ചെറിയ കുട്ടികള്‍ ധാരാളം സംശയങ്ങള്‍ ചോദിക്കുന്നുണ്ടാകും. സ്കൂളില്‍ പോകുന്നതിന് മുമ്പ് തന്നെ അവരില്‍ സംശയങ്ങളുണ്ടായിത്തുടങ്ങും. പക്ഷെ, പിന്നീട് ഓരോ ക്ലാസും കഴിയുമ്പോള്‍ ഈ ചോദ്യങ്ങളുടെ എണ്ണം കുറഞ്ഞു വരും. എട്ടാം ക്ലാസൊക്കെ എത്തുമ്പോള്‍ തന്നെ ചോദ്യങ്ങളൊന്നും ഇല്ലാത്ത അവസ്ഥ വരും. കോളേജിലൊക്കെ എത്തുമ്പോള്‍ പഠിക്കുക എന്നുള്ളത് തന്നെ ബുദ്ധിമുട്ടായി മാറും
കുഞ്ഞുകുട്ടികളുടെ അത്രയും സംശയം ആര്‍ക്കുമുണ്ടാകാറില്ല. വളരെ കൗതുകത്തോടെ അവര്‍ ചുറ്റുമുള്ള ലോകത്തെ നോക്കുന്നു. ഓരോരോ ചോദ്യങ്ങളുമായി വീട്ടുകാരെ സമീപിക്കുന്നു. ഉത്തരം മുഴുവന്‍ കേട്ടുനില്‍ക്കുന്നു. പുതിയ സംശയങ്ങളുണ്ടാകുന്നു. പലപ്പോഴും അവര്‍ക്ക് ഉത്തരം നല്‍കാന്‍ വീട്ടുകാര്‍ സമയമധികം അനുവദിക്കാറില്ല. പക്ഷെ, ഇനി അക്കാര്യത്തില്‍ വിഷമിക്കണ്ട. അവര്‍ക്ക് ഉത്തരം നല്‍കാന്‍ ഒരു ഹെല്‍പ് ലൈന്‍ റെഡിയാണ്. അവരുടെ ഏത് വിഷയത്തിലുള്ള, എന്ത് ചോദ്യത്തിനും ഉത്തരം ഇവിടെ കിട്ടും.
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് (Kerala Forest Research Institute, Peechi) 'ഫസ്റ്റ് ക്വസ്റ്റ്യന്‍' (First Question) എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ശാസ്ത്രദിനത്തിന്‍റെ ഭാഗമായിട്ടാണ് ഈ പുതിയ പദ്ധതി. ഫെബ്രുവരി 27 -ന് ഡോ. ഹരിദാസനാണ് (Former Director, FRLHT at KFRI) ഈ ഹെല്‍പ് ലൈന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
undefined
''ചെറിയ കുട്ടികള്‍ ധാരാളം സംശയങ്ങള്‍ ചോദിക്കുന്നുണ്ടാകും. സ്കൂളില്‍ പോകുന്നതിന് മുമ്പ് തന്നെ അവരില്‍ സംശയങ്ങളുണ്ടായിത്തുടങ്ങും. പക്ഷെ, പിന്നീട് ഓരോ ക്ലാസും കഴിയുമ്പോള്‍ ഈ ചോദ്യങ്ങളുടെ എണ്ണം കുറഞ്ഞു വരും. എട്ടാം ക്ലാസൊക്കെ എത്തുമ്പോള്‍ തന്നെ ചോദ്യങ്ങളൊന്നും ഇല്ലാത്ത അവസ്ഥ വരും. കോളേജിലൊക്കെ എത്തുമ്പോള്‍ പഠിക്കുക എന്നുള്ളത് തന്നെ ബുദ്ധിമുട്ടായി മാറും.'' പ്രിന്‍സിപ്പള്‍ സൈന്‍റിസ്റ്റും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ഡോ. ടി.വി സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
''ആദ്യകാലത്ത് കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അതവര്‍ വളരെ ജെന്യൂയിനായി ചോദിക്കുന്ന ചോദ്യങ്ങളാണ്. അറിയണം എന്ന ആഗ്രഹത്തോടെ ചോദിക്കുന്നത്. ആ സമയത്ത് നമ്മളെത്ര സമയമെടുത്ത് അത് വിവരിച്ചാലും അവരത് കേട്ടുനില്‍ക്കും. അതില്‍ നിന്ന് പുതിയ ചോദ്യങ്ങളുമുണ്ടാകും. ആ സമയത്താണ് നമ്മളവരെ കേള്‍ക്കേണ്ടത്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ആ സമയത്ത് കൃത്യമായ ഉത്തരം ആരും കൊടുക്കാറില്ല. 'അത് വലുതാവുമ്പോ മനസിലായിക്കോളും' എന്ന് പറയും, അല്ലെങ്കില്‍ കുട്ടികളെ അവഗണിക്കും. നമ്മളുദ്ദേശിക്കുന്നത്, അവരിലുണ്ടാകുന്ന ചോദ്യങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കുകയും അതിന് മറുപടി കൊടുക്കുകയും ചെയ്യുക എന്നതാണ്. ഏത് വിഷയത്തിലുള്ള ചോദ്യത്തിനും ഉത്തരം നല്‍കും.'' എന്നും ഡോ. സജീവ് പറയുന്നു.
ഈ നമ്പറില്‍ വിളിച്ച് ഉടനടി ഉത്തരം കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ടതില്ല. റെഫര്‍ ചെയ്ത ശേഷം തിരികെ വിളിച്ച് കുട്ടികള്‍ക്ക് ഉത്തരം പറഞ്ഞു കൊടുക്കും. ഇപ്പോള്‍ തന്നെ കുട്ടികള്‍ വിളിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യമൊക്കെ വിളിക്കുന്നത് ഏത് കോഴ്സാണ് പഠിക്കേണ്ടത്, അവ എവിടെയെല്ലാം പഠിക്കാം എന്നൊക്കെയുള്ള ചോദ്യങ്ങളുമായിട്ടാണ്. എന്നാല്‍, അത് മാറി രസമുള്ള ചോദ്യങ്ങളൊക്കെയായി കുട്ടികള്‍ വിളിച്ചു തുടങ്ങി. 'ഫാന്‍ കറങ്ങുമ്പോള്‍ കാറ്റ് കിട്ടുന്നതെങ്ങനെയാ, ലഡുവും ജിലേബിയുമൊക്കെ തിന്ന ശേഷം ചായ കുടിക്കുമ്പോള്‍ മധുരം തോന്നാത്തതെന്തുകൊണ്ടാ?' തുടങ്ങിയ ചോദ്യങ്ങളൊക്കെ അവര്‍ ചോദിക്കുന്നു.
ഏതായാലും കുഞ്ഞുങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവുമായി 'ഫസ്റ്റ് ക്വസ്റ്റ്യന്‍' തയ്യാറാണ്. ഇതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍: 0487 2690 222. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് വിളിച്ചാല്‍ കിട്ടുക.