വിട ബൈജൂ... അതിരപ്പിള്ളിയ്ക്ക് നഷ്ടമായത് കാടിന്റെ മിടിപ്പുകളറിഞ്ഞിരുന്ന കാവൽക്കാരനെ...

By Babu Ramachandran  |  First Published Jun 18, 2019, 12:44 PM IST

വന്യമൃഗങ്ങളെ വേട്ടയാടി കൊന്നുതിന്നുന്നതിനു പകരം അവരെ സ്വന്തം സഹോദരങ്ങളെപ്പോലെ കണ്ടു സംരക്ഷിക്കുകയും സഹജീവനം നടത്തുകയുമാണ് വേണ്ടത് എന്ന് ഇന്ദുചൂഡൻ പറഞ്ഞപ്പോൾ ബൈജുവിന് താൻ ചെയ്തുകൊണ്ടിരുന്ന തെറ്റ് ബോധ്യപ്പെട്ടു. ഇത്രനാൾ ചെയ്തതിന്റെയെല്ലാം പാപക്കറ ഇനിയുള്ള ജീവിതം കൊണ്ട് കഴുകിയിറക്കാൻ അയാൾ തീരുമാനിച്ചു.


ബൈജു കെ. വാസുദേവൻ എന്ന മനുഷ്യൻ ഇനിയില്ല. പ്രകൃതിയുടെ തുടിപ്പുകൾ, കാടിന്റെ ജീവൽസ്പന്ദനങ്ങൾ ഇത്രമേൽ അടുത്തറിഞ്ഞിരുന്ന വളരെ അപൂർവം ആളുകളേ നമുക്കിടയിലുള്ളൂ. അതിലൊരാളായിരുന്നു ബൈജുവും.  വ്യത്യസ്തമായ വേഷവിധാനം. വ്യത്യസ്തമായ സംസാരരീതി. പുറമേക്ക് ചെറിയൊരു പരുക്കൻ പരിവേഷമുണ്ടായിരുന്നു എങ്കിലും അടുത്തറിഞ്ഞവർക്കെല്ലാം  ബൈജു തികച്ചും സഹൃദയനായ ഒരു പച്ചമനുഷ്യനായിരുന്നു. മീൻ പിടിക്കാൻ വേണ്ടി കെഎസ്ഇബിയുടെ വാട്ടർ ടാങ്കിനു മുകളിൽ കൂട്ടുകാരുമൊത്ത് കേറുന്നതിനിടെ വഴുതി താഴെ വീണായിരുന്നു  മരണം. വീഴ്ചയിൽ കരളിനേറ്റ ഗുരുതരക്ഷതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. 

ബൈജുവിനെ കേരളമറിയുന്നത് ഒരു വേഴാമ്പലിന്റെ പിടച്ചിലിലൂടെയാണ്. കൊക്കിൽ ഇണയ്ക്കും കുഞ്ഞുങ്ങൾക്കുമുള്ള പഴങ്ങളുടെ പറന്നിറങ്ങിവന്ന ഒരു വേഴാമ്പൽ ഒരു വാഹനമിടിച്ച് പിടഞ്ഞു മരിച്ചതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ബൈജു ഒരു പോസ്റ്റിട്ടിരുന്നു. ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു. അത്ര താഴ്ന്നു പറന്നിട്ടുണ്ടെങ്കിൽ അതിന്റെ ഇണയുടെ കൂടും അപകടം നടന്നതിന്റെ പരിസരത്തെവിടെയെങ്കിലും കാണുമെന്ന് സുഹൃത്ത് സുധീഷ് തട്ടേക്കാടാണ് പറഞ്ഞത്.  വേഴാമ്പലുകളുടെ ജീവിതക്രമം അനുസരിച്ച് ഭക്ഷണവുമായി ആൺ വേഴാമ്പൽ ചെന്നില്ലെങ്കിൽ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് ഒടുവിൽ മരിച്ചുപോവുകയാണ് ഉണ്ടാവുക എന്നും സുധീഷ് പറഞ്ഞു. രണ്ടു ദിവസത്തെ തിരച്ചില്‍ കൊണ്ടാണ് അവര്‍ക്ക് കൂടു കണ്ടെത്താനായത്. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു. എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി.

Latest Videos

undefined

ഒടുവില്‍ വലിയൊരു മുളയേണിയുമായെത്തിയ ബൈജു ആ മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ മുന്നിൽ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും കൊണ്ടുവച്ചു. നാല് ദിവസവുമായി കൊടും പട്ടിണിയിലായിരുന്നു ആ അമ്മ വേഴാമ്പലും കുഞ്ഞുങ്ങളും. പഴങ്ങൾ കിട്ടിയപാടെ ആ അമ്മ ചെയ്തത് തന്റെ കുഞ്ഞുങ്ങളെ ഊട്ടുകയാണ്.  പിന്നീട് ഇടയ്ക്കിടെ ആ പിഞ്ചുവേഴാമ്പൽ കുഞ്ഞുങ്ങൾക്ക് അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെ ശേഖരിച്ചു നൽകി പറക്കമുറ്റുന്നതുവരെ ബൈജുവും കൂട്ടുകാരായ ഫോറസ്റ്റ് വാച്ചർമാരും അവയെ പരിചരിച്ചത് കേരളം മുഴുവൻ നെഞ്ചേറ്റിയ കഥയായിരുന്നു.  അങ്ങനെ പ്രസിദ്ധനായ ബൈജു പിന്നീട്  ഒരു നാച്വറലിസ്റ്റ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളുമായി കേരളത്തിന്റെ വനം പരിസ്ഥിതി മേഖലയിൽ സജീവസാന്നിധ്യമായി തുടർന്നുപോന്നിരുന്നു. 

എഴുപതുകളുടെ പകുതിയിൽ കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷനുവേണ്ടി മുളവെട്ടാൻ വന്ന കൂലിക്കാരുടെ കൂട്ടത്തിൽ കണ്ണൂരുനിന്നുള്ള ഒരു വാസുദേവനുമുണ്ടായിരുന്നു. മുളയുടെ സീസൺ തീർന്നിട്ടും വാസുദേവൻ കാടിറങ്ങിയില്ല. അതിരപ്പിള്ളിയിൽ അയാളുടെ ഹൃദയം  ഒരു നബീസയുടേതുമായി കൊരുത്തുപോയിരുന്നു. അങ്ങനെ വടക്കുനിന്നും വന്ന വരത്തൻ പെണ്ണുകെട്ടി അതിരപ്പിള്ളിൽ കാട്ടിനുള്ളിലെ പുളിയിലപ്പാറ എന്ന പ്രദേശത്ത് ഒരു കൂരവെച്ച് പാർപ്പുതുടങ്ങി. കെഎസ്ഇബി അണക്കെട്ടിന് വേണ്ടി അക്വയർ ചെയ്ത വനംപ്രദേശത്ത് അന്ന് അങ്ങനെ പലരും കുടിലുകൾ കെട്ടി താമസിച്ചിരുന്നു. ചാലക്കുടി പട്ടണത്തിൽ നിന്നും അമ്പത് കിലോമീറ്റർ ദൂരെയായിരുന്നു പുളിയിലപ്പാറ. വാസുദേവന്റെ വീടിനും ചാലക്കുടിയിലെ ആശുപത്രിയ്ക്കും ഇടയിൽ ആനയും നരിയുമിറങ്ങുന്ന അമ്പതോളം കിലോമീറ്റർ കൊടുംകാടാണ്. അത് താണ്ടാനുള്ള മിനക്കേടോർത്തപ്പോൾ നബീസയുടെ പ്രസവം വീട്ടിൽ തന്നെയാക്കി. അങ്ങനെ ബൈജു പിറന്നു വീണത് തന്നെ കൊടും കാട്ടിനുള്ളിലാണ്. കണ്ണുതുറന്ന് നോക്കിയപ്പോൾ അയാൾ ആദ്യം കണ്ടത് കാട്... ആദ്യം കേട്ടറിഞ്ഞ ശബ്ദവും കാട്ടുപുള്ളിന്റേതു തന്നെ. അങ്ങനെ അക്ഷരാർത്ഥത്തിൽ കാട്ടിൽ ജനിച്ചു വളർന്നതാണ് ബൈജു വാസുദേവൻ. 

പത്തുവയസ്സിലാണ് ഉൾക്കാടു തേടിയുള്ള ബൈജുവിന്റെ കന്നിയാത്ര. അന്ന്, അതായത് എൺപതുകളുടെ തുടക്കത്തിൽ, അതിരപ്പിള്ളിയിൽ മനുഷ്യരുടെ സന്ദർശനങ്ങൾ പതിവില്ല. വല്ലപ്പോഴും ചുള്ളിയൊടിക്കാനും തേനെടുക്കാനും കേറുന്ന ആദിവാസികൾ മാത്രമേ ഉൾക്കാടു തീണ്ടാറുള്ളു. അവരുടെ കൂടെ കുഞ്ഞായിരിക്കെ നടത്തിയ കാനനയാത്രകളാണ് ബൈജുവിൽ പ്രകൃതിയെ കണ്ടും കെട്ടും മണത്തും അറിയാനുള്ള 'സെൻസറുകൾ' പിടിപ്പിച്ചത്. മാംസാഹാരികളായ ഇരപിടിയൻ  വ്യാഘ്രങ്ങളുടെ വരവറിയിച്ചുകൊണ്ട് ശബ്ദമുണ്ടാക്കുന്ന  മലയണ്ണാന്റെയും, വെള്ളക്കുരങ്ങിന്റെയും, സിംഹവാലൻ കുരങ്ങിന്റെയും, ആനയുടെ വരവിൽ സന്തോഷിക്കുന്ന ആനക്കിളിയുടെയും, വേഴാമ്പലിന്റെയും ഒക്കെ ശബ്ദങ്ങൾ അവൻ കാടിന്റെ മക്കളിൽ നിന്നും കേട്ട് ഹൃദിസ്ഥമാക്കി. ആ ശബ്ദങ്ങൾ അതേപോലെ അനുകരിക്കാനുള്ള അസാമാന്യമായ കഴിവും ബൈജുവിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു. 

എന്നാൽ, കാടുകേറി കാടിന്നകം  കൈവെള്ള പോലെ അറിയാമെന്നായതോടെ ബൈജു എന്ന കൗമാരക്കാരൻ തിരിഞ്ഞത് വേട്ടയിലേക്കായിരുന്നു. കോഴിയെ കൊല്ലുന്ന ലാഘവത്തോടെ അവൻ മാനിനേയും കാട്ടുപന്നിയേയുമൊക്കെ വേട്ടയാടി. കാട്ടിനുള്ളിൽ വെച്ച് പരിചയപ്പെട്ട കള്ളവാറ്റുകാർക്കും അവൻ ഉറ്റവനായി. അവർക്കൊപ്പം ചേർന്ന് അവനും നല്ല കോട വാറ്റി റാക്കുണ്ടാക്കാൻ തുടങ്ങി. അവന്റെ വീര്യമുള്ള നാടൻ വാറ്റിന് ആവശ്യക്കാർ ഏറെയുണ്ടായി. സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കിവന്നിരുന്ന വെടിയിറച്ചി ബൈജു വിൽക്കാൻ തുടങ്ങി. അങ്ങനെ കൈവന്നിരുന്ന പണം, തന്നെ മടിയിലേറ്റി വളർത്തിയ കാടിനോട് ചെയ്യുന്ന കൊടും ചതിക്കുള്ള അച്ചാരമാണെന്ന് ഏറെ നാൾ കഴിഞ്ഞാണെങ്കിലും ബൈജുവിന് ബോധ്യം വന്നു. അതിന് നിമിത്തമായത് നീലകണ്ഠൻ എന്ന് പേരായ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും. 

കൂടുതൽ അധികാരത്തോടെ കാടുകേറി വേട്ടയാടാമല്ലോ എന്ന ചിന്തയിലാണ് ബൈജു ഫോറസ്റ്റ് ഗാർഡുമാർക്കുള്ള റിക്രൂട്ട്മെന്റ് ക്യാമ്പിന് ചെല്ലുന്നത്. 1988 -ൽ അതിരപ്പിള്ളി ഡിഎഫ്ഒ ആയിരുന്ന ഇന്ദുചൂഡൻ എടുത്ത ഒരു ക്ലാസ്സാണ് ബൈജുവിൽ മാനസാന്തരത്തിന്റെ വിത്തുകൾ പാകുന്നത്. വന്യമൃഗങ്ങളെ വേട്ടയാടി കൊന്നുതിന്നുന്നതിനു പകരം അവരെ സ്വന്തം സഹോദരങ്ങളെപ്പോലെ കണ്ടു സംരക്ഷിക്കുകയും സഹജീവനം നടത്തുകയുമാണ് വേണ്ടത് എന്ന് ഇന്ദുചൂഡൻ പറഞ്ഞപ്പോൾ ബൈജുവിന് താൻ ചെയ്തുകൊണ്ടിരുന്ന തെറ്റ് ബോധ്യപ്പെട്ടു. ഇത്രനാൾ ചെയ്തതിന്റെയെല്ലാം പാപക്കറ ഇനിയുള്ള ജീവിതം കൊണ്ട് കഴുകിയിറക്കാൻ അയാൾ തീരുമാനിച്ചു. അതിരപ്പിള്ളിക്കാടിൻറെ കാവലാളായിട്ടായിരുന്നു അവിടന്നങ്ങോട്ടുള്ള ബൈജുവിന്റെ ജീവിത നിയോഗം. 

അങ്ങനെ കടിനായി ഉഴിഞ്ഞിട്ട ശിഷ്ടജീവിതത്തിൽ പശ്ചിമഘട്ടത്തെപ്പറ്റി കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തിരഞ്ഞുപിടിച്ച് വായിച്ചു തീർത്തു ബൈജു. ഒപ്പം ഫോട്ടോഗ്രാഫി പഠിക്കാനും ശ്രമിച്ചു. കാടിനെപ്പറ്റി താൻ ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയ നൈസർഗികമായ  അറിവുകളെലാം അയാൾ കാടിന്റെ സംരക്ഷകർക്ക് പങ്കുവെച്ചു. കാടിനെ കാക്കാനുള്ള ദൗത്യങ്ങളിൽ അവർക്ക് കൂട്ടുപോയി. ഒരു രാത്രി ആർക്കും കാട്ടിനുള്ളിൽ അന്തിയുറങ്ങാമെന്നാണ് ബൈജുവിന്റെ പക്ഷം. വീണ്ടും നിങ്ങൾ ആ ഇടത്തിൽ തന്നെ തുടരുമ്പോഴാണ് കാട്ടിലെ മൃഗങ്ങൾ അതിനെ കടന്നുകയറ്റമെന്നു കാണുന്നതും നിങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും.  കാടിന് പൊതുവെ മനുഷ്യനെ തന്നിൽ നിന്നും അകറ്റുന്ന ഒരു സ്വഭാവമുണ്ട്. കാട്ടുചെടികളുടെ മുള്ളും, ചൊറിച്ചിലുണ്ടാക്കുന്ന ചെടികളുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്.  

കാടിനെ പകർത്താനായി കടൽ കടന്നെത്തിയ പല ചാനലുകാർക്കും ബൈജു എന്ന കാടറിവിന്റെ നിറകുടം പ്രിയങ്കരനായി. നാഷണൽ ജിയോഗ്രഫിക്, ഡിസ്കവറി, അനിമൽ പ്ലാനറ്റ്, ബിബിസി അങ്ങനെ ബൈജുവിനെ ചിത്രീകരിക്കാത്ത ചാനലുകളില്ല. കേരളം അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് ഫോറസ്ട്രിയിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായും ബൈജു സേവനമനുഷ്ഠിച്ചു. വനം വകുപ്പിന്റെ പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കോൺക്രീറ്റു കാടുകളിൽ വളരുന്ന നഗരത്തിലെ കുഞ്ഞുങ്ങൾക്കുമുന്നിൽ ബൈജു തന്റെ അനുഭവങ്ങൾ പങ്കിട്ടു. അനുകരണകലയിലെ മിടുക്കുകൊണ്ട് ബൈജു കാടിന്റെ ശബ്ദങ്ങൾ അവർക്കുമുന്നിൽ അവതരിപ്പിച്ചു. അങ്ങനെ ആ കുട്ടികൾ കാടിനെ ബൈജുവെന്ന കാടിന്റെ മകനിലൂടെ അടുത്തറിഞ്ഞു. മികച്ചൊരു നടൻ കൂടിയായിരുന്ന ബൈജു ഒൻപതു സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഒഴിവുനേരങ്ങളിൽ ഒരു സെലിബ്രിറ്റി ഷെഫിന്റെയും ടൂറിസ്റ്റ് ഗൈഡിന്റെയും റോളുകളിലും ബൈജു പകർന്നാടിയിരുന്നു. 

കാടിനെ നശിപ്പിച്ചുകൊണ്ട് നടപ്പിലാക്കാനിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോൾ അതിന്റെ മുൻനിരയിൽ ബൈജുവുണ്ടായിരുന്നു. അതുപോലെ ഏറ്റവും ഒടുവിൽ ശാന്തിവനം കയ്യേറി ടവർ നിർമാണം വന്നപ്പോൾ, അവിടെയും സമരക്കാർക്കൊപ്പം മുദ്രാവാക്യവും പാട്ടുമായി ബൈജു മുന്നിൽ തന്നെ നിന്നു. ഒരിക്കൽ അതിരപ്പള്ളിയിൽ കാട്ടുതീപടർന്നപ്പോൾ ഫേസ്‌ബുക്ക് വഴി ആളെക്കൂട്ടി ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തീയണയ്ക്കാൻ മുന്നിട്ടിറിങ്ങിയിരുന്നു. തന്റെ പ്രദേശത്ത് ഏതൊരു കാട്ടുമൃഗത്തിന് അവശതയുണ്ടെന്ന് കേട്ടാലും ഉടനടി സ്ഥലത്തെത്തി അതിനെ പരിചരിക്കാൻ ബൈജു എന്നും തയ്യാറാകുമായിരുന്നു. ബികെവി ഫൗണ്ടേഷൻ എന്ന ഒരു എൻജിഒ രൂപീകരിച്ച് ഒരു എക്കോ ഫ്രണ്ട്‌ലി ട്രൈബൽ സ്‌കൂളൊക്കെ തുടങ്ങി, ഒപ്പം വനസംരക്ഷണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന ബൈജുവിന് കൂട്ടായി ഭാര്യ അനീഷയും മൂന്നുമക്കളും എന്നുമുണ്ടായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ബൈജുവിന്റെ ഈ വേർപാടിലൂടെ കാടിന് നഷ്ടമായിരിക്കുന്നത് അതിന്റെ സ്പന്ദനങ്ങളറിഞ്ഞു കൂടെ നിന്നിരുന്ന കാവലാളിനെയാണ്, സ്വന്തം മകനെത്തന്നെയാണ്..!

ചിത്രങ്ങള്‍: ബിനോയ് മാരിക്കൽ

click me!