പാപ്പാന്റെ നിർദ്ദേശങ്ങളെ പിന്നെ ആന വകവെക്കില്ല. മദപ്പാടാണ് എന്ന് മനസ്സിലാക്കി അതിനെ ഉപദ്രവിക്കാതെ അതിന്റെ വഴിക്കുവിട്ടാൽ പാപ്പാന് കൊള്ളാം. അല്ല, കൂടുതൽ ശല്യം ചെയ്യാനാണ് ഭാവമെന്നുണ്ടെങ്കിൽ കാലിൽ വാരിയെടുത്ത് തറയിലടിക്കും ആനയപ്പോൾ. പിച്ചി ചീന്തിക്കളയും. ആനയുടെ കലിയെന്നു പറഞ്ഞാൽ ഒന്നൊന്നര കലിയാണ്.
സ്ഥലം ബന്ദിപ്പൂർ കാട്. ജീപ്പിൽ സ്ഥലം ഡിഎഫ്ഒയും കൂടെ ആനകളെ പരിചരിക്കുന്ന മൃഗഡോക്ടറും. കാട്ടുപാതയിലൂടെ പോവുന്നവഴി, ഉൾക്കാട്ടിൽ നിൽക്കുന്ന കാട്ടാനയെ കണ്ടപ്പോൾ ഡിഎഫ്ഒയ്ക്ക് ഇറങ്ങി ഫോട്ടോയെടുക്കണം എന്നായി. ഒറ്റനോട്ടത്തിൽ തന്നെ ഡോക്ടർക്ക് ഒരു കാര്യം പിടികിട്ടി. ആന മദപ്പാടിലാണ്. ഡോക്ടർ ഓഫീസറെ പിന്തിരിപ്പിക്കാൻ ഒരു പരിശ്രമം നടത്തി. അദ്ദേഹം ഓഫീസറെ ജീപ്പുവിട്ടിറങ്ങരുത് എന്ന് വിലക്കി. അത് കേട്ട ഭാവം കാണിക്കാതെ, ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ അദ്ദേഹം ക്യാമറയുമായി ആനയ്ക്കരികിലേക്ക് ചെന്നു. എന്തിനധികം പറയുന്നു ഡിഎഫ്ഒയെ കണ്ടതും ഒറ്റയാൻ അദ്ദേഹത്തെ കുത്താനോടിച്ചു. ഓഫീസർ ക്യാമറയും വലിച്ചെറിഞ്ഞ് പ്രാണനും കൊണ്ടോടി. കുറെ ദൂരം ചെന്നപ്പോൾ ദേ മുന്നിൽ ഒരു കുറ്റിക്കാട്. ആന അയാളെ വട്ടത്തിൽ രണ്ടുവട്ടം ഓടിച്ചു. ഓഫീസർ മുന്നിൽ, ആന പിന്നാലെ.. അങ്ങനെ കുറ്റിക്കാടിനെ രണ്ടു പ്രദക്ഷിണം വെച്ച് മൂന്നാം വട്ടം ഓഫീസർ കറങ്ങി ഓടി വന്നപ്പോഴതാ ആന ഓട്ടം നിർത്തി നേരെ തിരിഞ്ഞു നിൽക്കുന്നു. തുമ്പിക്കൈക്ക് തടഞ്ഞ ഓഫീസറെ, കാലിൽ ചുറ്റി ഒരു പിടി, വലിച്ച് തറയിൽ ഒരൊറ്റയടി. " തേങ്ങ ഉടയുന്ന പോലൊരൊച്ച ഞാൻ കേട്ടു.." എന്നാണ് ആ മൃഗഡോക്ടർ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്.
ഈ മദപ്പാടിന്റെ മണം മറ്റുള്ള പെണ്ണാനകൾക്ക് മൈലുകൾക്കപ്പുറം നിന്നേ പിടിച്ചെടുക്കാൻ കഴിയുമത്രേ
undefined
പറഞ്ഞുവന്നത്, ആനയെന്ന വന്യജീവിയുടെ ബുദ്ധിയെപ്പറ്റിയാണ്. കുട്ടിക്കാലത്ത് നമ്മൾ കേട്ടിട്ടുള്ള തുന്നൽക്കാരന്റെ കഥയിലെ ആനയുണ്ടല്ലോ. അതുപോലെയാണ് മിക്ക ആനകളും. പരമ സാധുക്കളാണ്. ആനകൾക്ക് അവയുടെ വലിപ്പമറിയില്ല. നാട്ടിൽ ഇണങ്ങിജീവിക്കുന്ന ആനകൾ വർഷത്തിൽ എട്ടുമാസവും വളരെ ശാന്തസ്വഭാവികളാണ്. തണുപ്പുള്ള കാലത്ത്, സാധാരണ ഗതിയിൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ അവയ്ക്ക് ഉൾച്ചൂട് ഇളകുന്ന കാലമാണ്. അക്കാലങ്ങളിൽ മനുഷ്യരുടേതിൽ നിന്നും വ്യത്യസ്തമായി ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അവയുടെ വൃഷണസഞ്ചികൾ വീർത്തു മുഴച്ചു പുറത്തേക്ക് വീങ്ങി നിൽക്കുന്നത് കാണാം. അപ്പോൾ ആ ഗ്രന്ഥികൾ ഏകദേശം ആറിരട്ടിയോളം 'ടെസ്റ്റോസ്റ്റിറോൺ' എന്ന ഹോർമോൺ പുറപ്പെടുവിക്കും. ആനയുടെ കണ്ണിനും ചെവിക്കുമിടയിൽ തലയുടെ വശങ്ങളിലായി ടെമ്പറൽ ഗ്രന്ഥി എന്നൊരു ഗ്രന്ഥിയുണ്ട്. അത് 'ടെംപോറിൻ' എന്നൊരു കട്ടിയുള്ള സ്രവം പുറപ്പെടുവിക്കും. ഈ മദപ്പാടിന്റെ മണം മറ്റുള്ള പെണ്ണാനകൾക്ക് മൈലുകൾക്കപ്പുറം നിന്നേ പിടിച്ചെടുക്കാൻ കഴിയുമത്രേ.
കാട്ടാനകളുടെ കൂട്ടങ്ങൾ നിയന്ത്രിക്കുന്നത് കൂട്ടത്തിലെ മുതിർന്ന പെണ്ണാനകളാണ്. മദപ്പാടുള്ള ഒരാന ഇത്തരത്തിൽ ഒരു കൂട്ടത്തിലേക്ക് കേറിവന്നാൽ സ്വാഭാവികമായും കൂട്ടത്തിലുള്ള കൊമ്പനാന, പുതുതായി വരുന്ന കൊമ്പനുമായി കോർക്കും. പിന്നെ, തമ്മിൽ പോര് തുടങ്ങിക്കഴിഞ്ഞാൽ ചിലപ്പോൾ തലയെടുപ്പിലും, മറ്റുള്ള അളവുകോലുകളിലും ഒന്നും കാര്യം കാണില്ല. വശക്കേടായി ഒരു കുത്ത് കിട്ടിയാൽ മതി രണ്ടിലൊന്നിന്‍റെ പണിതീരാൻ. അതുകൊണ്ട്, 'സെക്സ് Vs ജീവൻ' എന്നുള്ള തർക്കം ഒരു പരിധിവിടുമ്പോൾ പിന്നെ സാധാരണ ഗതിക്ക് ആന, പ്രത്യേകിച്ചും അവനു മദപ്പാടില്ലെങ്കിൽ മുട്ടാൻ വരുന്ന കൊമ്പന് തന്റെ കൂട്ടത്തിലെ കാര്യക്കാരൻ പദവി വിട്ടുകൊടുത്ത് മറ്റുള്ള കൂട്ടങ്ങൾ തേടിപ്പോവും. ചുരുക്കിപ്പറഞ്ഞാൽ അമ്മയും, പെങ്ങന്മാരും ഒക്കെയുള്ള ഒരു ഗ്രൂപ്പിൽ 'ഇൻബ്രീഡിങ്ങ്' - അഥവാ അമ്മയും മകനും തമ്മിലോ സഹോദരങ്ങൾ തമ്മിലോ ഒക്കെയുള്ള ഇണചേരൽ - നടക്കാതെ കാക്കുന്ന പ്രകൃതിയുടെ ഒരു 'ബാലൻസിങ്ങ് ആക്ട് ' ആവും ഈ പുതിയ കൊമ്പനാനയുടെ വരവും ആ കൂട്ടത്തിലെ കൊമ്പന്റെ ഈ ഇറങ്ങിപ്പോക്കും.
ഏകദേശം ഒന്നൊന്നരമാസത്തിലധികം കാലം നീണ്ടുനിൽക്കുന്ന സ്വാഭാവികമായ ഒരു 'ഹോർമോണൽ ഇംബാലന്‍സ്' പിരീഡ് മാത്രമാണ് ആനയ്ക്ക് അതിന്റെ മദപ്പാട്. കാട്ടിൽ സ്വൈര്യമായി വിഹരിക്കുന്ന കൊമ്പൻ ഈ സമയത്ത് ആർക്കും ഒരു പ്രശ്നവുമുണ്ടാക്കില്ല. ഏറിവന്നാൽ വല്ല ആനക്കൂട്ടത്തിലും ചെന്നുകേറി അതിലെ ഏതെങ്കിലും പിടിയാനയുമൊത്ത് ഒരു സംഭോഗം ഒപ്പിക്കാൻ നോക്കും. അത്രമാത്രം. എന്നാൽ, ഇതേ മദപ്പാട് നാട്ടിലെ ആനയ്ക്കാവുമ്പോൾ കാര്യമായ മാറ്റമുണ്ടാവുന്നത് അതിന്റെ പെരുമാറ്റത്തിലാണ്. 'Resent Authority' എന്നതാണ് ആനയുടെ ആദ്യത്തെ പ്രതിക്രിയ.
'അവിചാരിതമായി ആനയ്ക്ക് മദമിളകി, പൊട്ടി ' എന്നൊക്കെ എഴുതിവെയ്ക്കുന്നത് പച്ചക്കള്ളമാണ്
അതായത് പാപ്പാന്റെ നിർദ്ദേശങ്ങളെ പിന്നെ ആന വകവെക്കില്ല. മദപ്പാടാണ് എന്ന് മനസ്സിലാക്കി അതിനെ ഉപദ്രവിക്കാതെ അതിന്റെ വഴിക്കുവിട്ടാൽ പാപ്പാന് കൊള്ളാം. അല്ല, കൂടുതൽ ശല്യം ചെയ്യാനാണ് പാപ്പാന്റെ ഭാവമെന്നുണ്ടെങ്കിൽ കാലിൽ വാരിയെടുത്ത് തറയിലടിക്കും ആനയപ്പോൾ. പിച്ചി ചീന്തിക്കളയും. ആനയുടെ കലിയെന്നു പറഞ്ഞാൽ ഒന്നൊന്നര കലിയാണ്.
അത്രയും നേരം ചൂരൽ കൊണ്ട് അടിച്ചു പഴുപ്പിച്ചും, തോട്ടിയ്ക്കിട്ടു പിടിച്ചും തന്നെ സ്റ്റെഡിയാക്കി നിർത്തിയിരുന്ന പാപ്പാന്മാരെ ആലുവാ മണപ്പുറത്തുവെച്ചു കണ്ട പരിചയം പോലും കാണിക്കില്ല. അവർ പറയുന്നതൊരുവക അനുസരിക്കയുമില്ല. മദപ്പാടിൽ നിൽക്കുന്ന നേരത്ത് പ്രകോപിതരായി ആനകൾ ഉത്സവങ്ങളിലും മറ്റും കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ നമ്മൾ പലതവണ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടല്ലോ.
എന്നാൽ, മദപ്പാടിനെപ്പറ്റിയുള്ള ശരാശരി മലയാളി ആനപ്രേമിയുടെ ധാരണകൾ എത്ര കണ്ട് വസ്തുതകളോട് അടുത്തു നിൽക്കുന്നവയാണ്? പത്രങ്ങളിൽ പലപ്പോഴും നമ്മൾ വായിക്കാറില്ലേ ഉത്സവത്തിനെഴുന്നെള്ളിച്ച ആനയ്ക്ക് 'മദം പൊട്ടി' എന്നൊക്കെ.. 'മദപ്പാട്' എന്ന ശരിയായ വാക്കുതന്നെ ആ അവസരത്തിൽ ഉപയോഗിക്കുന്നവർ കേരളത്തിൽ തീരെ കുറവാണ്. 'അവിചാരിതമായി ആനയ്ക്ക് മദമിളകി, പൊട്ടി' എന്നൊക്കെ എഴുതിവെക്കുന്നത് പച്ചക്കള്ളമാണ്. ഒരാനയ്ക്കും തീർത്തും പെർഫെക്റ്റ് ആയ ഒരു മാനസിക നിലയിൽ നിന്നും നിമിഷാർദ്ധം കൊണ്ട് മദപ്പാടിളകി വഷളായ ഒരു അവസ്ഥ വരാറില്ല.
ഒരു ആനയുടെ മദപ്പാടിന്റെ ശരാശരി കാലാവധിയെന്നു പറയുന്നത് ഒന്നോ രണ്ടോ മാസം വരെ നീണ്ടുനിന്നേക്കാം. പെട്ടന്നൊരു നേരം എഴുന്നള്ളത്തിനിടെ ആനയ്ക്ക് മദം അങ്ങ് 'പൊട്ടിപ്പുറപ്പെടുക'യല്ല ഉണ്ടാവുന്നത്. ഉത്സവത്തിനിടെ ഏതെങ്കിലും ഒരു ആന ഇടഞ്ഞ് സ്വന്തം പാപ്പാനെയോ, എഴുന്നള്ളത്തിന് മേലെ കേറിയിരിക്കുന്നവരിൽ ആരെയെങ്കിലുമോ, അല്ലെങ്കിൽ ഉത്സവം കാണാനെത്തുന്നവരെയോ ഒക്കെ ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും രണ്ടുകൂട്ടരുടെ ഭാഗത്താണ്. ഒന്ന്, പാപ്പാന്മാർ. രണ്ട്, ആനയുടെ ഉടമസ്ഥർ.
ഈ ഉത്സവങ്ങൾക്കുള്ള 'എഴുന്നെള്ളിപ്പെ'ന്നു പറയുന്നത് ആനയുടെ തലയെടുപ്പനുസരിച്ച് ലക്ഷങ്ങൾ മറിയുന്ന ഇടപാടുകളാണ്. മദപ്പാടിന്റെ പേരിൽ സീസണിൽ എഴുന്നള്ളിക്കാതെ ആനയെ മാറ്റിനിർത്തിയാൽ ഉടമയ്ക്ക് പൊടിയുന്നത് ലക്ഷങ്ങളാവും. ഓഫ് സീസണിൽ ആനയെ തീറ്റിപ്പോറ്റിയ കാശിന്റെ കണക്കുകൾ ഓർക്കുമ്പോൾ, ഉടമസ്ഥരുടെ നിർദ്ദേശപ്രകാരം പല തട്ടിപ്പുകൾക്കും പാപ്പാന്മാർ കൂട്ടുനിൽക്കും. എഴുന്നള്ളത്തിനു മുമ്പ് ആനയെ സർട്ടിഫൈ ചെയ്യേണ്ടുന്ന മൃഗഡോക്ടരും ചുറ്റും കൂടുന്ന ആനപ്രേമികളും പൊതുജനങ്ങളും ഒന്നും ആനയുടെ മദപ്പാടിനെപ്പറ്റിഅറിയാതിരിക്കാൻ പല വിദ്യകളും പ്രയോഗിക്കും പാപ്പാന്മാർ. മദപ്പാടുവരുന്ന ഭാഗം എണ്ണകൊണ്ട് പൊതിയും. അതിനിടയിലൂടെ മദപ്പാട് നാട്ടുകാരുടെ കണ്ണിൽ പെടില്ല. അല്ലെങ്കിൽ എഴുന്നള്ളത്തിനു തൊട്ടുമുമ്പ് ആനയെ നന്നായി ഒന്ന് കുളിപ്പിക്കും. അപ്പോഴും മദപ്പാട് കണ്ണിൽ പെടുക പ്രയാസമാകും. പിന്നെ വെറും ഭാഗ്യത്തിന്റെ പുറത്തുള്ള ഒരു എഴുന്നള്ളത്താണ്. 'ആന ഇടയരുതേ ഇടയരുതേ' എന്ന് പ്രാർത്ഥിച്ചുകൊണ്ടാവും പാപ്പാന്മാരുടെ നിൽപ്പ്.
ആനയെ കുറിച്ച് കുറച്ചുകൂടി അറിയേണ്ടതുണ്ട്..
ആനയുടെ ശരീരത്തെക്കുറിച്ചുള്ള പ്രാഥമികമായ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മാത്രമേ അതനുഭവിക്കുന്ന യാതനകളെപ്പറ്റി നമ്മൾ ബോധവാന്മാരാവൂ. 12 കിലോയ്ക്കും 21കിലോയ്ക്കും ഇടയിലാണ് ഒരു സാധാരണ ഇന്ത്യൻ ആനയുടെ ഹൃദയത്തിന്റെ ഭാരം. ആനയുടെ ഭാരമോ 2000 കിലോ മുതൽ 4500 കിലോ വരെയും. അതായത് സ്വന്തം ശരീരഭാരത്തിന്റെ അര ശതമാനം പോലും ഭാരമില്ല ആനയുടെ ഹൃദയത്തിന്. ഈ ഘടാഘടിയൻ ശരീരത്തിലെങ്ങും ഓടിയെത്താനുള്ളത്ര രക്തം പമ്പുചെയ്യാനുള്ള കപ്പാസിറ്റി ആനയുടെ കുഞ്ഞു ഹൃദയത്തിനില്ല. പ്രധാനപ്പെട്ട ആന്തരികാവയവങ്ങളിലേക്കുള്ള രക്തത്തിന്റെ കാര്യത്തിൽ പിശുക്കാൻ കഴിയാത്തതുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വാഭാവികമായും ആനയുടെ ഹൃദയം വിട്ടുവീഴ്ച ചെയ്യുന്നത് തന്റെ ത്വക്കിലേക്കുള്ള ചോരയോട്ടത്തിൽ പിശുക്കു കാട്ടിയിട്ടാണ്. അതുകൊണ്ടുണ്ടാവുന്ന പ്രധാന പ്രശ്നമെന്തെന്ന് അറിയുമോ.. ആനയുടെ തൊലിപ്പുറത്തുണ്ടാവുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. മുറിവുണ്ടാവുമ്പോൾ ചോര വന്ന് കട്ടപിടിച്ച് ആ മുറിവടച്ച് കരിയിച്ച് ഭേദമാക്കുന്ന, നമ്മുടെയൊക്കെ ശരീരങ്ങളിൽ വളരെ സ്വാഭാവികമായി നടക്കുന്ന ആ പണി ആനയുടെ കാര്യത്തിൽ നടക്കില്ല. അതുകൊണ്ടുതന്നെ മുറിവുകൾ വ്രണമാവും. പഴുക്കും. പുഴുക്കളരിക്കും. മുറിവുണങ്ങാതെ അനുനിമിഷം വേദന തിന്നുതിന്ന് കഴിയേണ്ടി വരും ആനയ്ക്ക്.
ഈ നേരത്ത് ഒരു തുള്ളി വെള്ളം ആനയ്ക്ക് ആരും കൊടുക്കില്ല
പാവം ആനകൾക്ക് ഇത്രവലിയ ശരീരമുണ്ടെന്നേയുള്ളൂ.. അവയ്ക്ക് വിയർപ്പ് ഗ്രന്ഥികളില്ല. ഏതെങ്കിലും ആന വിയർത്തു കുളിച്ചു നിൽക്കുന്നത് ആരെങ്കിലും എന്നെങ്കിലും കണ്ടിട്ടുണ്ടോ..? ആനയ്ക്ക് തന്റെ ദേഹത്തിന്റെ താപനില നിയന്ത്രിച്ചു നിർത്താൻ ഒന്നുരണ്ടു മാർഗങ്ങളുണ്ട്. ഒന്ന്, അതിന്റെ വലിയ ചെവികൾ. അവയ്ക്കരികിലെ തൊലി മറ്റുഭാഗങ്ങളിലേക്കാൾ നേരിയതാണ്. വലിപ്പമുള്ള ചെവികൾ ആട്ടുമ്പോൾ രക്തത്തിന്റെ ഉഷ്ണം കുറയുന്നു. അതുപോലെ പല ത്വക്കിന് നേർമ്മയുള്ള ഹോട്ട് സ്പോട്ടുകളും ശരീരത്തിന്റെ പല ഭാഗങ്ങളിലായി ആനയ്ക്കുണ്ട്. ആ 'ഹോട്ട് സ്പോട്ടു'കളിലേക്ക് രക്തം പ്രവഹിക്കുമ്പോഴാണ് ആനയുടെ ചൂട് കുറയുന്നത്. അതിനാണ് അവർ വെള്ളം കോരി ദേഹത്തൊഴിക്കുന്നത്. ഉത്സവത്തിന് എഴുന്നെള്ളിക്കാണെന്നും പറഞ്ഞ് ചുരുങ്ങിയത് ഒരു എട്ടുമണിക്കൂർ നേരമെങ്കിലും ആനയെ നമ്മൾ പൊരിവെയിലത്ത് നിർത്താറില്ലേ. ഈ നേരത്ത് ഒരു തുള്ളി വെള്ളം ആനയ്ക്ക് ആരും കൊടുക്കില്ല. കൊടുത്താൽ ആന തുമ്പിയിൽ കോരി പുറത്തൊഴിച്ചുകളയും. അതുതന്നെ കാരണം.
രണ്ടാമത്, ആനയുടെ തൊട്ടടുത്ത് കൊണ്ട് പെരുമാറുന്ന തീവെട്ടി പോലുള്ള സാധനങ്ങളിൽ നിന്നും പുറപ്പെടുന്ന ചൂട്, പുക. ആനയുടെ നാസാരന്ധ്രങ്ങളും, കണ്ണുമൊക്കെ വളരെ സെൻസിറ്റീവാണ്. അതുപോലെ അവയുടെ കാതും. അപ്രതീക്ഷിതമായിട്ടാവും ആന നിൽക്കുന്നതിൽ നിന്നും അധികം ദൂരെയല്ലാതെ വെടിക്കെട്ട് തുടങ്ങുന്നത്. അതിനു പുറമെയാണ് അമ്പലപ്പറമ്പിൽ ആളുകളുടെ ബഹളവും പോരാത്തതിന് തായമ്പക പോലുള്ള മേളങ്ങളും.
ആനയുടെ ശരീരത്തിൽ രക്തയോട്ടം കുറവാണെങ്കിലും ഒരുപാട് നാഡികളുടെ അവസാനം ത്വക്കിലാണ്. അതുകൊണ്ടുതന്നെ വളരെ വേദനിപ്പിക്കുന്ന ഒരുപാട് മർമ്മസ്ഥാനങ്ങൾ ആനയുടെ ദേഹത്ത് പലയിടത്തായി ഉണ്ട്. മദപ്പാടിൽ ആന പാപ്പാന്റെ കല്പനകൾ അനുസരിക്കാതെ വരുമ്പോൾ ഉടനെ തോട്ടിയെടുത്ത് വെച്ച് കുത്തിക്കൊടുക്കുന്നത് ഇങ്ങനെയുള്ള മർമ്മ സ്ഥാനങ്ങളിലോ അല്ലെങ്കിൽ ആനയുടെ ജോയിന്റുകളിലോ ഒക്കെ ആണ്. അല്ലെങ്കിലേ ടെസ്റ്റോസ്റ്റെറോൺ കേറി മേഞ്ഞു നിൽക്കുന്ന ദേഹത്ത് മർമ്മത്തിലുള്ള കുത്തും കൂടി കിട്ടുമ്പോൾ ആന പിന്നെ അക്രമാസക്തനായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇതിനൊക്കെപ്പുറമെയാണ് മദപ്പാടുള്ള സമയത്തുതന്നെ ആനയെ രാത്രി ഉറങ്ങാൻ വിടാതെ, പകൽ കിലോമീറ്ററുകളോളം നടത്തിച്ച്, ഇടനേരങ്ങളിൽ ഉടമയറിയാതെ തടി പിടിപ്പിച്ച്, ചൂരലുകൊണ്ട് അടിച്ച് നോവിച്ച് ഒക്കെ പലവിധേനയുള്ള പീഡനങ്ങൾക്ക് വിധേയമാക്കുന്നത്.
ഇങ്ങനെയൊക്കെ ആന ദിവസങ്ങളോളം സഹിക്കുന്ന പീഡനങ്ങൾക്കൊടുവിൽ ഒന്ന് പ്രതികരിക്കുന്നത് മാത്രമാണ് നമ്മൾ കാണുന്നത്. അങ്ങനെ പ്രതികരിക്കുന്ന വേളയിലുണ്ടാവുന്ന ആളപായങ്ങളാണ് ആ ആനയെ കുപ്രസിദ്ധനാക്കുന്നത്. കൊലകൊല്ലിയെന്നും കൊലയാളിയെന്നും കൊലകൊമ്പനെന്നുമൊക്കെ വിളിപ്പേരിട്ട് അവനെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു പരത്തുന്നത്.
ഇങ്ങനെയുള്ള സംഭവങ്ങൾ വളരെ എളുപ്പം ഒഴിവാക്കാവുന്നതാണ്. മദപ്പാട് ആദ്യമായി കാണുന്ന നേരം തൊട്ട് അതൊഴിയുന്നതുവരെ ആനയ്ക്ക് വിശ്രമം നൽകണം. അതുമാത്രമാണുപായം. അതിന്റെ സാമ്പത്തിക വശമാണ് ആനയുടമകളെ ഈ കാരുണ്യം ആനകളോട് കാണിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ചില്ലറയൊന്നുമല്ലല്ലോ ഒരു ആനയെ വളർത്താനുള്ള പാട്. ദിവസവും ഇരുനൂറു കിലോ ഭക്ഷണം കഴിച്ച്, മുപ്പത് ലിറ്റർ വെള്ളം കുടിച്ച് പുലരുന്ന ഒരു പാവം ജീവിയാണ് ആന.
ഡോ. ജോ ജേക്കബ് പറയുന്നത്
തിരുവനന്തപുരം മൃഗശാലയുടെ ചുമതലയുണ്ടായിരുന്ന ഡോ. ജോ ജേക്കബ് ആനയുടെ വിഷയത്തിൽ ഒരു ആധികാരിക വിജ്ഞാനകോശം തന്നെയാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നായി, പ്രശ്നക്കാരായ നിരവധി ഒരുപാട് ആനകളെ അദ്ദേഹം മയക്കുവെടി വെച്ച് പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ എഴുതാൻ തുടങ്ങിയാൽ അതൊരു ലേഖനത്തിലൊതുങ്ങില്ല. ഒരു പുസ്തകത്തിനുള്ള വകുപ്പുതന്നെ ആ വിവരണങ്ങളിലുണ്ട്. പണ്ട് 'കൊലകൊല്ലി' എന്നപേരില്‍ പേപ്പാറ ഡാമിന് ചുറ്റും വിഹരിച്ചിരുന്ന ഒറ്റയാനെ മയക്കുവെടി എന്നറിയപ്പെടുന്ന 'സൈലസിൻ-കീറ്റമിൻ' ഷോട്ട് ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയത് അദ്ദേഹമാണ്.
"കൊലകൊല്ലി” എന്നത് ആ പാവം വന്യജീവിക്ക് പേപ്പാറ – അഗസ്ത്യവനം ഭാഗത്തെ വ്യാജവാറ്റുകാർ ഇട്ടപേരായിരുന്നു. കാട്ടിനുള്ളിലെ അവരുടെ രഹസ്യകേന്ദ്രങ്ങളില്‍ വാറ്റാൻ തയ്യാറാക്കി വെക്കുന്ന 'കോട' എന്ന വിളിപ്പേരുള്ള പുളിച്ച കള്ള് ആനയുടെ പ്രിയ പാനീയമാണ്. എവിടെ കോട വാറ്റാൻ വെച്ചാലും അതിന്റെ ഗന്ധം തിരിച്ചറിഞ്ഞെത്തുന്ന ഒറ്റയാന്മാർ വാറ്റുപകരണങ്ങളൊക്കെ തകർത്തു തരിപ്പണമാക്കി കോടയും ശാപ്പിട്ട് മടങ്ങും. ആ അർത്ഥത്തിൽ നോക്കുമ്പോൾ കാട്ടാനകളാണ് ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസർമാർ എന്നുവരും. കാരണം,ഓർക്കാപ്പുറത്ത് വന്നുകേറുന്ന അവരെ കൈക്കൂലി കൊടുത്ത് ഒതുക്കാനൊന്നും പറ്റില്ല. അപ്പോൾ പിന്നെ എന്തുചെയ്യും, അവരെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുക. ഈ കോട കട്ടുകുടിച്ച് മദോന്മത്തരായി ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നു, ജനങ്ങളെ വിറപ്പിക്കുന്നു, അനവധി പേരെ വകവരുത്തുന്നു എന്നൊക്കെ പറഞ്ഞുണ്ടാക്കി ഭീതി പരത്തുക. അപ്പോൾ വനം വകുപ്പ് ഇടപെട്ട് മയക്കുവെടി വച്ച് അതിനെ പിടിച്ചോളും. അവർക്ക് ആനയൊഴിഞ്ഞ വനത്തിൽ പിന്നെയും നിർബാധം അവരുടെ വാറ്റ് തുടരാം.
അവൻ സത്യത്തിൽ കൊലകൊല്ലിയല്ലായിരുന്നു. ചക്ക കണ്ടാൽ ചാടി വീണു വെട്ടി വിഴുങ്ങുന്ന വെറുമൊരു 'ചക്കമാടൻ' മാത്രമായിരുന്നു. അവനെ 'കൊലകൊല്ലിയായി' മുദ്രകുത്തിയതിനു പിന്നിൽ പലരുടെയും നിക്ഷിപ്ത താത്പര്യങ്ങളുണ്ടായിരുന്നു. എന്തായാലും പലവഴിക്കുമുള്ള സമ്മർദ്ദം ഏറിവന്നപ്പോഴാണ് ആശാനെ മയക്കുവെടിവെച്ച് കീഴടക്കാനുള്ള തീരുമാനമുണ്ടാവുന്നതും പിടിക്കാനായി ജോ ഡോക്‌ടറും സംഘവും നിയോഗിക്കപ്പെടുന്നതും. നാൽപതു ദിവസത്തോളം ആനത്താരകളിൽ നടത്തിയ പിന്തുടരലിനു ശേഷം ഒരു ദിവസം അദ്ദേഹമടങ്ങുന്ന സംഘം കൊലകൊല്ലിയെ മയക്കുവെടി വച്ച് പിടിച്ചു. 2006 ജൂണ്‍ ഒന്നിനാണ് കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. പിടിച്ചപ്പോൾ ആനയുടെ ആരോഗ്യത്തിന് കാര്യമായ ചേതമൊന്നും തന്നെ പറ്റിയിരുന്നില്ലെങ്കിലും പത്തുദിവസത്തിനുള്ളിൽ ആനക്കൊട്ടിലിലെ മെരുക്കൽ പരിശ്രമങ്ങൾക്കിടെ ഹൃദയാഘാതം വന്നു കൊലകൊല്ലി ചരിഞ്ഞു. പ്രദേശത്തെ ആദിവാസികൾ മാത്രം ഇന്നും കൊലകൊല്ലിയെ വർഷാവർഷം അതിന്റെ ഓർമ്മദിവസത്തിൽ സ്മരിക്കാറുണ്ട്. നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് അവർ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.
അവർക്ക് ആനയൊഴിഞ്ഞ വനത്തിൽ പിന്നെയും നിർബാധം അവരുടെ വാറ്റ് തുടരാം
'കൊലകൊല്ലി ആനക്കൊട്ടിലിൽ'
ആനകളെപ്പറ്റി നമ്മുടെ സമൂഹത്തിൽ ആകെ രണ്ടു നരേറ്റീവുകളെ ഉള്ളൂ. ഒന്ന് ആനപ്രേമികളുടേത്. അതിൽ ആനകളുടെ തലയെടുപ്പിന്റെ വർണ്ണനകളും, ആനയും പരിപാലകരും തമ്മിലുള്ള സ്നേഹത്തിന്റെ കഥകളും ഒക്കെ നിറഞ്ഞുനിൽക്കും. ക്ഷേത്രങ്ങളും അതിലെ പ്രതിഷ്ഠകളും ഒക്കെ അതിൽ ആനകൾക്കൊപ്പം കഥാപാത്രങ്ങളാവും. രണ്ടാമത്തേത് മൃഗഡോക്ടർമാരും, മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് എതിരെ പ്രവർത്തിക്കുന്നവരും ഒക്കെയടങ്ങുന്ന സമൂഹത്തിന്റെ ഭാഷ്യമാണ്. അതിൽ കാട്ടാനകളെ കാട്ടി ൽ അവർ സ്വൈരജീവിതം നയിക്കുന്ന സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ നിന്നും, പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയും, കുങ്കിയാനകളെകൊണ്ട് തുരത്തിയോടിച്ച് വാരിക്കുഴിയിൽ ചാടിച്ചും ഒക്കെ കൂട്ടം പിരിച്ച് ബന്ധനസ്ഥരാക്കി നാട്ടിലെത്തിക്കുന്നതിന്റെ വർണനകളാണ്. തുടർന്നും കൊട്ടിലുകളിൽ തടങ്കലിലിട്ട് തല്ലിപഴുപ്പിച്ച് മെരുക്കി ചങ്ങലയ്ക്കിടുന്നതിന്റെയും ആരുടെയെങ്കിലും ഉടമസ്ഥതയിലേക്കു വരുമ്പോൾ പിന്നീട് , തടിപിടിക്കാനും ഉത്സവങ്ങൾക്കും മറ്റും കൊണ്ടുപോയി മുടക്കിയ പണം തിരിച്ചു പിടിക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ ആനകൾ ഉഗ്രപീഡനങ്ങളെ അനുഭവിക്കുന്നതിന്റെയും ഒക്കെ വിവരണങ്ങളാണ്.
എന്നാൽ യാഥാർഥ്യം ഈ രണ്ടു ഭാഷ്യങ്ങൾക്കും ഇടയിൽ എവിടെയോ ആണ് നിലകൊള്ളുന്നത്. കാട്ടിൽ ആന പരമസ്വതന്ത്രനാണ്. ആരും അതിനെ ചങ്ങലക്കിടുന്നില്ല. തോട്ടിക്ക് മർമ്മത്തിനിട്ടു പിടിക്കുന്നില്ല, കുത്തുന്നില്ല. ചൂരലുകൊണ്ടടിച്ച് പഴുപ്പിക്കുന്നില്ല. ശരിതന്നെ. പക്ഷേ, കയ്യേറ്റം കൂടിക്കൂടി കാടും നാടും തമ്മിലുള്ള വേർതിരിവ് കുറഞ്ഞുവരുന്നു ഇപ്പോൾ. ആനത്താരകൾക്ക് നടുവിലൂടെ ഹൈവേകളും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങളിലെ വൈദ്യുത വേലികളും മറ്റും കടന്നുവരുന്നു. കാട്ടിൽ പണ്ടേപ്പോലെ ഭക്ഷണമില്ല, വെള്ളമില്ല ഇന്ന്. അസുഖം വന്നാൽ ചികിത്സ കിട്ടില്ല ആനയ്ക്ക് കാട്ടിൽ. മൂന്നാം തവണയും അണപ്പല്ല് കൊഴിഞ്ഞാൽ പിന്നെ ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവാതെ, ഭക്ഷണമേ കഴിക്കാനാവാതെ പട്ടിണി കിടന്നുവേണം കാട്ടാനയ്ക്ക് ചാവാൻ. നാട്ടിൽ മേല്പറഞ്ഞ വിഷയങ്ങളിലൊക്കെ ചില്ലറ ആശ്വാസമുണ്ട്. സമയാസമയത്ത് ആവശ്യമുള്ള ഭക്ഷണം, വർഷാവർഷം മുടങ്ങാതെ ചെയ്യുന്ന ചികിത്സകൾ, പല്ലു കൊഴിഞ്ഞാലും ലഭ്യമാവുന്ന ചവച്ചരക്കേണ്ടാത്ത ആഹാരം. തടിപിടുത്തത്തിലൂടെ കിട്ടുന്ന വ്യായാമം എന്നിവയൊക്കെ ആനയ്ക്ക് ഗുണമാവുന്നു. എന്നാൽ ആനപ്പാപ്പാൻ ( mahout) എന്ന, നാട്ടാനയുടെ പരിചരണത്തിന് ഏറ്റവും ഫലപ്രദമായ റോളിൽ പ്രവർത്തിക്കേണ്ട ആൾ തന്നെ, പലപ്പോഴും, ആനയെപ്പറ്റി യാതൊരു പരിശീലനവും സിദ്ധിച്ചിട്ടിലാത്ത, ആ റോളിന്റെ വീരപരിവേഷം കൊണ്ടുമാത്രം ഇറങ്ങിപ്പുറപ്പെട്ട, വേണ്ടും വിധം അതിനെ പരിഗണിക്കാത്ത, ഉടമപോലും അറിയാതെ അതിനെ ദുരുപയോഗം ചെയ്യുന്ന, മദ്യത്തിനും മറ്റു ലഹരികൾക്കും അടിമയായി ആനയെ ഉപദ്രവിക്കുന്ന ഒരാളായി മാറുന്ന സാഹചര്യമുണ്ടാവുന്നുണ്ട് പലപ്പോഴും . അവരാണ്, ഇന്നത്തെ കാലത്ത് നാട്ടാനകളുടെ ശാപം.
ആനകളുടെ ചികിത്സയ്ക്കായി ഡോക്ടര്‍മാരെയും നിയോഗിക്കണം
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി കുറേക്കൂടെ വിശാലമായ സ്ഥലസൗകര്യങ്ങളുള്ള, കാട്ടിലെ ആവാസവ്യവസ്ഥകളോട് താദാത്മ്യം പ്രാപിക്കാനാവുന്ന ഭൂപ്രകൃതിയോടു കൂടിയ 'ആന സാങ്ച്വറി'കളാണ് നമുക്ക് വേണ്ടത്. അവിടെ ആനകളുടെ ശാരീരികാവശ്യങ്ങളെപ്പറ്റിയും മാനസികാവസ്ഥകളെപ്പറ്റിയും ഒക്കെ വിദഗ്ദ്ധമായ പരിശീലനം സിദ്ധിച്ച, അവയുടെ പരിചരണത്തിൽ മറ്റു സ്വകാര്യ പരിഗണനകളൊന്നും കൊണ്ടുവരാത്ത വിദഗ്ധരായ ആനക്കാരെ നിയമിക്കണം. ആനകളുടെ ചികിത്സയ്ക്കായി ഡോക്ടര്‍മാരെയും നിയോഗിക്കണം. ഉത്സവങ്ങളടക്കമുള്ള സാംസ്കാരികമായ അന്തരീക്ഷങ്ങളിൽ നിന്നും ആനകളെ ഒറ്റയടിക്ക് വേർപ്പെടുത്തുന്നതിൽ ചിലപ്പോൾ പ്രായോഗികമായ പ്രശ്നങ്ങൾ കണ്ടേക്കാം. അതിലെ സാധ്യതകളെപ്പറ്റിയും പഠനങ്ങൾ നടത്തേണ്ടതാണ്. ഏതിനും, ആനയുടെ ആരോഗ്യത്തിനും സ്വൈര ജീവിതത്തിനുമായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടുന്നത്.