ഒരിക്കൽ പൂട്ടിപ്പോവാനിരുന്ന ഈ സ്‌കൂൾ ഇന്ന് പൊന്നാനിയുടെ അഭിമാനസ്തംഭം..!

By Babu Ramachandran  |  First Published Jun 6, 2019, 2:09 PM IST

ഏതൊരു പൊതു വിദ്യാലയത്തിന്റെയും ശക്തി അതിന്റെ 'പിടിഎ' ആണ്. ഒരിക്കൽ 'സാമ്പത്തിക പരാധീനത' നിമിത്തം പൂട്ടിപ്പോവാനിരുന്ന എ വി  സ്‌കൂളിനെ, ഇന്ന് ഒരു നാടിൻറെ തന്നെ അഭിമാനമാക്കി ഉയിർത്തെഴുന്നേൽപ്പിച്ചത് അതിന്റെ 'പിടിഎ' തന്നെയായിരുന്നു.  


'സർക്കാർ സ്‌കൂൾ' എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളും, ഇടിഞ്ഞു വീഴാറായ ഓല ഷെഡ്ഡുകളും, ദുർഗന്ധം വമിക്കുന്ന മൂത്രപ്പുരകളും ഒക്കെയുള്ള വളരെ പരിതാപകരമായ ഒരു അധ്യയന അന്തരീക്ഷമാണ്. നമ്മുടെ മുഖ്യധാരാ സിനിമകളിൽ പലതിലും നമ്മൾ കണ്ടുപരിചയിച്ചിട്ടുള്ള പൊതുവിദ്യാലയങ്ങൾ അങ്ങനെയാണ്. ചുവപ്പുനാടയുടെ കുരുക്കിൽ കുടുങ്ങി വേണ്ട സമയത്ത് ഒരിക്കലും ഫണ്ട് കിട്ടാത്തതുകൊണ്ട് വളരെ ശോചനീയമായ സൗകര്യങ്ങളുള്ള, വേണ്ടത്ര അധ്യാപകരില്ലാത്ത, ഒരു വിധം സാമ്പത്തികമുള്ള ആരും തന്നെ തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടാത്ത സ്‌കൂളുകൾ എന്ന പണ്ടത്തെ അവസ്ഥയിൽ നിന്നും നിന്നും നമ്മുടെ പൊതു വിദ്യാലയങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ടിന്ന്.  

ഒരു പക്ഷേ, ചുറ്റുവട്ടത്തുള്ള ഏതൊരു പ്രൈവറ്റ്, ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെക്കാളും മികച്ച നിലവാരമാണ് ഇന്ന് നമ്മുടെ പല സർക്കാർ സ്‌കൂളുകൾക്കും ഉള്ളത്. അവിടെ വിശാലമായ കളിസ്ഥലങ്ങളുണ്ട്, ഇന്റർലോക്ക് പതിപ്പിച്ച അസംബ്ലി ഏരിയയുണ്ട്, ഓരോ വിഷയത്തിനും കൃത്യമായ യോഗ്യതയുള്ള മിടുക്കരായ അധ്യാപകരുണ്ട്, എല്ലാ സൗകര്യങ്ങളും തികഞ്ഞ ലബോറട്ടറികളും, കമ്പ്യൂട്ടർ ലാബുകളും ഒക്കെയുണ്ട്. അവർ സ്ഥിരമായി ശാസ്ത്ര മേളകൾക്ക് കുട്ടികളെ അയക്കുന്നു. സ്‌കൂൾ പരിസരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും, പച്ചക്കറി കൃഷി നടത്തിച്ചും കുട്ടികളെ അവർ  പ്രകൃതിയോടിണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. കാടിന്റെ സൗന്ദര്യം അടുത്തറിയാൻ സാങ്ച്വറികളിലേക്ക് അവർ പഠനയാത്ര പോവുന്നു. യുവജനോത്സവങ്ങളും, കായിക മേളകളും ഒക്കെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യത്തോടെ നടത്തപ്പെടുന്നു. 

ചുമ്മാ അങ്ങനെ നടത്തപ്പെടുന്നു എന്ന് കാടടക്കി പറഞ്ഞു പോവുന്നില്ല. ഇതൊക്കെ കൃത്യമായി നടക്കുന്ന ഒരു പൊതു വിദ്യാലയത്തെ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താം. നൂറിലധികം വർഷത്തെ  പാരമ്പര്യമുള്ള ആ പൊതുവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഇന്ന്  സമൂഹത്തിന്റെ വിവിധ തുറകളിൽ ഏറെ സ്തുത്യർഹമായ നിലകളിൽ സേവനമനുഷ്ഠിക്കുന്ന നിരവധിപേരുണ്ട്.  പറയാൻ പോവുന്നത്, നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് ഏതു നിലയ്ക്ക്കും മാതൃകയായി സ്വീകരിക്കാവുന്ന ഒരു ഹയർ സെക്കൻഡറി സ്‌കൂളിനെപ്പറ്റിയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി എന്നസ്ഥലത്താണ് ഈ സ്‌കൂൾ. പേര് എ വി ഹയർ സെക്കൻഡറി സ്കൂൾ. അച്ചുത വാര്യർ ഹയർസെക്കൻഡറി സ്കൂൾ എന്നാണ് പൂർണ്ണ നാമം. 


എ വി സ്‌കൂളിന്റെ ചരിത്ര വഴികൾ 

Latest Videos

undefined

'ഒരു വിദ്യാലയം തുറക്കുകവഴി ഒരു കാരാഗ്രഹം അടച്ചു പൂട്ടുവാൻ കഴിയുന്നു' എന്ന് പറയപ്പെട്ടിട്ടുണ്ട് . ഒരു വിദ്യാലയം ആരംഭിക്കുന്നത് വാഴ്ത്തപ്പെടേണ്ട  ഒരു സാമൂഹിക സേവനമായാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത് . അഞ്ചാം ക്ലാസിനപ്പുറം വിദ്യാഭ്യാസം സ്വപ്നപ്രായമായിരുന്ന ഒരു കാലഘട്ടത്തിൽ ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുക എന്നത് വിശേഷിച്ചും അങ്ങനെത്തന്നെയായിരുന്നു . പറയത്തക്ക മൂലധനമില്ലാതെ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത് സാഹസികതയാണ് . പൊന്നാനിയിലെ ഏ .വി .ഹൈസ്കൂളിന്റെ സ്ഥാപനം അങ്ങനെയൊരു സാഹസികതയുടെ കഥയാണ്.

സി  വി ചെറിയാൻ ഉൽപതിഷ്ണുവായ ഒരു അദ്ധ്യാപകൻ ആയിരുന്നു. അന്ന് പൊന്നാനിയിൽ കുട്ടികൾക്ക് പഠിക്കാൻ നല്ലൊരു സ്‌കൂളില്ല. കൊള്ളാവുന്ന ഒരു സ്‌കൂളിൽ ചേർന്ന് പഠിക്കണമെങ്കിൽ  നടന്നോ സൈക്കിൾ ചവിട്ടിയോ ഒക്കെ കിലോമീറ്ററുകളോളം പോവണം. ഈ ദുർഘടസന്ധിക്ക്  ഒരു പരിഹാരം തേടി അദ്ദേഹം, നാട്ടിലെ ചില മാന്യവ്യക്തികളെ സമീപിച്ചു. നാട്ടിന്റ പുരോഗതിയിൽ ആഹ്‌ളാദം കൊള്ളുന്നവരും നാടിനുവേണ്ടി സേവനം ചെയ്യാൻ സന്നദ്ധയുള്ളവരുമായ ചിലർ അന്ന് പൊന്നാനിയിലുണ്ടായിരുന്നു - ഹരിഹര മംഗലത്ത് കെ  അച്യുത വാരിയർ , പി പി കരുണാകര മേനോൻ, കെ വി ശങ്കുണ്ണി മേനോൻ,പി .അച്യുത മേനോൻ, കരുവാട്ട്  പരമേശ്വരൻ നമ്പൂതിരി, പരുത്തുള്ളി താമു മേനോൻ,വക്കീൽ ദുരിസാമി അയ്യർ, പി കെ രാവുണ്ണി മേനോൻ എന്നിങ്ങനെ ചിലരാണ് അന്ന് ചെറിയാന്റെ ആശയത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ വേണ്ടി സന്നദ്ധത പ്രകടിപ്പിച്ചത്. അന്ന് അങ്ങനെ സമാഹരിച്ച മൂലധനത്തിലാണ് ഈ സ്‌കൂളിന്റെ അടിസ്ഥാന ശിലാ സ്ഥാപിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് പൊന്നാനി എന്ന വള്ളുവനാടൻ ഗ്രാമത്തെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് അച്യുതവാര്യർ ഹൈസ്‌കൂൾ എന്ന എ വി സ്‌കൂളിന്റെ കൂടി ഇന്ധനത്തിലാണ്. 

പലരും ചേർന്ന് തുടങ്ങിയ സ്‌കൂൾ അച്യുതവാരിയർ സ്‌കൂളായി ചുരുങ്ങിയതിനും ഒരു ചരിത്രമുണ്ട്. അച്യുത വാരിയർ ആയിരുന്നു 'സ്‌കൂൾ നിർമാണ' കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട്. രാവുണ്ണി മേനോൻ ആദ്യ സെക്രട്ടറി ആയിരുന്നു. 1895 ഫെബ്രുവരി 20-ന്  തീയതി "നേറ്റീവ് മിഡിൽ സ്കൂൾ, പൊന്നാനി" എന്ന പേരോടുകൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സി.വി.ചെറിയാൻ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. അധികം വൈകാതെ സ്കൂളിനു സർക്കാറിന്റെ അനുമതിയും ലഭിച്ചു. പക്ഷേ , 1909 ആയപ്പോഴേക്കും  സാമ്പത്തിക പരാധീനതകൾ കാരണം സ്കൂളിന്റെ പ്രവർത്തനം വഴിമുട്ടി. പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ  കമ്മിറ്റി കൂടി. ഇനിയും ബാധ്യതകൾ ഏറ്റെടുക്കാൻ വയ്യെന്ന് കമ്മിറ്റിയിലെ മറ്റുള്ളവരെല്ലാം കയ്യൊഴിഞ്ഞു, ഒടുവിൽ 1909 മാർച്ചിൽ സ്‌കൂളിന്റെ മുഴുവൻ ചുമതലയും നിരുപാധികം അച്യുത വാരിയരിൽ നിക്ഷിപ്തമായി. 

1917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈ സ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെക്കണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919-ൽ അത് 'ദി ഹൈസ്ക്കൂൾ ,പൊന്നാനി' എന്നാക്കി.1935-ൽ അച്ചുത വാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് ' എ വി എജുക്കേഷണൽ സൊസൈറ്റി, പൊന്നാനി" എന്ന പേരിൽ ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് സർവാധികാരങ്ങളും അതിൽ നിക്ഷിപ്തമാക്കി.  അന്നുതൊട്ട് സ്കൂളിന്  "എ വി ഹൈസ്ക്കൂൾ, പൊന്നാനി" എന്നു പേരും വന്നു. അതിനു ശേഷവും രണ്ടു വട്ടം , സാമ്പത്തികനില മോശമെന്ന് ചൂണ്ടിക്കാട്ടി  മദിരാശി സർക്കാർ  എ വി സ്‌കൂളിന്റെ  അംഗീകാരം റദ്ദ് ചെയ്യാൻ പുറപ്പെട്ടിരുന്നു. എന്നാൽ അതിനേയൊക്കെ ഈ പൊതുവിദ്യാലയം അതിജീവിച്ചു. 

ഏറെ പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കേരളത്തിലെ സാംസ്കാരിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന കെ കേളപ്പൻ ഇവിടെ ഭൗതിക ശാസ്ത്രം അധ്യാപകനായിരുന്നു. പ്രസിദ്ധകവി ഇടശ്ശേരി ഇവിടത്തെ പിടിഎ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും ഇവിടെയാണ് പഠിച്ചതും. അതുപോലെ തന്നെ പ്രഗത്ഭരായ  പൂർവ വിദ്യാർത്ഥികളുടെ ഒരു നിരയും ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.മലബാർ കളക്ടറും പിന്നീട് കേരള ഗവർണരുടെ ഉപദേഷ്ടാവും ആയിരുന്ന എൻ എസ്‌ രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ  എസ്‌ ജഗന്നാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കുഞ്ഞുമുഹമ്മദ് കുട്ടി ഹാജി,മുൻ കേരള ഹൈക്കോടതി ജഡ്ജി ചേറ്റൂർ ശങ്കരൻ നായർ,മുൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട്‌, ലോക ബാങ്ക് ഓഡിറ്റർ ടി സേതുമാധവൻ, മുൻ മലബാർ ജില്ലാ ബോർഡ് പ്രസിഡണ്ട് കെ വി നൂറുദ്ദീൻ,മുൻ മന്ത്രി ഇ കെ  ഇമ്പിച്ചി ബാവ, മുൻ പാര്ലമെന്റേറിയൻ സി ഹരിദാസ്, കവിയും നിരൂപകനുമായ എം ഗോവിന്ദൻ, ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എം ജി എസ്. നാരായണൻ, പ്രശസ്ത എഴുത്തുകാരായ  ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ,സി  രാധാകൃഷ്ണൻ, ഇ ഹരികുമാർ, കെ പി രാമനുണ്ണി, ചിത്രകലോപാസകരായ കെ സി എസ്. പണിക്കർ,  ടി.കെ. പത്മിനി, നമ്പൂതിരി എന്നിങ്ങനെ നീളുന്നു ആ നിര.

ഏകദേശം സ്‌കൂളിനോളം തന്നെ പഴക്കമുള്ള ഒരു മാവിന്റെ പേരിലും മാധ്യമങ്ങളിൽ എ വി സ്‌കൂൾ നിറഞ്ഞു നിന്നിരുന്നു ഇടയ്ക്കൊക്കെ . ഈ മുറ്റത്ത് വളർന്നു നിൽക്കുന്ന ശർക്കരമാവിന് 101 വയസ്സായി. പല കാലങ്ങളായി ഈ മാവിൻചുവട്ടിൽ നടന്നിട്ടുള്ള സാഹിത്യസല്ലാപങ്ങൾക്കും സാംസ്കാരിക സദസ്സുകൾക്കും ഈ മാവ് ഒരു മൂകസാക്ഷിയാണ്.അനശ്വരരായ വി ടി ഭട്ടതിരിപ്പാട്, കുട്ടികൃഷ്ണമാരാർ, നാലപ്പാടൻ, ഉറൂബ്, ഇടശ്ശേരി, എം ഗോവിന്ദൻ, എൻ വി കൃഷ്ണവാരിയർ, കടവനാട്ടു കുട്ടികൃഷ്ണൻ, എൻ പി ദാമോദരൻ എന്നിവർ ഈ മാവിൻചുവട്ടിൽ പലകുറി സമ്മേളിച്ചിട്ടുണ്ട്. അതുപോലെ തന്നെ എം ആർ ബി, പ്രേംജി,മഹാകവി അക്കിത്തം, എം ടി വാസുദേവൻ നായർ, സി രാധാകൃഷ്ണൻ,പി പി രാമചന്ദ്രൻ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ ഈ തേന്മാവിന്റെ തണലിൽ തങ്ങളുടെ ആശയങ്ങൾ പങ്കിട്ടവരാണ്. രാഷ്ടീയ പ്രതിഭകളായ ഇ കെ ഇമ്പിച്ചിബാവ, കൊളാടി ഗോവിന്ദൻ കുട്ടി, പി ടി മോഹനകൃഷ്ണൻ, പി സി ചോയുണ്ണി എന്നിവർക്ക് പ്രസംഗവേദിയായും ഈ മാവ് മാറിയിട്ടുണ്ട്. ഒന്നിലധികം തവണ 'ഇടശ്ശേരി സ്മാരക പുരസ്കാര ദാന ചടങ്ങ്' നടന്നത് ഇവിടെ ആയതിനാൽ ഈ പടുവൃക്ഷം 'ഇടശ്ശേരിമാവ്' എന്ന പേരിലും ഇന്ന് അറിയപ്പെടുന്നുണ്ട്.


 1995 - ൽ ശതാബ്ദി ആഘോഷിച്ച ഈ പൊതു വിദ്യാലയത്തിന് മൂന്ന് ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസും കളിസ്ഥലങ്ങളുമാണുള്ളത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള 3500 -ൽ പരം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. അവർക്ക് വിദ്യ പകർന്നുനൽകാൻ നൂറിലധികം അധ്യാപകരുമിവിടെയുണ്ട്. ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ ഏകദേശം  20 ശതമാനത്തോളം വർദ്ധനവ് ദൃശ്യമാണ്. സമീപ പ്രദേശങ്ങളിലുള്ള പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നിന്നും മാതാപിതാക്കൾ കുട്ടികളെ ടിസി വാങ്ങി ഇവിടെ കൊണ്ട് ചേർക്കുക പതിവാണെന്ന് പിടിഎ പ്രസിഡന്റ് ശൈലജ മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

എന്റെ കുട്ടിയെ എന്തിന് ഇവിടെ ചേർത്തു... 

സ്വന്തം മകനെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്‌കൂളിൽ നിന്നും മാറ്റി എ വി സ്‌കൂളിലേക്ക് ചേർത്ത് അവിടെ ഇപ്പോൾ മൂന്നാം വർഷവും തുടരുന്ന എംഇഎസ് പൊന്നാനി കോളേജിലെ ജയകൃഷ്ണൻ എന്ന ഫിസിക്സ് പ്രൊഫസർ ഇങ്ങനെ പറഞ്ഞു, "  ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കഴിഞ്ഞ ഒരു കോളേജ് അധ്യാപകനാണ് ഞാൻ. എന്റെ മകനെ എനിക്ക് ചുറ്റുമുള്ള എല്ലാവരെയും പോലെ ഞാനും  കൊണ്ടു ചേർത്തത്  പ്രൈവറ്റ് സെക്ടറിലുള്ള ഒരു അറിയപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ സങ്കടകരമായ പല സത്യങ്ങളും ഞാൻ തിരിച്ചറിഞ്ഞു. അധ്യാപനം(pedagogy) എന്ന ശാസ്ത്രീയപ്രക്രിയയെപ്പറ്റി യാതൊരു വിധത്തിലുള്ള ബോധവും സിദ്ധിച്ചിട്ടില്ലാത്തവരായിരുന്നു അവിടത്തെ പല അധ്യാപകരും. എന്റെ അഭിപ്രായത്തിൽ പിടിഎ അഥവാ അധ്യാപക-രക്ഷാകർത്തൃ സംഘടന( PTA) യ്ക്കാണ് ഒരു വിദ്യാലയത്തിന്റെ നടത്തിപ്പിൽ ഏറെ സ്വാധീനം ചെലുത്താനാവുക. എന്നാൽ പ്രസ്തുത സംഘടനയ്ക്ക് ആ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ യാതൊരു അധികാരവും പ്രസക്തിയുമുണ്ടായിരുന്നില്ല. പൂർണ്ണമായും മാനേജ്‌മന്റിന്റെ നിയന്ത്രണത്തിൽ മാത്രമായിരുന്നു ആ സ്‌കൂളിലെ കാര്യങ്ങൾ നടന്നിരുന്നത്. അധ്യാപനത്തെപ്പറ്റി കാര്യവിവരമുള്ള രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്ക് അവർ യാതൊരു പരിഗണനയും നൽകിയിരുന്നില്ല. എന്നാൽ,  എ വി സ്‌കൂളിൽ പിടിഎ സ്‌കൂളിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഏറെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്.. " 

കൃത്യമായ ഇടവേളകളിൽ യോഗം ചേരുന്ന പിടിഎ  സ്‌കൂളിന്റെ പുരോഗതിയ്ക്കായി രക്ഷിതാക്കളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള പല പദ്ധതികളും നടപ്പിലാക്കിവരുന്നു. വളരെ മികച്ച ഒരു സയൻസ് ലബോറട്ടറിയും കമ്പ്യൂട്ടർ ലാബും ഈ സ്‌കൂളിന് സ്വന്തമായുണ്ട്. ലൈബ്രറിയ്ക്കു വേണ്ടി വേറിട്ട ഒരു കെട്ടിടം തന്നെ പണിതീർത്തു ഈ പിടിഎയുടെ മുൻകൈയിൽ. പ്രദേശവാസിയായ മാധവവാര്യർ ആണ് ഇതിനുവേണ്ട സഹായങ്ങളുമായി എത്തിയത്. എണ്ണായിരത്തിലധികം പുസ്തകങ്ങളുള്ള ഈ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികളെ അധ്യാപകർ പ്രേരിപ്പിക്കാറുണ്ട്. 




ഇപ്പോൾ ഇംഗ്ലീഷ് മീഡിയമാണല്ലോ എല്ലാവർക്കും പഥ്യം. ആ ട്രെൻഡ് എ വി സ്‌കൂളിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. പതിനഞ്ചു വർഷം മുമ്പാണ്, ഒരു പക്ഷേ മലപ്പുറം ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ആദ്യമായിട്ടാവാം,  ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങിയ എ വി സ്‌കൂളിൽ ഇന്ന് പാതിയിലേറെ ഡിവിഷനുകളും   ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ഈ ട്രെൻഡ് തുടർന്നാൽ താമസിയാതെ ഇത് പൂർണ്ണമായും ഇംഗ്ലീഷ് മീഡിയം ആയി മാറാനുള്ള സാധ്യത കുറവല്ല എന്ന് ഫലിതരൂപേണയാണെങ്കിലും, സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറും പറഞ്ഞു. 

മികച്ച വിജയശതമാനം 

 96  ശതമാനമാണ് എ വി സ്‌കൂളിലെ ഇത്തവണത്തെ വിജയ ശതമാനം.  അറുപതില്പരം കുട്ടികൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസും കിട്ടിയിട്ടുണ്ട്. സർക്കാർ നയങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്, പിടിഎയുടെ സഹായത്തോടെപൂർവ്വവിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ സ്വീകരിച്ചുകൊണ്ട് അധ്യയന സൗകര്യങ്ങൾ അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സ്‌കൂൾ ഇന്നും. 2010 -ൽ സ്‌കൂൾ ഹയർ സെക്കൻഡറി ആയി ഉയർത്തപ്പെട്ടു. 

അങ്ങനെ സ്വന്തം കുഞ്ഞുങ്ങൾ പഠിക്കുന്ന ഒരു സ്‌കൂളിൽ രക്ഷിതാവ് എന്ന നിലയിൽ ഏതൊരാളും എന്തൊക്കെ കാര്യങ്ങൾ നടന്നുകാണാൻ ആഗ്രഹിക്കുമോ, ഏറെക്കുറെ അതെല്ലാം തന്നെ നടപ്പിലാക്കിക്കാണിച്ചുകൊണ്ട് നാട്ടിലെ പൊതു വിദ്യാലയങ്ങൾക്കൊക്കെയും ഒരു മാതൃകയാണ് എ വി ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന്.  ഈ മാതൃക പിന്തുടരാൻ മറ്റുവിദ്യാലയങ്ങൾക്കുമായാൽ വിദ്യാഭ്യാസരംഗത്ത് കാര്യമായ പുരോഗതി നേടാൻ കേരളത്തിന് കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 

എ വി സ്‌കൂളിന്റെ വിശദമായ ചരിത്രത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക് വിക്കി മലയാളത്തോട് കടപ്പാട്

click me!