പോർക്കളത്തിൽ കീഴടങ്ങുന്ന പോരാളികളുണ്ട്. ഒളിച്ചോടുന്നവരുണ്ട്, വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരിൽ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്..? എനിക്കറിഞ്ഞുകൂടാ..!
'ശേഷക്രിയ' എന്ന നോവലിലെ കേന്ദ്രകഥാപാത്രം 'കുഞ്ഞയ്യപ്പൻ' ആത്മാർത്ഥമായി പാർട്ടിയെ സ്നേഹിച്ചിരുന്ന ഒരു സാധാരണ പ്രവർത്തകനായിരുന്നു. കാലത്തിനൊത്ത് പാർട്ടി കോലം മാറിയപ്പോൾ അതിനൊപ്പിച്ചു മാറാൻ കുഞ്ഞയ്യപ്പനായില്ല. പ്രത്യയശാസ്ത്രങ്ങളിൽ നിന്നുള്ള പാർട്ടിയുടെ അപചയം അവന് താങ്ങാനാവുന്ന ഒന്നായിരുന്നില്ല. കേന്ദ്രകമ്മിറ്റിയ്ക്ക് ഒരു കത്തെഴുതിവെച്ച ശേഷം കുഞ്ഞയ്യപ്പൻ ആത്മഹത്യചെയ്യുന്നു. ആ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്, "ഒരു പാർട്ടിവിരുദ്ധനാവുക എന്നുവെച്ചാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു ഭ്രാന്തനാവുക എന്നാണർത്ഥം. എന്റെ പാർട്ടി ബ്രാഞ്ചിൽ ഞാനൊഴിച്ചുള്ളവരെല്ലാം പാർട്ടിയെ ഉദ്ധരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനാവട്ടെ ഇപ്പോഴും ഉറച്ചു നിൽക്കുന്നു..." ചുരുങ്ങിയ വാക്കുകളിൽ എം. സുകുമാരൻ എന്ന എഴുത്തുകാരന്റെ രാഷ്ട്രീയത്തെ വരച്ചുവെക്കാമെങ്കിൽ അത് 'ശേഷക്രിയ'യിലെ ഈ വരികളിലൂടെയാവും.
കണിശക്കാരനും ക്ഷിപ്രകോപിയുമായിരുന്ന ചിറ്റൂർ നാരായണ മന്നാഡിയാർക്ക്, ഭാര്യ മീനാക്ഷിയമ്മ വിവാഹം കഴിഞ്ഞ് നീണ്ട പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനുശേഷം, തന്റെ നാല്പത്തിനാലാം വയസ്സിൽ പ്രസവിച്ചു നൽകിയ സൽപ്പുത്രനായിരുന്നു സുകുമാരൻ. വൈകിവന്നവനായതുകൊണ്ടാവും, അമ്മ മകനെ തന്റെ കൺവെട്ടത്തു നിർത്തിത്തന്നെ വളർത്തി. പാലക്കാട്ടെ പ്രാഥമിക വിദ്യാഭ്യാസകാലത്ത് സുകുമാരൻ ക്ലാസിൽ മിടുക്കനെന്ന പേരൊന്നും കേൾപ്പിച്ചില്ലെങ്കിലും, ഭാഷയോട് പ്രേമമുള്ളവനായിത്തന്നെ വളർന്നു വന്നു. കുടുംബത്തിൽ അദ്ദേഹത്തിന്റെ പൂർവികരാരും തന്നെ എഴുത്തുകാരായിരുന്നില്ല. എങ്കിലും,1961 -ൽ പതിനെട്ടാമത്തെ വയസ്സിലാണ് എം സുകുമാരന്റെ ആദ്യ കഥയായ 'മഴത്തുള്ളികൾ' മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്നത്. പിന്നീട്, ആദ്യ നോവൽ അഴിമുഖം. അതൊക്കെയും അന്ന് നിലനിന്നിരുന്ന ജനപ്രിയ നോവൽ ശൈലിയുടെ അനുരണനങ്ങളായിരുന്നു.
undefined
1963 -ൽ തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലികിട്ടി സുകുമാരൻ അനന്തപുരിയിലെത്തുന്നതോടെയാണ് ചിറ്റൂരിലെ സ്വച്ഛന്ദമായ ആവാസവ്യവസ്ഥയിൽ നിന്നും സർക്കാരാഫീസിന്റെ കെട്ടുമാറാപ്പുകളിലേക്ക് അദ്ദേഹം പറിച്ചുനടപ്പെടുന്നത്. ആ പറിച്ചുനടലിലാണ് സുകുമാരൻ അതിജീവനത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതും അതിനായുള്ള സമരങ്ങളുടെ ഭാഗമാവുന്നതും. ഈ പോരാട്ടങ്ങൾ അവിടന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ ഉരുവപ്പെടുത്തുന്ന തീയുലയായി.. 1965 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ 'വഴിപാട് ' എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്നത്.
'മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, എം സുകുമാരന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ....(1965)'
സുകുമാരന്റെ എഴുത്ത് അതിന്റെ ഗ്രാമസൗഖ്യത്തിന്റെ കൊക്കൂൺ വെടിഞ്ഞ് വിശാലമായ നഗരാകാശത്തിലേക്ക് ചിറകുനീർത്തിപ്പറന്നു തുടങ്ങിയ ആ ഔദ്യോഗിക ജീവിതകാലത്ത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ആത്മസുഹൃത്തുമായിരുന്ന, എഴുത്തുകാരൻ പി. ഗോപകുമാർ, ഒന്നാമത്തെ ചരമവാർഷികദിനത്തിൽ സുകുമാരനെ ഇങ്ങനെ ഓർത്തെടുക്കുന്നു. "തിത്തുണ്ണി, വേപ്പിൻ പഴം തുടങ്ങിയ കാല്പനികസുന്ദരമായ കഥകൾ എഴുതിയിരുന്ന ഒരു പൂർവാശ്രമകാലം സുകുമാരനുണ്ടായിരുന്നു. 65 -ൽ അയാൾ ഏജീസ് ഓഫീസിനിൽ ജോലിചെയ്യാനെത്തുന്നതിനു മുമ്പുള്ള കാലം. പത്തുപതിനഞ്ചു വയസ്സുമുതൽ എഴുതാൻ തുടങ്ങിയിട്ടുണ്ട് സുകുമാരൻ. അന്നുമുതൽ, തന്റെ ഇരുപത്തിയെട്ടാമത്തെവയസ്സിൽ ഏജീസിൽ എത്തും വരെയുള്ള കാലഘട്ടമാണ് അയാളുടെ എഴുത്തിന്റെ ബാല്യം. ഇവിടെ വരുന്നതിനുമുമ്പ് കുറച്ചുകാലം പാലക്കാട്ടെ ഒരു തുണിമില്ലിൽ ഗുമസ്തനായിരുന്നു അയാൾ, പിന്നെ കുറച്ചുകാലം അധ്യാപകനും. ഇവിടെ വന്നിടയ്ക്കും ഭാഷയിൽ അതേ സൗമ്യശൈലി തന്നെ തുടർന്നു. അക്കാലത്താണ് അദ്ദേഹം കൗമുദി ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് 'പാറ' പോലുള്ള നോവൽ സ്വഭാവമുള്ള എഴുത്തുകൾ വന്നുതുടങ്ങുന്നതും അതൊക്കെ കൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്തുന്നതും. ആ എഴുത്തുകളിലൂടെയാണ് സുകുമാരന്റെ ഭാഷ പരിണാമപ്പെടുന്നത്. അതാണ് ഏജീസ് ഓഫീസിലെ അതിജീവനകാലം . അവിടെ ഒരേ വിപ്ലവചിന്തകളുള്ള ഒരു കൂട്ടം ആളുകൾ അക്കാലത്ത് കേരളത്തിന്റെ നാനാ ഭാഗത്തു നിന്നും വന്ന് ഒന്നിച്ചുകൂടിയിരുന്നു. ഉദ്യോഗസ്ഥരോടുള്ള ബ്യൂറോക്രസിയുടെ അടിമ-ഉടമ ശൈലിയിലെ പെരുമാറ്റം. അതിനോടുള്ള ഏറെ പ്രകടനാത്മകമായ പ്രതിഷേധം, അതാണ് അവിടെ നിന്നും ഒടുവിലെഴുതിയ 'ജനിതകം' വരെയുള്ള കഥകളുടെ 'നിലം തൊടാ മണ്ണ്'. അതാണ് അദ്ദേഹത്തിന്റെ കഥാശില്പങ്ങളുടെ ആധാരം. അക്കാലത്താണ് അദ്ദേഹത്തിന്റെ ചരിത്ര ഗാഥ, സംഘഗാനം, വിചാരണയ്ക്ക് മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളിൽ തുരുമ്പ്, അയൽരാജാവ്, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, കുറ്റപത്രത്തിന്റെ മറുകുറി എന്നിങ്ങനെ പോയി ശേഷക്രിയ വരെയുളള എഴുത്തുകൾ...."
ഏജീസ് ഓഫീസിൽ വരുന്നതിന് മുമ്പുള്ള കാലത്തെ തന്റെ രചനകളെ സുകുമാരൻ പിന്നീട് തിരസ്കരിച്ചിട്ടുണ്ട്. പിൽക്കാലത്തെ തന്റെ രാഷ്ട്രീയ ഭാവുകത്വ കാഴ്ചപ്പാടുകൾക്ക് നിരക്കാത്തവയായിരുന്നു എന്ന കാരണത്താൽ ഒരു വിധം ഭേദപ്പെട്ട രചനകൾ തന്നെയായിരുന്ന പാറ, അഴിമുഖം എന്നീ നോവലുകൾ പുനഃപ്രസിദ്ധീകരിക്കാൻ അദ്ദേഹം വിമുഖത കാണിച്ചു. തന്റെ നാട്ടുകാരനായ മനോജിനോട് 'സമാന്തര യാത്രകൾ' എന്ന പുസ്തകത്തിലെ ഒരു അഭിമുഖത്തിൽ സുകുമാരൻ തന്റെ എഴുത്തിനെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട്, "വായനാ പരിസരവും ജീവിത പരിസരവുമാണ്, എന്റെ സാഹിത്യസൃഷ്ടികളുടെ മാർഗദർശി. മറ്റുള്ളവരുടെ കൃതികൾ വായിക്കുന്നതിൽ അതൃപ്തിയാണ് ഒരെഴുത്തുകാരന്റെ രചനകൾക്കുള്ള പ്രേരണയാവുന്നത്. വായനയുടെ അതൃപ്തിയെ രചനകൾ കൊണ്ട് പൂർത്തീകരിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്. ചുരുക്കത്തിൽ പൂർവപ്രമേയങ്ങളുടെ തിരസ്കാരമാണ് ഞാൻ നടത്തിയത്. വിശപ്പിനേയും വിപ്ലവത്തെയും സാഹിത്യമാക്കാൻ എനിക്ക് കഴിഞ്ഞു. രാഷ്ട്രീയബോധത്തെ കലയാക്കാനുള്ള തീവ്ര ശ്രമമാണ് ഞാൻ നടത്തിയത്.. "
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പത്തെ വർഷം, അതായത് 1974 -ലാണ്, ഏകെജിയുടെ ഒക്കെ നേതൃത്വത്തിൽ നടന്ന റെയിൽ തൊഴിലാളി സമരത്തോട് ആശയപരമായി സമരസപ്പെട്ടുകൊണ്ട് ഏജീസ് ഓഫീസിലും സമരങ്ങൾ തുടങ്ങുന്നത്. ഏറെ പ്രക്ഷുബ്‌ധമായ ഒരു സമരമായിരുന്നു അത്. 'DIR' എന്ന കരിനിയമം ഏജീസ് ഓഫീസിലെ പി ടി തോമസ് അടക്കമുള്ളവർ നയിച്ചിരുന്ന യുവജനവിപ്ലവ പ്രസ്ഥാനത്തിനുമേൽ ചുമത്തപ്പെടുന്നതും, സംഗതി കേസായി മാറുന്നതും. അന്നത്തെ പ്രസിദ്ധനായ വക്കീലായിരുന്ന അഡ്വ. 'മാവോ' നാഗപ്പൻ നായരാണ് കേസ് വാദിക്കാൻ വേണ്ടി കോടതിസമക്ഷം ചെല്ലുന്നത്. അദ്ദേഹം ആദ്യമേ സമരക്കാരോട് ഒരു ജാമ്യമെടുത്തുകളഞ്ഞു.. "ഞാൻ എന്റെ വക്കീൽ ജീവിതത്തിൽ ഇതാദ്യമായിട്ടാണ് ഡിഫൻസ് ഓഫ് ഇന്ത്യാ റൂൾസ് (DIR) പ്രകാരം ഒരു കേസെടുക്കുന്നത്. നിങ്ങളുടെ ഭാഗ്യം പോലെ വിധിവരും. എന്തായാലും ഗോതമ്പുണ്ട തിന്നാൻ തയ്യാറെടുത്തുകൊള്ളൂ .." എന്ന് അദ്ദേഹം പറഞ്ഞു. ആ കേസുമായി ബന്ധപ്പെട്ടുകൊണ്ട് അവർ ഇരുപത്തിനാലു ദിവസം അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കർശന നടപടികൾ വേണമെങ്കിൽ സുകുമാരന് ഒഴിവാക്കാമായിരുന്നു. ഡിപ്പാർട്ടുമെന്റ് എൻക്വയറിയുമായി സഹകരിക്കാൻ സുകുമാരൻ തയ്യാറാവാഞ്ഞതിനാൽ അത് പിരിച്ചുവിടലിൽ കലാശിച്ചു. " പോർക്കളത്തിൽ കീഴടങ്ങുന്ന പോരാളികളുണ്ട്. ഒളിച്ചോടുന്നവരുണ്ട്, വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരിൽ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്..? എനിക്കറിഞ്ഞുകൂടാ..! " എന്ന് അദ്ദേഹം പിൽക്കാലത്ത് ഏജീസ് ഓഫീസ് സുവനീറിൽ എഴുതി.
തുടർന്ന്, മാർക്സിസ്റ്റ് പാർട്ടിയുടെ പോഷക ചിന്താ പദ്ധതി എന്നൊക്കെ പറയാവുന്ന 'ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസി'ൽ പാർട്ടി സുകുമാരനെ ഓഫീസ് സെക്രട്ടറിയുടെ റോളിൽ നിയമിക്കുന്നു. അക്കാലത്ത് അവിടെ ജീവനക്കാരിയായിരുന്ന മീനാക്ഷിയുടെ അദ്ദേഹം പ്രണയബദ്ധനാവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്. സുകുമാരന് മീനാക്ഷിയിൽ ജനിച്ച രജനിയെന്ന പെൺകുഞ്ഞ് പിൽക്കാലത്ത് വളർന്നുവലുതായി രജനി മന്നാഡിയാർ എന്നപേരിൽ മലയാളത്തിൽ ചെറുകഥകളെഴുതി. അക്കാലത്തു തന്നെയാണ് പ്രസ്തുത സ്ഥാപനത്തിലെ പാർട്ടിയുടെ ബുദ്ധിജീവികളും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതും ആ അസംതൃപ്തിയിൽ നിന്നും ഒരു പ്രതികരണമെന്നപോലെ പോലെ 'ശേഷക്രിയ' എന്ന നോവൽ എഴുതുന്നതും.1979 -ൽ എസ്. ജയചന്ദ്രൻ നായരുടെ കലാകൗമുദിയിൽ അത് ഖണ്ഡശ്ശ വന്നപ്പോൾ തന്നെ പാർട്ടി ആ നോവൽ പുസ്തകമാക്കരുത് എന്നു വിലക്കിയിരുന്നത്രെ. അദ്ദേഹം വഴങ്ങിയില്ല. സാഹിത്യപ്രവർത്തകസഹകരണസംഘം ശേഷക്രിയ പുസ്തകമാക്കി പ്രസിദ്ധപ്പെടുത്തി. അങ്ങനെ അദ്ദേഹം പാർട്ടിയിൽ നിന്നും പതുക്കെ അകലാൻ തുടങ്ങി.
ആ അസ്വാരസ്യങ്ങളെത്തുടർന്നുണ്ടായ വ്യഥകൾ തുടക്കത്തിൽ അദ്ദേഹത്തിന്റെ മനസ്സിനെയും, പിൽക്കാലത്ത് അലോപ്പേഷ്യ എന്ന മാറാവ്യാധിയുടെ രൂപത്തിൽ ശരീരത്തെ തന്നെയും വലച്ചു. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ "പാർട്ടി വിരുദ്ധ രോഗാണുക്കളുടെ സംഘടിതമായ ആക്രമണത്തിൽ, അദ്ദേഹം ഒരു രോഗിയായി മാറി" അദ്ദേഹത്തിന്റെ ദേഹത്തുനിന്നും മുടി അപ്പാടെ കൊഴിഞ്ഞുപോയി. പുരികത്തിലെ രോമങ്ങൾക്കു പോലും ആ കൊഴിഞ്ഞുപോക്കിൽ നിന്നും രക്ഷപ്പെടാനായില്ല. അങ്ങനെ ആകെ അവശമായ ഒരു കാലമാണ് ജീവിതസായാഹ്നത്തിൽ സുകുമാരന് പിന്നിടേണ്ടി വന്നത്.
എൺപതുകളിൽ തന്റെ എഴുത്തിലെ അജ്ഞാത വാസക്കാലത്ത് സുകുമാരൻ, ഭട്ടതിരിയുടെ നവചേതനാ പ്രസ്സിൽ പ്രൂഫ് റീഡറുടെ റോൾ ഏറ്റെടുത്തു.അങ്ങനെ യാതൊന്നും എഴുതാതെ കഴിഞ്ഞുകൂടിയ കാലത്തും അദ്ദേഹം ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെപ്പോലെ കേന്ദ്രകമ്മിറ്റിയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. പാർട്ടിയെ ദുഷിച്ച് അദ്ദേഹം ഒന്നും തന്നെ പറഞ്ഞുനടന്നില്ല. പാർട്ടിയിലെ താപ്പാനകളിൽ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങളെപ്പറ്റി തുറന്നെഴുത്ത് നടത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് കൈനിറയെ കാശുനൽകാൻ തയ്യാറുള്ള പ്രസാധകർ അന്നുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട്, കടുത്ത സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്നുപോയ കാലത്തും വിപണിയുടെ അത്തരം പ്രലോഭനങ്ങളിൽ അദ്ദേഹം വീണില്ല. കുഞ്ഞയ്യപ്പനെ ഉദ്ധരിച്ചുപറഞ്ഞാൽ "ഒരു മഹാരോഗിയായി, പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ മനഃപൂർവം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച്, വിധിവൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീർത്തനങ്ങൾ പാടി, പാർട്ടി പ്രവർത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യഭൂമിയിൽ അലഞ്ഞുതിരിഞ്ഞ് മറ്റാർക്കും അദ്ദേഹം തന്റെ രോഗം പരത്തിയില്ല."
'ശേഷക്രിയ'യിൽ കുഞ്ഞയ്യപ്പൻ പാർട്ടിക്കുവേണ്ടി വരിച്ചത് കുടിലിനു പിറകിലെ മാവിൽ ഊഞ്ഞാൽ കയറിൽ കുരുക്കിട്ടുകൊണ്ടുള്ള ഒരു ആത്മാഹുതിയായിരുന്നുവെങ്കിൽ, സ്വജീവിതത്തിൽ സുകുമാരൻ തെരഞ്ഞെടുത്തത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതിലും വേദനാജനകമായ ഒരു ആത്മപീഡനമായിരുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പിടിയിൽ നിന്നും രക്ഷനേടാൻ 'ഒന്നൊന്നര ദശകം നീണ്ടുനിന്ന മൗനം' എന്ന സ്വയം ഏൽപ്പിച്ച ശിക്ഷ. അതിൽ നിന്നും മോചിതനായി, എം സുകുമാരൻ അവസാനകാലത്ത് എഴുതിയ നോവലൈറ്റ് ആണ് 'പിതൃതർപ്പണം'. അപ്പോഴേക്കും പ്രത്യയശാസ്ത്രത്തിന്റെ കടുംപിടുത്തങ്ങളെല്ലാം അദ്ദേഹത്തെ വിട്ടുപോയിരുന്നു. തികഞ്ഞ ഒരു നിസ്സംഗത മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ഥായീഭാവം. അതിനുശേഷം അദ്ദേഹം 'ജനിതകം' എന്നൊരു കൃതി കൂടി എഴുതുകയുണ്ടായി
'ശേഷക്രിയ'യിലെ കുഞ്ഞയ്യപ്പന്റെ, ഏറെക്കുറെ എം സുകുമാരനെന്ന സാധു മനുഷ്യന്റെയും, അന്തിമാഭിലാഷം ഇപ്രകാരമായിരുന്നു. "എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതിവെയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്.."