ജപ്പാനിലെ വിദ്യാഭ്യാസ അധികൃതര്‍ ഇങ്ങനെ തലകുമ്പിട്ട് നില്‍ക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്, കേരളം നിര്‍ബന്ധമായും അറിയേണ്ട ഒരു കാരണം!
ജപ്പാനില്‍നിന്നും നസീ മേലേതില്‍ എഴുതുന്നു
മുഖ്യമന്ത്രി പിണറായി വിജയനും കേരള സംഘവും ഇപ്പോള്‍ ജപ്പാനിലാണ്. കേരളത്തിന് ജപ്പാനില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ പോസിറ്റീവായാണ് ജപ്പാനിലെ മലയാളി സമൂഹം കാണുന്നത്. അതൊരു തിരിച്ചറിവാണ്. അതിജീവനത്തിന്റെയും പുരോഗതിയുടെയും പാഠങ്ങള്‍ ആര്‍ജിക്കാനുള്ള വഴി തുറക്കലും. കേരളം ജപ്പാനില്‍നിന്ന് പഠിക്കേണ്ടത് ദുരന്തനിവാരണ പാഠങ്ങള്‍ മാത്രമല്ല. വിദ്യാഭ്യാസത്തിന് ആ രാജ്യം നല്‍കുന്ന പ്രാധാന്യവും നാം അറിയേണ്ടതുണ്ട്. അവിടത്തെ പഠനരീതികളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതിന് വിദ്യാഭ്യാസ മേഖലയില്‍ ജപ്പാനീസ് ഭരണകൂടം നടത്തുന്ന ആസൂത്രണവും നാം പഠിക്കേണ്ടതുണ്ട്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ ഒരു പെണ്‍കുട്ടി ക്ലാസ് മുറിക്കുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്കിടെ ഈ ജപ്പാനീസ് പാഠവും നാം ആഴത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വര്‍ഷങ്ങളായി ജപ്പാനില്‍ താമസിക്കുന്ന മലയാളി എഴുത്തുകാരി നസീ മേലേതില്‍ എഴുതുന്നത് കേരളം അറിയേണ്ട ജപ്പാനീസ് വിദ്യാഭ്യാസ പാഠങ്ങളെക്കുറിച്ചാണ്.
undefined
ലോകമെമ്പാടും കുട്ടികള്‍ നേരിടുന്ന അവഗണയും അതിക്രമങ്ങളും പരിധികളില്ലാത്തതാണ്. ഒരുപാട് ജന്മങ്ങളെ തീരാവ്യഥകളില്‍ ആഴ്ത്തുന്നത് കൂടാതെ, അടുത്ത തലമുറയിലേക്കും പടരുന്ന ക്രൂരതയുടെ വേരുകള്‍ ഭീതി പടര്‍ത്തുന്നതാണ്. സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ഈ കൊടിയ വിപത്തിനെതിരെ ജാഗ്രത പാലിക്കാന്‍, ലോകം മുഴുവന്‍ ഒന്നായി കാണാന്‍ കഴിവുള്ള, അലിവും ജനാധിപത്യ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാനുണ്ട്. ഉത്തരവാദിത്ത ബോധമുള്ള ഒരു നല്ല തലമുറയെയും അതുവഴി സുരക്ഷിതമായ സമൂഹവും വാര്‍ത്തെടുക്കുന്നതില്‍ ഒരു നല്ല വിദ്യാഭ്യാസ സംവിധാനത്തിനുള്ള സ്ഥാനം വളരെ വലുതാണ്.
ഇന്ത്യയില്‍ താരതമ്യേന മികച്ച ജീവിത സാഹചര്യങ്ങളും വിദ്യാലയങ്ങളുമൊക്കെയുള്ള സംസ്ഥാനമായ കേരളത്തിലും കുട്ടികള്‍ക്കെതിരെയുള്ള അവഗണനകളും അതിക്രമങ്ങളും നിരവധിയാണ്. ഭൂതകാല അനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ പഠിക്കാത്ത ജനതയെ പരാജയപ്പെട്ട ജനതയായാണ് കാലം അടയാളപ്പെടുത്തുക.
................................................................................
1956-ല്‍ സ്ഥാപിതമായ കേരളത്തിന്, രണ്ടാം ലോകമഹായുദ്ധാനന്തരം അതേ 1950 കാലയളവില്‍ നാലാം കിട രാജ്യമായി മാറിയ ജപ്പാനില്‍ നിന്ന് പഠിക്കാന്‍ ചില പാഠങ്ങള്‍ ഇല്ലേ?
ഗവണ്‍മെന്റ്റ് പ്രൈമറി സ്‌കൂള്‍ ക്യാമ്പസ്
സൗകര്യം ഇല്ലായ്മകള്‍ക്ക് നടുവില്‍ നാട്ടില്‍ പൊതു വിദ്യാലയങ്ങളിലാണ് ഞാന്‍ പഠിച്ചത്. ജപ്പാനിലെ പൊതു വിദ്യാലയത്തിലാണ് ഇപ്പോള്‍ എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ശക്തവുമായ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ ഒന്നാണ് 128 മില്യണ്‍ ജനങ്ങളുള്ള ജപ്പാനിലേത്. 50 ലക്ഷം ജനങ്ങളുള്ള ഫിന്‍ലാന്‍ഡ് ആണ് ജപ്പാന് തൊട്ടു മുന്നിലുള്ളത്. അഞ്ച് കോടി ജനങ്ങളുള്ള ദക്ഷിണ കൊറിയയാണ് വിദ്യാഭ്യാസ രംഗത്ത് ജപ്പാന് തൊട്ടു പിറകില്‍. ആറ് വയസ്സ് മുതല്‍ 12 വയസ്സ് വരെ ആറ് വര്‍ഷം പ്രൈമറി സ്‌കൂള്‍, 13 തൊട്ട് 15 വയസ്സ് വരെ ജൂനിയര്‍ ഹൈസ്‌കൂള്‍, പിന്നീട് 16 മുതല്‍ 18 വരെ 3 വര്‍ഷം ഹൈ സ്‌കൂള്‍ ഇങ്ങനെയാണ് ഇവിടത്തെ രീതി. ജപ്പാനും കേരളവും എവിടെ കിടക്കുന്നു എന്ന് അതിശയിക്കാന്‍ വരട്ടെ. 1956-ല്‍ സ്ഥാപിതമായ കേരളത്തിന്, രണ്ടാം ലോകമഹായുദ്ധാനന്തരം അതേ 1950 കാലയളവില്‍ നാലാം കിട രാജ്യമായി മാറിയ ജപ്പാനില്‍ നിന്ന് പഠിക്കാന്‍ ചില പാഠങ്ങള്‍ ഇല്ലേ?
................................................................................
ഓരോ സ്‌കൂളിനും പ്രത്യേകമായി ഒരു മെഡിക്കല്‍ ഉദ്യോഗസ്ഥയും, രണ്ടോ അതില്‍ കൂടുതലോ കിടക്കകളും, ഒരു ചെറിയ ക്ലിനിക്കിന്റെ സൗകര്യങ്ങളുമുള്ള മെഡിക്കല്‍ റൂമുകളുണ്ട്.
മെഡിക്കല്‍ റൂം
സ്‌കൂള്‍ ക്ലിനിക്കുകള്‍
ജപ്പാനിലെ സ്‌കൂളുകളില്‍ അകത്തും പുറത്തും ധരിക്കാനായി പ്രത്യേകം പാദരക്ഷകളുണ്ട്. ഓരോ ക്ലാസ്സുകാര്‍ക്കും കവാടത്തിനരികെ ഷൂസുകള്‍ സൂക്ഷിക്കുന്നതിനായി കുട്ടികളുടെ പേരെഴുതിയ പ്രത്യേകം ഷൂ ഷെല്‍ഫുകളുമുണ്ട്. ഓരോ ആഴ്ചക്കവസാനവും ഈ ഇന്‍ഡോര്‍ ഷൂസുകള്‍ വൃത്തിയാക്കുന്നതിനായി വീട്ടിലേക്ക് കൊടുത്തു വിടും.
ഓരോ സ്‌കൂളിനും പ്രത്യേകമായി ഒരു മെഡിക്കല്‍ ഉദ്യോഗസ്ഥയും, രണ്ടോ അതില്‍ കൂടുതലോ കിടക്കകളും, ഒരു ചെറിയ ക്ലിനിക്കിന്റെ സൗകര്യങ്ങളുമുള്ള മെഡിക്കല്‍ റൂമുകളുണ്ട്. ശാരീരികമോ മാനസികമോ ആയ എന്ത് പ്രശ്‌നങ്ങള്‍ക്കും ഏതു സമയവും ഈ റൂമില്‍ പോകാവുന്നതാണ്. ആംബുലന്‍സ് വിളിയ്ക്കുക, വീട്ടുകാരെയും അധികൃതരെയും അറിയിക്കുക, മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുക, ഉന്നതാധികാര കേന്ദ്രങ്ങളിലേക്കുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയവയെല്ലാം ഈ മെഡിക്കല്‍ ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്തങ്ങളില്‍ പെടും. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഈ മെഡിക്കല്‍ ഉദ്യോഗസ്ഥന് ഒരു വര്‍ഷത്തില്‍ നിരവധി തവണ ട്രെയിനിംഗ് നല്‍കും.
................................................................................
കവാടത്തിനരികെ ഷൂസുകള്‍ സൂക്ഷിക്കുന്നതിനായി കുട്ടികളുടെ പേരെഴുതിയ പ്രത്യേകം ഷൂ ഷെല്‍ഫുകളുമുണ്ട്.
ഷൂ വെക്കാനുള്ള ഷെല്‍ഫ്
കുട്ടികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണ്. ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങളോ ലൈംഗിക അതിക്രമങ്ങളോ ചൂഷണങ്ങളോ ഉണ്ടായാല്‍ അത് സ്‌കൂളുകളും മെഡിക്കല്‍ സെന്റ്ററും തിരിച്ചറിയേണ്ടതാണ്. വേണ്ടി വന്നാല്‍ പോലീസ്, ജില്ലാഅധികാരികള്‍ തുടങ്ങിയവരെ ഉള്‍കൊള്ളിച്ച് രാജ്യത്തെമ്പാടുമുള്ള സുരക്ഷാ വീടുകളിലേക്ക് കുട്ടികളെ മാറ്റും. ഈ കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും പിന്നീട് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഈയിടെ ഒരു സ്‌കൂള്‍ കുട്ടി രക്ഷിതാക്കളുടെ അശ്രദ്ധയും അവഗണയും കാരണം വീട്ടില്‍ വച്ചു മരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ-ഭരണകൂട മേധാവികള്‍ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളില്‍ വച്ചു ഇത് തിരിച്ചറിയാന്‍ സാധിക്കാത്തത് സ്വന്തം പരാജയമായാണ് അവര്‍ ഉയര്‍ത്തിക്കാണിച്ചത്.
................................................................................
ഈയിടെ ഒരു സ്‌കൂള്‍ കുട്ടി രക്ഷിതാക്കളുടെ അശ്രദ്ധയും അവഗണയും കാരണം വീട്ടില്‍ വച്ചു മരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ-ഭരണകൂട മേധാവികള്‍ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദ്യാഭ്യാസ-ഭരണകൂട മേധാവികള്‍ പൊതു സമൂഹത്തോട് മാപ്പ് പറയുന്നു
കുട്ടികളെ അടിക്കുന്നതും ഉപദ്രവിക്കുന്നതും ക്രിമിനല്‍ കുറ്റം
ഒരു കൊല്ലത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ വെച്ച് നടത്തുന്ന വൈദ്യപരിശോധനകള്‍ (കംപ്ലീറ്റ് ഹെല്‍ത്ത് ചെക്കപ്പ്) ഉണ്ട്. സ്‌കൂള്‍ സമയത്തു എന്തെങ്കിലും അത്യാവശ്യം വന്നാല്‍ അധികൃതര്‍ക്ക് ചികില്‍സാ അധികാരം നല്‍കുന്ന സമ്മത പത്രം സ്‌കൂളില്‍ ചേരുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ ഒപ്പിട്ടു നല്‍കണം. കുസൃതികള്‍ക്കും മറ്റു ചെറിയ പ്രശ്‌നങ്ങള്‍ക്കുമുള്ള കൗണ്‍സിലിങ് ഒക്കെ സ്‌കൂളില്‍ തന്നെ നല്‍കും.
രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ ഉള്‍പ്പടെ ആരും കുട്ടികളെ അടിക്കുന്നതും ഉപദ്രവിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. സ്വന്തം അവകാശങ്ങളെ കുറിച്ചു കുട്ടികളെ അറിയിക്കുന്നതിനായി ഇടയ്ക്കിടെ ആരോഗ്യ-നിയമ-വിദ്യാഭ്യാസ വകുപ്പുകള്‍ സ്‌കൂളുകളില്‍ യോഗങ്ങള്‍ നടത്തും.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സൂര്യാസ്തമയത്തിനു ശേഷം തനിയെ നടക്കുന്നത് രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടാന്‍ കാരണമാകും. ഓരോ പ്രദേശത്തും പൊതു ഘടികാരങ്ങളും 'സൂര്യാസ്തമയമായി വീട്ടില്‍ പൊയ്‌ക്കൊള്ളൂ' എന്നറിയിക്കുന്ന നാഴിക മണികളുമുണ്ട്. സ്‌കൂളുകളില്‍ 'അപകടകാരികളായ മുതിര്‍ന്നവര്‍'- എങ്ങനെ പെരുമാറും, തുടര്‍ന്ന് എന്ത് ചെയ്യണം എന്നത് പാഠ്യപദ്ധതിയുടെ ഭാഗമായി വിശദമായി പഠിപ്പിക്കുന്നു.
ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്കായി, സ്‌കൂള്‍ സമയത്തിന് ശേഷം വൈകുന്നേരം ഏഴു മണി വരെ കുട്ടികളെ സൗജന്യമായി സംരക്ഷിക്കുന്ന ഡേ കെയര്‍ സംവിധാനങ്ങള്‍ ഓരോ സ്‌കൂളിന്റെയും ഭാഗമായി നിലവിലുണ്ട്.
................................................................................
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സൂര്യാസ്തമയത്തിനു ശേഷം തനിയെ നടക്കുന്നത് രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടാന്‍ കാരണമാകും
ഗവണ്‍മെന്റ്റ് പ്രൈമറി സ്‌കൂള്‍ ക്യാമ്പസ്
12 വയസ്സ് വരെ പ്രദര്‍ശനമത്സരങ്ങള്‍ മാത്രം
സ്‌കൂളുകളില്‍ സുരക്ഷാ ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്. പഠന മാധ്യമം ജാപ്പനീസ് ആയതു കൊണ്ട് വിദേശീയരായ കുട്ടികളെ സഹായിക്കുന്നതിനായി പ്രത്യേകം ദ്വിഭാഷാ സഹായിയെ സര്‍ക്കാര്‍ ചെലവില്‍ നിയമിക്കും . രണ്ടാം ക്ലാസ് തൊട്ട് രണ്ടാം ഭാഷയായി ഇംഗ്ലീഷും പഠിപ്പിക്കുന്നുണ്ട്.
ഓരോ സ്‌കൂളിലും കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ക്ലബുകള്‍ നിലവിലുണ്ട്. ഫുട്ബാള്‍, നൃത്തം, സംഗീതം, കൃഷി, പാചകം തുടങ്ങി നിരവധി ക്ലബ്ബുകളില്‍ സൗജന്യമായി കുട്ടികള്‍ക്ക് ചേരാം. ഇത് പഠിപ്പിക്കാനായി തദ്ദേശീയമായ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ദിനം, കലാ ദിനം എന്നിവക്കൊന്നും ലിംഗ വ്യത്യാസമില്ല. 12 വയസ്സ് വരെ പ്രദര്‍ശനമത്സരങ്ങള്‍ മാത്രം, സ്‌കൂള്‍ -സബ്ജില്ലാ -ജില്ലാ മത്സരങ്ങളുമില്ല.
ഓരോ കുട്ടിക്കും സ്വന്തമായി മേശയും കസേരയും എമര്‍ജന്‍സി കിറ്റുമുണ്ട്. ഓരോ ക്ലാസിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ ഇരിക്കുന്ന രീതിയാണ്, ഓരോ ആഴ്ചയും സ്ഥാനവും തൊട്ടടുത്തിരിക്കുന്ന ആളും മാറും. സ്ഥിരം മുന്‍-പിന്‍ ബെഞ്ച് സംസ്‌കാരങ്ങളോ, ക്ലാസ് ലീഡര്‍ സമ്പ്രദായമോ ഇല്ല. ഓരോ ദിവസവും രണ്ടു കുട്ടികള്‍ക്ക് വീതമായിരിക്കും ക്ലാസ് ലീഡര്‍ഷിപ്പ്. ഈ കുട്ടികള്‍ അന്നന്നത്തെ അനൗണ്‍സ്മെന്റ് തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ ചെയ്യും.
................................................................................
നാല് വരെ അംഗങ്ങളുള്ള ഓരോ കുട്ടി സംഘവും സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങളിലെ ഓരോ ജോലികളെയും കുറിച്ചു പഠനം നടത്തി പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രെസന്റ്റേഷന്‍ നടത്തണം
മൂന്നാം ക്ലാസ്സിലെ പ്രൊജക്റ്റ് അവതരണം
മാര്‍ക്ക് കുറഞ്ഞവരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിധം
എല്ലാ തരത്തിലുള്ള ജോലികളെ കുറിച്ചും അറിയാന്‍ ആ പ്രദേശത്തുള്ള വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും. നാല് വരെ അംഗങ്ങളുള്ള ഓരോ കുട്ടി സംഘവും സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങളിലെ ഓരോ ജോലികളെയും കുറിച്ചു പഠനം നടത്തി പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രെസന്റ്റേഷന്‍ നടത്തണം. മറ്റു ടീമുകള്‍ പ്രെസന്റ്റേഷന്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ മൂന്ന് നല്ല പോയന്റുകള്‍, രണ്ട് മെച്ചപ്പെടുത്താവുന്ന ഭാഗങ്ങള്‍ എന്നിവ ഓരോ കുട്ടിയും തയാറാക്കണം. എല്ലാ മാസവും ഓരോ ക്ലാസിലെയും കുട്ടികള്‍ തയ്യാറാക്കുന്ന മാഗസിന്‍ മറ്റൊരു പ്രത്യേകതയാണ്.
ആറാം ക്ലാസ് വരെ കൊല്ല പരീക്ഷ, ജയം തോല്‍വി തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ല. ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ എന്നിവയാണ് പഠന വിഷയങ്ങള്‍. സയന്‍സ്, സാമൂഹ്യ ശാസ്ത്രം ഒക്കെ പൂര്‍ണ്ണമായും പ്രൊജക്ടുകള്‍ ചെയ്താണ് പഠിക്കുന്നത്. ഓരോ വിഷയത്തിനും മാസത്തില്‍ ഒന്നെന്ന തോതില്‍ മൂല്യനിര്‍ണ്ണയം നടത്തും.
ഇതില്‍ ഓരോ വിഷയത്തിനും 90% ത്തില്‍ കുറഞ്ഞവരെ വീണ്ടും പഠിപ്പിച്ചു ഒന്നുകൂടി മൂല്യനിര്‍ണ്ണയം നടത്തും. ഈ സമയത്തു മറ്റു കുട്ടികള്‍ക്ക് കളിക്കാം, പുസ്തകങ്ങള്‍ വായിക്കാം. ഇനിയും മെച്ചപ്പെടാത്തവരെ സ്‌കൂള്‍ മണിക്കൂറുകള്‍ക്ക് ശേഷം പ്രത്യേകമായി ക്ലാസ് വെച്ചു പഠിപ്പിച്ചെടുക്കും. ഓരോ വര്‍ഷവും ഓരോ സംഗീത ഉപകരണങ്ങളും, ചിത്രരചന, കാലിഗ്രാഫി, കമ്പ്യൂട്ടര്‍ തുടങ്ങിയവയും പഠിപ്പിക്കും. ഓരോ 40 മിനിറ്റ് ക്ലാസിനു ശേഷവും 10 മിനുട്ട് ബ്രേക്കുണ്ട്. മഴ-മഞ്ഞു കാലങ്ങളില്‍ കളിക്കാനും, അസംബ്ലി കൂടാനും ഓരോ സ്‌കൂളിലും വലിയ ഇന്‍ഡോര്‍ ഹാള്‍ ഉണ്ട്.
................................................................................
സൗജന്യ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഒരു ആഴ്ച അഞ്ചു വീതം കുട്ടികള്‍ ഊഴമനുസരിച്ചു സപ്പോര്‍ട്ട് ചെയ്യും.
സൗജന്യ ഉച്ച ഭക്ഷണം
ഓരോ 100 കുട്ടികള്‍ക്കുമായി ഓരോ നിലയിലും നാലു വീതം പ്രത്യേക ടോയ്‌ലറ്റ്-ശുദ്ധജല സൗകര്യങ്ങള്‍ ഉണ്ട്. ദിവസവും 15 മിനിട്ടു വീതം സ്‌കൂള്‍ ക്ലീനിങ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികളുടെ ചുമതലയാണ്. എല്ലാ ആഴ്ചയും അവധി ദിനങ്ങളില്‍ പുറത്തു നിന്നുള്ള വിദഗ്ധര്‍ ഒന്നു കൂടി വൃത്തിയാക്കും. സൗജന്യ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഒരു ആഴ്ച അഞ്ചു വീതം കുട്ടികള്‍ ഊഴമനുസരിച്ചു സപ്പോര്‍ട്ട് ചെയ്യും. ഇതിനു വേണ്ടിയുള്ള പ്രത്യേക വസ്ത്രമൊക്കെ സ്‌കൂളില്‍ നിന്നു തന്നെ നല്‍കും.
................................................................................
മൂന്നാം ക്ലാസ്സില്‍ എത്തുന്നതോടെ സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം. അതിനു ശേഷം ടെസ്റ്റ് നടത്തി കുട്ടികള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സും നല്‍കും.
കുട്ടികളുടെ ഡ്രൈവിംഗ് ലൈസന്‍സ്
കുട്ടികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്
എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് ലൈസന്‍സ് ഓഫീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ക്ലാസ് നല്‍കും. മൂന്നാം ക്ലാസ്സില്‍ എത്തുന്നതോടെ സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം. അതിനു ശേഷം ടെസ്റ്റ് നടത്തി കുട്ടികള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സും നല്‍കും.
എല്ലാവര്‍ഷവും സ്‌കൂളിന്റെ കാര്യക്ഷമത പരിശോധിച്ചു അറ്റകുറ്റപ്പണികള്‍ നടത്തും. വര്‍ഷാരംഭത്തിലെ ഓറിയന്റ്റേഷന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ഇതെല്ലാം കണ്ടു പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യങ്ങളുമുണ്ട്.
വര്‍ഷത്തില്‍ നാല് ശനിയാഴ്ചകളില്‍ ഉച്ച വരെ ക്ലാസ്സുണ്ട്. ഈ അവധി ദിനങ്ങളില്‍ ഓരോ രക്ഷിതാവിനും ക്ലാസ്സുകളില്‍ പോയി ക്ലാസെടുക്കുന്നതു കാണാം. ക്ലാസ്സുകളില്‍ ടി വി മോണിറ്റര്‍, പ്രൊജക്ടര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
സ്‌കൂളുകളെ പറ്റിയും അധ്യാപകരെ പറ്റിയുമുള്ള പരാതികള്‍ കേള്‍ക്കാനും പ്രശ്‌ന പരിഹാരത്തിനുമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേകം ഓഫീസ് നിലവിലുണ്ട്. പരാതിക്കാരുടെ വിവരം മറച്ചു വച്ചു സ്വതന്ത്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കും.
സ്‌കൂളുകളില്‍ സ്വിമ്മിങ് പൂളുകളും, ക്ലാസ് റൂമില്‍ നിന്ന് കുറച്ചകലെ മൈതാനത്തിനരികിലായി താമരക്കുളവും, കുട്ടികള്‍ വളര്‍ത്തുന്ന മീനും ആമയും മുയല്‍ കുഞ്ഞുങ്ങളും, പച്ചക്കറി-ചെടി വളര്‍ത്തലും -ശലഭ ഉദ്യാനങ്ങളും, ഊഞ്ഞാലും, ചരിഞ്ഞ ഇറക്കങ്ങളും, ജിംനാസ്റ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ് പരിശീലനവും ഉണ്ട്. റോഡരികുകളിലെ പൊന്തയും കാടുമൊക്കെ സമയാസമയങ്ങളില്‍ വെട്ടിക്കളഞ്ഞ് സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും നിലവിലുണ്ട്.
എഴുതുകയാണെങ്കില്‍ ഇനിയും ഒരു പാടു കാര്യങ്ങള്‍ ഉണ്ട്. ഒരു പാട് മാര്‍ക്കുകള്‍ വാങ്ങലും ഉന്നതങ്ങളിലേക്ക് കയറിപ്പോകലും മാത്രമല്ല, ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ബാല്യ കാലത്ത് ഒരു നല്ല മനുഷ്യനായി വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നു എന്നതാണ് ഒരു രാജ്യത്തിന് അവിടത്തെ കുട്ടികള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ സമ്മാനം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ നല്ല ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ച്ചയായി നവീകരിച്ചു കൊണ്ടിരിക്കുന്നതാണ് ജാപ്പനീസ് വിദ്യാഭ്യാസ രീതി. ചുരുക്കി പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളിലൊന്നാക്കി ജപ്പാനെ നിലനിര്‍ത്തുന്നതില്‍ ഈ വിദ്യാഭ്യാസ സംവിധാനത്തിനുള്ള സ്ഥാനം വളരെ വലുതാണ്.
നസീ മേലേതില്‍ എഴുതിയ മറ്റ് കുറിപ്പുകള്‍
കേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രദേശം പ്രളയത്തെ ഭയക്കാതെ ജീവിക്കുന്നത് ഇങ്ങനെയാണ്!
മലയാളം കേട്ട്, എഴുതി, സംസാരിച്ച് വളര്‍ന്നാല്‍ ആത്മവിശ്വാസമുണ്ടാകില്ലേ?