പാല നല്‍കുന്ന സൂചനയെന്ത്? ഈ ഉപതെരഞ്ഞെടുപ്പ് ഒരു മിനി പൊതുതെരഞ്ഞെടുപ്പാകുമോ?

By Nizam Syed  |  First Published Oct 1, 2019, 5:22 PM IST

കേരളത്തില്‍ മുന്നണിരാഷ്ട്രീയം സ്ഥിരത നേടിയതിനുശേഷം ഒരിക്കലുമുണ്ടാക്കാത്തവിധം പന്ത്രണ്ട് ശതമാനത്തിലധികം വോട്ടുവ്യത്യാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തമ്മിലുണ്ടായത്. 


അഞ്ചു നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ മത്സരചിത്രം വൃക്തമായിരിക്കുകയാണ്. മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു. വലിയ രാഷ്ട്രീയമാനമാണ് ഈ ഉപതെരഞ്ഞെടുപ്പിന് കൈവന്നിരിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിലെ പ്രതിനിധികളെ കണ്ടെത്തുന്നതിനപ്പുറത്ത് കേരളത്തിലെ പൊതുവായ ജനവികാരം തിരിച്ചറിയാനുള്ള അവസരമായി ഇത് മാറിയിരിക്കുന്നു. എല്ലാ മുന്നണികളെയും രാഷ്ട്രീയ നിരീക്ഷകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നീരീക്ഷണങ്ങളെയും പ്രവചനങ്ങളെയും സങ്കീര്‍ണ്ണമാക്കുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന മണ്ഡലങ്ങള്‍ എന്ന നിലക്ക് പ്രാദേശിക വികാരങ്ങള്‍ക്കപ്പുറത്ത് കേരളത്തിന്‍റെ പൊതുവായ രാഷ്ട്രീയചിത്രം തിരിച്ചറിയാന്‍ കഴിയുന്ന ഒരു മിനി പൊതുതെരഞ്ഞെടുപ്പിന്‍റെ തലങ്ങളിലേക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഉയര്‍ന്നിരിക്കുന്നു. ഫലത്തില്‍ ഇത് അഞ്ചുസീറ്റിന്‍റെ കളിയല്ല.

 

Latest Videos

undefined

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് അഞ്ചു നിയമസഭാ സീറ്റുകളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1979 -ല്‍ നാല് സീറ്റുകളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടന്നതാണ് ഇതിനുമുന്‍പുള്ള റിക്കാര്‍ഡ്. എ കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിഭാഗവും സിപിഐ -യും മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട ഭരണമുന്നണിയും സിപിഎമ്മും ജനതാ പാര്‍ട്ടിയും അഖിലേന്ത്യാ ലീഗും ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയും കരുണാകരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) ഒറ്റക്കും കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശ്ശാല എന്നീ സീറ്റുകളിലേക്ക് പരസ്‍പരം മത്സരിച്ചു. നാലുസീറ്റിലും സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം വിജയിച്ചു. പാറശ്ശാലയില്‍ കോണ്‍ഗ്രസ് (ഐ) ഒറ്റക്ക് രണ്ടാം സ്ഥാനത്തെത്തി. അന്നത്തെ ഭരണമുന്നണിയുടെ ശൈഥില്യത്തിലേക്കും പികെ വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ രാജിയിലേക്കും ഇന്ന് നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിലേക്കുമാണ് ആ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നയിച്ചത്. 1962 -ലും 83 -ലും, 85 -ലും, 98 -ലും, 2009 -ലും  മൂന്നു സീറ്റുകളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 

കേരളത്തില്‍ മുന്നണിരാഷ്ട്രീയം സ്ഥിരത നേടിയതിനുശേഷം ഒരിക്കലുമുണ്ടാക്കാത്തവിധം പന്ത്രണ്ട് ശതമാനത്തിലധികം വോട്ടുവ്യത്യാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തമ്മിലുണ്ടായത്. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വന്‍ചോര്‍ച്ചയുണ്ടായി. തിരിച്ചുവരവിന്‍റെ പ്രതീക്ഷകളാണ് പാലാ ഫലം ഇടതുമുന്നണിക്ക് നല്‍കിയത്. കേരളാ കോണ്‍ഗ്രസിലെ തമ്മിലടി സൃഷ്ടിച്ച ജോസ് കെ മാണി വിരുദ്ധ വികാരമാണ് പാലായില്‍ പ്രധാനമായും പ്രവര്‍ത്തിച്ചതെങ്കിലും ആ വിജയം ഇടതുപക്ഷമുന്നണിക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം വലുതാണ്. ഒരു തിരിച്ചുവരവ് സാധ്യമാണെന്ന വിശ്വാസം അണികളില്‍ സൃഷ്ടിക്കാന്‍ തന്മൂലം സാധ്യമായിരിക്കുന്നു. ആ വിശ്വാസം അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണീ റൗണ്ട്. പക്ഷേ, ഇടതുപക്ഷ മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി ഇതില്‍ രണ്ടു മണ്ഡലങ്ങളിലും അവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്ന വസ്‍തുതയാണ്. മറ്റൊരു മണ്ഡലത്തിലാവട്ടെ അവര്‍ നേടിയ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള വ്യത്യാസം കേവലം നാന്നൂറിലധികം വോട്ടുകളുടെ മാത്രമായിരുന്നു. ഈ തിരിച്ചടികളെ അതിജീവിച്ച് വിജയിക്കാന്‍ ഏറെദൂരം യാത്ര ചെയ്യേണ്ടതുണ്ടെന്ന് എല്‍ഡിഎഫ് തിരിച്ചറിയുന്നു. 

ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നിന്നും ഒരുദിവസം കൊണ്ട് നിരാശയുടെ പടുകുഴിയിലേക്ക് വീണ അനുഭവമാണ് യുഡിഎഫിന്  പാലാ പകര്‍ന്നു നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന്‍റെ തിളക്കമെല്ലാം ഒരുദിവസം കൊണ്ട് ഇല്ലാതായി. അതുകൊണ്ടുതന്നെ ഈ അഞ്ചു സീറ്റുകളില്‍ സ്വന്തമായുണ്ടായിരുന്ന നാല് സീറ്റെങ്കിലും നിലനിര്‍ത്തേണ്ടത് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് അനിവാര്യമാണ്. അല്ലാത്തപക്ഷം മുന്നണിയുടെ നിലനില്‍പ്പിനുതന്നെ അത് ഭീഷണിയായി മാറും. ഇന്ത്യയില്‍ കോണ്‍ഗ്രസിന്‍റെ അപൂര്‍വം പച്ചത്തുരുത്തുകളിലൊന്നായ കേരളം ഒരിക്കല്‍ കൂടി കൈവിട്ടുപോവുന്നത് അവര്‍ക്ക് താങ്ങാനാവില്ല. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി -ക്ക് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും അത് അവര്‍ പ്രതീക്ഷിച്ച 'സുവര്‍ണാവസര'ത്തിനടുത്തെങ്ങും എത്തിയില്ല. രണ്ടു മണ്ഡലത്തില്‍ അവര്‍ക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്നു. തിരുവനന്തപുരത്ത് കുമ്മനം വിജയിക്കുമെന്ന് എല്ലാ സര്‍വ്വേകളും എക്സിറ്റ്പോളുകളും പ്രവചിച്ചിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഒരുലക്ഷത്തോളം വോട്ടിന് തോറ്റു. വിജയപ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലമായ പത്തനംതിട്ടയില്‍ മൂന്നാംസ്ഥാനത്തായിപ്പോവുകയും ചെയ്തു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രവര്‍ത്തിച്ചെങ്കിലും അതിന്‍റെ പ്രയോജനം ലഭിച്ചത് ആ വിഷയം ആളിക്കത്തിച്ച ബിജെപി -യേക്കാള്‍ കാഴ്‍ച്ചക്കാരായി നിന്ന യുഡിഎഫിനായിരുന്നു. ആ ക്ഷീണം മാറ്റാനുള്ള മികച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പുകള്‍.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവയില്‍ രണ്ടു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നുവെന്നത് ബിജെപിയുടെ പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. 

2016 -ല്‍ മുസ്ലീം ലീഗിലെ പി ബി അബ്‍ദുള്‍ റസാഖ് 89 വോട്ടുകള്‍ക്ക് ബിജെപി -യിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയ മണ്ഡലമാണ് മഞ്ചേശ്വരം. 1987 മുതല്‍ ഒരുവട്ടമൊഴികെ എല്ലാ തവണയും യുഡിഎഫ് വിജയിക്കുകയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 2006 -ല്‍ സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു ജയിച്ചതുമാത്രമാണ് ഒരപവാദം. ബിജെപി പലവട്ടം വിജയപ്രതീക്ഷയോടെ മത്സരിച്ചു. 2001 -ല്‍ സി കെ പത്മനാഭനും 2016 -ല്‍ കെ. സുരേന്ദ്രനും വിജയത്തോട് വളരെ അടുത്തെത്തിയിരുന്നു. പക്ഷേ, എപ്പോഴും വിജയിക്കാനുള്ള വഴികള്‍ മുസ്ലീം ലീഗ് കണ്ടെത്തിയിരുന്നു. ഇത്തവണ സുരേന്ദ്രന്‍ വരുമെന്നും മത്സരം കടുക്കുമെന്നും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റില്‍ മത്സരിച്ച രവീശതന്ത്രിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ പതിനോരായിരം വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ ലീഡ് നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയേക്കാള്‍ മഞ്ചേശ്വരം സീറ്റില്‍ അധികമായി നേടിയ മുപ്പത്തിമൂവായിരം വോട്ടാണ് ഉണ്ണിത്താന്‍റെ വിജയം സാധ്യമാക്കിയത്. സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് കന്നട വംശജനായ ശങ്കര്‍ റൈയെയാണ്. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കായ കന്നട വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായാല്‍, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ കമറുദ്ദീന് അത് സഹായകമാകും. 

കോണ്‍ഗ്രസിന്‍റെ ഏറ്റവും ഉറച്ച കോട്ടയാണ് എറണാകുളം. പക്ഷേ, ഇതിനുമുമ്പ് 98 -ല്‍ അസംബ്ലിയിലേക്കും 2003 -ല്‍ പാര്‍ലിമെന്‍റിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്. ആ ചരിത്രമാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതും. കൊച്ചി ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡണ്ടുമായ ടി ജെ വിനോദിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 2003 -ല്‍ പാര്‍ലിമെന്‍റ് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയായി കരുണാകരന്‍ നിര്‍ദ്ദേശിച്ചത് വിനോദിന്‍റെ പേരായിരുന്നു. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തോല്‍പ്പിച്ചിട്ട്  ആന്‍റണിയുടെ മേല്‍ പഴിചാരാനുള്ള കരുണാകരന്‍റെ തന്ത്രമാണെന്ന് ആക്ഷേപിച്ചാണ് അന്ന് ആന്‍റണിപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. പതിനഞ്ചുവര്‍ഷത്തിനു ശേഷം വിനോദിന് അവസരം ലഭിച്ചിരിക്കുകയാണ്. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട സ്വതന്ത്രന്‍ എന്ന പഴയ തന്ത്രത്തിലേക്ക് സിപിഎമ്മും മടങ്ങിയിരിക്കുകയാണ്. പ്രശസ്‍ത പത്രപ്രവര്‍ത്തകനായിരുന്ന കെ എം റോയിയുടെ പുത്രന്‍ അഭിഭാഷകനായ മനു റോയിയെയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയിരിക്കുന്നത്. 

ഇരുമുന്നണികളിലുമായി കെ ആര്‍ ഗൗരിയമ്മ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് അരൂര്‍. 1977 -ലാണ് ആദ്യമായി ഗൗരിയമ്മ അരൂരില്‍ പരാജയപ്പെടുന്നത്. അന്ന്, സിപിഐ -യിലെ പി എസ് ശ്രീനിവാസന്‍, ഗൗരിയമ്മയെ തോല്‍പ്പിച്ചു. പിന്നീട്, 2006 -ല്‍ എ എം ആരിഫ്, ഗൗരിയമ്മയെ തോല്‍പ്പിച്ച് സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തു.  തുടര്‍ച്ചയായി മൂന്നുവട്ടം ആരിഫ് വിജയിച്ചു. മൂന്നാം പ്രാവശ്യമായപ്പോഴേക്കും ഭൂരിപക്ഷം മുപ്പത്തേഴായിരം കവിഞ്ഞു. പക്ഷേ, ആലപ്പുഴ ലോക്സഭാ സീറ്റില്‍ വിജയിച്ചപ്പോഴും ആരിഫ് അരൂരില്‍ പിന്നിലായി. അരൂരില്‍ ലീഡ് ചെയ്‍തിട്ടും ആലപ്പുഴ സീറ്റില്‍ തോറ്റ ഷാനിമോള്‍ ഉസ്‍മാന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഉദ്ദിഷ്‍ട കാര്യത്തിന് ഉപകാര സ്‍മരണ നടത്തുന്ന വെള്ളാപ്പള്ളിയുടേയും മകന്‍റേയും നിലപാടുകള്‍ ഇവിടെ ഇടതുമുന്നണിയെ സഹായിക്കും. പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ഉറച്ച പിന്തുണ നല്‍കിയിട്ടും എല്‍ഡിഎഫ് അരൂരില്‍ പിന്നിലായിരുന്നുവെന്നത് മത്സരം പ്രവചനാതീതമാക്കുന്നു. പതിവു സാമുദായിക സമവാക്യങ്ങള്‍ വിട്ട് മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇരുമുന്നണികളിലുമുണ്ടായ ആശയക്കുഴപ്പവും കെ. സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വവുമാണ് കോന്നിയെ ശ്രദ്ധേയമാക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷ മുന്നണിക്ക് മുന്‍തൂക്കമുള്ള മണ്ഡലമായിരുന്നു കോന്നി. പക്ഷേ, 1996 മുതല്‍ തുടര്‍ച്ചയായി അഞ്ചുപ്രാവശ്യം അടൂര്‍ പ്രകാശ് വിജയിച്ചു. ആദ്യതവണ അന്നത്തെ സിറ്റിംഗ് എംഎല്‍എ -യും ഇന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ എ പദ്മകുമാറിനെ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് കഷ്‍ടിച്ചു പരാജയപ്പെടുത്തി കടന്നുകൂടിയ അടൂര്‍ പ്രകാശ് കഴിഞ്ഞ തവണ 20748 വോട്ടുകളുടെ വമ്പിച്ച വിജയമാണ് നേടിയത്. മണ്ഡല പരിചരണവും ഇലക്ഷന്‍ മാനേജ്മെന്‍റിലെ മികവുമാണ് പ്രകാശിന് തുടര്‍ച്ചയായി വിജയം നല്‍കിയത്. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും എംപി ആയപ്പോള്‍ സ്വാഭാവികമായും അദ്ദേഹം നിര്‍ദ്ദേശിക്കുന്നയാള്‍ കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിവുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റുകൂടിയായ റോബിന്‍ പീറ്ററിനെ ഒഴിവാക്കുന്നതിനുവേണ്ടി പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എല്ലാം ഒന്നിച്ചു. കോന്നിയിലെ അടൂര്‍ പ്രകാശിന്‍റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സാമുദായിക സന്തുലനം എന്ന വാദമുയര്‍ത്തി അവര്‍ ബാഹ്യസമ്മര്‍ദ്ദവും ഒരുക്കി. മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാനുമായ പി മോഹന്‍രാജിനെ സംസ്ഥാന നേതൃത്വമിടപെട്ട് സ്ഥാനാര്‍ത്ഥിയാക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തെങ്കിലും തന്‍റെ ആത്മാഭിമാനത്തിനേറ്റ ക്ഷതം മറന്ന് മോഹന്‍രാജിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറാവുമോ എന്ന് കാത്തിരുന്നു കാണണം. പ്രകാശിന്‍റെ ആത്മാര്‍ത്ഥമായ പരിശ്രമമില്ലാതെ കോന്നിയില്‍ ജയിക്കുന്നതിനെക്കുറിച്ച് മോഹന്‍രാജ് ആലോചിക്കുക പോലും വേണ്ട. 

ഇടതുപക്ഷമുന്നണിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയും അത്ര സുഖകരമായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു, മുമ്പ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എസ് രാജേന്ദ്രന്‍ എന്നിവരെ ഒഴിവാക്കിയാണ് ഡിവൈഎഫ്ഐ നേതാവായ കെ.യു ജനീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിന്‍റെ പ്രതിഫലനം ജില്ലാ കമ്മിറ്റിയിലും മണ്ഡലത്തിലെ പാര്‍ട്ടി സംവിധാനത്തിലും പ്രകടമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രകടനമാണ് കെ. സുരേന്ദ്രനെ കോന്നിയില്‍ മത്സരിക്കാനായി ബിജെപി നിയോഗിക്കാന്‍ പ്രേരകമായത്. കോന്നി അസംബ്ലി മണ്ഡലത്തില്‍ രണ്ടാംസ്ഥാനക്കാരിയായിരുന്ന വീണാ ജോര്‍ജ്ജുമായി 400 വോട്ടിന്‍റെ വ്യത്യാസം മാത്രമേ കെ സുരേന്ദ്രന് ഉണ്ടായിരുന്നുള്ളൂ. താമസിയാതെ ബിജെപി സംസ്ഥാന പ്രസിഡന്‍റാകുമെന്നു കരുതപ്പെടുന്ന സുരേന്ദ്രന് ഉപതെരഞ്ഞെടുപ്പിലെ പ്രകടനം തന്‍റെ സ്ഥാനലബ്ധിക്ക് തടസ്സമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടാണ് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടിയത്. പക്ഷേ, കോന്നിയില്‍ മത്സരിക്കാനുള്ള നിര്‍ദ്ദേശം അനുസരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. സുരേന്ദ്രന്‍റെ വരവോടെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കോന്നിയായി മാറിയേക്കും. 

ഈ റൗണ്ടിലെ ഗ്ലാമര്‍ മണ്ഡലം വട്ടിയൂര്‍ക്കാവ് തന്നെ. ബിജെപി സ്ഥാനാര്‍ത്ഥിയായി വരുന്ന കുമ്മനം രാജശേഖരനെ നേരിടാന്‍ ഇരുമുന്നണികളും ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം ആദ്യകരുക്കള്‍ നീക്കി. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ പ്രളയകാലത്തുതന്നെ സിപിഎം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസില്‍ പതിവുപോലെ തര്‍ക്കം, പ്രകടനം, ഒത്തുതീര്‍പ്പു ചര്‍ച്ച തുടങ്ങിയ സ്ഥിരം നാടകങ്ങള്‍ക്കുശേഷം, 2001 -ല്‍ അന്നത്തെ സ്പീക്കറായിരുന്ന എം വിജയകുമാറിനെ വട്ടിയൂര്‍ക്കാവിന്‍റെ പൂര്‍വ്വരൂപമായ തിരുവനന്തപുരം നോര്‍ത്തില്‍ പരാജയപ്പെടുത്തിയ ചരിത്രമുള്ള, കെ. മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. എന്‍. പീതാംബരക്കുറുപ്പിനു വേണ്ടി കെ മുരളീധരന്‍ ശക്തമായി വാദിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങി. ഏറ്റവും നാടകീയമായ നീക്കമുണ്ടായത് ബിജെപിയിലാണ്. ആദ്യത്തെ വൈമനസ്യത്തിനുശേഷം മത്സരിക്കാനുള്ള സന്നദ്ധത കുമ്മനം പരസ്യമായി അറിയിച്ചു. ഒ രാജഗോപാല്‍, കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്‍തു. പക്ഷേ, എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തിന്‍റെ പേര് വെട്ടി ജില്ലാ പ്രസിഡണ്ട് എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കുമ്മനത്തിന്‍റെ നിരാശ പ്രകടമായിരുന്നു. എന്തായാലും കുമ്മനം ഒഴിവായതോടെ ത്രികോണമത്സരത്തിന്‍റെ തീക്ഷ്ണത കുറഞ്ഞു. ബിജെപി -യുടെ വിജയസാധ്യതക്ക് മങ്ങലേറ്റിരിക്കുന്നു. ഇനിയറിയാനുള്ളത് വട്ടിയൂര്‍ക്കാവിലെ തനിക്കെതിരായ ജാതിസമവാക്യങ്ങള്‍ മറികടക്കാന്‍ പ്രശാന്തിന് കഴിയുമോ എന്നുള്ളതാണ്. 

എല്‍ഡിഎഫിന്‍റെ ഏറ്റവും വലിയ ശക്തി ചെങ്ങന്നൂരിലും പാലായിലും അത്യന്തം വിജയകരമായിരുന്ന അവരുടെ തെരഞ്ഞെടുപ്പ് മെഷീനറിയുടെ പ്രവര്‍ത്തനമാവും. മന്ത്രിമാര്‍ മണ്ഡലത്തില്‍ തമ്പടിച്ച് പഞ്ചായത്തുതോറും വ്യക്തികളുടേയും ഗ്രൂപ്പുകളുടെയും ആവലാതികള്‍ക്ക് പരിഹാരം ഉറപ്പുവരുത്തുന്നതായിരുന്നു ഇരുസ്ഥലത്തും പരീക്ഷിച്ച മോഡല്‍. അതിനെ മറികടക്കണമെങ്കില്‍ യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പിലെ അധ്വാനം മതിയാവില്ല. ശബരിമല ഇംപാക്ട് സംഘടനാ ദൗര്‍ബല്യത്തെ അതിജീവിക്കത്തക്കവണ്ണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷയാണ് യുഡിഎഫിന്.

അഞ്ചു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഡ്രസ് റിഹേഴ്‍സലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങനെ ചിന്തിക്കും എന്നതിന്‍റെ സൂചനയാകും ഈ ഫലങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അഞ്ചു ഉപതെരഞ്ഞെടുപ്പുകള്‍ വെറും അഞ്ചു സീറ്റല്ല. 

click me!