മധു കൊലക്കേസ് വിചാരണയും വിധിയും; നീതിന്യായ വ്യവസ്ഥയ്ക്ക് നല്‍കുന്ന പുതിയ പാഠം

By Suhail Ahammed  |  First Published Apr 5, 2023, 9:32 PM IST

മോഷണം സംബന്ധിച്ച പരാതികളിൽ പോലീസ് അന്ധമായ നിലപാടെടുത്താല്‍ അത് സമൂഹത്തിൽ സദാചാര പോലീസിംഗ് പ്രവണത വളർത്തിയെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ നിര്‍ഭാഗ്യകരമായ സംഭവം പോലീസ് സേനയ്ക്ക് ഒരു പാഠമാകണമെന്നും കോടതി പരാമര്‍ശിച്ചു. 



ധു കൊലക്കേസിനെ വെറും ക്രിമിനൽ കേസ് മാത്രമായി കാണാനാകില്ല. കാരണം ഈ കേസും കേസ് നടത്തിപ്പും ശിക്ഷാ വിധിയുമെല്ലാം നിയമ സംവിധാനത്തിലെ ഒരു മാതൃകയാണ്. സർക്കാറിനും നിയമ സംവിധാനത്തിനുമെല്ലാം പുതുതായി പഠിക്കാനുള്ള വക മധു കൊലക്കേസ് നല്‍കുന്നു. വരും കാലത്തേക്കുള്ള ഒരു പാഠപുസ്തകം പോലെ മധു കൊലക്കേസ് നമ്മുടെ മുന്നിൽ നിൽക്കും. പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്നത് മാത്രമല്ല കേസിൻ്റെ പ്രാധാന്യം. മറിച്ച്, പ്രതികളിൽ ചിലർക്ക് വേണ്ടി കൂറുമാറിയ സാക്ഷികൾക്ക് എതിരേയും നടപടി വരുന്നു എന്നത് തന്നെയാണ്. ഒമ്പത് സാക്ഷികൾക്ക് എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 193 വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ്  മധു കൊലക്കേസ് വിധിയിൽ മണ്ണാർക്കാട് എസ്‍സി എസ്‍ടി വിചാരണക്കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ എഴുതിയത്. ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് കൂറുമാറിയ സാക്ഷികൾ ചെയ്തത്.

കൂറുമാറിയ ആരൊക്കെ കേസ് നേരിടണം?

Latest Videos

undefined

മധു കൊലക്കേസിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതിൽ 24 പേരാണ് കുറുമാറിയത്. ഇവരിൽ ഒമ്പത് പേർക്കെതിരെയാണ് നടപടി ഉണ്ടാവുക. രഹസ്യമൊഴി കോടതിയിൽ തിരുത്തിയ ഏഴുപേരും കോടതിയെ തെറ്റിദ്ധരിപ്പിച്ച രണ്ട് പേർക്കുമെതിരെയാണ് കേസെടുക്കാൻ ഉത്തരവ്. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദൻ, മെഹറുന്നീസ്, റസാഖ്, ജോളി എന്നീ ഏഴ് സാക്ഷികളാണ് വിസ്താരത്തിനിടെ 164 പ്രകാരമുള്ള രഹസ്യമൊഴി തിരുത്തിയത്. ആദ്യം പ്രോസിക്യൂഷൻ അനുകൂലമായി മൊഴി നൽകിയത് പൊലീസിനെ പേടിച്ചിട്ടാണെന്നായിരുന്നു ഇവരുടെ വാദം. 

കൂറുമാറ്റത്തിന് രസഹ്യമൊഴി നൽകാത്ത രണ്ട് പേരും നടപടി നേരിടണം. കോടതി കാഴ്ച ശക്തി പരിശോധിപ്പിച്ച സുനിൽ കുമാറാണ് ഇതില്‍ ഒരാൾ. വിചാരണയ്ക്കിടെ സുനിൽ അടക്കമുള്ളവരുടെ വീഡിയോ ദൃശ്യം പ്രദർശിപ്പിച്ചപ്പോൾ, സ്വന്തം ദൃശ്യം സുനിൽ തിരിച്ചറിഞ്ഞില്ല. ഇതിന് പിന്നാലെ കോടതി സുനിലിൻ്റെ കാഴ്ച പരിശോധിപ്പിക്കുകയും. തൊട്ടടുത്ത ദിവസം വീണ്ടും വിസ്തരിക്കുകയും ചെയ്തിരുന്നു. മറ്റൊരാൾ അബ്ദുൽ ലത്തീഫാണ്. ഇദ്ദേഹവും സ്വന്തം ചിത്രം തിരിച്ചറിഞ്ഞില്ല. തൊട്ടുപിന്നാലെ ഫോട്ടോ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ കോടതി നിർദേശിച്ചു. കൂറുമാറ്റത്തിന് നടപടി നേരിടുന്ന സാക്ഷികളിൽ എട്ട് പേര്‍ ഇതിനോടകം ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇത് നീങ്ങിയ ശേഷമാകും തുടർനടപടി. 

സാക്ഷി സംരക്ഷണ പദ്ധതിയുടെ നിയമപരമായ പിൻബലത്തിൽ നടത്തിയ നീക്കമാണ് കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കവും തടഞ്ഞത്. സാക്ഷികളും പ്രതികളും പൊലീസ് നിരീക്ഷണത്തിലായി. ഇരുകൂട്ടരുടെയും എല്ലാ നീക്കങ്ങളും പൊലീസ് പിന്തുടര്‍ന്നു. പ്രതികളുടെ പണമിടപാടുകൾ, ഫോൺ കോളുകൾ യാത്രകൾ എല്ലായിടത്തും പൊലീസിന്‍റെ കണ്ണെത്തി. അങ്ങനെ പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ വിളിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയെ തെളിവ് സഹിതം ബോധ്യപ്പെടുത്തി. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൂറുമാറിയ സാക്ഷികൾക്ക് എതിരെ കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. 

എന്തൊക്കെ തെളിവുകൾ നിർണ്ണായകമായി?  

മധു കൊലക്കേസിലെ നിർണായക തെളിവുകളെല്ലാം ഡിജിറ്റൽ തെളിവുകളാണ്. അത് കൃത്യസമയത്ത് ശേഖരിച്ച് ഹാജരാക്കിയതിനെ കോടതി ശിക്ഷാ വിധിയിൽ പ്രത്യേകം പ്രശംസിച്ചു. പ്രതികളിൽ പന്ത്രണ്ട് പേർ മധുവിനെ പിടിക്കാൻ കാട്ടിലേക്ക് കയറി പോകുന്നതും പിടിച്ചിറക്കുന്നതും തലയിൽ ചാക്ക് വച്ച് കൊടുക്കുന്നതും മർദ്ദിക്കുന്നതുമെല്ലാം വീഡിയോ ദ്യശ്യത്തിലുണ്ടായിരുന്നു. ഇതെല്ലാം പ്രതികൾ സ്വന്തം ഫോണുകളില്‍ ചിത്രീകരിച്ചിരുന്നതിനാല്‍ അത് കേസിൽ മുൻതൂക്കമായി നിന്നു. 

മജിസ്റ്റീരിയൽ റിപ്പോർട്ടുകളും തെളിവ് ! 

മധു കൊലക്കേസിൽ അസാധരണ നീക്കങ്ങൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾ  വിളിച്ചുവരുത്തിയതാണ് അവയിൽ പ്രധാനപ്പെട്ടത്. കേരളത്തില്‍ ആദ്യമായിട്ടാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഒരു കേസിന് തെളിവായി പരിഗണിക്കുന്നതെന്നതും ശ്രദ്ധേയം. അന്നത്തെ മണ്ണാർക്കാട് മുൻസിഫ് കോടതി മജിസ്ട്രേറ്റ് എം രമേശൻ നടത്തിയ അന്വേഷണത്തിലും ഒറ്റപ്പാലം സബ്കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് നടത്തിയ അന്വേഷണത്തിലും മധുവിൻ്റേത് കസ്റ്റഡി മരണം അല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ റിപ്പോർട്ടുകൾക്ക് തെളിവ് മൂല്യമുണ്ടെന്ന പ്രോസിക്യൂഷൻ വാദവും വിചാരണക്കോടതി അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിൻ്റെ റൂളിങ് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.  

2006 ജൂൺ 23നാണ് കേസുകളില്‍ കസ്റ്റഡി മരണം എന്ന ആരോപണം ഉയർന്നാൽ മജിസ്റ്റീരിയിൽ അന്വേഷണം വേണമെന്ന നിർദേശം വന്നത്. എന്നാൽ അന്വേഷണ റിപ്പോർട്ട് എന്തു ചെയ്യണമെന്ന കാര്യത്തിൽ  വ്യക്തതക്കുറവുണ്ടായിരുന്നു. കണ്ടെത്തലുകൾ എവിടെ നൽകണം, അതിന് മൂല്യമുണ്ടോ എന്നഈ സംശയങ്ങള്‍ നിലനിന്നിരുന്നു. 176 1 (A) രേഖ പ്രകാരം നിർബന്ധമായും കോടതിയിലെ  കേസ് രേഖയിൽ അന്വേഷണ റിപ്പോർട്ടുണ്ടാകണം. മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കാൽ എത്രയും വേഗം രേഖകളും റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്നതാണ് ചട്ടം. എന്നാൽ മധു കൊലക്കേസിൽ രണ്ട് മജിസ്ട്രേറ്റ് അന്വേഷണ റിപ്പോർട്ടുകളും കേസ് ഫയലിനൊപ്പം ഉണ്ടായിരുന്നില്ല. ഇതോടെ കോടതി മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ ഫയലുകള്‍ വിളിച്ചു വരുത്തുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിലെ ജസ്റ്റിസ് നാഗമുത്തു നടത്തിയ റൂളിങ് ആണ് ഇതിന് ആധാരം. ഈ റൂളിങ്ങായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചവയിൽ ഒന്ന്. 

കൂടുതല്‍ വായിക്കാന്‍:  മധു കൊലക്കേസ്; സാക്ഷി സംരക്ഷണ നിയമം നിര്‍ണ്ണായകമായതെങ്ങനെ?

ജസ്റ്റിസ് നാഗമുത്തുവിന്‍റെ റൂളിങ് 

തിരുനെൽവേലി പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കിട്ടപ്പയുടേത് കസ്റ്റഡി മരണമാണെന്ന് പരാതിയെത്തി. ഇത് അന്നത്തെ തിരുനെൽവേലി സെഷൻസ് ജഡ്ജ് അന്വേഷിച്ചു. റിപ്പോർട്ട് മജിസ്ട്രേറ്റ് ജില്ലാ കളക്ടർക്കാണ് കൈമാറിയത്. എന്നാല്‍ ഇതൊരു നിയമപ്രശ്നമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിലെത്തി. എക്സ്യൂട്ടീവ്, ജുഡീഷ്യറിയിൽ നിന്ന് വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കോടതി  മജിസ്ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ട് കളക്ടറിൽ നിന്ന് തിരിച്ചു വാങ്ങി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ്റെ ഫയലിന് ഒപ്പം വെക്കാനാണ് നിർദേശിച്ചത്. മജിസ്ട്രേറ്റിൻ്റെ കണ്ടെത്തലുകൾ പൊലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും ഓർമിപ്പിച്ചു. പോലീസ് അന്വേഷണം പൂർത്തിയാക്കി  കുറ്റപത്രം സമർപ്പിക്കുമ്പോൾ, മജിസ്ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ടും രേഖകളിൽ സൂക്ഷിക്കണം എന്നതായിരുന്നു ആ റൂളിങ്.

ഈ റൂളിങ് പ്രകാരമാണ് മധു കൊലക്കേസില്‍ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകളും കോടതി വിളിച്ചു വരുത്തി, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയവരെ വിസ്തരിച്ചത്. കേസിൽ വ്യക്തമായ തീരുമാനത്തിലെത്താൻ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾ സഹായിച്ചുവെന്ന് വിധിയിൽ വിചാരണക്കോടതി ജഡ്ജ് കെ.എം.രതീഷ്കുമാർ  വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾക്ക് തെളിവ് മൂല്യമുണ്ടെന്ന നിയമവശം ഒരു കോടതി വിധിയിൽ രേഖപ്പെടുത്തുന്നത്. 

മാധ്യമങ്ങൾക്ക് പ്രശംസ 

വെറും അസ്വാഭാവിക മരണമായി ഒതുങ്ങിപ്പോകുമായിരുന്ന കേസിനെ അധികൃതരുടെ ശ്രദ്ധയിൽ നിർത്തുന്നതിൽ മാധ്യമങ്ങളൾ കാണിച്ച ജാഗ്രതയെ കോടതി പ്രശംസിച്ചു. മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഈ കേസ് ഇങ്ങനെ അവസാനിക്കില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കൂറുമാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യമായി പുറത്തുവിട്ടത്. സാക്ഷികളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുന്നതടക്കം ദൃശ്യങ്ങൾ സഹിതമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചതിൻ്റെ വിശദാംശങ്ങളും ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 

പൊലീസിന് വിമർശനം

മധു നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിരുന്നു. ആ സമയത്തും മധു മാനസീക പ്രയാസം അനുഭവിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ് മധുവിന് കൃത്യമായ പുനഃരധിവാസം സര്‍ക്കാര്‍ ചെലവില്‍ ലഭ്യമായിക്കിയിരുന്നവെങ്കില്‍ ആൾക്കൂട്ട വിചാരണ ഒഴിവാക്കാമായിരുന്നുവെന്നും കോടതി ഉത്തരവിൽ പരാമർശിച്ചു. മോഷണം സംബന്ധിച്ച പരാതികളിൽ പോലീസ് അന്ധമായ നിലപാടെടുത്താല്‍ അത് സമൂഹത്തിൽ സദാചാര പോലീസിംഗ് പ്രവണത വളർത്തിയെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ നിര്‍ഭാഗ്യകരമായ സംഭവം പോലീസ് സേനയ്ക്ക് ഒരു പാഠമാകണമെന്നും കോടതി പരാമര്‍ശിച്ചു. 

തെളിഞ്ഞ കുറ്റങ്ങൾ 

മധു കേസില്‍ പ്രധാനമായും 143 ന്യായവിരോധമായി സംഘം ചേരൽ. 147 ന്യാവിരോധമായി ചേർന്ന സംഘത്തിൻ്റെ പ്രവൃത്തികളിൽ ഏർപ്പെടൽ. 323 കരുതിക്കൂട്ടിയുള്ള മർദനം. 342 തടഞ്ഞുവയ്ക്കൽ, 304 (II) കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അല്ലാത്ത നരഹത്യ. SC ST വകുപ്പിലെ 3 (I) D പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരമുളള കുറ്റം. 326 ആയുധം കൊണ്ട് ആക്രമിക്കൽ , 367 തട്ടിക്കൊണ്ടുപോകൽ  എന്നീ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തെന്ന് കോടതിയില്‍ സംശയാധീനമെന്യേ തെളിഞ്ഞു. 

ശിക്ഷയുടെ കണക്ക് 

ഐപിസി 143 . 6 മാസം തടവ് 1000 രൂപ പിഴ,
ഐപിസി 147 . 2 വർഷം തടവ് 2000 രൂപ പിഴ,
ഐപിസി 323 . 1 വർഷം തടവ് 1000 രൂപ പിഴ,
ഐപിസി 342 . 1 വർഷം തടവ് 1000 രൂപ പിഴ,
ഐപിസി 304 (II) . 7 വർഷം തടവ് 100000 രൂപ പിഴ ,

പ്രതികള്‍ ആകെ 11.5 വർഷം തടവും 1,05,000 രൂപ പിഴയും  ഒടുക്കണം. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിച്ചു. ഏഴുവർഷം കഠിന തടവ് മാത്രം. 

മരയ്ക്കാർ , ശംസുദ്ദീൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നീ  പ്രതികള്‍ 

ഐപിസി 143 . 6 മാസം തടവ് 1000 രൂപ പിഴ, 
ഐപിസി 147 . 2 വർഷം തടവ് 2000 രൂപ പിഴ, 
ഐപിസി 323 . 1 വർഷം തടവ് 1000 രൂപ പിഴ,
ഐപിസി 324 . 2 വർഷം തടവ് 1000 രൂപ പിഴ,
ഐപിസി 326 . 7 വർഷം തടവ് 5000 രൂപ പിഴ,
ഐപിസി 342. 1 വർഷം തടവ് 1000 രൂപ പിഴ,
ഐപിസി 367 . 5 വർഷം തടവ് 2000 രൂപ പിഴ,
ഐപിസി 304 (II) . 7 വർഷം തടവ് 100000 രൂപ പിഴ,
ഐപിസി 3 (1) D . 3 വർഷം തടവ് 5000 രൂപ പിഴ,

ആകെ 28.6 വർഷം തടവ് . 1,18,000 പിഴ. ഒടുക്കണം. പതിനാറാം പ്രതി മുനീർ ഐപിസി 352 മൂന്ന് മാസം തടവ് 500 രൂപ പിഴയും ഒടുക്കണം. എന്നാല്‍ ഇയാള്‍ വിചാരണ കാലയളവിൽ തന്നെ ജയിൽ ശിക്ഷ പൂർത്തിയാക്കിയിരുന്നു. അതിനാല്‍ തടവ് ശിക്ഷയില്ല. പിഴയായി 500 രൂപ അടച്ച് കേസില്‍ നിന്നും സ്വതന്ത്രനായി. 

 

click me!