക്കപ്പെട്ടു. മെനുവിലെ ഭക്ഷണങ്ങളൊന്നും എനിക്ക് അത്ര ഇഷ്ടമുള്ളവയല്ലായിരുന്നു.  അൽപ്പം ഈർഷ്യയോടെയിരിക്കുമ്പോഴാണ് മുകളിൽ നിന്ന് ഒച്ച കേട്ടു തുടങ്ങിയത്. ഉറക്കെയുള്ള വാഗ്വാദങ്ങൾ  കേട്ട് തുടങ്ങിയപ്പോൾ സിജോ പറഞ്ഞു. 'ഓ അതൊക്കെ ഇവിടെ പതിവാണെന്ന്...' പക്ഷേ പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. സംസാരം ഉച്ചത്തിലായി, കസേരകൾ മേശമേൽ പതിച്ചു തുടങ്ങി. അത് പെട്ടെന്ന് തന്നെ ഒരു കൂട്ട അടിയിലേക്ക് നീങ്ങി. 

മാധ്യമ പ്രവർത്തകനായതിനാൽ പെട്ടെന്ന് കൈവശമുള്ള ഹാൻഡി ക്യാമിലേക്ക് ശ്രദ്ധ പോയി. ഞാനതെടുക്കാൻ മുതിരവേ ഷിജോ വിലക്കി. 'നമ്മൾ ഷൂട്ട് ചെയ്താൽ നമ്മളെ അവർ ഷൂട്ട് ചെയ്യും. വിട്ടേരേ.' ക്യാമറയേക്കാൾ എത്രയോ പ്രഹരശേഷിയുള്ളതാണ് തോക്ക്. അമേരിക്കയിലാണെങ്കിൽ അതൊക്കെ സുലഭം. പൊടുന്നനേ അടി സംഘം താഴോട്ടു വന്നു. ആരൊക്കയോ ആരെയെക്കയോ അടിക്കുന്നു. പ്രായലിംഗഭേദമന്യേ ഉഗ്രൻ അടി. പെണ്ണുങ്ങളൊക്കെ ആണുങ്ങള്‍ക്കിട്ട് നന്നായി പെരുമാറുന്നു. ആരൊക്കെ ആരുടെയൊക്കെ കൂടെയെന്ന് വ്യക്തമാകാത്ത വിധമാണ് അടി. ആരും ആരെയും പിടിച്ചു മാറ്റാനൊന്നും ശ്രമിക്കുന്നില്ല. ഒരു മൂലയിലാണ് ഞങ്ങൾ ഇരുന്നത്. ആദ്യം ഞങ്ങളുടെ വശത്ത് കുഴപ്പമില്ലായിരുന്നു. പക്ഷേ പെട്ടെന്ന് അടി ഞങ്ങള്‍ക്ക് ചുറ്റുമായി. കസേരയൊക്കെ തലയ്ക്ക് മീതെ പറന്നു. ഞങ്ങൾ ആകെ അങ്കലാപ്പിലായി. ഒരുവേള ഞങ്ങൾക്ക് അടി കിട്ടുമെന്നായി. ആരോ ഒന്ന് കസേര ഓങ്ങിയത് കണ്ണിനും പുരികത്തിനുമിടയിലാണ് ഒഴിഞ്ഞുപോയത്. വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾക്ക് ക്രോസ് ഫയറിൽ കുടുങ്ങാതെ അവിടെ നിന്നും കടക്കാനായത്. പുറത്തിറങ്ങിയപ്പോൾ അടിക്കാരും ഒപ്പം വന്നു. പിന്നീട് തെരുവിലായി അടി. ഞങ്ങൾക്ക് ടൈംസ് സ്ക്വയറിലെ ഗ്യാലറിയിലേക്ക് അഭയം പ്രാപിക്കേണ്ടി വന്നു. 

എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം ഈ അടിതടയിലൊന്നും ആരും ഇടപെട്ടില്ലെന്നതായിരുന്നു. വലിയ ഫുഡ് ചെയിനാണ് സ്റ്റാർ ബക്സ്. അവിടെയുള്ള ജോലിക്കാര്‍ മിക്കവാറുമെല്ലാം പാർട്ട്ടൈമുകാരായിരിക്കും. അവർ തീർത്തും നിസ്സംഗരായാണ് ഈ കൂട്ടപൊരിച്ചൽ വേളയിൽ നിലകൊണ്ടത്. അവർ നിഷ്കാമഭാവത്തോടെ അവരവരുടെ പണി തുട‍ർന്നു. അവിടെ വന്ന മറ്റ് ഉപഭോക്താക്കൾക്കും അതേ ഭാവം. പുറത്തുള്ള കൂട്ടപൊരിച്ചിൽ നാട്ടുകാർ ശ്രദ്ധിക്കുന്നേയില്ല. ഒരു പക്ഷേ ഫ്രീയായി ഒരു ഹോളിവുഡ് മാതൃകയിലുള്ള അടി കാണുന്നതിലുള്ള കൗതുകം മാത്രം. പക്ഷേ, പൊലീസിന്‍റെ നിലപാടാണ് കൂടുതൽ ശ്രദ്ധേമായത്. അടി കൂടൂന്നവർക്കും മറ്റുള്ളവർക്കും പരിക്കും ജീവഹാനിവരെ സംഭവിക്കാമെന്ന അവസ്ഥ സംജാതമായിട്ടും പൊലീസ് നിസ്സംഗവും നിരുത്തരവാദപരവുമായ ഭാവമാണ് പുലർത്തിയത്. ഇനി കറുത്ത വംശജർ അടിച്ചു ചത്താൽ നമുക്കെന്തെന്ന ഭാവമാണോ വെള്ളക്കാരൻ പൊലീസിനുള്ളത്? അതോ ഇതൊരു പൊതു അവസ്ഥയാണോ?   

അമേരിക്കൻ പൊതുസ്ഥലങ്ങളിൽ നമ്മുടെ നാട്ടിലെ പോലെ പൊലീസിംഗ് പ്രകടമല്ല. അമേരിക്കൻ ജന പ്രാതിനിധ്യസഭയായ കാപ്പിറ്റോളിൽ പോലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യക്ഷ സാനിധ്യം തുലോം കുറവാണ്. അവിടെ സമർത്ഥമായ ഗാഡ്ജറ്റുകളുപയോഗിച്ചുള്ള ഇൻന്‍റലിജന്‍റ് സംവിധാനമാണുള്ളത്.  ഈയിടെ അമേരിക്കയിലുള്ള ഒരു ബന്ധു പറഞ്ഞ കാര്യമാണ്. ന്യൂയോ‍ർക്കിൽ മാൻഹട്ടനിൽ വേൾഡ് ട്രേഡ്  സെന്‍ററിനടുത്ത് ബന്ധുവിന്‍റെ സഹപ്രവർത്തകൻ ട്രെയിൻ ഇറങ്ങി നടന്നുവരുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്നൊക്കെയോ വന്ന പൊലീസ് പട അയാളെ തടഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അയാളെ വിട്ടയച്ചു. സംഭവം ഇതാണ്. സുരക്ഷാ ഗാഡ്ജറ്റുകൾ അയാൾ റേഡിയം വാഹകനാണെന്ന് കണ്ടെത്തി. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തേക്ക് ശരീരത്തിൽ ഒളിപ്പിച്ച മാരക ബോംബുമായി വന്നയാളോണോയെന്നതായിരുന്നു പരിശോധനയ്ക്ക് കാരണം. യഥാർത്ഥത്തിൽ ആശുപത്രിയിൽ സ്കാനിംഗ് കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. ശരീരത്തിൽ വർദ്ധിച്ച തോതിലുള്ള റേഡിയം സാന്നിധ്യമാണ് അയാളെ സംശയിക്കാനിടയാക്കിയത്. കാര്യം മനസ്സിലാക്കിയ പൊലീസ് ക്ഷമാപണത്തോടെ അയാളെ വിട്ടയച്ചു. ടൈംസ് സ്കയറിലും കൂട്ട പൊരിച്ചൽ പരിധി  വിടന്നോ, അപകടകരമാകുന്നുവോ എന്നൊക്കെ പൊലീസ് ഉപകരണങ്ങൾ വിലയിരുത്തിയിരിക്കാം. എന്തായാലും കുറേ കഴിഞ്ഞ് ഒരു പെട്രോളിംഗ് വാഹനം വന്ന് അടിച്ചവരെയും അടി കൊണ്ടവരെയും മാന്യമായി പിന്തിരിപ്പിച്ചു. എന്നിട്ടും അടിയുടെ ചെറുപൂരങ്ങൾ അവിടവിടെ തുടർന്നു. 

ഈ കൂട്ടയടി നടക്കുന്നതിനിടെയിലും ടൈംസ് സ്വകയർ ചില ചില്ലറ പരിപാടികളുമായി ആഘോഷ ലഹരിയിലായിരുന്നു. അവിടുത്തെ കൂറ്റൻ എൽഇഡി സ്ക്രീനിൽ അവയിൽ ചിലത് തെളിഞ്ഞുവന്നു. മറ്റ് ചിലതിൽ പരിപാടികളും പരസ്യങ്ങളുമൊക്കെയായി അങ്ങനെ പോയി... നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യുമ്പോൾ നല്ല തുക കൊടുത്താൽ ഈ സ്ക്രീനിലെല്ലാം അത്    തെളിയും. എന്നാല്‍, കാനഡയിൽ നിന്നുള്ള കാട്ടുപുക മൂലം മങ്ങി കിടക്കുന്ന ന്യൂയോർക്ക് നഗരത്തില്‍  ഇതൊക്കെ തെളിഞ്ഞു കാണുമോയെന്ന് കണ്ട് തന്നെയറിയണം. 

click me!