ഗോപിക സുരേഷ് എഴുതുന്ന കാലാവസ്ഥാ നിരീക്ഷണ കോളം ആരംഭിക്കുന്നു
പ്രളയവും കനത്ത മഴയും കഴിഞ്ഞ് മലയാളികള്‍ ഒന്ന് വിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് 'കൂനിന്മേല്‍ കുരു' എന്ന പോലെ 'ക്യാര്‍' ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെഡ് അലെര്‍ട്ട് കണ്ടാല്‍ എല്ലാര്‍ക്കും ഉള്ളില്‍ ഒരാന്തലാണ് . 'ക്യാര്‍' വടക്കു-പടിഞ്ഞാറോട്ട് തിരിഞ്ഞു പോയി. കേരളം ആശ്വസിച്ചു. അപ്പേഴാണ് മഹയുടെ വരവ്. അങ്ങനെ ആകെ ഭീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇപ്രാവശ്യം തുലാവര്‍ഷത്തിന്റെ അരങ്ങേറ്റം. സത്യത്തില്‍ ഈ ഭീതിക്ക് വല്ല അടിസ്ഥാനവുമുണ്ടോ? നാം പേടിക്കേണ്ടതുണ്ടോ?
undefined
നമ്മുടെ തൊടിയിലും പറമ്പിലും സ്ഥിരമായി വിരുന്നുവരാറുള്ള ആ ഇരട്ടത്തലച്ചിയെ അറിയില്ലേ? ബുള്‍ബുള്‍. പേരു കേട്ടാല്‍ മതി മനസ്സില്‍ വരും ആ സുന്ദരിപ്പക്ഷി. എന്നാല്‍ കേട്ടോളു, ഇനി പറയാന്‍ പോവുന്ന ബുള്‍ബുള്‍ അത്ര സുന്ദരിയല്ല. പേരു കേട്ടാല്‍ തന്നെ ഭയപ്പെടേണ്ട ആളാണ്. പാബുക്, ഫാനി ചുഴലിക്കാറ്റുകള്‍ക്കുശേഷം നമ്മെ പേടിപ്പിക്കാനെത്തുന്ന അപകടകാരിയായ ചുഴലിക്കാറ്റ്!
ബംഗാള്‍ ഉള്‍ക്കടലിലെ വടക്കന്‍ ആന്‍ഡമാന്‍ തീരങ്ങളില്‍ (തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍) രൂപംകൊണ്ട് ഇപ്പോള്‍ വടക്ക് പടിഞ്ഞാറോട്ട് നീങ്ങികൊണ്ടിരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പേരാണ് ബുള്‍ബുള്‍. ഈ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത് പാകിസ്ഥാനാണ്.
ബുള്‍ബുള്‍ ആവാന്‍ പോവുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാമോ? പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ തീവ്രത കൈവരിച്ചുകൊണ്ടിരിക്കുകയാണ് അത്. 18 മുതല്‍ 24 മണിക്കൂര്‍ സമയം കൊണ്ടാണ് ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറിയത്. ഇപ്പോഴത്തെ മേഘത്തിന്റെ ബാഹ്യരൂപവും അന്തരീക്ഷ സാഹചര്യങ്ങളും സൂചിപ്പിക്കുന്നത് തീവ്രത ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ്. അതിനാല്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ ഈ തീവ്ര ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
ബുള്‍ബുള്‍ ചുഴലിക്കാറ്റ് നവമ്പര്‍ ഒമ്പതിനകം വടക്ക്-പടിഞ്ഞാറു ദിശയില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്കും (വെസ്റ്റ് ബംഗാള്‍,ഒഡീഷ ) ബംഗ്ലാദേശിന്റെ തീരങ്ങളിലേക്കും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കിഴക്കന്‍ തീരത്ത്, പ്രത്യേകിച്ച് വെസ്റ്റ് ബംഗാളിലും ഒഡീഷയിലും ആന്ധ്രാപ്രദേശിലുമൊക്കെയായി നവംബര്‍ 9 നും 12 നും ഇടയില്‍ കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാബുക്, ഫാനി ചുഴലിക്കാറ്റുകള്‍ക്ക് ശേഷം ഈയടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുയിരെടുക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.
2019 ല്‍ ഇന്ത്യയെ ബാധിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാവും ബള്‍ബുള്‍ ചുഴലിക്കാറ്റ്. 33 വര്‍ഷത്തിന് ശേഷം 2018 വര്‍ഷത്തിലാണ് ഏഴ് ചുഴലിക്കാറ്റുകള്‍ ഒന്നിനുപിന്നാലെ ഒന്നായെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒരൊറ്റ ചുഴലിക്കാറ്റ് കൂടി രൂപംകൊണ്ടാല്‍ മതി 2018 ലെ ചുഴലിക്കാറ്റുകളുടെ എണ്ണത്തെക്കൂടി അത് പറപ്പിക്കും.
'മഹ' ചുഴലിക്കാറ്റ് എവിടെയെത്തി?
അപ്പോള്‍ 'മഹ' ചുഴലിക്കാറ്റിനെക്കുറിച്ചു കൂടി പറയേണ്ടി വരും. കഴിഞ്ഞ ആഴ്ച നമ്മെ വിറപ്പിച്ച ആ വികൃതിക്കാറ്റില്ലേ? മഹ ചുഴലിക്കാറ്റ്. അതിന് പിന്നെന്താണ് സംഭവിച്ചത്? അതെങ്ങോട്ടാണ് പോയത്?
ശ്രീലങ്കന്‍ തീരങ്ങളില്‍ നിന്നും ന്യുനമര്‍ദ്ദമായി ലക്ഷദ്വീപിലോട്ട് നീങ്ങിയ ശേഷമാണ് 'മഹ' ചുഴലിക്കാറ്റായി അത് മാറിയത്. പിന്നീട് നമ്മുടെയെല്ലാം ആശങ്കകളുടെ ആകാശത്തിലൂടെ അത് കേരളതീരങ്ങളിലൂടെ കടന്നുപോയി. മഹയുടെ പോക്ക് വെറുതെ ആയിരുന്നില്ല. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള കാറ്റിനും ശക്തമായ മഴക്കും അത് കാരണമായി. ക്യാര്‍ ചുഴലിക്കാറ്റിനെ പോലെ പുള്ളിക്കാരനും ഒമാനിലേക്ക് തിരിഞ്ഞു പോകും എന്നായിരുന്നു വിലയിരുത്തലുകള്‍. പക്ഷേ, കഥ മാറി. അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും അനുയോജ്യ ഘടകങ്ങള്‍ മാറിയതോടെ മഹ ചുഴലിക്കാറ്റിന്റെ വഴി മാറി. ഗുജറാത്ത് തീരങ്ങളിലേക്ക് അത് തിരിഞ്ഞു പോകാന്‍ സാധ്യതയുണ്ടെന്നാണ്് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
അത് ശരിയായി. അതി തീവ്ര ചുഴലിക്കാറ്റായി മാറിയ 'മഹ' ഇപ്പോള്‍ അതിശക്തമായ രീതിയില്‍ ഗുജറാത്തിലേക്കുള്ള സഞ്ചാരപാതയിലാണ്. വടക്ക്- പടിഞ്ഞാറോട്ട് നീങ്ങി അത് നിലവില്‍ കിഴക്കന്‍ മധ്യഭാഗത്തായി നിലയുറപ്പിച്ചിരുന്നു. ഗുജറാത്തു തീരങ്ങളില്‍ ഡിയുവിനോട് ചേര്‍ന്ന് നാളെ ഉച്ചയോടുകൂടി 'മഹ' ചുഴലിക്കാറ്റ് മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയില്‍ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് ആഞ്ഞടിക്കുന്നത് മൂലം ഗുജറാത്ത് തീരങ്ങളില്‍ മല്‍സ്യബന്ധനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
മഹ പോവുന്ന വഴിക്ക് ഗുജറാത്ത്-മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഗുജറാത്തിലെ ജുനഗഢ്, ഗിര്‍ സോംനാഥ് , അംറേലി , ഭാവ്‌നഗര്‍, സൂററ്റ് , ബാരുച്, ആനന്ദ് , അഹമ്മദാബാദ് , ബോട്ടാട് , പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും ഡാമാന്‍ ദിയുവിലും 'മഹ' നാശം വിതച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നുണ്ട്.
നമ്മളിത്ര പേടിക്കാനുണ്ടോ?
കാലം പഴയതല്ല. പഴയതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള ജിജ്ഞാസയും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനു പ്രധാന കാരണം രണ്ടു വര്‍ഷങ്ങളിലായി നമ്മള്‍ അനുഭവിച്ച, എന്നാല്‍ നമുക്കൊട്ടും സുപരിചിതമല്ലാത്ത പ്രളയവും അതിശക്തമായ മഴയുമാണ്. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ചൂഷണവും വനനശീകരണവും മലകളും കുന്നുകളും ഇടിച്ചുനികത്തിയ നഗരവല്‍ക്കരണവും കേരളത്തിന്റെ ഭൂപ്രകൃതിയെയും തന്മൂലം കാലാവസ്ഥയെയും ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട്. ക്രമം തെറ്റിയ ഋതുക്കള്‍ നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍, കാലാവസ്ഥയെ കുറിച്ചും അതിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള അറിവുകളിലേക്ക് മലയാളികള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോള്‍.
പ്രളയവും കനത്ത മഴയും കഴിഞ്ഞ് മലയാളികള്‍ ഒന്ന് വിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് 'കൂനിന്മേല്‍ കുരു' എന്ന പോലെ 'ക്യാര്‍' ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെഡ് അലെര്‍ട്ട് കണ്ടാല്‍ എല്ലാര്‍ക്കും ഉള്ളില്‍ ഒരാന്തലാണ് . 'ക്യാര്‍' വടക്കു-പടിഞ്ഞാറോട്ട് തിരിഞ്ഞു പോയി. കേരളം ആശ്വസിച്ചു. അപ്പേഴാണ് മഹയുടെ വരവ്. അങ്ങനെ ആകെ ഭീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇപ്രാവശ്യം തുലാവര്‍ഷത്തിന്റെ അരങ്ങേറ്റം. സത്യത്തില്‍ ഈ ഭീതിക്ക് വല്ല അടിസ്ഥാനവുമുണ്ടോ? നാം പേടിക്കേണ്ടതുണ്ടോ?
അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണയായി, ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ചുഴലിക്കാറ്റുകള്‍ കൂടുതലാണ്. എന്നാല്‍, ഇത്തവണ നേരെ വിപരീതമായാണ് സംഭവിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം ഇതുവരെ, 'ഫാനി' എന്ന് പേരിട്ട ഒരു അതി തീവ്ര ചുഴലിക്കാറ്റ് മാത്രമേ രൂപപ്പെട്ടിട്ടുള്ളൂ. അറബിക്കടലില്‍ എന്നാല്‍ കളി മാറി. താരതമ്യേന കുറഞ്ഞ കടല്‍ ഉപരിതല താപനിലയും, ശക്തമായ കാലാവസ്ഥാ സ്ഥിതികള്‍ക്ക് വിത്തുപാകുന്ന പ്രാരംഭ അന്തരീക്ഷ അസ്വസ്ഥതകള്‍ കുറഞ്ഞതുമാണ് അറബിക്കടലില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ കുറവാകാന്‍ കാരണമായിരുന്നത്. പക്ഷേ പ്പോള്‍ അതല്ല സ്ഥിതി. ഈ വര്‍ഷം നാലു അതി തീവ്ര ചുഴലിക്കാറ്റുകള്‍ ഇടവപ്പാതിയിലും തുലാപ്പതിയിലുമായി അറബിക്കടലിലുണ്ടായി. കഴിഞ്ഞ രണ്ടാഴ്ച്ചകളില്‍ മാത്രം 'ക്യാര്‍','മഹാ' എന്നിങ്ങനെ രണ്ട് കുരുത്തംകെട്ട അതി തീവ്ര ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ ഉണ്ടായി. 1965 ന് ശേഷം ആദ്യമായാണ് ഇവിടെ ഒരേസമയം രണ്ട് അതി തീവ്ര ചുഴലിക്കാറ്റുകള്‍ ഉണ്ടാവുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിക്കുകയുണ്ടായി.
ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച 200 ശതമാനത്തില്‍ അധികം മഴ കൂടുതല്‍ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രതിവാര കാലാവസ്ഥാ സ്ഥിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലാകട്ടെ കഴിഞ്ഞ ആഴ്ച 74 ശതമാനം അധിക മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ്. കഴിഞ്ഞ ആഴ്ച കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 623 ശതമാനം മഴ അധികം ലഭിച്ചു.
ചുഴലിക്കാറ്റുകളുടെ സാന്നിധ്യമാണ് തുലപ്പാതിയിൽ മഴ കനക്കാൻ കാരണം. പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐ.ഒ.ഡി; ഇന്ത്യന്‍ മഹാസമുദ്രത്തിലെ പടിഞ്ഞാറന്‍ ഭാഗത്തു കിഴക്കന്‍ ഭാഗത്തിനേക്കാള്‍ താരതമ്യേനെ ഉയര്‍ന്ന താപനില) എന്ന പ്രതിഭാസം കാരണമാവാം ഈ വര്‍ഷം അറബിക്കടലിനു മുകളില്‍ അസാധാരണമാംവിധം ചുഴലിക്കാറ്റുകള്‍ ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും ശക്തമായ ഐഒഡികളില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നത്. പോസിറ്റീവ് ഐ.ഒ.ഡി പ്രതിഭാസം ഉണ്ടാകുന്ന സമയങ്ങളില്‍ അറബിക്കടലിനു മുകളിലുള്ള കടലിന്റെ ഉപരിതല താപനില ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ ഉയര്‍ന്നതാവും. ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിന് പറ്റിയ അവസ്ഥ.
അറബിക്കടല്‍, പഴയ കടലല്ല; ക്യാര്‍, മഹ ചുഴലിക്കാറ്റുകള്‍ വലിയ മുന്നറിയിപ്പ്