മഹാരാഷ്ട്രയ്ക്കും കേരളത്തിനും പുതിയ ബന്ധം; കടുവാത്തുമ്പി കുടുംബത്തിലേക്ക് രണ്ട് പുതിയ അതിഥികൾ കൂടി

മഹാരാഷ്ട്രയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സഹ്യദ്രിയില്‍ നിന്നും മലയാളി ഗവേഷകർ കടുവാത്തുമ്പി കുടുംബത്തിലെ പുതിയ രണ്ടിനം തുമ്പികളെ കൂടി കണ്ടെത്തി. ഇരുളൻ ചോലക്കടുവയും ചെറു ചോലക്കടുവയും. 

Merogomphus flavoreductus and Merogomphus aryanadensis two new species in Odonate Studies from kerala and maharashta


തെക്കേ ഇന്ത്യയില്‍ നിന്നും മഹാരാഷ്ട്ര വരെ 1,600 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന സഹ്യപർവ്വതം നിശബ്ദമായ ചില ക്രയവിക്രയങ്ങൾക്ക് നിശബ്ദമായി കൂട്ടുനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ മനുഷ്യന്‍റെ കാഴ്ചയ്ക്ക് വെളിയിലുള്ള ആ കൈമാറ്റങ്ങൾ, ജീവന്‍റെ സ്പന്ദനങ്ങൾ അപൂര്‍വ്വമായി മാത്രമാണ് രേഖപ്പെടുത്തപ്പെടുന്നത്. അത്തരമൊരു അന്വേഷണത്തില്‍ കേരളത്തിലെ ഗവേഷകര്‍ രണ്ട് പുതിയ ഇനം തുമ്പികളെ കണ്ടെത്തിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ഹാദ്പിട് ഗ്രാമത്തിനും കേരളത്തിലെ ആര്യനാട് ഗ്രാമത്തിനും മാത്രമുള്ള ആ ആത്മബന്ധത്തെയും പുതിയ രണ്ട് തുമ്പിയിനങ്ങളെയും കുറിച്ച്...

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻ തുമ്പികളായ കടുവാത്തുമ്പി കുടുംബത്തിലെ രണ്ട് പുതിയ ഇനങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്. പുതിയ തുമ്പികളുടെ ചെറുവാലുകൾ, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകൾ എന്നിവ മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമാണെന്നും ഗവേഷകർ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവെച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ തുടരുന്ന കടുവാത്തുമ്പികളുടെ നിശബ്ദമായ ജീവിതം. 

Latest Videos

(ഇരുളൻ ചോലക്കടുവ, ചിത്രം: റെജി ചന്ദ്രന്‍) 

Read More: ഇണ ചേർന്നാലും പിടിവിടില്ല; ഇണ ചേർന്നതിന് പിന്നാലെ മുട്ടകൾ നിക്ഷേപിക്കും; ഇത് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ !

ഇരുളൻ ചോലക്കടുവ (Merogomphus flavoreductus)

മഹാരാഷ്ട്രയിൽ സിന്ധുദുർഗ് ജില്ലയിലെ ഹാദ്പിട് എന്ന ഗ്രാമത്തിലെ ഒരു ചെറു അരുവിയോട് ചേർന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒരു സാമ്രാജ്യം ഒളിച്ചിരിപ്പുണ്ട്. അത് തുമ്പികളുടേതാണ്. ആ സാമ്രാജ്യത്തിലെ അധികാരി ഇരുളൻ ചോലക്കടുവയാണ് (Merogomphus flavoreductus). കടുവ എന്ന പേര് കേട്ട് പേടിക്കേണ്ട. ആളൊരു തുമ്പിയാണ്. ഏറ്റവും ഒടുവിലായി ഗവേഷകര്‍ കണ്ടെത്തിയ പുതിയ തുമ്പി ഇനം. ജനുസ്സിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തിൽ മഞ്ഞ പാടുകൾ കുറവാണ്. 

ഇരുളൻ ചോലക്കടുവ മലയാളിക്ക് വിദേശിയൊന്നുമല്ല. ഹാദ്പിട് ഗ്രാമത്തിലെ അരുവിക്ക് മുകളില്‍ ഏതാണ്ട് 200 മീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് നടക്കുന്ന ആണ്‍ ഇരുളൻ ചോലക്കടുവകളും താഴെ അരുവിയിലെ ചെറിയ തടയിണയില്‍ മുട്ടിയുരുമ്മിക്കളിക്കുന്ന പെണ്‍ ഇരുളൻ ചോലക്കടുവകളും ഇങ്ങ് കേരളം വരെ വേരുകളുള്ള ഒരു നിശബ്ദമായ വംശപാരമ്പര്യം തുടരുന്നു.  പ്രധാനമായും സഹ്യപര്‍വ്വതം വഴിയാണ് ഇവ കേരളത്തിലും തങ്ങളുടേതായ ഇടങ്ങൾ സ്ഥാപിച്ചത്. എന്നാല്‍, പശ്ചിമഘട്ടത്തിൽ തന്നെ കാണുന്ന മലബാർ പുള്ളിവാലൻ ചോലക്കടുവയുമായി (Merogomphus tamaracherriensis) ഏറെ സാമ്യമുള്ളതിനാലാണ് ഈ തുമ്പിയെ ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്ര മുതൽ കേരളത്തിന്‍റെ വടക്കൻ ജില്ലകൾ വരെ ഇവയെ കാണാൻ സാധ്യതയുണ്ടെന്നും ഗവേഷകർ അവകാശപ്പെട്ടു.

Read More: പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍

(ചെറു ചോലക്കടുവ, ചിത്രം: റെജി ചന്ദ്രന്‍)

ചെറു ചോലക്കടുവ (Merogomphus aryanadensis)

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവയെ കണ്ടെത്തിയത്. കാലവർഷം ശക്തമാകുമ്പോൾ മാത്രം കാണപ്പെടുന്ന ഈ ഇനം തുമ്പിയെ ആദ്യം കാണുന്നത് 2020 -ലാണ്. എന്നാൽ, ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് കൊണ്ട് തുടർപഠനങ്ങൾ വൈകുകയായിരുന്നു. തീരത്തെ ഓട തിങ്ങിവളരുന്ന നീർച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ആര്യനാടിന്‍റെ പേരാണ് തുമ്പിയുടെ ശാസ്ത്രനാമത്തിലും ചേർത്തിരിക്കുന്നത്. മഞ്ചാടിനിന്നവിളയില്‍ നിന്നും 2024 -ല്‍ അഗസ്ത്യമല മുളവാലന്‍ തുമ്പിയെ കണ്ടെത്തിയ ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിലും. 

മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രൻ, ബെംഗളൂരു നാഷണൽ സെന്‍റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ടെ, പൂനെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ പങ്കജ് കൊപാർഡേ എന്നിവരാണ് ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.

Read More: മഞ്ചാടിനിന്നവിള ഗ്രാമത്തിലെ അരുവികളില്‍ നിന്നും അപൂർവ്വ ഇനം തുമ്പിയെ കണ്ടെത്തി

vuukle one pixel image
click me!