ഹരിതമണിഞ്ഞ് സ്വിറ്റ്സര്‍ലാന്റിലെ രാഷ്ട്രീയം; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ജനങ്ങളുടെ വോട്ട്. കെ ടി നൗഷാദ് എഴുതുന്നു
തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് തലസ്ഥാന നഗരമായ ബേണില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ രാഷ്ട്രീയക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. എട്ടര ദശലക്ഷം മാത്രം ജനസംഖ്യയുളള രാജ്യത്ത് ഇത്രയും പേര്‍ പ്രകടനത്തില്‍ പങ്കെടുത്തത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തി.
undefined
കേരളത്തെ പോലെ പ്രകൃതി ദുരന്തങ്ങള്‍ പിടിച്ചു കുലുക്കിയിട്ടില്ലെങ്കിലും സ്വിറ്റ്സര്‍ലാന്റിലെ ജനങ്ങള്‍ പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയാണ്. വലതുപക്ഷത്തേക്ക് ആഞ്ഞടിച്ചിരുന്ന രാഷ്ട്രീയക്കാറ്റിന്റെ ഗതിയെ പോലും അത് മാറ്റുന്നു. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട രാജ്യത്തിന്റെ രാഷ്ട്രീയബോധ്യങ്ങളില്‍ പരിസ്ഥിതി കേന്ദ്രസ്ഥാനത്തേക്ക് വരികയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.പ്രകൃതി സംരക്ഷണം മുഖ്യ മുദ്രാവാക്യമായ ഗ്രീന്‍ പാര്‍ട്ടികള്‍ ചരിത്രത്തിലാദ്യമായി ഇവിടെ വന്‍ കുതിപ്പാണ്് നടത്തിയത്. 2015-ലെ തെരഞ്ഞടുപ്പില്‍ നേടിയ വോട്ടിന്റെ ഇരട്ടി നേടി ദേശീയ കാബിനറ്റില്‍ തങ്ങളുണ്ടാകുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മലകളാലും തടാകങ്ങളാലും സമ്പന്നമായ സ്വിറ്റ്സര്‍ലാന്റിലെ ജനതക്ക് പ്രകൃതിയില്‍ നിന്നകന്നൊരു ജീവിതം സങ്കല്‍പ്പിക്കാനാവില്ലെന്ന് അവിടം സന്ദര്‍ശിച്ചവര്‍ക്കറിയാം. മല കയറാനുളള ഊന്നുവടികളും മഞ്ഞില്‍ കളിക്കാനുളള സ്‌കേറ്റിംഗ് ബോര്‍ഡുകളുമായി ഒരിടത്ത് നിന്ന് മറ്റൊരിടത്ത് യാത്ര ചെയ്യുന്നവരില്ലാത്ത ട്രെയിനുകള്‍ വാരാന്ത്യങ്ങളില്‍ കാണാനാകില്ല. ബഹുവര്‍ണങ്ങളണിഞ്ഞ് നില്‍ക്കുന്ന കാടുകളിലുടെ മണിക്കൂറോളം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണവര്‍. അതു കൊണ്ടാണ് 'പ്രകൃതിക്ക് പരിക്കേല്‍ക്കുന്നു' എന്ന് കേട്ടപ്പോള്‍ വലതുപക്ഷ പാര്‍ട്ടികളെ കൈയൊഴിഞ്ഞ് ഗ്രീന്‍ പാര്‍ട്ടിയിലേക്ക് അവര്‍ ചേക്കേറുന്നത്.
സ്വിസ് ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും ഇത് വായിച്ചെടുക്കാനാവും. വലതുപക്ഷ പാര്‍ട്ടികള്‍ പടച്ചുവിടുന്ന ആശങ്കകള്‍ക്കും വെറുപ്പിനും പുറകെയല്ല സഞ്ചരിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ ജനത രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ പതുക്കെ മനസ്സിലാക്കുകയാണെന്ന് ബേണില്‍ ഇക്കോളജിസ്റ്റായി ജോലി ചെയ്യുന്ന മോര്‍ഗണ്‍ ട്രെയിന്‍ ഒരു യാത്രക്കിടെ ഈ ലേഖകനോട് പറഞ്ഞു. ഫ്രാന്‍സിന്‍ നിന്ന് കുടിയേറിയ താനുള്‍പ്പെടെയുളളവരുടേത് കൂടിയാണ് ഈ രാജ്യം, കുടിയേറ്റക്കാര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തി ആര്‍ക്കും ഒന്നും നേടാനാകില്ല. നദികളെയും തടാകങ്ങളെയും സംരക്ഷിക്കുകയെന്ന തന്റെ തൊഴിലിലുടെ രാജ്യത്തെ സേവിക്കുകയാണെന്ന് അവര്‍ പറയുമ്പോള്‍ വലതു പക്ഷ പാര്‍ട്ടികളുടെ പ്രചാരണമുണ്ടാക്കിയ മുറിവ് മനസ്സിലാക്കാനാകും. കൗമാരക്കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൂന്‍ബെര്‍ഗയുടെ പ്രസംഗം സ്വിസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂറിക്കില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഡ്രിയാന്റെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാത്തവരെ പോലും മാറിച്ചിന്തിപ്പിക്കാന്‍ അവരുടെ പ്രസംഗവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കാരണമായെന്നാണ് അദ്ദേഹം പറയുന്നത്.
തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് തലസ്ഥാന നഗരമായ ബേണില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ രാഷ്ട്രീയക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. എട്ടര ദശലക്ഷം മാത്രം ജനസംഖ്യയുളള രാജ്യത്ത് ഇത്രയും പേര്‍ പ്രകടനത്തില്‍ പങ്കെടുത്തത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തി. കാമ്പയിനിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാലും അഞ്ചും മണിക്കൂര്‍ വരെ സൈക്കിള്‍ ചവിട്ടി ആയിരത്തോളം പേരാണ് ബേണിലെത്തിയത്. പളളികള്‍ മണി മുഴക്കിയും ഘടികാരം നിശ്ചലമാക്കിയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. ഗ്രേറ്റ തൂന്‍ബെര്‍ഗയുടെ നേതൃത്വത്തില്‍ ലോസാണില്‍ നടന്ന 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' എന്ന പരിപാടിയും സോഷ്യല്‍ മീഡിയ വഴി രാജ്യത്ത് വന്‍ ചലനമുണ്ടാക്കി. ആഗോള താപനത്തെ തുടര്‍ന്ന് അപ്രത്യക്ഷമായ മഞ്ഞുമലയ്ക്ക് 'അന്ത്യോപചാരം' അര്‍പ്പിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആല്‍പ്സ് പര്‍വത ശിഖരത്തില്‍ നടന്ന പ്രകടനവും ചര്‍ച്ചയായി. ആഗോള താപനത്തിനൊപ്പം മണ്ണിടിച്ചിലും മലയിടിയിലും താഴ്വാര നിവാസികളില്‍ ആശങ്കയുണ്ടാക്കി. ഇതെല്ലാമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
........................................................................
ചരിത്രത്തിലാദ്യമായി ഗ്രീന്‍ പാര്‍ട്ടി (ജി.പി.എസ്) 28 സീറ്റ് നേടി നാലാം സ്ഥാനത്തെത്തി. ഗ്രീന്‍ ലിബറലല്‍സ് (ജി.എല്‍.പി) 16 സീറ്റും നേടി. 2015-ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ ഇരട്ടി വോട്ടു നേടിയ ഇരു പാര്‍ട്ടികളും ചേര്‍ന്ന് 20 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമറിഞ്ഞ് ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ സന്തോഷം പങ്കിടുന്നു
ചരിത്രത്തിലാദ്യമായി ഗ്രീന്‍ പാര്‍ട്ടി (ജി.പി.എസ്) 28 സീറ്റ് നേടി നാലാം സ്ഥാനത്തെത്തി. ഗ്രീന്‍ ലിബറലല്‍സ് (ജി.എല്‍.പി) 16 സീറ്റും നേടി. 2015-ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ ഇരട്ടി വോട്ടു നേടിയ ഇരു പാര്‍ട്ടികളും ചേര്‍ന്ന് 20 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്. പാര്‍ലെമന്റും (നാഷനല്‍ കൗണ്‍സില്‍), കൗണ്‍സില്‍ ഓഫ് സ്റ്റേറ്റും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ഏഴംഗ ഫെഡറല്‍ കൗണ്‍സിലാണ് രാജ്യം ഭരിക്കുക. ആദ്യമെത്തുന്ന നാല് പാര്‍ട്ടികളുടെ അംഗങ്ങളെയാണ് ഫെഡറല്‍ കൗണ്‍സിലിലെ അംഗങ്ങളായി തെരഞ്ഞടുക്കുന്നത്. നാല് പതിറ്റാണ്ടിലാദ്യമായി നാലാമതെത്തിയ ഗ്രീന്‍ പാര്‍ട്ടി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയെ പിന്നിലേക്ക് തളളി ഫെഡറല്‍ കൗണ്‍സിലിലെ അംഗമാകും എന്നതാണ് ഈ തെരഞ്ഞടുപ്പിന്റെ പ്രത്യേകത.
രാജ്യം ഭരിക്കുന്ന ഫെഡറല്‍ കൗണ്‍സിലിനെ തെരഞ്ഞടുക്കുക ഡിസംബറിലാണ്. മറ്റു രാജ്യങ്ങളെ പോലെ പ്രസിഡന്റല്ല രാജ്യത്തെ തലവന്‍, മറിച്ച് ഏഴംഗ ഫെഡറല്‍ കൗണ്‍സിലാണ് രാജ്യത്തിന്റെ തലപ്പത്ത്. കൗണ്‍സിലില്‍ ഏഴംഗങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നതാണ് ഗ്രീന്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കുന്നത്. അദ്ധ്യക്ഷത വഹിക്കുക, കൗണ്‍സിലിനെ പ്രതിനിധീകരിക്കുക എന്നതിനപ്പുറം പ്രസിഡന്റിന് മറ്റംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരധികാരവുമില്ല. ഏഴ് കൗണ്‍സിലംഗങ്ങള്‍ക്കിടയില്‍ എല്ലാ വര്‍ഷവും കൈമാറ്റം ചെയ്യപ്പെടുന്ന പദവി മാത്രമാണ് പ്രസിഡന്റ്. അതു കൊണ്ട് തന്നെ കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെയുളള വിഷയങ്ങളിള്‍ ഗ്രീന്‍ പാര്‍ട്ടിയുടെ നിലപാട് കൗണ്‍സിലില്‍ പ്രസക്തമാകും.
........................................................................
മറ്റു രാജ്യങ്ങളെ പോലെ പ്രസിഡന്റല്ല രാജ്യത്തെ തലവന്‍, മറിച്ച് ഏഴംഗ ഫെഡറല്‍ കൗണ്‍സിലാണ് രാജ്യത്തിന്റെ തലപ്പത്ത്. കൗണ്‍സിലില്‍ ഏഴംഗങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നതാണ് ഗ്രീന്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കുന്നത്.
സ്വിറ്റ്‌സര്‍ലാന്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം
ഗ്രീന്‍ പാര്‍ട്ടികളുടെ ഉയര്‍ച്ചക്കൊപ്പം സ്ത്രീകള്‍ക്ക് കിട്ടിയ പ്രാതിനിധ്യം കൂടി ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. നിലവിലെ പാര്‍ലെമന്റിനുളളതിനേക്കാള്‍ 10 ശതമാനം അധികം സ്ത്രീകള്‍ ഇത്തവണ സഭയിലെത്തും. വിജയിച്ചവരില്‍ 42 ശതമാനവും സ്ത്രീകളാണെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സ്വിസ് ബ്രോഡ് കാസ്റ്റിംഗ് കമ്പനിയിലെ വനിതാ പത്ര പ്രവര്‍ത്തക സെറൈന പറഞ്ഞു. തുല്യ അവകാശങ്ങള്‍ക്കായി ജൂണില്‍ രാജ്യമൊട്ടാകെ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ 85 പേരുടെ ഈ വിജയത്തിന് ഏറെ തിളക്കമുണ്ട്.
ഗ്രീന്‍ പാര്‍ട്ടികളുടെ മുദ്രാവാക്യങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയ്‌ക്കൊപ്പം വലതുപക്ഷ പാര്‍ട്ടികളുടെ മുദ്രാവാക്യങ്ങളുടെ പൊളളത്തരം തുറന്നു കാണിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയുണ്ട്. കുടിയേറ്റ-യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുളള പീപ്പിള്‍സ് പാര്‍ട്ടി(എസ്.വി.പി) യുടെ സീറ്റ് 65ല്‍ നിന്ന് 53 ലേക്ക് ചുരുങ്ങി. സീറ്റ് കുറഞ്ഞെന്ന് മാത്രമല്ല ജൂറയിലൊഴികെ രാജ്യത്തെ എല്ലാ മേഖലയിലും പാര്‍ട്ടിയുടെ വോട്ട് കൊഴിഞ്ഞു പോയി. യുവാക്കള്‍ക്കിടയില്‍ ഗ്രീന്‍പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യതയാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. യുറോപ്പിലാകെ ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണ് സ്വിറ്റ്സര്‍ലാന്റിലെ തെരഞ്ഞെടുപ്പ് ഫലം.