ഇനി ഒരു പെൺകുട്ടിയും തട്ടിപ്പിൽ പെടരുത്; ഇത് കുടുംബശ്രീ മാട്രിമോണിയൽ

By Sumam Thomas  |  First Published Mar 8, 2019, 5:49 PM IST

ഓരോ സ്ത്രീയും ആത്മാഭിമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആൾരൂപമാണെന്ന് ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പഞ്ചായത്ത് തലപ്പത്ത് ഇരിക്കുന്ന സിന്ധുവിന്റെ മനസ്സിലേക്ക് ഒരു ആശയം മുള പൊട്ടിയത് ഇങ്ങനെയായിരുന്നു. എന്തുകൊണ്ട് മാട്രിമോണിയൽ രം​ഗത്തും കുടുംബശ്രീയ്ക്ക് ഇടപെട്ടു കൂടാ?... 


കരഞ്ഞുകൊണ്ട് ആ പെൺകുട്ടി പറഞ്ഞു, ''എനിക്ക് അറിവുണ്ടായിരുന്നെങ്കിൽ എനിക്കും എന്റെ പാവം അച്ഛനും അമ്മയ്ക്കും ഈ അബദ്ധം  സംഭവിക്കില്ലായിരുന്നു. ഇനിയാർക്കും ഈ അവസ്ഥ വരരുതെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.'' ഒരു ചാനൽ മുറിയിലെ റിയാലിറ്റി ഷോയിലിരുന്ന് വിങ്ങിപ്പൊട്ടിയ ആ പെൺകുട്ടിയും അവളുടെ വാക്കുകളും തൃശൂർ ജില്ലയിലെ പോർക്കളം പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സണായ സിന്ധു ബാലൻ എന്ന വീട്ടമ്മയുടെ നെഞ്ചിൽ സൃഷ്ടിച്ച ചലനം ചെറുതല്ല. വിവാഹത്തട്ടിപ്പിന്റെ ഇരയായിരുന്നു അവൾ. വീടിനടുത്ത് ജോലിക്ക് വന്ന ചെറുപ്പക്കാരൻ‌ പറഞ്ഞതെല്ലാം അവളും വീട്ടുകാരും വിശ്വസിച്ചു. അവസാനം  വിവാഹത്തിന് മൂന്നു മാസത്തിന് ശേഷം പണവും സ്വർണവുമെടുത്ത് വരൻ മുങ്ങിയപ്പോഴാണ് ഇവർ കാര്യങ്ങൾ‌ എല്ലാം അറിഞ്ഞത്. അയാളുടെ മൂന്നാമത്തെ വിവാഹമായിരുന്നെത്രേ അത്!

ഓരോ സ്ത്രീയും ആത്മാഭിമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആൾരൂപമാണെന്ന് ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പഞ്ചായത്ത് തലപ്പത്ത് ഇരിക്കുന്ന സിന്ധുവിന്റെ മനസ്സിലേക്ക് ഒരു ആശയം മുള പൊട്ടിയത് ഇങ്ങനെയായിരുന്നു. എന്തുകൊണ്ട് മാട്രിമോണിയൽ രം​ഗത്തും കുടുംബശ്രീയ്ക്ക് ഇടപെട്ടു കൂട? അങ്ങനെയാണ് രണ്ട് വർഷം മുമ്പ് കുടുംബശ്രീ മാട്രിമോണിയൽ എന്ന വെബ്സൈറ്റ് ആരംഭിക്കുന്നത്.

Latest Videos

undefined

ഓരോ വിവാഹത്തെയും സത്യസന്ധതയോടെ തന്നെയാണ് സമീപിച്ചത്

കേരളത്തില്‍ ഒരിടത്തും കുടുംബശ്രീ ഇത്തരമൊരു സംരംഭം നടത്തുന്നില്ല എന്നറിഞ്ഞു. ജില്ലാമിഷനില്‍ ഈ ആശയം പങ്ക് വച്ചപ്പോള്‍ അംഗീകാരം ലഭിച്ചു. പിന്നീട് മാട്രിമോണിയല്‍ സൈറ്റിനെക്കുറിച്ച് ധാരാളം പേരോട് ചോദിച്ചറിഞ്ഞ് പ്രൊജക്റ്റ് തയ്യാറാക്കി സമര്‍പ്പിച്ചു. അങ്ങനെ കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ വിവാഹബ്യൂറോ തയ്യാറാക്കിയ കുടുംബശ്രീ യൂണിറ്റായി പോര്‍ക്കളം പഞ്ചായത്ത്. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് കുടുംബശ്രീ മാട്രിമോണിയൽ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 

''കുടുംബശ്രീയിൽ സമൂഹത്തിനൊരു വിശ്വാസമുണ്ട്. അത് പാലിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. വിവാഹത്തട്ടിപ്പിനൊരു പരിഹാരം കാണുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. അതുപോലെ മറ്റ് മാട്രിമോണിയലുകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഓരോ വിവാഹത്തെയും സത്യസന്ധതയോടെ തന്നെയാണ് സമീപിച്ചത്. രണ്ട് വർ‌ഷം കൊണ്ട് 140 കല്യാണങ്ങൾ നടത്തി. എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി അന്വേഷിച്ചതിന് ശേഷമാണ് ഓരോ വിവാഹവും നടത്തുന്നത്. വളരെ വിപുലമായ ഒരു നെറ്റ് വർക്കിം​ഗ് സംവിധാനമാണ് കുടുംബശ്രീയ്ക്കുള്ളത്. അത് പരമാവധി പ്രയോജനപ്പെടുത്തിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.'' കുടുംബശ്രീ മാട്രിമോണിയലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സിന്ധു ബാലൻ വിശദീകരിക്കുന്നു.

പുരുഷന് മാത്രം മേൽക്കൈയുള്ള ഇടങ്ങളിൽ സ്ത്രീകൾ ഇടപെടാൻ തീരുമാനിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ചോദ്യങ്ങളും തങ്ങൾക്കും നേരിടേണ്ടി വന്നു എന്ന് സിന്ധു ബാലൻ പറയുന്നു. സ്ത്രീകൾ എങ്ങനെയിത് നടത്തിക്കൊണ്ടുപോകുമെന്ന് ചോദിച്ചവരായിരുന്നു ഏറെയും. പക്ഷേ കുടുംബശ്രീ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണുണ്ടായത്. ജില്ലാ മിഷന്റെയും കുടുംബശ്രീ പ്രവർത്തകരുടെയും പിന്തുണയാണ് തങ്ങൾക്ക് ശക്തി നൽകിയതെന്നും സിന്ധു കൂട്ടിച്ചേർക്കുന്നു. നാലുപേരാണ് ഇപ്പോൾ തൃശൂരിലെ ഹെഡ് ഓഫീസിലുള്ളത്. അയൽക്കൂട്ടം, എഡിഎസ്, സിഡിഎസ്, പഞ്ചായത്ത് എന്നിവിടങ്ങളിലെ അന്വേഷണത്തിന് ശേഷമാണ് ഓരോരുത്തർക്കുമുള്ള പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്.  

ഓരോ മാസവും നിരവധി ഓർഡറുകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്

മാട്രിമോണിയൽ വെബ്സൈറ്റ് മാത്രമല്ല, ഇവന്റ് മാനേജ്മെന്റ് ​ഗ്രൂപ്പും കുടുംബശ്രീ നടത്തുന്നുണ്ട്. പതിനായിരം പേർക്കുള്ള സദ്യ വരെ ഒരുക്കാൻ തക്ക പ്രാപ്തിയുള്ള അം​ഗങ്ങളാണ് ഈ കാറ്ററിം​ഗ് സർവ്വീസിൽ അം​ഗങ്ങളായിട്ടുള്ളതെന്ന് സിന്ധു ബാലൻ പറയുന്നു. ''നൂറ് പേരാണ് ഇവന്റ് മാനേജ്മെന്റിൽ ജോലി ചെയ്യുന്നത്. ഓരോ മാസവും നിരവധി ഓർഡറുകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ആളുകൾ കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ അം​ഗീകരിക്കുന്നു, വിശ്വസിക്കുന്നു എന്ന കാര്യത്തിൽ സന്തോഷമുണ്ട്.'' സിന്ധുവിന്റെ വാക്കുകളിൽ അഭിമാനം നിറയുന്നു. ഇന്റർനെറ്റ് ഉപയോ​ഗിക്കാൻ അറിയാത്തവർക്ക് പോസ്റ്റലായി വിവരങ്ങൾ അയച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വനിതകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്

വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന പെൺകുട്ടികൾ നൽകുന്ന രജിസ്ട്രേഷൻ ഫീസ് വിനിയോ​ഗിക്കുന്നത് നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹം നടത്താനാണ്. വിദ്യാഭ്യാസ യോ​ഗ്യതയനുസരിച്ച് വളരെ തുച്ഛമായ ഫീസ് മാത്രമേ രജിസ്ട്രേഷൻ ഫീ ആയി വാങ്ങുന്നുള്ളൂ. ഏറ്റവും കൃത്യമായ സമ​​ഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ ഓരോരുത്തരെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യൂ എന്നതാണ് ഈ മാട്രിമോണിയൽ സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

പോര്‍ക്കളം സിഡിഎസിന്‍റെ വിജയഗാഥ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹത്തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നതിനൊപ്പം തന്നെ വനിതകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്. 'ഇനി ഒരു പെൺകുട്ടിയും വിവാഹത്തട്ടിപ്പിന്റെ ഇരയായി കണ്ണീര് കുടിക്കരുത്' എന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിന്ധു ബാലൻ പറയുന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് കുടുംബശ്രീക്കുള്ളത്. മാട്രിമോണിയൽ രം​ഗത്തും ഒരു വിജയമാണെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ. 
 

click me!