ഇലക്ട്രോണിക് വാഹനങ്ങളെ കുറിച്ച് മലയാളി ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും സുഹത്തുക്കളുമായ ചിലര്‍ ചാർജിംഗ് സ്റ്റേഷനുകളെ കുറിച്ച് ചിന്തിച്ചു. ഇന്ന് രാജ്യത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് ചാർജ്ജിംഗ് സ്റ്റേഷനുകളുള്ള സംരംഭമായി അത് വളര്‍ന്നു കഴിഞ്ഞു. വായിക്കാം, രാമനുണ്ണിയുടെയും സുഹൃത്തുക്കളുടെയും വിജയഗാഥ.
പ്ലസ് ടു കഴിഞ്ഞ് നേരെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ എയർ ഫോഴ്സ് കേഡറ്റായി ജോലി നേടി രാമനുണ്ണി. എന്നാൽ ജോലിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനത്തിനിടെ സംഭവിച്ച അപകടം വില്ലനായി . ആ അപകടത്തിന് ശേഷം വ്യോമസേനയിൽ തുടരാനുള്ള ശാരീരികക്ഷമതയില്ലെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. അങ്ങനെ വെറും പതിനെട്ടാമത്തെ വയസിൽ രാമനുണ്ണി സർവ്വീസില്‍ നിന്നും റിട്ടയർ ആയി. പെൻഷൻ വാങ്ങിത്തുടങ്ങി.
പക്ഷേ, സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവിടം കൊണ്ട് അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറല്ലായിരുന്നു. പകരം സ്വപ്നങ്ങൾക്കായി പോരാടാൻ തീരുമാനിച്ചു. ആ പോരാട്ടം അയാളെ കൊണ്ട് ചെന്ന് എത്തിച്ചത് ഒരു സംരംഭകന്റെ വേഷത്തിലേക്കാണ് . പത്തൊമ്പതാം വയസിൽ രാമനുണ്ണിയുടെ മനസ്സിലുദിച്ച ഒരാശയം ഇന്ന് കേരളം അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു ബിസിനസ് മോഡലാണ്. ഇന്ത്യയിൽ മുൻനിര ഇ വി ചാർജിങ് സ്റ്റേഷൻ ശൃംഖലയായ ചാർജ്മോഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൾഫിലേക്കും യൂറോപ്പിലേക്കും തങ്ങളുടെ ബിസിനസ് വളർത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള ചാർജ്മോഡ് ടീം അംഗങ്ങൾ.
ഇഷ്ടങ്ങൾക്ക് പിന്നാലെയുള്ള തുടക്കം
കരുനാഗപള്ളി സ്വദേശിയാണ് എം. രാമനുണ്ണി. എയർ ഫോഴ്സ് കേഡറ്റാകാനുള്ള സ്വപ്നം ചിറകുംമുളകും മുൻപേ അവസാനിച്ചുവെങ്കിലും തനിക്ക് മുൻപിൽ സാധ്യതകളുടെ ഒരു വലിയ ലോകമുണ്ടെന്ന് ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞിരുന്നു. ഇഷ്ടവിഷയമായ എഞ്ചിനീയറിംഗ് പഠനം തുടരാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ തന്റെ ജീവിതത്തിൻറെ രണ്ടാം അധ്യായം അദ്ദേഹം തുറന്നു. ആ കാലത്ത് അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു കൂട്ടുകാരായിരുന്നു വി. അനൂപ്, സി. അദ്വൈത് എന്നിവർ. പിന്നീട് ആ മൂവർ സംഘത്തിന് ഒരേയൊരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തമായി ഒരു ബിസിനസ് സംരംഭം നടപ്പിലാക്കണം.
(രാമനുണ്ണി)
ഒരു ഇലക്ട്രിക്ക് ബൈക്ക് നിർമിക്കുക എന്ന ആശയത്തിലേക്ക് ഈ മൂവർ സംഘം എത്തി. ഇതിനിടെ, എംടെക് പൂർത്തിയാക്കി ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മറ്റൊരു സുഹൃത്ത് മിഥുനും ഈ മൂന്ന് പേർക്കൊപ്പം ചേർന്നു. ആ ബൈക്കിന്റെ രൂപകൽപന വരെയുള്ള ഘട്ടങ്ങൾ ഏറെക്കുറെ പൂർത്തിയായിരുന്നു. അപ്പോഴാണ് വലിയൊരു ചോദ്യചിഹ്നം ഉയർന്നത്. ഈ വണ്ടി നിർമിച്ച് പുറത്തിറക്കിയാലും ദീർഘദൂര യാത്രകളിൽ ചാർജ് തീരുമ്പോൾ എന്ത് ചെയ്യും? അങ്ങനെ ആവശ്യത്തിന് ചാർജിങ് സംവിധാനങ്ങൾ ഇല്ലെങ്കിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കാര്യമായ പ്രസക്തിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിൽ അതൊരു വലിയ പോരായ്മയാണെന്നും അതിൽ നിരവധി അവസരങ്ങളുണ്ടെന്നും അവർ മനസ്സിലാക്കി. അങ്ങനെയാണ് ഇലക്ട്രിക്ക് ബൈക്ക് എന്ന പദ്ധതി ഉപേക്ഷിച്ച് ചാർജ്മോഡ് എന്ന സംരംഭം തുടങ്ങുന്നത്.
ചാർജ് ആയി ചാർജ് മോഡ്
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ അവർ തങ്ങളുടെ സംരംഭത്തിന് തുടക്കം കുറിച്ചു. കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സാധാരണ വാഹനങ്ങളെപ്പോലെ സുഗമമായി യാത്ര ചെയ്യാനാകണം. അതിനാവശ്യമായ ഒരു ചാർജിങ് ശൃംഖല നിർമിക്കണം. ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർക്ക് പേടികൂടാതെ എത്രദൂരെയും പോകാൻ കഴിയണം. തൊട്ടടുത്തുള്ള ചാർജിങ് സ്റ്റേഷനുകൾ എവിടെയുണ്ടെന്ന് അപ്പപ്പോൾ അറിയുന്ന ഒരു മൊബൈൽ ആപ്പ് വേണം. ഇങ്ങനെ ചാർജിങ്ങുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു സംവിധാനമാണ് ചാർജ്മോഡ് എന്ന സ്റ്റാർട്ടപ്പ് വിഭാവനം ചെയ്തത്.
2019ൽ കോഴിക്കോട് ജില്ലയിൽ കേരളത്തിൽ ആദ്യമായി ഒരു ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത് ചാർജ്മോഡ് ആണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യത്ത ഓർഡർ നൽകിയത് കോഴിക്കോട് സൈബർ പാർക്കാണ്. പക്ഷേ, കോവിഡ് കാരണം പദ്ധതി നടപ്പിലായില്ല. അങ്ങനെ ആദ്യത്തെ ഓർഡർ തന്നെ പരാജയപ്പെട്ടു.
അക്കാലത്ത് ചാർജ്മോഡിന് മുന്നിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. രാമനുണ്ണിക്ക് പെൻഷൻ കിട്ടുന്ന കാശുകൊണ്ടാണ് എഞ്ചിനീയറിംഗ് പഠനകാലത്തെ ചെലവുകൾ നടന്നിരുന്നത്. ആദ്യഘട്ടത്തിൽ അഞ്ചരലക്ഷം രൂപ ലോണെടുത്താണ് ബിസിനസ് തുടങ്ങിയത്. ഓരോ പ്രദേശത്തും ചാർജറുകൾ സ്ഥാപിക്കുന്നതിന് ചെലവ് വളരെ കൂടുതലാണ്. സ്വന്തമായി ഭൂമി വാങ്ങി ചാർജറുകൾ സ്ഥാപിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. മറ്റൊരാളുടെ സ്ഥലത്ത് (ഓഫിസുകൾ, മാളുകൾ, സ്ഥാപനങ്ങൾ, വീടുകൾ, തുടങ്ങിയവ) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച്, വികസിപ്പിച്ച്, അതിന്റെ നടത്തിപ്പും ഏറ്റെടുത്തുകൊണ്ടുള്ള ബിസിനസ് മോഡലാണ് ചാർജ്മോഡ് പരീക്ഷിച്ചത്.
(ചാർജ് മോഡ് ടീം)
എല്ലാ ഇലക്ട്രിക്ക് വാഹനങ്ങൾക്കും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ചാർജർ ഇല്ലായിരുന്നു എന്നതായിരുന്നു അന്ന് അവർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെയൊരു സാഹചര്യത്തിൽ പൊതുവായ ഒരു ചാർജിങ് ശൃംഖലയെന്ന ആശയത്തിനുപോലും പ്രസക്തിയുണ്ടായിരുന്നില്ല. കോവിഡിനെ മറികടന്ന് വിപണി സജീവമായിത്തുടങ്ങിയപ്പോഴാണ് കേന്ദ്രഗവണ്മെന്റ് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജറുകൾക്ക് പൊതുവായ ഒരു പ്രോട്ടോകോൾ പുറത്തിറക്കിയത്. അങ്ങനെ ചാർജ് മോഡ് വീണ്ടും ചാർജായി.
അന്ന് കേരളത്തിലെ വിപണിയിൽ ഒരൊറ്റ കമ്പനിയുടെ ഒരേയൊരു ഇലക്ട്രിക്ക് കാർ മോഡലാണ് ഉണ്ടായിരുന്നത്. അതും മൂന്ന് യൂണിറ്റുകൾ മാത്രം. അതിൽ ഒരു വണ്ടി കോഴിക്കോട് എത്തിച്ചാണ് ആദ്യ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ചാർജ്മോഡ് നിർമിച്ച ചാർജറുകൾ പരീക്ഷിച്ചുനോക്കാൻ കേരളത്തിൽ വേറെ ഇലക്ട്രിക്ക് കാറുകൾ പോലും ഉണ്ടായിരുന്നില്ല.
സംരംഭം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ കേരളത്തെ ഇലക്ട്രിക് ചാർജറുകളുടെ സാന്ദ്രതയുടെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തിനരികിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. കേരളത്തിൽ നിലവിൽ ഇലക്ട്രിക്ക് ചാർജിങ് സംവിധാനങ്ങൾ നിർമിക്കുന്ന ഒരേയൊരു അംഗീകൃതസ്ഥാപനം ചാർജ്മോഡ് ആണ്. 5 ലക്ഷം രൂപ കടത്തിൽ തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് 150 കോടിയുടെ മൂല്യമുണ്ട്.
ചാർജ്മോഡിന്‍റെ പ്രത്യേകതകൾ
വീടുകളിലായാലും സ്ഥാപനങ്ങളിലായാലും ചാർജ്മോഡിന്റെ ചാർജർ സ്ഥാപിക്കാൻ ചെലവ് വളരെ കുറവാണ്. ഉദാഹരണത്തിന്, ടാറ്റ പുറത്തിറക്കുന്ന ഒരു ജനപ്രിയ ഇലക്ട്രിക് കാറിനൊപ്പം കിട്ടുന്ന സാധാരണ ചാർജർ ഉപയോഗിച്ച് വീടുകളിൽ തന്നെ ആ വാഹനം ചാർജ് ചെയ്യാൻ 12 മുതൽ 16 മണിക്കൂർ വരെ വേണ്ടി വരും. 6-8 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജാവുന്ന ടാറ്റയുടെ തന്നെ സ്പീഡ് കൂടിയ ചാർജർ വാങ്ങുന്നതിന് ഏകദേശം 60,000 രൂപ അധികം ചെലവാക്കണം. എന്നാൽ അതേ വേഗതയുള്ള ചാർജ്മോഡിന്റെ ചാർജർ വീട്ടിൽ സ്ഥാപിക്കുന്നതിന് 26,000 മുതൽ 28,000 രൂപ മാത്രമേ ചെലവ് വരുന്നുള്ളു. 6 മണിക്കൂറിൽ ബാറ്ററി ഫുള്ളാവുകയും ചെയ്യും.
ഇലക്ട്രിക്ക് കാർ ഓടിക്കുന്നയാൾക്കും ചാർജിങ് നെറ്റ്വർക്കിനുമിടയിൽ മറ്റൊരാളുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു ശൃംഖലയാണ് ചാർജ്മോഡ്. അതായത്, വാഹനം ഓടിക്കുന്നയാൾക്ക് സ്വയം പണമടച്ച് വണ്ടി ചാർജ് ചെയ്യാൻ കഴിയണം. എടിഎം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പോലെ ലളിതം.
ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർ നേരിടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം, ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷൻ എവിടെയാണെന്ന് കണ്ടെത്തുന്നതാണ്. അതിനുള്ള പരിഹാരവും ചാർജ്മോഡ് ആവിഷ്കരിച്ചു. മൊബൈൽ ആപ്പ് വഴി കൃത്യമായി അടുത്തുള്ള ചാർജിങ് സ്റ്റേഷൻ കണ്ടെത്തുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചു. വളരെ ലളിതവും ആർക്കും ഉപയോഗിക്കാനാവുന്ന രീതിയിലുമാണ് ആപ്പ് നിർമിച്ചിട്ടുള്ളത്.
(ചാർജിംഗ് സ്റ്റേഷന്‍)
സാധാരണക്കാരന്‍റെ ചാർജിങ് സ്റ്റേഷൻ
ആദ്യകാലത്ത് ചാർജ്മോഡിന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് ഇലക്ട്രിക്ക് ഓട്ടോകൾ ഓടിച്ചിരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരിൽ നിന്നാണ്. ഇന്ത്യയിൽ ആദ്യമായി ഇ-ഓട്ടോറിക്ഷകൾക്ക് വേണ്ടി പബ്ലിക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത് ചാർജ്മോഡാണ്. 2019ൽ കോഴിക്കോട് ജില്ലയിലാണ് അതും നിലവിൽവന്നത്. വെറും നാല് ഇലക്ട്രിക്ക് ഓട്ടോകളാണ് അന്ന് ജില്ലയിൽ ഉണ്ടായിരുന്നത്. ഇന്ന്, മലബാർ മേഖലയിൽ മാത്രം ഏകദേശം 9,000ലധികം ഇ-ഓട്ടോകൾ ഓടുന്നുണ്ട്. താങ്ങാനാവുന്ന വിലയും ലളിതമായ ഉപയോഗരീതിയുമാണ് ചാർജ്മോഡിനെ ജനകീയമാക്കുന്നത്.
അഭിമാന നേട്ടത്തിലേക്ക് നേപ്പാൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു കേരളത്തിൽ നിന്നുള്ള ഈ സംരംഭം. കെ.എസ്.ഇ.ബിയുമായി സഹകരിച്ചുള്ള ചാർജ്മോഡിന്റെ പല പ്രവർത്തനങ്ങൾക്കും ദേശീയതലത്തിലുള്ള അംഗീകാരങ്ങളും ലഭിച്ചത് സംസ്ഥാനത്തിനൊട്ടാകെ അഭിമാനമായി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 3,000 -ലേറെ ചാർജിങ് സ്റ്റേഷനുകളാണ് ചാർജ്മോഡിനുള്ളത്. ഇന്ത്യയിലെ ആറ് ഭാഷകളിൽ ഉപഭോക്തൃസഹായം ലഭ്യമാക്കുന്നുമുണ്ട്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചാർജറുകൾ സ്ഥാപിക്കാനുള്ള നീക്കവും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു. അടുത്തഘട്ടത്തിൽ 120 മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒ സി പി ഐ റൂമിങ്ങും വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് ചാർജ്ജ് മോഡ് ഇപ്പോൾ.കൂടാതെ ഇന്ത്യയിലെ പ്രമുഖ ചാർജ് പോയിന്റ് ഓപ്പറേറ്റേഴ്സുമായി (സിപിഒ) സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഫലപ്രാപ്തിയിലെത്തിയാൽ മറ്റ് ചാർജിങ് ശൃംഖലകളിൽ റോമിങ് അടിസ്ഥാനത്തിൽ ചാർജ്മോഡ് ഉപഭോക്താക്കൾക്ക് അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. അടുത്ത അഞ്ച് വർഷം ഇന്ത്യയ്ക്ക് പുറത്തേക്ക് പരമാവധി വളർച്ച കൈവരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ സംരംഭകർ ഇപ്പോൾ.